മാതാപിതാക്കള്‍ ആരായിരിക്കണം?

Share it:
ഏതൊരു വ്യക്‌തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ കാലഘട്ടമാണ്‌ ശൈശവം. ഈ കാലഘട്ടത്തിലാണ്‌ ഒരു വ്യക്‌തിയുടെ സ്വഭാവരൂപീകരണം നടത്തുന്നത്‌. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഇവരുടെ ഉപബോധമനസില്‍ ഉറച്ചിരിക്കും. പിന്നീടിവയെ ഇളക്കിയെടുക്കുകയെന്നതു വലിയ വിഷമകരമാണ്‌ എന്നത്‌ ഓരോ മാതാപിതാക്കളും മനസിലാക്കണം.
മക്കളോടൊത്ത്‌ ഉണ്ണാനും ഉല്ലസിക്കാനും പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും ഇന്നത്തെ മാതാപിതാക്കള്‍ക്കു നേരമില്ല.
അവരില്‍നിന്നു ലഭിക്കേണ്ട സ്‌നേഹവും പരിലാളനവും കിട്ടാതെവരുമ്പോള്‍ വീടിനോടും മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ബന്ധങ്ങള്‍ കുറയാനും പതുക്കെപ്പതുക്കെ കുട്ടികള്‍ അവരില്‍നിന്നകലുവാനും കാരണം മാതാപിതാക്കളുടെ തിരക്കേറിയ ജീവിതരീതിയാണ്‌. മൂന്നു തലമുറയ്‌ക്കുള്ളതുണ്ടാക്കണമെന്നുള്ള പടയോട്ടത്തിലാണിവര്‍. എല്ലാം നേടി തിരിച്ചുവരുമ്പോള്‍ മക്കള്‍ അന്യരായിമാറുന്നത്‌ ഇന്ന്‌ നിത്യകാഴ്‌ചയാണ്‌. രാപ്പകല്‍ കഷ്‌ടപ്പെട്ട്‌ കോടികള്‍ സമ്പാദിക്കും.
മാതാപിതാക്കള്‍ ചോദിക്കാറുണ്ട്‌ എന്തിനുവേണ്ടിയാണ്‌ ഞങ്ങള്‍ ഇങ്ങനെ കഷ്‌ടപ്പെടുന്നത്‌. എല്ലാം മക്കള്‍ക്കു വേണ്ടിയല്ലേയെന്ന്‌. ജീവിക്കാന്‍ പണം വേണം. സമ്മതിക്കുന്നു. എന്നാല്‍ പണം സമ്പാദിക്കാന്‍ മാത്രമല്ല ജീവിതം എന്നതിരിച്ചറിവ്‌ ഉണ്ടാകണം. എന്താണു ജീവിതമൂല്യങ്ങളെന്ന്‌ ഓരോ കുട്ടിയേയും ചെറുപ്പംമുതല്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തയാറാവണം. ജനനം തൊട്ട്‌ ഏഴുവയസു വരെയാണ്‌ ഒരു കുട്ടിയുടെ സ്വഭാവരൂപീകരണം ഏറ്റവും കൂടുതല്‍ നടക്കുന്നത്‌. ഈ സമയത്ത്‌ അവരിലേക്ക്‌ എന്തു നിങ്ങള്‍ പകര്‍ന്നുകൊടുക്കുന്നുവോ അതായിരിക്കും അവര്‍.
ഈ പ്രായഘട്ടത്തില്‍ ഓരോ കുട്ടിയുടെയും റോള്‍മോഡല്‍ അവരുടെ മാതാപിതാക്കളായിരിക്കും. ഇവരുടെ ഓരോ നോട്ടങ്ങളും ചലനങ്ങളും വാക്കുകളും ഒരു കമ്പ്യൂട്ടറിലെന്നപോലെ കുട്ടിയുടെ മനസ്‌ പ്രോഗ്രാം ചെയ്യുകയാണ്‌. ആ സമയത്ത്‌ നന്മയുടെ പാഠം പറഞ്ഞുകൊടുത്താല്‍ അവര്‍ നന്മയുടെ വഴിയിലൂടെയും തിന്മയുടെ പാഠം പറഞ്ഞുകൊടുത്താല്‍ അവര്‍ തിന്മയുടെ പാതയിലും ചലിക്കും.
ബൈബിള്‍ പറയുന്നുണ്ട്‌. ശൈശവത്തില്‍തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക വാര്‍ധക്യത്തിലും അതില്‍നിന്ന്‌ വ്യതിചലിക്കില്ല. ഈ ലോകത്തു ജനിച്ചുവീഴുന്ന ഓരോ കുട്ടിയും നന്മയുടെ മുത്തുകളാണ്‌. ഇവയെ എങ്ങനെ മാതാപിതാക്കള്‍ മോള്‍ഡുചെയ്‌തെടുക്കുന്നുവോ അതുപോലെയിരിക്കും അവര്‍. സ്വന്തക്കാരോ ബന്ധുക്കളോ വീട്ടില്‍ വരുമ്പോള്‍ വലിയ സദ്യയൊക്കെ കൊടുത്തശേഷം അവര്‍ തിരിച്ച്‌ ഗെയിറ്റുകടന്നാലുടന്‍ ചിലര്‍ പറയുന്ന ഒരു കമന്റുണ്ട്‌. ഓരോ ശല്യങ്ങള്‍ വന്നോളും. രൂപ രണ്ടായിരം തീര്‍ന്നുകിട്ടി. ഇതു കേള്‍ക്കുന്ന ഇവരുടെ മക്കള്‍ വലുതാകുമ്പോ എല്ലാവരെയും നന്നായി ചിരിച്ചുകാട്ടും. ലോഹ്യം അഭിനയിക്കും. പക്ഷേ ആത്മാര്‍ത്ഥത എന്നത്‌ ലവലേശം ഉണ്ടാകില്ല. പത്താം ക്ലാസാകുമ്പോഴോ പ്ലസ്‌ടുവാകുമ്പോഴോ അല്ല കുട്ടികളെ സ്വഭാവമഹിമ പഠിപ്പിക്കേണ്ടത്‌. അത്‌ കതിരില്‍ കൊണ്ടു വളംവയ്‌ക്കുന്നതിനു തുല്യമാണ്‌. അപ്പോഴേക്കും അവരുടെ മനസാകുന്ന ടാങ്ക്‌ നിറഞ്ഞിരിക്കും. ഈ ടാങ്കിലുള്ളതേ ടാപ്പിലൂടെ വരൂ എന്ന്‌ മനസിലാക്കുക. ഒരു സിംഹക്കുട്ടിയെ കപ്പയും ചോറും കൊടുത്തു ജീവിതകാലം മുഴുവന്‍ വെജിറ്റേറിയനായി വളര്‍ത്താം. വളര്‍ത്തുമൃഗത്തോടിടപെടുന്നതുപോലെ ഇതിനോടിടപെടാം. എന്നാല്‍ വലുതായ സിംഹത്തെ ഈ രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ നമുക്കു സാധിക്കുമോ? ഇതുപോലെയാണ്‌ ഓരോ കുട്ടിയും. കുട്ടികള്‍ വഴിതെറ്റിപ്പോയാല്‍ അതിന്‌ എഴുപത്തിയഞ്ചു ശതമാനവും മാതാപിതാക്കളുടെ കുറ്റമാണെന്നേ ഞാന്‍ പറയൂ.
പല മാതാപിതാക്കളും കുട്ടികളുടെനേരേ അവഹേളനത്തിന്റെയും അവഗണനയുടെയും അമ്പെയ്യുന്നവരാണ്‌. ''നിന്നെക്കൊണ്ട്‌ എന്തിനു കൊള്ളാം. പൊട്ടന്‍, മൊണ്ണ, നീ ജനിച്ചതില്‍പിന്നെ കുടുംബത്തിനു ഐശ്വര്യക്കേടാണ്‌.'' ഇങ്ങനെയുള്ള ശാപവാക്കുകള്‍ കേട്ടു വളരുന്ന കുട്ടികള്‍ ഉറപ്പായും തെറ്റായ മാര്‍ഗത്തിലൂടെ മാത്രമേ ചലിക്കൂ. എല്ലാവരോടും പകയും വിദ്വേഷവും അവജ്‌ഞയുമായിരിക്കും. ഈയവസ്‌ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികളാണ്‌ ഭാവിയില്‍ ഏറ്റവും വലിയ ക്രിമിനലുകളായി മാറുന്നത്‌. അതുപോലെ അടുത്ത വീട്ടിലെ കുട്ടിയെപ്പറ്റി താരതമ്യപ്പെടുത്തുന്ന, സ്വന്തം മക്കളെ അവഹേളിക്കുന്ന മറ്റൊരു കൂട്ടം മാതാപിതാക്കളുണ്ട്‌. നീ അവനെ കണ്ടുപഠിക്കെടാ. അവനെന്തു കാര്യപ്രാപ്‌തിയാണ്‌. അവന്‌ എല്ലാത്തിനും നൂറില്‍ നൂറു മാര്‍ക്കാണ്‌. ഒന്നോര്‍ക്കുക, അത്‌ മറ്റൊരു അപ്പനും അമ്മയ്‌ക്കുമുണ്ടായ കുട്ടി. അതിന്‌ നിങ്ങളുടെ കുട്ടി എന്തു പിഴച്ചു? അവര്‍ ചെയ്‌ത തെറ്റ്‌ നിങ്ങളുടെ മക്കളായി ജനിച്ചു എന്നുള്ളതു മാത്രമാണ്‌. നിങ്ങളുടെ ബുദ്ധിയുടെയും. കഴിവിന്റെയും ആനുപാതികമായിരിക്കും നിങ്ങളുടെ മക്കളുടെ ബുദ്ധിയും കഴിവുമെന്ന്‌ മനസിലാക്കുക. മാവ്‌ നട്ടിട്ട്‌ തേങ്ങ പറിക്കാമെന്നു വിചാരിക്കരുത്‌.
പിതാവിനൊടൊപ്പം സമയം ചെലവഴിക്കാന്‍ അതിയായി കൊതിച്ച ഒരു കുട്ടിയുടെ കഥയാണിത്‌. ഈ കുട്ടിയുടെ പിതാവ്‌ വളരെ തിരക്കുള്ള ഒരു മനഃശാസ്‌ത്രവിദഗ്‌ദ്ധനായിരുന്നു. ഇദ്ദേഹത്തെ കാണാന്‍ എപ്പോഴും ആള്‍ക്കാരുടെ തിരക്കാണ്‌. ഇദ്ദേഹത്തിന്റെ ഓരോ മിനിറ്റും വലിയ വിലയുള്ളതായിരുന്നു. പിതാവിന്റെ സാമീപ്യം കൊതിച്ച്‌ അടുത്തു ചെല്ലുന്ന മകനോടിദ്ദേഹം പറയും:
''എന്റെ സമയം എത്ര വിലപ്പെട്ടതാണെന്ന്‌ നിനക്കറിയാമോ? നിന്നോടൊപ്പം സമയം വെയിസ്‌റ്റുചെയ്യാന്‍ എനിക്കില്ലായെന്ന്‌.'' ഈ കുട്ടി അമ്മയോടു ചോദിച്ചു തന്റെ പിതാവിന്‌ ഒരുമണിക്കൂര്‍ കണ്‍സല്‍ട്ടിംഗിന്‌ എത്ര രൂപ പ്രതിഫലം ലഭിക്കും എന്നു മനസിലാക്കി. ഇവന്‍ പിന്നീടു ലഭിച്ച പോക്കറ്റുമണിയും മറ്റും സൂക്ഷിച്ചുവച്ച്‌ നാളുകള്‍കൊണ്ട്‌ പിതാവിന്‌ ഒരുമണിക്കൂര്‍ ലഭിക്കുന്ന ഫീസ്‌ സ്വരൂപിച്ചു. ഈ തുക പോക്കറ്റിലിട്ട്‌ പിതാവിന്റെ മുമ്പില്‍ച്ചെന്ന മകനോടു പിതാവ്‌ പഴയ പല്ലവി ആവര്‍ത്തിച്ചു. ഉടന്‍തന്നെ പോക്കറ്റില്‍നിന്ന്‌ ഈ തുക പിതാവിന്റെ നേരേ നീട്ടിയശേഷം നിറകണ്ണുകളോടെ പറഞ്ഞു: ''പപ്പാ പപ്പയുടെ ഒരുമണിക്കൂര്‍ കണ്‍സള്‍ട്ടിംഗ്‌ ഫീസ്‌ ഉണ്ടിത്‌. ഇനിയെങ്കിലും ഒരുമണിക്കൂര്‍ പപ്പയ്‌ക്കെന്നൊടൊപ്പം ചെലവഴിച്ചുകൂടേ?'' നമ്മളില്‍ പല മാതാപിതാക്കളും ഈ ഗണത്തില്‍ പെടില്ലേയെന്ന്‌ സ്വയം ചിന്തിക്കുക. ഏതെല്ലാം രംഗത്ത്‌ നാം പ്രശസ്‌തരായാലും കുട്ടികള്‍ വഴിതെറ്റിപ്പോയാല്‍ നമ്മുടെ പ്രശസ്‌തികൊണ്ട്‌ എന്തു പ്രയോജനം.
സ്വന്തം കുടുംബം മാന്യമായി ഭരിക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ ഈ ലോകത്ത്‌ ഒരു മേഖലയിലും വിജയിക്കാന്‍ സാധിക്കില്ല.
ഏതിന്റെയും അടിസ്‌ഥാനം കുടുംബമാണ്‌. ഒരു നാടു ഭരിക്കുന്നതിലും തന്മയത്തത്തോടെ വേണം കുടുംബം ഭരിക്കാന്‍. നാടു ഭരണാധികാരിക്ക്‌ എപ്പോള്‍ വേണമെങ്കിലും രാജിവച്ചു പോകാം. ഒരു വെള്ളക്കടലാസിന്റെ മുടക്കു മാത്രംമതി. പക്ഷേ കുടുംബഭരണം അങ്ങനെയല്ലല്ലോ. അതിനാല്‍ മക്കളെ കൂടെ കൂട്ടുക. ആത്മവിശ്വാസത്തോടെ വളര്‍ത്തുന്ന കുട്ടികളെ ഈ ലോകത്ത്‌ ഒരു ശക്‌തിക്കും തകര്‍ക്കാന്‍ സാധിക്കില്ല.
ബിനു കണ്ണന്താനം ( Personality Development Trainer)
കടപ്പാട് : മംഗളം ദിനപത്രം 
Subscribe to കിളിചെപ്പ് by Email
Share it:

മാതാപിതാക്കള്‍ ആരായിരിക്കണം?

Post A Comment:

0 comments: