പൊലീസ് - 2

Share it:

ടൂറിസ്റ്റ് പൊലീസ്
സംസ്ഥാനം സന്ദര്‍ശിക്കാന്‍ വരുന്ന ടൂറിസ്റ്റുകളുടെ സുരക്ഷക്കുവേണ്ടിയാണ് ടൂറിസ്റ്റ് പൊലീസ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് ക്രമീകരിക്കാനും സുഗമമായ നടപടിക്രമങ്ങള്‍ക്കും ടൂറിസ്റ്റ്  പൊലീസ് നിലകൊള്ളുന്നു. അതോടൊപ്പം ടൂറിസം സംബന്ധമായ വിവരങ്ങള്‍ കൈമാറാനും ടൂറിസ്റ്റ് പൊലീസ് സംവിധാനം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഫോര്‍ട്ട് കൊച്ചിയിലാണ് ടൂറിസ്റ്റ് പൊലീസ് സ്റ്റേഷന്‍ നിലവില്‍ വന്നത്.
കാവല്‍ കൈരളി
കേരള പൊലീസ് അസോസിയേഷന്‍ (കെ.പി.എ) എന്ന സംഘടന ഇറക്കുന്ന മാഗസിനാണ് കാവല്‍ കൈരളി. പൊലീസ് വിഭാഗത്തിലെ സാഹിത്യ രചനകള്‍ ഈ മാസികയിലൂടെ പുറത്തുവരുന്നു. കാവല്‍ കൈരളിയുടെ പേരില്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിഭജനം
കേരളത്തിലെ 14 ജില്ലകള്‍ക്കു പുറമെ കോഴിക്കോട്, തൃശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ സിറ്റി കമീഷണര്‍ പ്രവിശ്യ ഉള്‍പ്പെടെ 19 പൊലീസ് ജില്ലകളാണ് കേരളത്തിലുള്ളത്. ഇവ നോര്‍ത് സോണ്‍, സൗത് സോണ്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു ഇവയുടെ ചുമതല എ.ഡി.ജി.പിക്കാണ്. ഇവ പിന്നീട് മൂന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന റെയ്ഞ്ചുകളായി വിഭജിക്കുന്നു. ഐ.ജിക്കാണ് ഇവയുടെ ചുമതല. റെയ്ഞ്ചുകള്‍ പിന്നീട് കമീഷണര്‍മാര്‍ ഉള്‍പ്പെടുന്ന ഏരിയയും റൂറല്‍ ജില്ലയുമായി തിരിച്ചിരിക്കുന്നു. റൂറല്‍ ജില്ലകളില്‍ എസ്.പിയും കമീഷണര്‍മാരുടെ പരിധിയില്‍ അവരും മുഖ്യഓഫിസര്‍മാരാണ്. അവ പിന്നീട് ഡിവൈ.എസ്.പിയുടെ കീഴില്‍ ഒന്നിലേറെ സര്‍ക്കിളുകളായി വിഭജിക്കുന്നു. പിന്നീട് സര്‍ക്കിളുകളില്‍ സി.ഐമാര്‍ മേല്‍നോട്ടം വഹിക്കുന്നു. സര്‍ക്കിളുകള്‍ പിന്നീട് പൊലീസ് സ്റ്റേഷനുകളായി തരംതിരിക്കുന്നു. അവിടെ എസ്.ഐമാരാണ് മേല്‍നോട്ടം വഹിക്കുന്നത്.
ട്രെയ്നിങ് സെന്‍ററുകള്‍
പൊലീസ് സേനക്ക് പരിശീലനത്തിനായി തിരുവനന്തപുരത്തും തൃശൂരും പൊലീസ് ട്രെയ്നിങ് സെന്‍ററും തിരുവനന്തപുരത്ത് ട്രെയ്നിങ് കോളജും നിലവിലുണ്ട്. ജോലിയില്‍ കയറുന്നതിനുമുമ്പും സര്‍വീസിലിരിക്കെയും ആവശ്യമായ പരിശീലനം ഇവിടെനിന്നും നല്‍കുന്നു.
മലബാര്‍ സ്പെഷല്‍ പൊലീസ് (MSP)
1884ലാണ് എം.എസ്.പി രൂപവത്കരിക്കുന്നത്. മലപ്പുറമായിരുന്നു ആസ്ഥാനം. പ്രധാനമായും മലബാര്‍ ജില്ലകളായ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവയും തൃശൂരിന്‍െറ ചില ഭാഗങ്ങളും ഉള്‍പ്പെട്ട മേഖലകളിലായിരുന്നു എം.എസ്.പി പ്രധാനമായും പ്രവര്‍ത്തിച്ചത്. മലബാറില്‍ ഉരുത്തിരിഞ്ഞ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെ നേരിടാനായിരുന്നു എം.എസ്.പി രൂപവത്കരിച്ചത്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ കേരളം നിലവില്‍ വന്നതിനെ തുടര്‍ന്ന് എം.എസ്.പിയെ രണ്ടായി വിഭജിച്ചു. പകുതി കേരളത്തില്‍ നിലനിര്‍ത്തി പകുതി മദ്രാസിലേക്ക് അയച്ചു. കേരളത്തിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍െറ ബാക്കിപത്രമായി അവശേഷിക്കുന്ന എം.എസ്.പിയുടെ ഇപ്പോഴത്തെ കമാന്‍ഡന്‍റ് മുന്‍ ഫുട്ബാള്‍ താരം യു. ഷറഫലിയാണ്.
ക്രമസമാധാന പാലനത്തിനായി കേരളത്തെ രണ്ട് സോണുകളായി വിഭജിച്ചിരിക്കുന്നു. തെക്ക് (South), വടക്ക് (North) സോണുകളുടെ അധികാരം എ.ഡി.ജി.പിമാര്‍ക്കാണ്. സോണുകള്‍ രണ്ട് റെയ്ഞ്ചുകളായി വിഭജിച്ചിരിക്കുന്നു. നോര്‍ത് സോണ്‍ -കണ്ണൂര്‍, തൃശൂര്‍. സൗത് സോണ്‍- കൊച്ചി-തിരുവനന്തപുരം
കേരളത്തില്‍ അഞ്ച് സിറ്റി പൊലീസ് കമീഷണര്‍മാരാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവയാണവ.
ജനറല്‍ എക്സിക്യൂട്ടിവ് ബാച്ചിലാണ് പൊലീസ് സ്റ്റേഷനും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നത്.
പൊലീസ് ഓഫിസര്‍മാരുടെ റാങ്കുകള്‍
D.G.P:  ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്
A.D.G.P:  അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്
I.P:  ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്
D.I.G:  ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്
S.P:  സൂപ്രണ്ട് ഓഫ് പൊലീസ് (സിറ്റി പൊലീസ് കമീഷണര്‍)
A.S.P:  അസി. സൂപ്രണ്ട് ഓഫ് പൊലീസ്
Dy.S.P:  ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (അസി. പൊലീസ് കമീഷണര്‍)
C.I:  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്
SI:  സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്
A.S.I:  അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍  ഓഫ് പൊലീസ് / അഡീഷനല്‍ എസ്.ഐ)
H.S:  സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ (ഹെഡ് കോണ്‍സ്റ്റബ്ള്‍)
P.C:  സിവില്‍ പൊലീസ് ഓഫിസര്‍ (പൊലീസ് കോണ്‍സ്റ്റബ്ള്‍).
    WPC : വുമണ്‍ പൊലീസ് കോണ്‍സ്റ്റബ്ള്‍)
സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ്
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്.
ജാഗ്രത്തായ ഒരു സമൂഹ നിര്‍മിതിയാണ് സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് അര്‍ഥമാക്കുന്നത്. സാമൂഹിക, പരിസ്ഥിതി, നിയമസാക്ഷരത എന്നിവയില്‍ അറിവുള്ള വിദ്യാര്‍ഥി സമൂഹത്തെ രൂപവത്കരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. സമൂഹത്തിലെ തെറ്റായ പ്രവണതകളെ നിരാകരിക്കുകയും സാമൂഹിക പരിസ്ഥിതി ബന്ധങ്ങളെ ത്വരിതപ്പെടുത്തുകയുമാണ് സ്റ്റുഡന്‍റ്സ് പൊലീസ് അര്‍ഥമാക്കുന്നത്.
2006ല്‍ കൊച്ചി പൊലീസിന്‍െറ സഹകരണത്തോടെ പി. വിജയന്‍ ഐ.പി.എസിന്‍െറ നേതൃത്വത്തില്‍ എന്‍.എസ്.എസുമായി ചേര്‍ന്ന് നടത്തിയ ശില്‍പശാലയിലൂടെയാണ് ഈ പദ്ധതിയുടെ ഉദ്ഭവം.
ആദ്യഘട്ടത്തില്‍ 30 വിദ്യാലയങ്ങളില്‍നിന്നായി 400 വിദ്യാര്‍ഥികള്‍ പൊലീസ് സംവിധാനം നിരീക്ഷിക്കുകയും സ്റ്റേഷന്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. 2008ലാണ് എറണാകുളം ജില്ലയില്‍ പരീക്ഷണാര്‍ഥം ആരംഭിച്ചത്. പിന്നീട് 2010 ആഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ കോഴിക്കോട്ട് ഔചാരികമായി പദ്ധതി ഉദ്ഘാടനം ചെയ്തു.
ദേശവ്യാപകമായി അംഗീകരിക്കപ്പെടുന്ന കേരള മോഡലായി സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് സംവിധാനം കീര്‍ത്തിതേടി. ഗതാഗത നിയന്ത്രണത്തിന് പ്രത്യേകിച്ച് സ്കൂള്‍ പരിസരങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ഥികള്‍ നിയോഗിക്കപ്പെട്ടു. കലോത്സവങ്ങളില്‍ വളന്‍റിയര്‍മാരായി സേവനം അനുഷ്ഠിക്കുന്നതും ഈ വിഭാഗം തന്നെയാണ്. രാജസ്ഥാനില്‍നിന്നും ഗോവയില്‍നിന്നും സ്റ്റുഡന്‍റ്് പൊലീസ് കാഡറ്റുകളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് പഠിക്കാന്‍ വിവിധ സംഘങ്ങള്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
ജനമൈത്രി പൊലീസ്
കേരള ഗവണ്‍മെന്‍റ് നിയോഗിച്ച കെ.ടി. തോമസ് കമീഷനാണ് ജനമൈത്രി പൊലീസ് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ആദ്യഘട്ടത്തില്‍ പരീക്ഷണാര്‍ഥം നടപ്പാക്കാനായിരുന്നു തീരുമാനം. സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ തടയുക, സുരക്ഷാകാര്യങ്ങളിലെ പൊതുപങ്കാളിത്തം നടപ്പാക്കുക, പൊതുജന പങ്കാളിത്തത്തോടെയുള്ള നിയമ ബോധവത്കരണവും സുരക്ഷാ അവബോധവും സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
വിശദമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2007ല്‍ കേരള പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കി കേരളത്തിലെ സ്റ്റേഷനുകളില്‍ ‘ജനമൈത്രി പൊലീസ്’ സംവിധാനം നടപ്പായിവരുന്നു. പൊതു സമൂഹത്തെ നിയമപാലന സംവിധാനവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും സൗഹാര്‍ദപരമായ പൊലീസ് സമൂഹബന്ധം ഉരുത്തിരിയുന്നതിനും ഈ പദ്ധതി കാരണമായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ നിയമപാലകരിലേക്ക് എത്താനും അതുവഴി സമൂഹത്തിലേക്ക് ഫലപ്രദമായി ഇടപെടാന്‍ പൊലീസിനും കഴിയുന്നുവെന്നതാണ് ഇതിന്‍െറ പ്രത്യേകത.



Subscribe to കിളിചെപ്പ് by Email
Share it:

പൊലീസ്

Post A Comment:

0 comments: