മനസ്സൊരുക്കാം, തയാറെടുക്കാം

Share it:
കേരളത്തിലെ 10ാം ക്ളാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ ഓരോ ദിവസവും ഉണരുന്നത്, കാണുന്നത്, ചിന്തിക്കുന്നത്, പ്രാര്‍ഥിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, ജീവിക്കുന്നതൊക്കെ സ്വന്തം മക്കളുടെ വിദ്യാഭ്യാസ പുരോഗതി ഉന്നതമാക്കാന്‍ വേണ്ടിയാണ്. അവരുടെ നന്മക്കുവേണ്ടി ഏതറ്റംവരെ പോകാനും ഇന്നത്തെ രക്ഷിതാക്കള്‍ തയാറാണ്.
എല്‍.കെ.ജി ക്ളാസില്‍ പഠിക്കാനയച്ച അത്ര തന്നെ ജാഗ്രതയും ശ്രദ്ധയും ആവശ്യമായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാഹചര്യമാണ് ഇപ്പോഴത്തെ 10ാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ളത്.  എല്ലാ വിധത്തിലുമുള്ള സ്നേഹവും പരിചരണവും  ഓരോ രക്ഷിതാവും ഉറപ്പുവരുത്തേണ്ട സമയമാണിത്. ഉയര്‍ന്ന മാര്‍ക്കോടെ 10ാം ക്ളാസ് പാസാകുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്.
താഴെ പറയുന്ന കാര്യങ്ങള്‍ സസൂക്ഷ്മം വായിച്ചു മനസ്സിലാക്കി ഇന്നു മുതല്‍ തന്നെ വ്യക്തതയോടെ, ദിശാബോധത്തോടെ പഠനംതുടങ്ങുക.
* ഒന്നാമതായി ഇന്നു മുതല്‍ വളരെ കൃത്യമായ പഠനസമയം നിശ്ചയിക്കുക.  ഇത് പരീക്ഷാദിവസം വരെ വളരെ കൃത്യമായി തുടര്‍ന്നുകൊണ്ടിരിക്കുക.
* രാത്രി 10 മണിക്കുതന്നെ ഉറങ്ങുക. അതിരാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുക. തലേദിവസം  രാത്രി തന്നെ രാവിലെ വായിക്കാനുള്ള പുസ്തകങ്ങള്‍ എടുത്തുവെക്കുക.
* രാവിലെ വായനയോടൊപ്പംതന്നെ എഴുതുകയും ചെയ്യുമ്പോള്‍ ഉറക്കം വരാതിരിക്കുകയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.
* അതിരാവിലെത്തന്നെ എല്ലാ ദിവസവും പഠിക്കുമ്പോള്‍ ആത്മസംതൃപ്തി  വര്‍ധിക്കുകയും ഗ്രഹിക്കാനുള്ള കഴിവ് കൂടുകയുംചെയ്യുന്നു. ഏകാഗ്രത വര്‍ധിക്കുന്നതോടൊപ്പം ഓര്‍മശക്തി നിലനിര്‍ത്താനും കഴിയും.
* മറന്നുപോയ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരാനും  പുതിയ തിരിച്ചറിവുകള്‍  ഉണ്ടാകാനും പുതിയ ആശയങ്ങള്‍ തെളിഞ്ഞുവരാനും രാവിലെയുള്ള വായന ഉപകരിക്കും.
* പഠനശേഷി പരമാവധി വര്‍ധിപ്പിച്ച് മനസ്സിലാക്കിത്തന്നെ പഠിക്കുക. പഠിച്ചതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും  സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുകയുംചെയ്യുക.
* പഠനത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഉത്സാഹം വര്‍ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.  സ്വന്തം ശൈലിയില്‍ മാത്രം പഠനം നടത്തുക.
* എല്ലാവിധ ബഹളങ്ങളില്‍നിന്നും പരമാവധി ഒഴിഞ്ഞുമാറി  പഠനമുറിയിലോ  നല്ല അന്തരീക്ഷത്തിലോ ശുദ്ധവായുവും മതിയായ വെളിച്ചവുമുള്ളിടത്തോ  ഇരുന്ന് പഠിക്കുക.
* എല്ലായ്പോഴും പോസിറ്റിവ് ആയ ചിന്തകള്‍ മാത്രം വളര്‍ത്തുക.  എത്ര വിഷമമേറിയ വിഷയങ്ങളായാലും പാഠഭാഗങ്ങളായാലും  അത് പഠിക്കാന്‍ എനിക്ക് കഴിയുമെന്ന ചിന്ത നിരന്തരമായി മനസ്സിലുറപ്പിക്കുക.
* ഇഷ്ടപ്പെട്ട, ആത്മവിശ്വാസം നല്‍കുന്ന അധ്യാപകരുടെ സഹായത്താല്‍ സംശയനിവാരണം നടത്തുക.
* പരീക്ഷാ ദിനം വരെ പ്രത്യേകിച്ച് നല്ല ഭക്ഷണം കഴിച്ച് ശരീരത്തിന്‍െറ ആരോഗ്യാവസ്ഥ സംരക്ഷിക്കുക.  കൃത്യമായിത്തന്നെ ഉറങ്ങുകയും ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യുക.
*പഠനത്തിന്‍െറ വിജയത്തിനായി അനിവാര്യമായ വിശ്രമവേള അനുവദിക്കുക. ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശാശ്വതമായിത്തീരുന്നത് വിശ്രമത്തിലൂടെയാണ്.  വിശ്രമത്തിലൂടെ നമ്മെത്തന്നെ നവീകരിക്കാന്‍ കഴിയും. പിരിമുറുക്കത്തിലായിരിക്കുമ്പോള്‍ മനസ്സിനെ ശാന്തമാക്കുന്നതിനായി വിശ്രമം  സഹായിക്കും. വായനക്കിടയിലെ ചെറിയ ചെറിയ മയക്കങ്ങള്‍ മനസ്സിനെ റീചാര്‍ജ്ചെയ്യുന്നതിന് ഉപകരിക്കും.
* ഓരോ ദിവസവും ശുഭകരവും പ്രതീക്ഷാനിര്‍ഭരവും പ്രചോദനാത്മകവുമാക്കാനുള്ള ഊര്‍ജം സംഭരിക്കുക.  ചിട്ടയായ അച്ചടക്കത്തോടെയുള്ള വായനയും പഠനവും അനിവാര്യമായ നോട്ടുകുറിക്കലും  ചില കാര്യങ്ങള്‍ ഹൃദിസ്ഥമാക്കലുമെല്ലാം  ഇത്തരം ഊര്‍ജ സംഭരണികളാണ്.
* പഠനത്തോടുള്ള  താല്‍പര്യവും ഭയങ്കരമായ ആവേശവും  വിശ്വാസവും വഴി നമ്മുടെ ഊര്‍ജം പതിന്മടങ്ങ് വികസിപ്പിക്കാന്‍ കഴിയണം.  ഇങ്ങനെ നമ്മുടെ സാധാരണ മനസ്സിനെ അസാധാരണമായി ഉപയോഗിക്കാന്‍ കഴിയും.
* ജീവിതവിജയത്തിന്‍െറ വഴിയില്‍ഒന്നാമതെത്താന്‍  ഒരു ലക്ഷ്യം മാത്രം മുന്നില്‍ കാണുക.  ആ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന്  ശക്തമായി വിശ്വസിക്കുക. പരീക്ഷയില്‍ ഉന്നതവിജയം നേടിയതിന്‍െറ ആഹ്ളാദം ഭാവനയില്‍ കാണുക. അതിനുവേണ്ടി പ്രയത്നിക്കുക.
* പത്രങ്ങള്‍, മാസികകള്‍, ഗൈഡുകള്‍ തുടങ്ങി എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും സഹായം തേടുക.
* രക്ഷാകര്‍ത്താക്കളുടെ അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കുക.
* വരും ദിവസങ്ങളില്‍ എല്ലാ പാഠപുസ്തകങ്ങളിലെയും  ഓരോ പാഠവും വായിച്ചുപഠിക്കുക.  
* രക്ഷിതാക്കള്‍ ഇവരുടെ പഠന പുരോഗതി വിലയിരുത്തുക.
* മാറ്റുക, മടിപിടിച്ച മനസ്സിനെ. ഉണര്‍ത്തുക, മനസ്സിനെ. ഉത്സാഹത്തോടെ തുടരുക വായനയിലൂടെയുള്ള പഠനം
* ഒഴിവാക്കുക, നിരന്തരമായഉറക്കം. വായനാശീലമില്ലാത്തവര്‍ പരീക്ഷ അടുക്കുമ്പോള്‍ മാത്രം  വായിക്കാന്‍ മുതിരുമ്പോള്‍  ഉറക്കംവരുന്നത് സ്വാഭാവികമാണ്. ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ വായിക്കുമ്പോഴും ഉറക്കും വരുന്നതാണ്.
* പരീക്ഷാ ദിനം വരെ കുട്ടികള്‍ അവരുടെ പഠനസമയം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നറിയണമെങ്കില്‍ ആ സമയത്ത് രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്. മറ്റുള്ള കാര്യങ്ങള്‍ എത്ര പ്രധാനപ്പെട്ടതായാലും  അതിലും പ്രധാനപ്പെട്ടത് കുട്ടിയുടെ പഠനസമയം തന്നെയെന്ന് മനസ്സിലാക്കുക.
* കുട്ടിയുടെ മാനസികവും വൈകാരികവുമായ കാര്യങ്ങള്‍ തിരിച്ചറിയുകയും അതിനനുസൃതമായിഅവരോട് പെരുമാറുകയും ചെയ്യുക. വര്‍ധിച്ച ദേഷ്യവും കുറ്റപ്പെടുത്തലും ഒഴിവാക്കുക.
* പരീക്ഷാ ദിനം വരെ മറ്റുള്ള ഒരു കാര്യത്തിലും കുട്ടികള്‍ക്ക് ഉത്തരവാദിത്തം നല്‍കരുത്.
* ആറുമണിക്കൂര്‍  ഉറക്കം.  ശേഷം  മുഴുവന്‍ സമയവും ചിന്തിക്കുകയും  പ്രവര്‍ത്തിക്കുകയും തുടങ്ങി വിവിധ രീതികളിലൂടെ പഠനം തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍ ബാക്കി മുഴുവന്‍ സമയവും പഠനത്തിനായിഉപയോഗിക്കുക.
* എസ്.എസ്.എല്‍.സിക്കാര്‍ ഇനി എന്തു ചെയ്യണമെന്ന ആകുലത ഒഴിവാക്കുക.  നമ്മുടെ അഭിലാഷത്തിന്‍െറ അളവനുസരിച്ച്  മാത്രമേ നമ്മിലെ ശക്തിയുടെ അളവും വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. നല്ല  ആഗ്രഹമില്ലെങ്കില്‍  നമുക്കതു കണ്ടെത്താനാവില്ല. നാം ആഗ്രഹിക്കുകയും  ചോദിക്കുകയും  ചെയ്യുന്നതെന്തോ അതാണ് നമുക്ക് മനസ്സില്‍ നിന്ന് ലഭിക്കുന്നത്. ഏകാഗ്രതയോടെ,  ആത്മവിശ്വാസത്തോടെ  ടെന്‍ഷന്‍ കുറച്ചുകൊണ്ട്, പഠിക്കാന്‍ ശരിയായ ടൈംടേബ്ള്‍ ഉണ്ടാക്കിക്കൊണ്ട് പഠിക്കുക. വ്യക്തിത്വ വികസനത്തിന്, സ്വഭാവ രൂപവത്കരണത്തിന്, ജീവിതവിജയത്തിന് അച്ചടക്കത്തോടെ, ചിട്ടയോടെയുള്ള പഠനം സഹായിക്കുമെന്ന് മനസ്സിലാക്കുക.  ജീവിത വിജയത്തിന്‍െറ രഹസ്യമന്ത്രം വിദ്യാഭ്യാസ മികവു തന്നെയെന്ന് തിരിച്ചറിയുക.
ലേഘനം എഴുതിയത് : ഇ.എന്‍. പത്മനാഭന്‍
കടപ്പാട്:മാധ്യമം ദിനപത്രം 
Subscribe to കിളിചെപ്പ് by Email
Share it:

Post A Comment:

0 comments: