നാം തനിച്ചല്ല!


1990കളുടെ ആരംഭത്തിലാണ് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ (exoplanets) സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. തുടര്‍ന്നുള്ള ഓരോ വര്‍ഷവും മൂന്നോ അതിലധികമോ അന്യഗ്രഹ കുടുംബങ്ങളെ കണ്ടെത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ സ്ഥിതിവിവരക്കണക്ക് വര്‍ഷംതോറും അമ്പതിനും നൂറിനുമിടയില്‍ അന്യഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. 2012ന്‍െറ അവസാനത്തോടെ കണ്ടെത്തിയ പുതിയ അന്യഗ്രഹങ്ങള്‍ 854ആയി. ഇതിനു ശാസ്ത്രസമൂഹം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് നാസയുടെ കെപ്ളര്‍ സ്പേസ് ടെലിസ്കോപ്പിനോടാണ്. ഭൗമേതര ഗ്രഹങ്ങളെ തേടുന്ന കെപ്ളറിന്‍െറ കണ്ണുകള്‍ അവിടെ ഭൗമേതരജീവനും തിരയുന്നുണ്ട്. അന്യഗ്രഹവേട്ടയുടെ സുവര്‍ണകാലമെന്നാണ് ഇക്കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രലോകം നോക്കിക്കാണുന്നത്.
ഭൂമിയുടെ ഇരട്ടയെ തേടിയുള്ള പ്രയാണത്തിലാണ് എക്സോ ബയോളജിസ്റ്റുകള്‍. ഭൗമസമാനമെന്ന് ഒറ്റവാക്കില്‍ പറയാന്‍ കഴിയുന്നതിനുമപ്പുറം മാതൃനക്ഷത്രത്തിന്‍െറ വാസയോഗ്യ മേഖലകളില്‍ (Goldilocks zone) ജലം ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്ന ദൂരപരിധിയില്‍ വാസയോഗ്യ ഗ്രഹങ്ങളെയും ഭൗമേതര ജീവനെത്തന്നെയും കണ്ടെത്തുമെന്ന ദൃഢനിശ്ചയമാണ് കെപ്ളര്‍ ദൗത്യത്തിന്‍െറ പ്രസക്തി വര്‍ധിപ്പിക്കുന്നത്. അതിന് ഇനി അധികാലം കാത്തിരിക്കേണ്ടിവരില്ല. ഓരോ അടുത്ത നിമിഷവും അതിനുള്ള സാധ്യത പലമടങ്ങായി വര്‍ധിക്കുകയാണ്. ജീവന്‍- അതിന്‍െറ നിര്‍വചനം എത്രതന്നെ വിചിത്രമാണെങ്കിലും അത് കണ്ടെത്തുകതന്നെ ചെയ്യും. 2013 അവസാനിക്കുന്നതിനു മുമ്പുതന്നെ ഭൗമേതര ജീവനെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഡോ. ആബേല്‍മെന്‍ഡിസിനെപ്പോലുള്ള എക്സോബയോളജിസ്റ്റുകള്‍ അവകാശപ്പെടുന്നത്. പ്യൂവര്‍ട്ടേറികോ യൂനിവേഴ്സിറ്റിയിലെ ഗവേഷകനാണ് ഡോ. ആബേല്‍. ഈ മേഖലയില്‍ ഇക്കഴിഞ്ഞ വര്‍ഷമുണ്ടായ അഞ്ച് സുപ്രധാന കണ്ടുപിടിത്തങ്ങളാണ് ഡോ. ആബേലിന്‍െറ വാദങ്ങള്‍ക്ക് ബലം നല്‍കുന്നത്.
1. ടോ സെറ്റി ഇ, എഫ്
(Tau Ceti e and f)

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഭൂമിയില്‍നിന്ന്  120 പ്രകാശവര്‍ഷം അകലെയുള്ള ടോ സെറ്റി ഗ്രഹവ്യൂഹത്തെ കണ്ടെത്തിയിട്ടുള്ളത്. 2012ലെ ഏറ്റവും പ്രസിദ്ധമായ അന്യഗ്രഹ വേട്ടയാണിത്. മാതൃനക്ഷത്രത്തെ വലംവെക്കുന്ന അഞ്ച് ഗ്രഹങ്ങളുടെ കുടുംബമാണ് ടോ സെറ്റി. ഈ ഗണത്തില്‍പെട്ട നാലാമത്തെയും. ഇവയില്‍ രണ്ട് ഗ്രഹങ്ങള്‍ സൗര കുടുംബത്തിലെ വാതക ഭീമന്മാരെപ്പോലെയുള്ള ബാഹ്യഗ്രഹങ്ങളാണ് (Outer planets). മറ്റ് മൂന്ന് ആന്തരഗ്രഹങ്ങള്‍ (inner planets) ഭൗമ സമാനമാണ്. ഇവക്ക് ഭൂമിയുടെ നാലു മുതല്‍ ആറുവരെ മടങ്ങ് പിണ്ഡമുണ്ട്. ഈ ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തിന്‍െറ വാസയോഗ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടും ഗ്രഹങ്ങളില്‍ ദ്രാവകരൂപത്തിലുള്ള ജലസാന്നിധ്യത്തിന്‍െറ സാധ്യതയുള്ളതുകൊണ്ടും ഇവിടെ ജീവന്‍ വളര്‍ന്നുവികസിക്കാനുള്ള സാധ്യത വളരെയധികമാണ്.
2. അല്‍ഫാ സെന്‍േറാറി ബിബി
(Alpha Centaury Bb)

ഭൂമിയുടെ ഏറ്റവും അടുത്തുള്ള എക്സോ പ്ളാനറ്റാണ് അല്‍ഫാസെന്‍േറാറി ബിബി. സൂര്യനില്‍നിന്ന് 4.3 പ്രകാശവര്‍ഷം അകലെയുള്ള അല്‍ഫാ സെന്‍േറാറി-ബി നക്ഷത്രത്തെയാണ് ഈ ഗ്രഹം വലംവെക്കുന്നത്. മാതൃനക്ഷത്രത്തിന്‍െറ തൊട്ടടുത്തുകൂടിയാണീ ഗ്രഹത്തിന്‍െറ സഞ്ചാരം. സൂര്യനും ബുധനും തമ്മിലുള്ള അകലത്തിന്‍െറ പത്തിലൊന്നു മാത്രം. നക്ഷത്രത്തിന്‍െറ തൊട്ടടുത്താണെങ്കിലും അല്‍ഫാസെന്‍േറാറി -ബി യെന്ന ശോഭകുറഞ്ഞ നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തില്‍ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ട്. ഒറ്റ നക്ഷത്രത്തിന് ചുറ്റും മാത്രമേ ഗ്രഹരൂപവത്കരണം നടക്കൂവെന്ന പരമ്പരാഗത ഗ്രഹരൂപവത്കരണ സിദ്ധാന്തത്തെ തകിടംമറിക്കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. അല്‍ഫാസെന്‍േറാറി മൂന്നു നക്ഷത്രങ്ങളുടെ കൂട്ടമാണ്. 2012 ഒക്ടോബറിലാണ് ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്.
3. ഗൈ്ളസ് 667 സിസി
Gliese 667 Cc

സൂപ്പര്‍-എര്‍ത്ത് വിഭാഗത്തില്‍പെടുത്താന്‍ കഴിയുന്ന ആദ്യത്തെ അന്യഗ്രഹമെന്ന പദവി ഗൈ്ളസ്  667 സി.സിക്കാണ്. ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെ മാതൃനക്ഷത്രത്തിന്‍െറ വാസയോഗ്യമേഖലയില്‍ കണ്ടെത്തിയ ഈ സൂപ്പര്‍-എര്‍ത്തിന് ഭൂമിയുടെ നാലരമടങ്ങ് വലുപ്പമുണ്ട്. പാറകള്‍ നിറഞ്ഞ ഈ ഗ്രഹം 28 ഭൗമദിനങ്ങള്‍ കൊണ്ടാണ് അതിന്‍െറ മാതൃനക്ഷത്രത്തിന് ചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. 28 ഭൗമദിനങ്ങളാണ് അവിടെ ഒരുവര്‍ഷം എന്ന് വേണമെങ്കില്‍ പറയാം. സൂര്യനില്‍നിന്നും ഭൂമിയിലെത്തുന്ന ഇന്‍ഫ്രാറെഡ് വികിരണങ്ങളുടെ പത്തിലൊന്നുമാത്രം മാതൃ നക്ഷത്രത്തില്‍നിന്നും ലഭിക്കുന്ന ഈ അന്യഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യത വളരെയധികമാണ്. 2012 ഫെബ്രുവരിയിലാണ് ഈ ഗ്രഹവേട്ട നടന്നത്.
4. കെപ്ളര്‍ 42ബി,സി,ഡി
(Kepler 42b,c,d)

ഭൂമിയില്‍നിന്ന് 126 പ്രകാശവര്‍ഷം അകലെയുള്ള സിഗ്നസ് താരഗണത്തില്‍ കണ്ടെത്തിയ ഈ മൂന്ന് അന്യഗ്രഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെറുത്. കെപ്ളര്‍ 42 നക്ഷത്ര കുടുംബത്തിലെ ഈ മൂന്നു ഗ്രഹങ്ങളും ഭൂമിയേക്കാള്‍ ചെറുതാണ്. സൗരയൂഥത്തിലെ ബുധന്‍, ചൊവ്വ ഗ്രഹങ്ങളുടെ ഇടയിലാണിവയുടെ വലുപ്പം. നമ്മുടെ വ്യാഴത്തിന്‍െറ 70 ശതമാനം മാത്രം വലുപ്പമുള്ള ഒരു കുള്ളന്‍ നക്ഷത്രത്തെയാണീ ഗ്രഹങ്ങള്‍ ചുറ്റുന്നത്. രണ്ട് ഭൗമദിനങ്ങള്‍ മതി ഈ ഗ്രഹങ്ങള്‍ക്ക് ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍. ഊര്‍ജംകുറഞ്ഞ കുഞ്ഞുനക്ഷത്രത്തെ ചുറ്റിയാണ് സഞ്ചാരമെങ്കിലും ഈ ഗ്രഹങ്ങളുടെ സഞ്ചാരവേഗത അവയില്‍ ജലം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതിനുള്ള താപനില പ്രദാനം ചെയ്യുന്നുണ്ട്. 2012 ജനുവരിയില്‍ കണ്ടെത്തിയ ഈ ഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയും വളരെയധികമാണ്.
5. കെപ്ളര്‍ 34ബി, കെപ്ളര്‍ 35 ബി
(Kepler 34b,Kepler35b)

ഭൂമിയില്‍നിന്ന് 4900 പ്രകാശവര്‍ഷം അകലെയുള്ള ഇരട്ട നക്ഷത്രങ്ങളെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭൗമസമാനഗ്രഹങ്ങളാണ് കെപ്ളര്‍ 34ബിയും കെപ്ളര്‍ 35 ബിയും. എന്നാല്‍, ഈ ഗ്രഹങ്ങള്‍ ശനി ഗ്രഹത്തിന്‍െറ വലുപ്പമെങ്കിലുമുള്ള ഭീമന്മാരാണ്. വ്യാഴത്തിന്‍െറ 22 ശതമാനം പിണ്ഡമുള്ള കെപ്ളര്‍ 34 ബിയുടെ പരിക്രമണകാലം 289 ഭൗമദിനങ്ങളാണ്. ഭൂമിക്കും സൂര്യനുമിടയിലുള്ള ദൂരം (ഏകദേശം 15കോടി കിലോമീറ്റര്‍) തന്നെയാണ് ഈ ഗ്രഹത്തിന് അതിന്‍െറ മാതൃനക്ഷത്രവുമായുള്ളത്.  കെപ്ളര്‍ 35 ബിയാകട്ടെ 131 ഭൗമദിനങ്ങള്‍കൊണ്ടാണ് മാതൃ നക്ഷത്രത്തെ വലംവെക്കുന്നത്. വ്യാഴത്തിന്‍െറ 13 ശതമാനമാണ് ഈ ഗ്രഹത്തിന്‍െറ പിണ്ഡം. 2012 ജനുവരിയില്‍തന്നെയാണ് ഈ ഗ്രഹ കുടുംബത്തെയും കണ്ടെത്തിയത്.
ഇരട്ട നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന അതിശക്തമായ കാന്തികക്ഷേത്രം അവക്ക് ചുറ്റും ഗ്രഹരൂപവത്കരണം അസാധ്യമാക്കുമെന്ന പരമ്പരാഗത വിശ്വാസ പ്രമാണങ്ങളെ തകിടം മറിക്കുന്ന കണ്ടെത്തലുകളാണ് ഇക്കഴിഞ്ഞ വര്‍ഷമുണ്ടായിട്ടുള്ളത്. നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തില്‍ മാത്രം ശതകോടിക്കണക്കിന് അന്യഗ്രഹങ്ങളുണ്ട്. സ്ഥിതിവിവരണക്കണക്കുകള്‍ നല്‍കുന്ന സൂചന അതാണ്. അവിടെ ജീവനുമുണ്ടാകും. വിചിത്രമായിരിക്കുമത്...വളരെ വളരെ വിചിത്രം !


Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "നാം തനിച്ചല്ല!"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top