മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ - 5

ലഹരിനുരയും പാതകള്‍
''ഒരുദിവസം അഞ്ചാംക്ലാസിലെ ഒരു കുട്ടി എന്റെ കാലുപിടിച്ച് കരയ്യാണ്, ഞങ്ങളുടെ കുടുംബത്തെ ടീച്ചര്‍ രക്ഷിക്കണേയെന്ന്. അവന്റെ ചേട്ടനെയും ഞാന്‍ ചെറിയക്ലാസില്‍ പഠിപ്പിച്ചിട്ടുണ്ട്. അവനിപ്പോ ഏതൊക്കെയോ കേസില്‍പ്പെട്ടിരിക്ക്യാണ്. ഉപ്പാക്ക് മാനസികരോഗം. ഇതിനിടയില്‍ നിസ്സഹായയായ ഉമ്മ. ഞാന്‍ ജുവനൈല്‍ കോടതിയില്‍ പോയി. മോഷണക്കേസില്‍പ്പെട്ട രണ്ട് കുട്ടികളും ഞാന്‍ പഠിപ്പിച്ചവരാണ്. ഒബ്‌സര്‍വേഷന്‍ ഹോമില്‍ അയയ്ക്കരുതെന്നും അവരെ ശരിയാക്കാന്‍ എനിക്കൊരു അവസരംതരണമെന്നുമുള്ള അപേക്ഷ ബോര്‍ഡ് കേട്ടു. അവരെ ഞാന്‍ ജാമ്യത്തില്‍ കൊണ്ടുപോന്നു.''
കോഴിക്കോട് ജില്ലയിലെ ഈ സ്‌കൂള്‍ ടീച്ചറെ നാട്ടുകാര്‍ക്കും അധികൃതര്‍ക്കും നന്നായറിയാം. പ്രശസ്തി ആഗ്രഹിക്കാത്തതിനാലും ഭീഷണികാരണവും പേര് വെളിപ്പെടുത്തുന്നില്ല. കുട്ടികളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കും സ്വവര്‍ഗരതിക്കാര്‍ക്കും എതിരെനിന്നതിന് ഭീഷണി നേരിടുകയാണിവര്‍. ഒമ്പതാംക്ലാസില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്ക് സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ടവരാണ് അവര്‍ പറഞ്ഞ കുട്ടികള്‍. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍. മയക്കുമരുന്നിലേക്കും അതിന് പണം കണ്ടെത്താന്‍ മോഷണത്തിലേക്കും അവര്‍ തിരിഞ്ഞു. ടീച്ചര്‍ കളക്ടറെക്കൊണ്ട് പ്രത്യേകഫണ്ട് അനുവദിപ്പിച്ച് കുട്ടികളെ ചികിത്സയ്ക്ക് കൊണ്ടുപോയി. ആ പ്രദേശത്തെ സ്വര്‍ണവ്യാപാരികള്‍ ചിലരും പണം നല്‍കി സഹായിച്ചു.
തിരഞ്ഞെടുത്ത കുട്ടികളുടെ സംഘമുണ്ടാക്കി ചുറ്റും നടക്കുന്ന കാര്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കുന്നവര്‍, സ്വവര്‍ഗരതിക്കാര്‍ കൊണ്ടുപോകുന്നവര്‍. അഞ്ചാംക്ലാസ് മുതലുള്ള കുട്ടികള്‍ ലഹരിക്കും മയക്കുമരുന്നിനും അടിമയാവുന്നു. ആദ്യം വിളിച്ച് ചോദിക്കുമ്പോള്‍ കുട്ടികള്‍ നിഷേധിക്കും. പിന്നെ ഫോണിലെ ചിത്രം കാട്ടുമ്പോള്‍ എല്ലാം പറയും. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നാണ് കുട്ടികള്‍ നേരിടുന്ന ഭീഷണി.
സ്‌കൂള്‍ ബാത്ത്‌റൂമിലാണ് വില്പന. ആദ്യം കുട്ടികള്‍ക്ക് 50 രൂപ നല്‍കും. പിന്നെ ലഹരിമരുന്നാണ്. അത് കൂടുതല്‍ പേര്‍ക്ക് വിറ്റ് മരുന്നിന് പണമുണ്ടാക്കാനായിരിക്കും നിര്‍ദേശം. അതിനായി കുട്ടികള്‍ സ്വന്തം കൂട്ടുകാരെയും ചേര്‍ക്കും. അങ്ങനെ സ്‌കൂളിനെ മാഫിയ വിഴുങ്ങുന്നു. പുറത്തറിഞ്ഞാല്‍ സ്‌കൂളിന് ചീത്തപ്പേരുണ്ടാകുമെന്നാണ് ഭൂരിഭാഗം അധ്യാപകരുടെയും വാദം. പിടിക്കുന്ന കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കുകയെന്ന എളുപ്പവഴിയാണ് അധികൃതര്‍ സ്വീകരിക്കുക. ഈ സ്‌കൂളില്‍നിന്ന് കുട്ടികളെ പുറത്താക്കാന്‍ ഡി.ഡി.ഇ.ക്ക് അയയ്ക്കുന്ന ശുപാര്‍ശക്കത്തില്‍ ഒപ്പുവെക്കാത്ത ഏക അധ്യാപികയും ഇവരാണ്.

ഒരുദിവസം സ്‌കൂള്‍മുറ്റത്ത് സ്വന്തം തലയ്ക്ക് കല്ലുകൊണ്ടടിക്കുന്ന കൊച്ചുകുട്ടിയെ മറ്റ് അധ്യാപകരും തല്ലുന്നു. പിടിച്ചുകൊണ്ടുപോയി ചോദിക്കുമ്പോഴാണ് ലഹരി കിട്ടാത്തതാണ് പ്രശ്‌നമെന്ന് അറിയുന്നത്. ശിക്ഷയും ഉപദേശവുമല്ല, ചികിത്സയാണ് വേണ്ടതെന്ന് ടീച്ചര്‍ക്കറിയാം. പക്ഷേ, അതിനുവേണ്ട പണം കണ്ടെത്തുകയാണ് പ്രയാസം. ഈ സര്‍ക്കാര്‍സ്‌കൂളിലെത്തുന്ന കുട്ടികളെല്ലാം ദരിദ്രകുടുംബത്തില്‍നിന്നുള്ളവരാണ്. വീട്ടുകാരെ അറിയിച്ചാലും അതുകൊണ്ടുതന്നെ വലിയ പിന്തുണയുണ്ടാകില്ല.
ഈ വര്‍ഷം 20 കുട്ടികളെ കോഴിക്കോട് സിവില്‍സ്റ്റേഷനിലെ മയക്കുമരുന്ന് വിരുദ്ധ ചികിത്സാകേന്ദ്രമായ 'സുരക്ഷ'യില്‍ എത്തിച്ചു. നിരന്തരം തോല്‍ക്കുമ്പോള്‍ ടീച്ചറായതില്‍ സ്വയം പഴിക്കും; ഒന്നും ചെയ്യാനാവുന്നില്ലല്ലോ. പക്ഷേ, തന്റെ മുന്നിലിരിക്കുന്ന നാലിലും അഞ്ചിലുമുള്ള നിഷ്‌കളങ്കമുഖങ്ങള്‍ കാണുമ്പോള്‍ ടീച്ചര്‍ക്ക് തോറ്റ് നിശ്ശബ്ദയാവാനാവില്ല. മനസ്സിന്റെ താളംതെറ്റി അലഞ്ഞുതിരിയുന്ന മുന്‍ തലമുറയ്‌ക്കൊപ്പം തന്റെ കുട്ടികളെയും തെരുവില്‍ കാണാന്‍ ഈ ടീച്ചര്‍ക്ക് വയ്യ. ടീച്ചര്‍ പഠിപ്പിച്ച് കുട്ടികള്‍ അവതരിപ്പിക്കുന്ന മോണോ ആക്ടുകള്‍ കഥകളാണെന്നുകരുതി കൈയടിക്കുന്ന കാണികളുണ്ട്. പക്ഷേ, എല്ലാം തന്റെ സ്‌കൂളില്‍നിന്നുള്ള അനുഭവങ്ങള്‍തന്നെ-ടീച്ചറുടെ നിസ്സഹായമായ പ്രതികരണം.
ആരുതുണയ്ക്കും, ഈ മാതൃകാ അധ്യാപികയെ? എല്ലാ സ്‌കൂളിലും ചെറിയ തെറ്റിനുപോലും കുട്ടികളെ പുറത്താക്കുകയാണ് രീതി. അതോടെ സ്‌കൂള്‍ ഒരു സമൂഹവിരുദ്ധനെ സംഭാവനചെയ്യുന്നു; അത്രമാത്രം. വീടും സ്‌കൂളും തോറ്റാല്‍ സമൂഹംതന്നെ തോല്‍ക്കുന്നു.

'അവനെ കൊന്ന് ഞാനും ചാവും'


''ചിലപ്പോള്‍ തോന്നും അവനെന്തെങ്കിലും വിഷം വാങ്ങിക്കൊടുത്ത് ഞാനും അത് കുടിച്ച് എല്ലാം അവസാനിപ്പിച്ചാലോയെന്ന്''- അദ്ദേഹത്തിന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. ആകെ വിയര്‍ത്തുകുളിച്ചു. ഇക്കാലമത്രയും താനുണ്ടാക്കിയ സല്‍പ്പേര് നശിപ്പിച്ചതിലല്ല സങ്കടം. നിരന്തരം തന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നല്ലോ എന്നുള്ള വേദനയാണ്. മകന് 17 വയസ്സ്. ഇപ്പോള്‍ ബൈക്ക്‌മോഷണവും മൊബൈല്‍ മോഷണവും ഉള്‍പ്പെടെ 18 കേസുകള്‍. എല്ലാ ശനിയാഴ്ചയും ജുവനൈല്‍ ബോര്‍ഡിനുമുന്നില്‍ കേസുണ്ടാവും.
അവന് നാലുവയസ്സുള്ളപ്പോഴാണ് ഹൃദ്രോഗിയായ അമ്മ മരിക്കുന്നത്. ചെറിയ രണ്ട് കുട്ടികളെ നോക്കാന്‍ വീണ്ടും വിവാഹം കഴിച്ചു. പിന്നീട് കുട്ടികള്‍ വേണ്ടെന്നും ഇരുവരും തീരുമാനിച്ചു. പക്ഷേ, അതുകൊണ്ട് കാര്യമുണ്ടായില്ല. അവന് പുതിയ അമ്മ സ്‌നേഹം കാട്ടുന്നതും തിരുത്തുന്നതും ഇഷ്ടമല്ല. എട്ടാം ക്ലാസില്‍ ബേക്കറി കുത്തിത്തുറന്ന് മോഷ്ടിച്ച സംഘത്തില്‍ അവനുമുണ്ടായിരുന്നു. പിന്നെ ഒരിക്കല്‍ പുതിയൊരു മൊബൈലുമായി വീട്ടിലെത്തി. ഉടനെ അച്ഛന്‍ അവനെയും പിടിച്ച് സ്റ്റേഷനിലെത്തി. പരാതി എത്തിയിട്ടുണ്ടായിരുന്നു. പിന്നെ മകന്‍ വീട്ടിലെത്തുമ്പോള്‍ അച്ഛന് ആധിയാണ്, എന്താവും മോഷ്ടിച്ചത്?
അവന് ബൈക്ക്‌മോഷണത്തിലായി കമ്പം. എന്തുചെയ്താലും യാതൊരു മറയുമില്ലാതെ, കോടതിയിലടക്കം നിഷ്‌കളങ്കമായി തുറന്നുപറയും. നാട്ടിലെ ഏറ്റവും വലിയ ഗുണ്ടകളുമായാണ് ഇപ്പോള്‍ ചങ്ങാത്തം. ലഹരിയില്‍നിന്ന് മോചിപ്പിക്കാന്‍ ഒരിക്കല്‍ തൃശ്ശൂര്‍ നഗരത്തിലെ പ്രമുഖകേന്ദ്രത്തിലെത്തിച്ചു. അവിടെവെച്ചാണ് അവന്‍ പണമില്ലെങ്കിലും ലഹരി കണ്ടെത്താമെന്ന് പഠിച്ചത്. വൈറ്റ്‌നറും ബാത്‌റൂം ലോഷനും പ്ലാസ്റ്റിക് കവറുമെല്ലാം ലഹരിയാക്കുന്നവരുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നുമാണ് ക്ലാസെടുക്കാന്‍ വന്നവര്‍ പഠിപ്പിച്ചത്. പക്ഷേ, കുട്ടികള്‍ക്ക് അതൊരു നല്ല ലഹരി അറിവായി.
''400 രൂപയാണ് ഒരു പാക്കറ്റ് ലഹരിമരുന്നിന് വില. കൂടിയാല്‍ മൂന്നുദിവസത്തേക്കേ അതുണ്ടാകൂ. ഒരു രസത്തിനാണ് ഉപയോഗിച്ചുതുടങ്ങിയത്. അപ്പോള്‍ ഇഷ്ടതാരങ്ങള്‍, മമ്മൂട്ടിയും കാജല്‍ അഗര്‍വാളുമെല്ലാം അടുത്തെത്തിയപോലെ. പെയിന്റിങ്ങിന് എത്രാമത്തെ നിലയിലേക്ക് വേണമെങ്കിലും പോകാം. കാറ്റുപോലെയേ തോന്നൂ, പേടിയുണ്ടാവില്ല''-അവന്‍ അഡ്വ. പി.ബി. ഹരിദാസിനോട് നിഷ്‌കളങ്കമായി പറഞ്ഞു. ഇപ്പോള്‍ അവനും ആഗ്രഹമുണ്ട്, ഇതില്‍നിന്ന് രക്ഷപ്പെടണം. പക്ഷേ, അച്ഛന്‍ സമീപിച്ച സ്ഥാപനങ്ങളെല്ലാം താങ്ങാനാവാത്ത തുക ചോദിക്കുന്നു. എന്തുചെയ്യുമെന്ന ഈ അച്ഛന്റെ ചോദ്യത്തിന് മറുപടിയില്ല.

ഭ്രാന്ത് ചങ്ങലയ്ക്ക് തന്നെ

നാലുതരത്തിലുള്ള കുട്ടികളാണ് ബാലഭവനുകളില്‍ എത്തുന്നത്. അച്ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെടുന്നവര്‍, തെരുവില്‍ അലഞ്ഞുതിരിയുന്ന അന്യസംസ്ഥാനക്കാര്‍, അച്ഛനമ്മമാര്‍ ഇല്ലാത്തവരോ ദരിദ്രകുടുംബത്തില്‍നിന്നുള്ളവരോ, വീട്ടില്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാനാവാത്തവിധം കുറ്റവാസനയും സ്വഭാവവൈകല്യവും ഉള്ളവര്‍.
നാലുവിഭാഗക്കാരെയും ഒരുമിച്ച് താമസിപ്പിക്കയാണ് ഇപ്പോള്‍. ഇതുവഴി കുട്ടികളിലെ മോഷണസ്വഭാവം, സ്വവര്‍ഗരതി എന്നിവ എല്ലാവരിലും എത്തുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഘംചേര്‍ന്ന് ഓടിപ്പോകാനുള്ള പ്രവണത ഇതിന്റെ ഭാഗമാണ്. തെരുവില്‍നിന്ന് ലഭിക്കുന്ന കുട്ടികള്‍ വ്യാപകമായി സ്വവര്‍ഗരതിക്കും ബലാത്സംഗത്തിനും ചെറുപ്പംമുതലേ വിധേയരാവുന്നതുകൊണ്ട് അവരില്‍ അതൊരു സ്വഭാവവൈകല്യമായി മാറിയിട്ടുണ്ടാവും. ബിഹാറുകാരനായ അഞ്ചുവയസ്സുകാരന്‍ കാണുന്ന ഏതുകുട്ടിയെയും സ്വവര്‍ഗരതിക്ക് പ്രേരിപ്പിക്കുന്ന കാഴ്ച ഹൃദയത്തെ പൊള്ളിക്കും.
കേന്ദ്ര ബാലനീതിനിയമത്തിന് വിരുദ്ധമായി, കേരളത്തില്‍ ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളെല്ലാം ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഒബ്‌സര്‍വേഷന്‍ ഹോമുകളും സ്‌പെഷല്‍ ഹോമുകളും ബാലഭവനുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കരുതെന്നാണ് നിയമം. പ്രതികളായ കുട്ടികളും മറ്റ് കുട്ടികളുമായുള്ള സമ്പര്‍ക്കം പുതിയ സംഘങ്ങളുണ്ടാക്കുന്നതിനും മറ്റ് കുട്ടികള്‍കൂടി നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിലേക്കും നയിക്കുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകനും തൃശ്ശൂരിലെ അഭിഭാഷകനുമായ അഡ്വ. സോജന്‍ ജോബ് ചൂണ്ടിക്കാട്ടുന്നു.

വലിയവരുടെ ജയിലിലേതുപോലെത്തന്നെ കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കുന്നിടത്തും ലഹരിവസ്തുക്കള്‍ യഥേഷ്ടം ലഭ്യമാവുന്നുണ്ട്. കേസുകള്‍ക്കായി മറ്റുജില്ലയിലേക്ക് പോകുമ്പോള്‍, സംഘാംഗങ്ങള്‍ കണ്ടുമുട്ടുമ്പോള്‍, പുറംലോകവുമായി സമ്പര്‍ക്കമുള്ളവര്‍ വഴിയൊക്കെ ലഹരിയെത്തും. ഒരിക്കല്‍ ഒരു ഒബ്‌സര്‍വേഷന്‍ ഹോമില്‍ ബോര്‍ഡ് ചേര്‍ന്നദിവസം രാത്രി ജനലിനുപുറത്തുകൂടി നൂല് മുകളിലേക്ക് പോകുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. പകല്‍ ആരോ കെട്ടിയിട്ടുകൊടുത്ത മയക്കുമരുന്നായിരുന്നു അത്. മയക്കുമരുന്നിനുവേണ്ടി കുട്ടികള്‍ പനി അഭിനയിച്ച് പാരസെറ്റമോള്‍ വാങ്ങി രാത്രി ലഹരിയായി ഉയോഗിച്ച അനുഭവം പങ്കുവെച്ചു ഒരു ജീവനക്കാരന്‍. കൊതുകുതിരിവരെ നല്‍കാന്‍ വയ്യെന്നാണ് അദ്ദേഹം പറഞ്ഞത്.
കോടതിപോലെയുള്ള സ്ഥലത്ത് സംഘം മരുന്ന് എത്തിച്ചാല്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്തുന്നതിന് 'പെട്ടിയടിക്കുക' എന്നാണ് പറയുക. വലിയവരെപ്പോലെത്തന്നെ സംഘാംഗങ്ങള്‍ തമ്മില്‍ ഇങ്ങനെ കോഡ്ഭാഷയിലാണ് ആശയവിനിമയം. പോലീസുകാര്‍ക്ക് 'അഞ്ചുകുട്ടികള്‍', മോഷണത്തിന് 'മത്തിക്കച്ചവടം', പൂട്ടുപൊളിക്കുന്നതിന് 'മാങ്ങ മുറിക്കുക' എന്നൊക്കെയാണ് മലബാര്‍ ഭാഗത്തെ പ്രയോഗങ്ങള്‍.

ഒരിക്കല്‍ കുറ്റത്തിന് പിടിക്കപ്പെടുന്ന കുട്ടിക്ക് അതിജീവിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം നമുക്കില്ല. കുട്ടികളെ മാറ്റിയെടുക്കേണ്ട തിരുത്തല്‍കേന്ദ്രങ്ങളെല്ലാം രോഗാതുരമാണ്. മുതിര്‍ന്നവരുടെ തടവറയിലേക്കാള്‍ മോശം.


(തുടരും)

അപരാധികളുടെ രക്ഷകന്‍

കൊട്ടിയം പെണ്‍വാണിഭക്കേസില്‍ ഇരയായിരുന്ന പെണ്‍കുട്ടിയെ കൊന്ന സഹോദരനെ സംരക്ഷിക്കാനുള്ള പ്രഖ്യാപനം ആകാശവാണി ഡയറക്ടറായിരുന്ന സി.പി. രാജശേഖരനെ പുലിവാലുപിടിപ്പിച്ചു. ടി.വി.യില്‍ ഈ വാര്‍ത്തകണ്ടനിമിഷത്തെ തോന്നലായിരുന്നു അവനെ ഏറ്റെടുക്കണമെന്നത്. തന്റെ കൗമാരക്കാരിയായ മകള്‍ക്കൊപ്പം വീട്ടില്‍ ഒരു കൊലയാളിയെ താമസിപ്പിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും തോന്നിയില്ല. ആറുമാസം കൂടെനിര്‍ത്തി. പഠിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ പല പണിയും ഏര്‍പ്പാടാക്കി. അവനുവേണ്ടി പണവും ചെലവാക്കി. പലവിധത്തിലുമുള്ള സമ്മര്‍ദമുണ്ടായപ്പോള്‍ അവനെ തിരിച്ചയയ്ക്കുകയായിരുന്നു. ഇപ്പോഴവന്‍ വിവാഹിതനായി കുഞ്ഞും കുടുംബവുമൊത്ത് കഴിയുന്നത് അറിയുമ്പോള്‍ സന്തോഷം. കേസ് വിവരങ്ങളുമായി അഭിഭാഷകന്‍ ഇപ്പോഴും വിളിക്കാറുണ്ട്.
അവന്‍ മറ്റൊരു കുറ്റകൃത്യംചെയ്യുന്നത് തടയാനായതാണ് താന്‍ചെയ്ത വലിയ കാര്യമെന്ന് രാജശേഖരന്‍ കരുതുന്നു. അച്ഛന്‍ ഉപേക്ഷിച്ചുപോയ കുടുംബത്തില്‍ അനിയത്തിയുണ്ടാക്കിയ മാനക്കേടില്‍നിന്ന് രക്ഷനേടാനാണ് അവന്‍ കുറ്റംചെയ്തതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. താനന്ന് ഏറ്റെടുത്തിരുന്നില്ലെങ്കില്‍ അവനെ സമൂഹം കൊടും കുറ്റവാളിയാക്കുമായിരുന്നു.
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന അച്ഛനമ്മമാരുടെ അതിമോഹത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കരുത്. ഒമ്പതുവയസ്സുകാരന്‍ കാറോടിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട. അവന്റെ പ്രായത്തിലുള്ളവര്‍ ചെയ്യുന്നതുതന്നെ കൂടുതല്‍ നന്നായി ചെയ്താല്‍ അഭിനന്ദിച്ചാല്‍ മതി. കുട്ടികളുടെ ഇത്തരം നിയമലംഘനത്തിന് അച്ഛനമ്മമാരെ ശിക്ഷിക്കണം.
കൊട്ടിയം കേസിലെ പ്രതിയല്ല രാജശേഖരന്‍ ആദ്യമായി അഭയം നല്‍കുന്ന കുറ്റവാളി. അതിന് അമിത മാധ്യമശ്രദ്ധ ലഭിച്ചു എന്നുമാത്രം. പ്രതിസന്ധികളില്‍പ്പെട്ട് കറങ്ങുമ്പോള്‍ ഇപ്പോഴും പലരും ഒരു തണല്‍തേടി ഇവിടെയെത്താറുണ്ട്.
ആശ്വാസംപകരാന്‍ ഏതുസമയത്തും അദ്ദേഹം തയ്യാറാണ്. വിളിക്കാം ഫോണ്‍-9447814101. 

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ - 5"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top