മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ - 6

Share it:
കുട്ടിക്കുറ്റവാളിയില്‍നിന്ന് കൊടും കുറ്റവാളിയിലേക്ക്

''തിരുവല്ലപട്ടണത്തില്‍ പട്ടാപ്പകല്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്നതുകണ്ടാണ് നാട്ടുകാര്‍ പിടിച്ചത്. തല്ലരുതെന്നും പോലീസിനെ വിളിച്ചോളാനുമായിരുന്നു അയാളുടെ അപേക്ഷ. സ്റ്റേഷനിലെത്തിയയുടന്‍ അയാള്‍ തല ചുമരിലിടിച്ച് പൊട്ടിച്ചു, ആസ്പത്രിയില്‍ കൊണ്ടുപോകണമെന്നും തന്നെ ആക്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം. പോലീസിന് കണ്ണിലൊരു 'മരുന്ന്' പ്രയോഗമുണ്ട് അന്ന്. ഒരുമാതിരി ക്കാരൊക്കെ സത്യംപറയും. ഇയാള്‍ കണ്ണ് ഇറുക്കിയടച്ച് കടിച്ചുപിടിച്ച് കിടക്കും.

അന്ന് 41 വയസ്സുണ്ടായിരുന്ന അയാളെ ചെറിയ പ്രായത്തില്‍ എട്ട് തേങ്ങമോഷ്ടിച്ച കേസിലാണ് ആദ്യം ശിക്ഷിച്ചത്. പിന്നെ വര്‍ഷങ്ങളോളം ജയിലില്‍. ജയിലില്‍ ഇളംപ്രായക്കാരനായ കുട്ടിയെ മറ്റ് തടവുകാര്‍ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പിന്നെ ജയിലില്‍ പുരുഷവേശ്യയുടെ ജോലിയായിരുന്നു. പുറത്തിറങ്ങേണ്ട, കല്യാണം വേണ്ട, സമൂഹത്തില്‍ അയാള്‍ക്ക് ജീവിക്കേണ്ട'' -സമൂഹവും ഭരണകൂടവും ഒരു കുറ്റവാളിയെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന ഈ അനുഭവം പങ്കുവെച്ചത് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ്.പി. സുനില്‍ ജേക്കബ്ബാണ്. തടവുകാരെയും പുറത്തുവന്നാല്‍ ജീവിക്കാന്‍ പ്രാപ്തരാക്കണം. ചെരിപ്പ് തുന്നലും പാറപൊട്ടിക്കലും തയ്യലും മാത്രമല്ല പഠിപ്പിക്കേണ്ടത്. കമ്പ്യൂട്ടര്‍ പരിശീലനവും ട്യൂഷനെടുക്കാനുമെല്ലാം പഠിപ്പിക്കണം -അദ്ദേഹം പറഞ്ഞു.

''സാറെന്റെ വയസ്സൊന്ന് മാറ്റിത്തരണം. 18 ആക്കണം. എനിക്ക് ജയിലില്‍ പോയാമതി. ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഒറ്റയ്ക്ക് കഴിയാന്‍ വയ്യ. ജയിലില്‍ സംസാരിക്കാനെങ്കിലും ആളുണ്ടാവും''- പ്രായം കുറവാണെന്നുകണ്ട് ജയിലില്‍നിന്ന് ഒബ്‌സര്‍വേഷന്‍ഹോമിലേക്ക് മാറ്റിയ ഒരു കുട്ടിയുടെ അപേക്ഷയാണിത്. കുട്ടികളെ സംബന്ധിച്ച് ജയിലിനേക്കാള്‍ ക്രൂരമായ ഒറ്റപ്പെട്ട അന്തരീക്ഷമാണ് ഒബ്‌സര്‍വേഷന്‍ ഹോമുകളില്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചേരുന്ന കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ചുറ്റും അഴിയിട്ടമുറികളിലാണ് കുട്ടികളെ പാര്‍പ്പിക്കുന്നത്. കുറ്റം ചെയ്തുപോയതിന്റെ പശ്ചാത്താപത്തിനും ആശങ്കയ്ക്കും പുറമേ വീട്ടുകാരില്‍നിന്നും കൂട്ടുകാരില്‍നിന്നും ഒറ്റപ്പെടുന്നത് കുട്ടികളെ ഭ്രാന്തുപിടിപ്പിക്കും.

ആ കെട്ടിടത്തിന്റെ സമീപത്തെത്തിയാല്‍ അറിയാം, അവരെയൊന്ന് ശ്രദ്ധിക്കാന്‍, കേള്‍ക്കാന്‍, പറയാനൊക്കെയായി അവര്‍ കഷ്ടപ്പെടുന്നത്. ഒറ്റയ്ക്കിരിക്കുന്നത് വയ്യെന്നാണ് ഒബ്‌സര്‍വേഷന്‍ ഹോമിലെ ഒരു കുട്ടി പറഞ്ഞത്. വീട്ടില്‍നിന്ന് ആരെങ്കിലും കാണാന്‍ വന്നെങ്കിലെന്ന് അവര്‍ കൊതിക്കുന്നു. ഇനി ഇറങ്ങിയാല്‍ സമൂഹവും തങ്ങളെ കുറ്റവാളികളായേ കാണൂ. പിന്നെങ്ങനെ നാട്ടില്‍നില്‍ക്കും -അവന്‍ ചോദിച്ചു.

തിരുവനന്തപുരം ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്ന് നാലുകുട്ടികള്‍ അടുത്തിടെ വാര്‍ഡനെ കെട്ടിയിട്ട് ചാടി. തങ്ങളെ വെട്ടിച്ച് ചാടാതിരിക്കാന്‍ ഭയപ്പെടുത്തി, കീഴ്‌പ്പെടുത്തി നിര്‍ത്തുകയെന്ന ജയില്‍മുറതന്നെയാണ് കെയര്‍ടേക്കര്‍മാര്‍ പ്രയോഗിക്കുന്നത്. ഒന്നരവര്‍ഷംമുമ്പ് ക്രിക്കറ്റ്ബാറ്റുകൊണ്ട് കെയര്‍ടേക്കറുടെ തലയടിച്ചുപൊട്ടിച്ച് കുട്ടികള്‍ തിരുവനന്തപുരം സ്‌പെഷല്‍ ഹോമില്‍നിന്ന് ചാടിയിരുന്നു. കേട്ടാലറയ്ക്കുന്ന തെറിപ്രയോഗംകൊണ്ട് ചിലര്‍, സ്വതവേതകര്‍ന്ന മനസ്സുമായി കഴിയുന്ന കുട്ടികളെ പ്രകോപിതരാക്കുന്നു. പുറത്തിറങ്ങിയാലോ പകയും വിദ്വേഷവും കൂടിക്കൂടി ലോകത്തെത്തന്നെ നശിപ്പിക്കാമെന്ന മട്ടിലാവും കൗമാരക്കാരന്‍. കുറ്റകൃത്യങ്ങളില്‍പ്പെടുന്ന ഭൂരിഭാഗം കുട്ടികളും തകര്‍ന്ന കുടുംബങ്ങളില്‍നിന്ന് ഉള്ളവരാണ്. തങ്ങള്‍ക്ക് ലഭിക്കാതെപോയ വൈകാരിക ബന്ധങ്ങളെക്കുറിച്ച് ഏറെ സങ്കടപ്പെടുന്നവര്‍. അവര്‍ക്കറിയാം, അച്ഛനും അമ്മയും ഒന്നിച്ചുണ്ടായിരുന്നെങ്കില്‍, ഉള്ളവര്‍ തങ്ങളെ സംരക്ഷിച്ചിരുന്നെങ്കില്‍ ഇതാവില്ലായിരുന്നു തങ്ങളെന്ന്. ആര്‍ക്കുവേണ്ടി നന്നാവണമെന്ന് ഇവര്‍ സ്വയംചോദിച്ചുകൊണ്ടേയിരിക്കുന്നു.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളുടെ വിവരം ഒരുഘട്ടം കഴിഞ്ഞാല്‍ നശിപ്പിക്കണമെന്നാണ് നിയമത്തില്‍ പറയുന്നതെങ്കിലും എല്ലാ പോലീസ് സ്റ്റേഷനും അവരെ കൃത്യമായി ഓര്‍ത്തുവെക്കും, അതേതരത്തിലുള്ള കുറ്റം കണ്ടാല്‍ തേടിച്ചെല്ലാന്‍.

തെരുവില്‍നിന്ന് തെരുവിലേക്ക് 


ബാലഭവന്‍ എന്ന് കേള്‍ക്കുമ്പോഴേ പുറത്തുള്ളവരുടെ നെറ്റിചുളിയും. ഏതോ കുറ്റവാളിയാണെന്ന് ഉറപ്പിക്കും. വീട്ടിലെ ദാരിദ്ര്യം കാരണം, അച്ഛനമ്മമാര്‍ മാരകരോഗികളായതിനാല്‍ അല്ലെങ്കില്‍ മരിച്ചുപോയാല്‍ രക്ഷിതാക്കള്‍ക്ക് വേണ്ടാത്ത തിനാല്‍... ഇങ്ങനെ ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍ക്ക് ഇത് താങ്ങാനാവില്ല. അവര്‍ പിന്നിട്ട കഠിനയാതനകള്‍കൊണ്ടുതന്നെ പഠനത്തില്‍ മനസ്സുറയ്ക്കുന്നുണ്ടാവില്ല. അധ്യാപകരില്‍നിന്ന് ഉള്‍പ്പെടെ വിവേചനവും പരിഹാസവും ഉണ്ടാവുമ്പോള്‍ പഠനം പാതിയില്‍ നിലയ്ക്കും. അന്തേവാസികള്‍ക്ക് പുറത്തുപോയി പഠിക്കാന്‍ സൗകര്യമുണ്ടെങ്കിലും ഇങ്ങനെ അവസാനിക്കുകയാണ് പഠനം ഭൂരിഭാഗം പേരുടെ കാര്യത്തിലും. പുറംലോകം കാണാതെ കഴിയുന്ന കുട്ടികള്‍ക്ക് ടെലിവിഷനില്‍ കാണുന്നതാണ് ലോകം. ആ വര്‍ണശബളമായ ലോകത്തിലെത്തുകയാണ് ലക്ഷ്യം. ടി.വി.യും കളിയുമല്ലാതെ മറ്റൊരു മാര്‍ഗവും അവരെ ഏറ്റെടുത്ത സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുമില്ല.

ജുവനൈല്‍ സംവിധാനത്തിന് ഒപ്പമുണ്ടായിരുന്ന തൊഴില്‍ പരിശീലനകേന്ദ്രങ്ങളെല്ലാം ചെലവുചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ അടച്ചുപൂട്ടി. അല്ലെങ്കിലും പഴഞ്ചന്‍മട്ടില്‍ ബുക്ക്‌ബൈന്‍ഡിങ്ങും തുന്നലും പഠിച്ചിറങ്ങിയാലും പ്രയോജനമൊന്നുമില്ല. കാലത്തിനനുസരിച്ച തൊഴില്‍ പരിശീലിപ്പിക്കാന്‍ ഒരു സംവിധാനവും ബാലഭവനിലോ മറ്റോ ഇല്ല. ആകെയൊരു അപവാദം കോഴിക്കോട്ട് പെണ്‍കുട്ടികളുടെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ തുന്നല്‍ യൂണിറ്റുള്ളതാണ്. താത്പര്യമുണ്ടായാലും ഇല്ലെങ്കിലും അത് തിരഞ്ഞെടുക്കാം. തിരുവനന്തപുരത്ത് ഇങ്ങനെ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ പ്രേതക്കെട്ടിടങ്ങള്‍ പൊളിഞ്ഞുവീഴാന്‍പാകത്തില്‍ നില്‍ക്കുന്നത് കാണാം. ഇനി അവശേഷിക്കുന്നത് അക്ഷരം പഠിപ്പിക്കുന്ന അധ്യാപകരാണ്. അവരെയും അവിടെനിന്ന് നീക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടെ അക്ഷരം പഠിക്കലും വായനയും അവസാനിക്കും.

പാലക്കാട്ട് ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടാണ് അയാള്‍ 14-ാം വയസ്സില്‍ എത്തുന്നത്. തലശ്ശേരി ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് വിടുമ്പോള്‍, മെക്കാനിക്ക് ആവാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മജിസ്‌ട്രേറ്റ് ഉത്തരവ് നല്‍കിയിരുന്നത്. അവിടെ മൂന്നുനേരം ഭക്ഷണം കഴിച്ച് ഉറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അത് അസഹ്യമായപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ മണല്‍ വാരാന്‍ പോയി. ഇപ്പോള്‍ അംഗീകൃത മണല്‍ത്തൊഴിലാളിയാണ്. 21 വയസ്സ് കഴിഞ്ഞപ്പോള്‍ താമസം തൊട്ടടുത്ത കടമുറിയിലേക്ക് മാറി. തലശ്ശേരിയില്‍ ഇങ്ങനെ പഴക്കംചെന്ന കെട്ടിടങ്ങളിലെ കൊച്ചുമുറികളില്‍ സര്‍ക്കാര്‍ കൈയൊഴിഞ്ഞ ഇവരുണ്ട്. ഇവരില്‍ പലര്‍ക്കും ബന്ധുക്കളോ മറ്റോ ഇല്ല. ഇവിടെ കൂലിപ്പണിയൊക്കെയായി കഴിയുന്നു. തെരുവില്‍നിന്ന് എടുത്തുവളര്‍ത്തി 21 വയസ്സാകുമ്പോള്‍ ഒരു പണിയും പഠിപ്പിക്കാതെ, ജീവിക്കാന്‍ പ്രാപ്തരാക്കാതെ പുറത്തേക്ക് ഇറക്കിവിടും. ഇതാണ് തലശ്ശേരിയിലെ സ്ഥാപനത്തില്‍ നടക്കുന്നത്. 18 വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കുള്ള കേരളത്തിലെ ഒരേയൊരു സ്ഥാപനമാണിത്. മൂന്ന് മുറികള്‍, അടുപ്പിച്ച് അട്ടിക്കിട്ട കട്ടിലുകള്‍. ഈ ഹോസ്റ്റലില്‍ ഇപ്പോള്‍ താമസക്കാരായുള്ളത് 26 പേര്‍. ഇതില്‍ പുറത്തുപോയി പഠിക്കുന്നവര്‍ അഞ്ചുപേര്‍. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും. പൊതുവില്‍ പഠനത്തില്‍ മുന്നേറാന്‍ പലര്‍ക്കും കഴിയുന്നില്ല.

സര്‍ക്കാര്‍ കാര്യം മുറപോലെ


ജുവനൈല്‍ സംവിധാനത്തിലെത്തുന്ന കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറിന് ഒരു താത്പര്യവുമില്ലെന്നതിന് ഒരു ഉദാഹരണം: തിരുവനന്തപുരത്ത് 18 വയസ്സുകഴിഞ്ഞ 21 പേര്‍ക്ക് അര്‍ധസൈനികപരിശീലനം നല്‍കി മെഡിക്കല്‍ കോളേജില്‍ ട്രാഫിക് വാര്‍ഡന്‍മാരായി നിയമിച്ചു. ലഹരിവിമുക്തകേന്ദ്രത്തിലാണ് ഇവരെ താമസിപ്പിച്ചത്. ഇവരില്‍ വലിയ മാറ്റമുണ്ടാകുകയും സാമൂഹികവത്കരണലക്ഷ്യത്തിലേക്ക് അടുക്കുകയും ചെയ്തു. എന്നാല്‍, 150 രൂപയാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വേതനം നല്‍കിയത്. ജീവിക്കാന്‍ തികയാത്ത കാശുകൊടുത്ത് അവരെ വീണ്ടും പഴയപണിക്ക് പ്രേരിപ്പിക്കുകയാണ് ചെയ്തത്. വിശന്നപ്പോള്‍ അവര്‍ മോഷ്ടിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. മൂന്നുപേര്‍ ചാടിപ്പോയി.

പദ്ധതിക്ക് നേതൃത്വംനല്‍കുന്ന ഡോക്ടര്‍മാരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെ സ്വന്തം പണംകൊടുത്താണ് സംരക്ഷിച്ചത്. അതില്‍ മൂന്നുപേരൊഴിച്ച് മറ്റെല്ലാവരും നല്ല രീതിയില്‍ ജീവിക്കുന്നു. മൂന്നുപേര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ജോലിനോക്കുന്നു. ഒരു പരീക്ഷണം, അത് മികച്ച ഫലംതന്നു, സമൂഹവിരുദ്ധരും ഗുണ്ടകളും കൊലപാതകികളുമൊക്കെ ആകേണ്ടിയിരുന്ന ചിലരെ നന്നാക്കി സമൂഹത്തിന് തിരികെ നല്‍കി. പക്ഷേ, കൊണ്ടുവന്നാക്കി തിരിഞ്ഞുനോക്കാതെ പോവുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പറയുന്നു, പദ്ധതിക്ക് നേതൃത്വംനല്‍കിയ ഡോ. കെ.പി. ജയപ്രകാശ്. അല്ലെങ്കില്‍ ഈ പരീക്ഷണം നമുക്ക് അഭിമാനകരമായ മറ്റൊരു കേരള മോഡല്‍ ആവുമായിരുന്നു.

അച്ഛനമ്മമാരുടെ കരുതലും സംരക്ഷണവുംവേണ്ട പ്രായത്തില്‍ നിയമവുമായി സംഘര്‍ഷത്തിലാകേണ്ടിവരുന്ന കുട്ടികള്‍ക്ക് തുടര്‍ന്ന് ദൈനംദിന കൗണ്‍സലിങ്ങും സ്‌നേഹപൂര്‍ണമായ ഇടപെടലും പശ്ചാത്തപിക്കാനുള്ള സാഹചര്യവും വേണം. ഇവ ഒരുക്കിയാല്‍ സമൂഹത്തിന് ഉപകാരമുള്ള പൗരന്മാരെ ലഭിക്കും. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഇത് മാസശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ജോലി മാത്രമാണ്. കുട്ടികളില്‍ പരിവര്‍ത്തനമുണ്ടാക്കിയോ എന്ന് സര്‍ക്കാറും ചോദിക്കാറില്ല, എണ്ണാറില്ല. അതുകൊണ്ടുതന്നെ ചാടിപ്പോവുന്നതിന് കാവലിരിക്കുന്നവര്‍ മാത്രമാവുന്നു, അവര്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷനുവേണ്ടി വിജയിക്കേണ്ട ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകളാണ് ഇവര്‍ക്കുമുള്ളത്. അതിനുപകരം കുട്ടികളില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനവും സര്‍വീസിനിടയ്ക്ക് നേടുന്ന സൈക്കോളജി, കൗണ്‍സലിങ് കോഴ്‌സുകളും പരിഗണിച്ചാവണം സ്ഥാനക്കയറ്റമെന്ന് ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ മനസ്സറിഞ്ഞ് ഇടപെടുന്ന കെയര്‍ടേക്കര്‍മാരെയും കാണാം. സാധ്യമായത്ര പരിശീലനങ്ങള്‍ക്കെല്ലാം സ്വന്തം മുന്‍കൈയില്‍ പോകുന്ന മലപ്പുറം തവനൂര്‍ ബാലഭവനിലെ അഷ്‌റഫിന് പറയാനുള്ളത് തങ്ങള്‍ക്ക് കിട്ടുന്ന പരിശീലനങ്ങളൊന്നും മതിയാവില്ല ഈ കുട്ടികളുമായി ഇടപെടുന്നതിന് എന്നാണ്. താത്പര്യമറിഞ്ഞുവേണം ജോലിക്കെടുക്കാന്‍. പല സ്വകാര്യ സ്ഥാപനങ്ങളും ഈ രംഗത്ത് വിജയിക്കുന്നതിന്റെ കാരണം വ്യക്തികളുടെ സമര്‍പ്പണമാണ്. സൈക്കോളജിക്കല്‍ ക്ലിനിക്കുകള്‍ എല്ലാ സ്ഥാപനത്തിനും വേണം. നിരന്തരം കുട്ടിയെ വിലയിരുത്തണം.

അവനിറങ്ങേണ്ടത് എങ്ങോട്ട്?


നാലുവയസ്സുകാരിയെ നിഷ്ഠുരമായി ബലാത്സംഗംചെയ്ത് കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച സംഭവം മലയാളിയെ നടുക്കി. 12-കാരനാണ് അത് ചെയ്തതെന്ന വാര്‍ത്ത ശരിക്കും ഞെട്ടിച്ചു. കൂട്ടുകാരനൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ അച്ഛനമ്മമാരെ കാണിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ കൗമാരക്കാരന്‍ കാണിച്ച അത്രതന്നെ ക്രൂരതയാണ് കൊച്ചുകുട്ടിയോട് ഇവനും ചെയ്തത്. പൊത്തില്‍ ഒളിപ്പിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഒരു കുഞ്ഞുജീവന്‍ രക്ഷിക്കാമായിരുന്നു. പിടിക്കപ്പെട്ടശേഷവും അവന്‍ കള്ളം പറഞ്ഞും മാറ്റിപ്പറഞ്ഞും അന്വേഷകരെ കുഴക്കി.

അവന്‍ അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിലെ മൂത്തമകനാണ്. ആദ്യവിവാഹത്തിലും ഒരു മകനുണ്ടായിരുന്നു. പിന്നെ ഭര്‍ത്താവ് അമ്മയെ ഉപേക്ഷിച്ചുപോയി. ഇവന്റെ അച്ഛന്റെ അപകടമരണം അമ്മയെ മാനസികരോഗിയാക്കി. പിന്നീട് അച്ഛന്റെ കൂട്ടുകാരന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുമളിയിലെ ഒരു അനാഥാലയത്തിലാക്കിയ ഇവനെ, മറ്റുകുട്ടികളെ നാശമാക്കുമെന്നുപറഞ്ഞ് പുറത്താക്കുകയായിരുന്നു. ചില്ലറ മോഷണവും നശീകരണവുമൊക്കെയായി നാട്ടില്‍ കഴിയുമ്പോഴാണ് ഈ സംഭവമുണ്ടാകുന്നത്.

അമ്മയും മൂന്നാംഭര്‍ത്താവും കണ്ടിരുന്ന അശ്ലീല സി.ഡി.കളാണ് ഇവന് പ്രചോദനമായത്. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ വീട് കൈയേറി. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഓടിപ്പോവേണ്ടിവന്നു.

അമ്മയ്ക്ക് സഹായമായി നിന്നിരുന്ന മൂത്തമകന്‍ വെള്ളത്തില്‍വീണ് മരിച്ചതോടെ കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണമായി. ഇടയ്‌ക്കെല്ലാം അവശയായ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുമ്പോഴും അവന് നിര്‍വികാരതയാണ്. ഒന്നിനോടും മമതയില്ലെന്ന് തോന്നിക്കുന്ന മുഖം. കണ്ടാല്‍ 15 വയസ്സുപോലും പറയില്ല. ബാലഭവനിലെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് പകല്‍നേരത്തെ നേരമ്പോക്ക്. ബാക്കിയെല്ലായ്‌പ്പോഴും തനിച്ചാണ്. അവനിവിടെ ശാന്തനാണെന്ന് ഹോം അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര ശാന്തമല്ല അവന്റെ മനസ്സ്. പലവട്ടം ഇവിടെനിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു.ഏറ്റവുമൊടുവില്‍ കണ്ണൂരില്‍നിന്ന് നാട്ടുകാര്‍ പിടികൂടി ഏല്പിക്കുകയായിരുന്നു.

സാഹചര്യങ്ങള്‍ അവനിലെ കുട്ടിത്തം വറ്റിച്ചിരിക്കുന്നു. സ്‌പെഷല്‍ഹോമിലെ അന്തരീക്ഷം കുടുംബത്തിലെ അന്തരീക്ഷത്തില്‍നിന്ന് ഒട്ടും ഭേദമല്ല. പരിശീലനം കിട്ടാത്ത കാവല്‍ക്കാരുടെ പരുഷമായ ഇടപെടലുകള്‍ കൗമാരക്കാരെ കൂടുതല്‍ പ്രതികാരദാഹികളാക്കാനേ ഉപകരിക്കുന്നുള്ളൂ. ഒരു 18-കാരനുവേണ്ട ആരോഗ്യമോ പക്വതയോ കണ്ടില്ല, സച്ചിനാണെന്നും പറഞ്ഞ് പൂജപ്പുരയിലെ ബാലഭവന്റെ മുറ്റത്ത് ബാറ്റുചെയ്തുകൊണ്ടിരുന്ന അവനില്‍.

ഇപ്പോള്‍ സ്‌പെഷല്‍ഹോമില്‍നിന്ന് അവന് ഇറങ്ങാനുള്ള സമയമായി. 18 പൂര്‍ത്തിയാവാന്‍ മാസങ്ങള്‍മാത്രം. പഴയ സംഭവത്തില്‍ ഇപ്പോഴും ലേശംപോലും കുറ്റബോധമില്ല. ഇത്രയും കാലത്തിനിടയ്ക്ക് പുറംലോകത്തേക്കിറങ്ങാന്‍ അവന്‍ ഒരു പണിപോലും പഠിച്ചിട്ടില്ല. അക്ഷരവും പഠിപ്പിച്ചില്ല. അവന്‍ ഇറങ്ങിപ്പോയാല്‍ പിന്നീടെന്തെന്ന് ആരും അന്വേഷിക്കാനും പോകുന്നില്ല. സര്‍ക്കാര്‍ 10,000 രൂപ നല്‍കിയാലായി. ഈ ലോകത്ത് അവനെക്കാത്ത് സ്‌നേഹവായേ്പാടെ ആരും കാത്തിരിക്കുന്നില്ല. തെരുവില്‍ അവനെന്തുമാകാം. എന്തിനാണ് ഇത്രകാലം സര്‍ക്കാര്‍ ഇവനെ തീറ്റിപ്പോറ്റിയത്? 

പ്രകാശം പരത്തുന്ന പെണ്‍കുട്ടി


ഒട്ടും ശുഭകരമല്ല നമ്മുടെ തിരുത്തല്‍ പ്രക്രിയയും
സംവിധാനവുമെങ്കിലും അപൂര്‍വമായി ചില നല്ല മാതൃകള്‍
സംഭവിക്കാറുണ്ട്. അത്തരം കുട്ടികളെ പരിചയപ്പെടാം;
ഇരുട്ടില്‍ത്തപ്പുന്ന മറ്റുള്ളവര്‍ക്ക് അവര്‍ മാതൃകയാവട്ടെ

അടിത്തട്ടില്‍ തിരുത്തിത്തുടങ്ങാം 


ഡോ. ഇ. നസീര്‍

(സാമൂഹിക ശാസ്ത്രജ്ഞന്‍)

ഒരു കുട്ടിയും ക്രിമിനലായി ജനിക്കുന്നില്ല. എല്ലാവരും മൃഗവാസനകളോടെത്തന്നെയാണ് ജനിക്കുന്നത്. പിന്നീട് കുടുംബവും സമൂഹവും സംസ്‌കരിച്ചെടുത്ത് മൃഗവാസനകളെ അകറ്റിനിര്‍ത്തുകയാണ്. ആ സാമൂഹികവത്കരണത്തില്‍ സമൂഹം പരാജയപ്പെടുന്നിടത്താണ് കുട്ടിക്കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നത്. വളരുന്ന ചുറ്റുപാടുകളിലെ രോഗാവസ്ഥതന്നെയാണ് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒ.പി.യില്‍ മാസം നൂറുകുട്ടികള്‍വരെ സ്വഭാവവൈകൃതങ്ങളുമായി വരുന്നുണ്ട്. മതിയായ ചികിത്സ ലഭിക്കാതെ വന്നാല്‍ ഈ കുട്ടികളുടെ പ്രശ്‌നം കോണ്‍ഡക്ട് ഡിസോഡര്‍ ആകും. 18 കഴിയുമ്പോള്‍ ഇവര്‍ സാമൂഹികവിരുദ്ധരാവാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിലെ കുറ്റവാസന തടയാന്‍ ചില പദ്ധതികള്‍ ആലോചിക്കാവുന്നതാണ്.

യു.പി. സ്‌കൂളുകളില്‍നിന്നുതന്നെ കുറ്റവാസനയുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍, നമ്മുടെ സ്‌കൂള്‍ സംവിധാനം ഇക്കാര്യത്തില്‍ പൂര്‍ണപരാജയമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ യു.പി. ക്ലാസുകളിലാണ് കുട്ടികളെ നിരീക്ഷിക്കുന്നതും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതും. ഹൈപ്പര്‍ ആക്ടിവിറ്റി, ക്ലാസില്‍ ശ്രദ്ധയില്ലാതിരിക്കുക, സ്വഭാവം അടിക്കടി മാറുക തുടങ്ങിയവ നിരീക്ഷിച്ച് കണ്ടെത്താം.

ജനകീയാസൂത്രണവും സാമൂഹികപ്രസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും വിജയിച്ച സംസ്ഥാനത്ത് അയല്‍പ്പക്കക്കൂട്ടായ്മകള്‍ കൊച്ചുകുട്ടികളെയും കുടുംബങ്ങളെയും നിരീക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണം. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ ഇടപെടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ തയ്യാറാവണം. അത്തരം പ്രദേശത്ത് പൊതുപരിപാടിയോ സാംസ്‌കാരികപരിപാടിയോ നടത്താന്‍ സര്‍ക്കാറും വിമുഖരാണ്.

കുട്ടികളുടെ ക്ലബ്ബുകളും തദ്ദേശ ഇടപെടലും വഴി വിജയിച്ച ചില മാതൃകകള്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അവ നടപ്പാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവരെ സമീപിക്കാം.

(അവസാനിച്ചു)

Subscribe to കിളിചെപ്പ് by Email
Share it:

മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ

Post A Comment:

0 comments: