രവീന്ദ്രനാഥ ടാഗോര്‍

Share it:

1861 മേയ് 7ന് കൊല്‍ക്കത്തയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്. ദേവേന്ദ്രനാഥ ടാഗോറിന്‍െറയും ശാരദാദേവിയുടെയും ഒമ്പതാമത്തെ മകനായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. 13ാമത്തെ വയസ്സിലാണ് ടാഗോര്‍ ആദ്യ കവിതയെഴുതിയത്. ‘അഭിലാഷം’ എന്ന പേരിലുള്ള ആ കവിത ‘തത്ത്വബോധിനി’ മാസികയിലാണ് അച്ചടിച്ചുവന്നത്. എന്നാല്‍, ടാഗോറിന്‍െറ പേരില്ലായിരുന്നു. 14ാം വയസ്സില്‍ ‘വന്യപുഷ്പം’ എന്ന കവിത അച്ചടിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പേരുണ്ടായിരുന്നു. ആ കവിതക്ക് 1600ഓളം വരികളുണ്ടായിരുന്നു.
 1909ല്‍ സിലായ്ദാഹയില്‍വെച്ച് ടാഗോര്‍ തന്‍െറ മാസ്റ്റര്‍പീസായ ‘ഗീതാഞ്ജലി’ എഴുതാനാരംഭിച്ചു. 1912ല്‍ യൂറോപ്പില്‍ പര്യടനം നടത്തിയ ടാഗോര്‍ ലോകത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പരിചയപ്പെട്ടു. പ്രശസ്ത സാഹിത്യകാരിയായ എസ്രാപൗണ്ട് പ്രത്യേക താല്‍പര്യമെടുത്ത് ‘ഗീതാഞ്ജലി’യുടെ ഇംഗ്ളീഷ് പരിഭാഷ പുറത്തിറക്കി. 1912ല്‍ വില്യം ബട്ട്ലര്‍യേറ്റ്സ് ടാഗോറിന്‍െറ ‘ഗീതാഞ്ജലി’ ഒരു വിശിഷ്ടസദസ്സിനുമുന്നില്‍ അവതരിപ്പിച്ചു. വില്യം ബട്ട്ലര്‍യേറ്റ്സാണ് അതിന് അവതാരിക എഴുതിയത്.
 1913 നവംബര്‍ 13നാണ് ആ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം രവീന്ദ്രനാഥ ടാഗോറിനാണെന്ന വാര്‍ത്ത പുറത്തുവന്നത്. സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം ആദ്യമായി ഏഷ്യയിലേക്ക് കൊണ്ടുവന്നത് രവീന്ദ്രനാഥ ടാഗോറാണ്. നിരവധി ചെറുകഥകളും നോവലുകളും കവിതാസമാഹാരങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ടാഗോര്‍, മികച്ച ചിത്രകാരന്‍ കൂടിയായിരുന്നു. 1921ല്‍ വിശ്വഭാരതി സര്‍വകലാശാല അദ്ദേഹം സ്ഥാപിച്ചു.
ശാന്തിനികേതനാണ് വിശ്വഭാരതി സര്‍വകലാശാലയായത്. 1940ല്‍ ഓക്സ്ഫഡ് സര്‍വകലാശാല ടാഗോറിന് ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1941 ആഗസ്റ്റ് 7ന് ടാഗോര്‍ അന്തരിച്ചു.
ശാന്തിനികേതനും വിശ്വഭാരതിയും
 ബോര്‍പൂരിലുണ്ടായിരുന്ന ടാഗോര്‍ കുടുംബം വക എസ്റ്റേറ്റാണ് പിന്നീട് ശാന്തിനികേതനായി മാറിയത്. പഴയ ഗരുകുല സമ്പ്രദായമായിരുന്നു ശാന്തിനികേതനില്‍. സ്വാശ്രയത്വത്തിന്‍െറ തത്ത്വങ്ങളനുസരിച്ച്, ഹോസ്റ്റലില്‍ വേലക്കാര്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തനിയെ എല്ലാം ചെയ്യേണ്ടിയിരുന്നു. അടിച്ചുവാരി വൃത്തിയാക്കുക, തുടക്കുക, ഭക്ഷണം പാചകം ചെയ്യുക, വിളമ്പുക, അലക്കുക, പാത്രങ്ങള്‍ കഴുകുക തുടങ്ങിയ എല്ലാ ജോലികളും പഠിതാക്കളായ വിദ്യാര്‍ഥിനികള്‍ ചെയ്യേണ്ടിയിരുന്നു. പുലര്‍ച്ചെ നാലരക്ക് എഴുന്നേല്‍ക്കണം, ഓരോ പെണ്‍കുട്ടിയും അവളുടെ കിടക്ക മടക്കിവെക്കണം, മുറി വൃത്തിയാക്കണം, തണുപ്പുകാലത്ത് പോലും പച്ചവെള്ളത്തില്‍ കുളിക്കണം, ആറുമണിക്കാരംഭിക്കുന്ന ക്ളാസില്‍ ഹാജരാകണം -ഇങ്ങനെയൊക്കെയായിരുന്നു ചിട്ടകള്‍. മോത്തിലാല്‍ നെഹ്റുവിന്‍െറ കൊച്ചുമകളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പ്രിയപുത്രിയും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയും ശാന്തിനികേതനിലെ വിദ്യാര്‍ഥിനിയായിരുന്നു. മറ്റു വിദ്യാര്‍ഥിനികളെപ്പോലെ എല്ലാ ജോലിയും ചെയ്തുതന്നെയായിരുന്നു ഇന്ദിര പ്രിയദര്‍ശിനിയും ശാന്തിനികേതനില്‍ കഴിച്ചുകൂട്ടിയത്. ശാന്തിനികേതന്‍ പിന്നീട് വിശ്വഭാരതി സര്‍വകലാശാലയായി.
ശാന്തിനികേതന ഗാനം
 ശാന്തിനികേതനെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഗാനം ഇങ്ങനെയാണ്:
 ‘അവള്‍ ഞങ്ങളുടെ സ്വന്തമാണ്. ഞങ്ങളുടെ ഹൃദയത്തിന്‍െറ ഓമനയാണ് ശാന്തിനികേതന്‍. ഞങ്ങളുടെ സ്വപ്നങ്ങള്‍ അവളുടെ കരങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവളുടെ മുഖം ഓരോ തവണ ഞങ്ങള്‍ കാണുമ്പോഴും പ്രേമത്തിന്‍െറ നൂതനമായൊരദ്ഭുതമാണ്. കാരണം, അവള്‍ ഞങ്ങളുടെ സ്വന്തമാണ്. ഞങ്ങളുടെ ഹൃദയത്തിന്‍െറ ഓമന.’
ഇന്ത്യയുടെ ദേശീയഗാനം
രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ജനഗണമന...’ എന്നുതുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം. ദേശീയഗാനത്തിന്‍െറ ചരിത്രം തുടങ്ങുന്നത് 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ 28ാം അഖിലേന്ത്യാ സമ്മേളനവേദിയില്‍ വെച്ചാണ്. മഹാകവി  രവീന്ദ്രനാഥ ടാഗോറിനെക്കൊണ്ട് സമ്മേളന പ്രവര്‍ത്തകര്‍ സന്ദര്‍ഭത്തിന് അനുഗുണമായി എഴുതിച്ചുവാങ്ങിയതായിരുന്നു ആ ഗാനം. ആറുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയില്‍ത്തന്നെ വീണ്ടും നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തിന് തുടക്കംകുറിച്ചതും ‘ജനഗണമന...’ ആലാപനത്തോടെയായിരുന്നു. 1950 ജനുവരി 24നു ചേര്‍ന്ന കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളിയാണ് ഈ ഗാനത്തെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത്. 52 സെക്കന്‍ഡുകൊണ്ട് പാടണമെന്നാണ് വ്യവസ്ഥ.
ബ്രിട്ടീഷ്  ബഹുമതികള്‍ ബഹിഷ്കരിച്ച ടാഗോര്‍
 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്, തനിക്കു ലഭിച്ച സ്ഥാനമാനാദികള്‍ ഉപേക്ഷിച്ച രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു:
 ‘നമ്മുടെ ബഹുമതിമുദ്രകള്‍ അവക്ക് തീരെയിണങ്ങാത്ത ഈ അവഹേളനത്തിന്‍െറ പശ്ചാത്തലത്തില്‍ നമ്മെ ലജ്ജിച്ചു തലകുനിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, പ്രമാണിത്തമില്ലാത്തതുകൊണ്ട് മനുഷ്യോചിതമല്ലാത്ത അവഹേളനം സഹിക്കേണ്ടിവന്നേക്കാവുന്ന എന്‍െറ നാട്ടുകാര്‍ക്കൊപ്പം എല്ലാ സ്ഥാനമാനാദികളും വലിച്ചെറിഞ്ഞ് നിലകൊള്ളാനാണ് ഞാനാഗ്രഹിക്കുന്നത്.’
‘അലയുന്ന പക്ഷികള്‍’
 ടാഗോറിന് കുട്ടികളോട് വളരെ സ്നേഹമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ ധാരാളം കുട്ടികള്‍ ടാഗോറിന്‍െറ കൈയക്ഷരത്തില്‍ എന്തെങ്കിലും എഴുതിക്കിട്ടുന്നതിനുവേണ്ടി തിക്കിത്തിരക്കി വരുകയുണ്ടായി. എല്ലാവരുടെയും നോട്ടുപുസ്തകത്തില്‍ ഓരോ വരി കവിത ടാഗോര്‍ എഴുതിക്കൊടുത്തു. പിന്നീട് ഇവയില്‍ പല കവിതകളും സമാഹരിച്ചാണ് ‘അലയുന്ന പക്ഷികള്‍’ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്.
ടാഗോറിന്‍െറ പ്രശസ്തകൃതികള്‍   
കബി കഹാനി (കവിത)
ബന ഫൂല്‍ (കവിത)
സന്ധ്യാസംഗീത് (കവിത)
രാജര്‍ഷി (നോവല്‍)
രാജ ഒ റാണി (നാടകം)
സേനാര്‍ താരി (കവിത)
നഷ്ടാനിര്‍ (നോവല്‍)
നൗകാ ഡൂബി (നോവല്‍)
രാജ (നാടകം)
ഗോറ (നോവല്‍)
ഗീതാഞ്ജലി (കവിത)
ജീബ സ്മൃതി (ആത്മകഥ)
ഘരേ ബാഹരേ (നോവല്‍)
ഷെഷെര്‍ കോബിത (നോവല്‍)
ചോഖേര്‍ ബാലി (നോവല്‍)
ചതുരംഗ (നോവല്‍)
ദൂയി ബോന്‍ (നോവല്‍)
ചതുരാദ്ധയ് (നോവല്‍)   
 

Subscribe to കിളിചെപ്പ് by Email
Share it:

രവീന്ദ്രനാഥ ടാഗോര്‍

വ്യക്തികള്‍

Post A Comment:

0 comments: