മാലിന്യം മഹാവിപത്ത്


നമ്മുടെ പരിസര പ്രദേശങ്ങളിലെല്ലാം വിവിധ മാലിന്യങ്ങള്‍ ചിതറിയും കുമിഞ്ഞുകൂടിയും കിടക്കുന്നത് കാണാറുണ്ടല്ലോ. ഓരോ ദിവസം കഴിയുന്തോറും മാലിന്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പലരും ചെയ്തുവരുന്ന ഒരു പ്രവണതയുണ്ട്. തന്റെ വീട്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെല്ലാം ചാക്കില്‍കെട്ടി ആരും കാണാതെ രാത്രിയില്‍ മറ്റുള്ളവരുടെ പറമ്പിലോ, നിരത്തുവക്കിലോ, ആളൊഴിഞ്ഞ പ്രദേശത്തോ അതുമല്ലെങ്കില്‍ തോട്ടിലോ പുഴയിലോ കൊണ്ടുപോയി തള്ളി ""അവനവന്റെ തടി ശുദ്ധമാക്കുക"" എന്നതാണിത്. എന്നാല്‍ ഇവര്‍ അറിയുന്നില്ല, മലിനീകരണ വിപത്ത് കേവലം തൊടികളില്‍ മാത്രം ഒതുങ്ങിക്കിടക്കുകയില്ലെന്നും അത് വായു, ജലം, മണ്ണ്, ജീവജാലങ്ങള്‍ എന്നിവ വഴിയെല്ലാം വ്യാപിച്ച് എല്ലാവര്‍ക്കും ഒരുപോലെ ദോഷം ചെയ്യാന്‍ ഇടവരുത്തുമെന്നുമുള്ള കാര്യം. പുഴക്കരയിലും തോട്ടിന്‍കരയിലും താമസിക്കുന്നവരില്‍ ചിലര്‍ ചെയ്യുന്ന മറ്റൊരു പ്രവൃത്തിയുണ്ട്. തങ്ങളുടെ കുളിമുറിയിലെയും അടുക്കളയിലെയും വാഷ് ബേസിലെയുമെല്ലാം അഴുക്കുവെള്ളം ഒരു പൈപ്പ് വഴി നേരെ പുഴയിലും തോട്ടിലും ഒഴുക്കുക എന്നത്. ഇത് ജലമലിനീകരണവും കുടിവെള്ളത്തില്‍പോലും മാലിന്യം കലര്‍ത്തുന്ന പ്രവൃത്തിയുമാണ്. ഇത്തരം പ്രവണത നമുക്ക് ഇല്ലാതാക്കണം.

ദൈവത്തിന്റെ സ്വന്തം നാട് അഴുക്കുചാലുകളുടെ നാടാകാതെ ശുചിത്വ കേരളമായി മാറണം. ഇതിന് നമുക്കെന്തെല്ലാം ചെയ്യാം. അതിനുമുമ്പ് മാലിന്യം വരുത്തുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടെ. എന്താണ് മാലിന്യം അഴുകുന്നതും അഴുകാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ചശേഷം വലിച്ചെറിയുകയോ കൂട്ടുകയോ ചെയ്ത് പരിസരത്തും പാരിസ്ഥിതിക അവസ്ഥയ്ക്കും പ്രത്യക്ഷവും പരോക്ഷവുമായി ദൂഷ്യം ചെയ്യുന്ന വസ്തുക്കളെയാണ് മാലിന്യങ്ങള്‍ എന്നു പറയുന്നത്.

മാലിന്യങ്ങളെ പൊതുവെ നാലായി തിരിക്കാം.
1. ജൈവമാലിന്യങ്ങള്‍,
2. അജൈവ മാലിന്യങ്ങള്‍,
3. അപകടകരമായ മാലിന്യങ്ങള്‍,
4. ഇലക്ട്രോണിക് മാലിന്യങ്ങള്‍

ജൈവമാലിന്യങ്ങള്‍ ജീവനുള്ള വസ്തുക്കള്‍ ചീഞ്ഞളിഞ്ഞ് ഉണ്ടാകുന്നതാണ് ജൈവമാലിന്യങ്ങള്‍. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് നാനാവിധ സസ്യ ജന്തുജാലങ്ങളും അതിസൂക്ഷ്മങ്ങളായ ബാക്ടീരിയ, വൈറസ്, ആല്‍ഗ എന്നിവയും ജൈവമാലിന്യ പരമ്പരയില്‍പ്പെടുന്നു. ഇതില്‍ നമുക്ക് ഉപകാരികളായ ബാക്ടീരിയയും (സാപ്രൊഫൈറ്റിക്), ദൂഷ്യം വരുത്തുന്ന ""പാത്തോജനിക്"" ബാക്ടീരിയയുമുണ്ട്. ടൈഫോയിഡ്, കോളറ എന്നിവ വരുത്തുന്നത് പാത്തോജനിക് ബാക്ടീരിയാണ്. ആല്‍ഗകളില്‍ ചിലവ ജലത്തെ ശുദ്ധീകരിക്കുമ്പോള്‍ ചിലവ മാരക വിഷവുമാണ്. ഏതാനും വര്‍ഷം മുമ്പ് നമ്മുടെ കടല്‍ത്തീരത്ത് മത്സ്യങ്ങള്‍ ചത്തത് ഈ ആല്‍ഗകള്‍ കാരണമാണ്.

ജൈവമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ ഓക്സിജന്റെ സാന്നിധ്യത്തില്‍ അഴുകുമ്പോള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങള്‍ ഉണ്ടാകുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. അജൈവ മാലിന്യം അഴുകാത്ത എല്ലാതരം മാലിന്യങ്ങളെയും നമുക്ക് അജൈവ മാലിന്യം എന്നു വിളിക്കാം. ഉദാഹരണം പ്ലാസ്റ്റിക്, റബ്ബര്‍, എല്ല്, തൂവല്‍, ഗ്ലാസ്, ഫൈബര്‍, തെര്‍മോക്കോള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും വില്ലന്‍ പ്ലാസ്റ്റിക്കാണ്. ഇതിന് നാശമില്ല. ഇത് മണ്ണില്‍ കിടന്നാല്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ക്ക് പ്രയാസമുണ്ടാകും. മണ്ണിന്റെ ഘടനയിലും ഈര്‍പ്പം, ചൂട് എന്നിവയുടെ നിയതമായ വ്യവസ്ഥയെയും താളം തെറ്റിക്കുന്നു. വായു സഞ്ചാരം കുറക്കുന്നു. വിളകളുടെ വേരോട്ടം തടസ്സപ്പെടുത്തുന്നു. പ്ലാസ്റ്റിക് കത്തിച്ചാല്‍ ഡയോക്സിന്‍ വിഷവാതകം അന്തരീക്ഷത്തില്‍ മാലിന്യമുണ്ടാക്കും.

ഗ്ലാസ് ഒരിക്കലും നശിക്കാത്ത ഖരമാലിന്യമാണ്. കേരളത്തില്‍ താഴെ പറയുന്ന അള വില്‍ ഖരമാലിന്യങ്ങളുണ്ട്. അപകടകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടം സംഭവിക്കുന്ന മാലിന്യങ്ങളെയാണ് ഈ ഗണത്തില്‍പ്പെടുത്തിയത്. ഉദാഹരണം ട്യൂബ്, ബള്‍ബ്, ആശുപത്രി മാലിന്യം (സിറിഞ്ച് ഉള്‍പ്പെടെ) രാസ കീടനാശിനികള്‍ രാസകീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ലോകത്ത് ഒരു മിനുട്ടില്‍ ഒരാള്‍ എന്ന നിലയില്‍ അപകടം സംഭവിക്കുന്നു എന്നാണ് കണക്ക്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആധുനിക കാലത്തിന്റെ സൃഷ്ടിയാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ടിവി, കമ്പ്യൂട്ടര്‍, ഫ്രിഡ്ജ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും കേടായശേഷം ഉപേക്ഷിക്കുന്നതാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ഇതും വന്‍തോതില്‍ പെരുകിക്കൊണ്ടിരിക്കുന്നു.


1. വായു മലിനീകരണം
ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷവാതകങ്ങള്‍ വായുവില്‍ കലരുമ്പോള്‍ അത് വായു മലിനീകരണമാവുന്നു. വ്യവസായ ശാലകളില്‍നിന്നും വാഹനങ്ങളില്‍നിന്നും പുറത്തുവരുന്ന പുകയും വിഷവാതകങ്ങളുമാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. ഇവ വാതക രൂപത്തിലും കണികാരൂപത്തിലുമുണ്ട്. വാതകരൂപത്തിലുള്ളവ താഴെ പറയുന്നു.

1. കാര്‍ബണ്‍ മോണോക്സൈഡ് - വാഹനങ്ങളില്‍ നിന്ന് 
2. സള്‍ഫര്‍ ഡയോക്സൈഡ് - കല്‍ക്കരി ഖനി, എണ്ണ ശുദ്ധീകരണശാല, ലോഹസംസ്കരണശാല എന്നിവിടങ്ങളില്‍ നിന്ന് 
3. ഹൈഡ്രജന്‍ സള്‍ഫൈഡ് - പെട്രോളിയം, പ്രകൃതിവാതക ശുദ്ധീകരണം. 
4. ഹൈഡ്രജന്‍ ഫ്ളൂറൈഡ് - അലുമിനിയം വ്യവസായം, സള്‍ഫേറ്റ് വള നിര്‍മാണശാല 
5. നൈട്രജന്‍ ഓക്സൈഡുകള്‍:

വാഹനങ്ങളില്‍ നിന്ന്. കണികാരൂപത്തില്‍: 0.01 മൈക്രോണ്‍ മുതല്‍ 20 മൈക്രോണ്‍ വരെ വ്യാസമുള്ള ഖര - ബാഷ്പ കണങ്ങളാണ് കണികാ രൂപത്തില്‍ മാലിന്യമാകുന്നത്. 
ദൂഷ്യങ്ങള്‍: ഓക്സിജന്‍ വ്യാപനം മന്ദഗതിയിലാവുക, രക്തത്തിലെ ഹിമോഗ്ലോബിന്‍ അളവ് കുറയ്ക്കുക, ഓസോണ്‍ പാളിയുടെ തകര്‍ച്ച. അതുവഴി അന്തരീക്ഷ താപം വര്‍ദ്ധിക്കുക, കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ ഉള്‍ഭാഗം ചൂടാകുന്ന ഹരിതഗൃഹ പ്രഭാവം ഉണ്ടാവുന്നു. സസ്യവര്‍ഗങ്ങളുടെ നാശം, മരുഭൂമിവല്‍ക്കരണം.

2. ജല മലിനീകരണം
ജൈവികവും ഭൗതികവും രാസപരവുമായ മാറ്റങ്ങള്‍കൊണ്ട് ജലം ഉപയോഗയോഗ്യമല്ലാതാവുന്ന സ്ഥിതിയെ ജലമലിനീകരണം എന്നു പറയുന്നു. രാസവസ്തുക്കള്‍ കൊണ്ടും ജൈവ വസ്തുക്കള്‍കൊണ്ടും ജലമലിനീകരണം ഉണ്ടാകാറുണ്ട്. രാസകീടനാശിനികള്‍, കാര്‍ബോഹൈഡ്രേറ്റ്, എണ്ണ, സോപ്പ്, അമ്ലങ്ങള്‍, ക്ഷാരങ്ങള്‍, വ്യവസായ മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, നഗരവല്‍ക്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ ജലമലിനീകരണത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ കക്കൂസും കിണറും തമ്മിലുള്ള അകലക്കുറവ് വന്‍ തോതില്‍ ജലമാലിന്യമുണ്ടാക്കുന്നു.
ദൂഷ്യങ്ങള്‍: ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നു. ലോകത്ത് ഒരു മിനുട്ടില്‍ ഒരു കുട്ടി ജലജന്യരോഗം മൂലം മരിക്കുന്നുണ്ടത്രെ. മനുഷ്യരില്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാവുന്നു. വിഷവെള്ളത്തിന്റെ സാന്നിധ്യം കൃഷിനാശത്തിനും ഭക്ഷ്യവിളകളില്‍ വിഷാംശം കലരാനും ഇടയാകുന്നു. മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍സമ്പത്ത് നശിക്കുന്നു.

3. മണ്ണ് മലിനീകരണം
രാസവളപ്രയോഗം, രാസകീടനാശിനി പ്രയോഗം എന്നിവ മണ്ണില്‍ വിഷം കലര്‍ത്തുന്നു. മണ്ണ് മലിനീകരണത്തിന്റെ 90 ശതമാനവും ഖരാവിഷ്ടങ്ങള്‍ വഴിയാണ്. വ്യവസായ മാലിന്യങ്ങളും ലോഹസങ്കരണവും പ്ലാസ്റ്റിക്കും മണ്ണ് മലിനീകരണത്തിനു കാരണമാവുന്നു.
ദൂഷ്യങ്ങള്‍: കൃഷി നശിക്കുന്നു, മണ്ണിലെ അണുജീവി നശിക്കുന്നു. ഭക്ഷ്യവിളകളില്‍ വിഷം കലരുന്നു. മണ്ണിന്റെ അവസ്ഥയ്ക്ക് മാറ്റം വരുന്നു. കന്നുകാലികള്‍ ഉള്‍പ്പെടെ മൃഗസമ്പത്തിന് ദോഷം വരുന്നു. രോഗങ്ങള്‍ക്ക് കാരണമാകുന്നു.

മാലിന്യം നീക്കാന്‍ ചില വഴികള്‍ ഇനി നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങള്‍ എങ്ങനെ കുറക്കാം അഥവാ ഇല്ലാതാക്കാം എന്നു പരിശോധിക്കാം. ഇതിന് പ്രകൃതിബോധം, പരിസരബോധം, സേവനസന്നദ്ധത തുടങ്ങിയ ഗുണങ്ങള്‍ നാം വളര്‍ത്തിയെടുക്കണം. ജൈവ മാലിന്യ സംസ്കരണം മാലിന്യം ഉറവിടത്തില്‍ വെച്ചുതന്നെ നമുക്ക് സംസ്കരിക്കാനാവണം.
ഗാര്‍ഹിക മാലിന്യം അതാതു ദിവസം സംസ്കരിക്കുക. അതിനു താഴെ പറയുന്ന മാര്‍ഗം സ്വീകരിക്കാം. 

1. കുഴി കമ്പോസ്റ്റ് - വീട്ടുപരിസരത്ത് വെയിലും മഴയും എല്‍ക്കാത്ത ഇടത്ത് 1 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ നീളവും 60 സെ.മീ. ആഴത്തിലും കുഴിയെടുത്ത് അതില്‍ ലഭ്യമായ ജൈവവസ്തുക്കളും ജൈവ മാലിന്യങ്ങളും ദിവസവും നിക്ഷേപിക്കുക. ഇടക്ക് അല്‍പം ചാണക വെള്ളം തളിക്കുക. മൂന്ന് മാസത്തോടെ കുഴി നിറയും. ഇതിനുമുകളില്‍ മണ്ണിട്ട് മൂടുക. മൂന്ന് മാസം കഴിയുമ്പോള്‍ വളമാകും. 

2. പൈപ്പ് കമ്പോസ്റ്റ് - ഗാര്‍ഹിക മാലിന്യം സംസ്കരിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ്. 200 എംഎം വ്യാസമുള്ള രണ്ട് പിവിസി പൈപ്പ്, തണലില്‍ ഒരടി ആഴത്തില്‍ കുഴി ഉണ്ടാക്കി അതില്‍ കുത്തനെ നിര്‍ത്തുക. ഇതിന് ഒരടപ്പും വേണം. ഇതില്‍ മാലിന്യങ്ങള്‍ ചെറുതായി അരിഞ്ഞ് എല്ലാദിവസവും ഇടുക. ഈര്‍പ്പം കൂടരുത്. ഒന്നരമാസമാവുമ്പോള്‍ പൈപ്പ് നിറയും. (വീണ്ടും ഒന്നര മാസമാവുമ്പോള്‍ ഇത് അഴുകി വളമായി മാറും.) മറ്റൊരു പൈപ്പ് സ്ഥാപിച്ച് പിന്നീട് ഇതിലും നിറക്കാം. ഇങ്ങനെ മാറിമാറി ഉപയോഗിക്കാം. 

3. മണ്ണിര കമ്പോസ്റ്റ്: കുഴികളിലും, പ്ലാസ്റ്റിക് വീപ്പകളിലും സിമന്റ് ഭരണിയിലുമെല്ലാം മണ്ണിര കമ്പോസ്റ്റുണ്ടാക്കാം. വെയിലും മഴയും ഏല്‍ക്കരുത്. ഉറുമ്പ്, എലി തുടങ്ങിയവ കടന്നുവരാത്തവിധം സംവിധാനം ചെയ്ത് സ്ഥാപിക്കാം. ഏറ്റവും അടിയില്‍ അല്‍പം ചാണകം വിതറി അതില്‍ മണ്ണിരയെ നിക്ഷേപിക്കുക. തുടര്‍ന്ന് ഇതിനു മുകളില്‍ ലഭ്യമായ ജൈവസ്തുക്കള്‍ ചെറുതായി അരിഞ്ഞ് അല്‍പാല്‍പമായി നിക്ഷേപിക്കാം. മണ്ണിര ഭക്ഷിച്ച് ഇവ വളമാക്കി മാറ്റും. എരിവ്, പുളി, മത്സ്യ മാംസങ്ങള്‍ എന്നിവ ഒഴിവാക്കുക. 

4. ബയോഗ്യാസ് പ്ലാന്റ് ഓക്സിജന്റെ അഭാവത്തില്‍ ജൈവമാലിന്യം വിഘടിച്ച് ഉണ്ടാകുന്ന വാതകത്തെയാണ് ബയോഗ്യാസ് എന്നുപറയുന്നത്. ഈ വാതകം പാചകാവശ്യത്തിന് ഉപയോഗിക്കാം. കൂടാതെ ഇതില്‍ നിന്ന് വൈദ്യുതിയുമുണ്ടാക്കാം. എടുത്തുമാറ്റാവുന്ന പോര്‍ട്ടബിള്‍ പ്ലാന്റും, സ്ഥിരം പ്ലാന്റുകളുമുണ്ട്. പ്ലാന്റില്‍ ആദ്യം ഏതാനും കുട്ട ചാണകം തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് ലായനിയാക്കി ഒഴിക്കുക. ആദ്യം ഗ്യാസ് ഉല്‍പാദിപ്പിക്കാനേ ഇതാവശ്യമുള്ളൂ. പിന്നീട് ദിവസവും ലഭ്യമായ ജൈവവസ്തുക്കള്‍ ഇതില്‍ നിക്ഷേപിക്കാം. മോര്, തൈര്, എല്ല് തുടങ്ങിയവ പാടില്ല. ഒരാഴ്ച കൊണ്ട് ഗ്യാസ് ഉല്‍പാദിപ്പിക്കും. തുടര്‍ന്ന് ദിവസവും ഗ്യാസ് ലഭിക്കും. ഇത് സ്റ്റൗവില്‍ കടത്തില്‍ ഇന്ധനാവശ്യം നിര്‍വഹിക്കാം. ഇതില്‍ മിഥൈല്‍ 50-70 ശതമാനവും കാര്‍ബണ്‍ ഡൈ ഓക്സൈസൈഡ് 30-45 ശതമാനവും ബാക്കി മറ്റ് വാതകങ്ങളുമാണ്.

പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണംപ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക ്വലിച്ചെറിയാതെ ഒരു ചാക്കിലോ സഞ്ചിയിലോ ഇട്ടുവെക്കുക ്കഴുകി ഉണക്കി പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റുകള്‍ ഉണ്ടെങ്കില്‍ അവിടെ എത്തിക്കുക ്കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകും. ്പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പന്നമാക്കാന്‍ കച്ചവടക്കാര്‍ക്ക് നല്‍കുക. ഇലക്ട്രോണിക് മാലിന്യം എന്തു ചെയ്യണം ്പരമാവധി ഉപയോഗിക്കുക ്കേടാകുമ്പോള്‍ ഉപേക്ഷിക്കുന്ന പ്രവണത മാറ്റി റിപ്പേര്‍ ചെയ്ത് ഉപയോഗിക്കുക ്തീരെ ഉപയോഗയോഗ്യമല്ലാത്തത് റീസൈക്ലിങ്ങിന് നല്‍കുക ജല മലിനീകരണം തടയാന്‍ ്ഗാര്‍ഹിക മാലിന്യം വെള്ളത്തില്‍ കലരാതെ സൂക്ഷിക്കുക ്കിണര്‍-കക്കൂസ് ദൂരം ക്രമപ്പെടുത്തുക ്രാസ കീടനാശിനി ഉപയോഗം കുറക്കുക ്ഖരമാലിന്യങ്ങള്‍ പുഴയിലും തോടിലും ഒഴുക്കി വിടാതിരിക്കുക ്കുടിവെള്ളം ശുദ്ധീകരണ ടാങ്കിലൂടെ കടത്തിവിട്ടശേഷം ഉപയോഗിക്കുക വൃക്ഷങ്ങള്‍ നടുക അന്തരീക്ഷ ശുദ്ധീകരണത്തിന് വൃക്ഷങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് വനസമ്പത്ത് കൂട്ടുക. കണ്ടല്‍ കാടുകള്‍: കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുക. അഴിമുഖങ്ങളിലും നദീമുഖത്തും ചതുപ്പിലും ജലശുദ്ധീകരണത്തിനും പരിസ്ഥിതി ശുചീകരണത്തിനും കണ്ടല്‍ക്കാടുകള്‍ വലിയ പങ്ക് വഹിക്കുന്നു.

കടപ്പാട് :- ദേശാഭിമാനി അക്ഷരമുറ്റം 

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മാലിന്യം മഹാവിപത്ത് "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top