ഫുട്ബാളിലെ ഇതിഹാസങ്ങൾ

പെലെ  
ഫുട്ബാളിലെ ജിവിക്കുന്ന ഇതിഹാസമാണ് പെലെ. ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഫുട്ബാള്‍ കളിക്കാരന്‍. എഡ്സണ്‍ അരാഞ്ചസ് നാസിമെന്‍േറാ എന്ന് യഥാര്‍ഥ പേര്. ആക്രമണ ഫുട്ബാളിന്‍െറ സൗന്ദര്യ ശൈലി ലോകത്തിന് കാണിച്ചുകൊടുത്ത അദ്ദേഹത്തെ ‘കറുത്ത മുത്ത്’ എന്ന് ലോകം വിളിക്കുന്നു.
1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കാരക്കോസിലായിരുന്നു ജനനം. 1957 മുതല്‍ ’71 വരെ 14 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ സ്വന്തമാക്കിയത് എണ്ണമറ്റ നേട്ടങ്ങള്‍. ബ്രസീലിന് മൂന്നു ലോകകപ്പുകള്‍ (1958, 1962, 1970) നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 17ാം വയസ്സില്‍ 1958 ലോകകപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി. 1363 ഫസ്റ്റ് ക്ളാസ് കളികളില്‍ നിന്നായി 1281 ഗോളുകള്‍. ഒരു ലോകകപ്പിലെ മികച്ച താരം, ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം (92 മത്സരങ്ങളില്‍നിന്ന് 77 ഗോളുകള്‍), ലോകകപ്പ് ഫൈനല്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം... ഇങ്ങനെ പോകുന്നു പെലെയുടെ നേട്ടങ്ങള്‍.
ഫുട്ബാള്‍ മൈതാനങ്ങളെയും ആരാധകരുടെ ഹൃദയങ്ങളെയും ഒരുപോലെ കീഴടക്കിയ അദ്ദേഹത്തെ ഫിഫ നൂറ്റാണ്ടിന്‍െറ ഫുട്ബാളറായി തെരഞ്ഞെടുത്തിരുന്നു.
ഡീഗോ മറഡോണ
പെലെയെപോലെ ലോക ഫുട്ബാളിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണ. മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ലോക ഫുട്ബാളര്‍. ഫുട്ബാളിന്‍െറ സൗന്ദര്യം മലയാളി ആദ്യമായി കാണുന്നത് മറഡോണയിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബാളര്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെക്കുന്നു.
1960 ഒക്ടോബര്‍ 30ന് അര്‍ജന്‍റീനയിലെ ബ്വേനസ് ഐറിസില്‍ ദരിദ്രകുടുംബത്തിലായിരുന്നു മറഡോണയുടെ ജനനം. 1982 മുതല്‍ 1994വരെ നാലു ലോകകപ്പുകളില്‍ അര്‍ജന്‍റീനക്കുവേണ്ടി ബൂട്ടണിഞ്ഞു. 1986ല്‍ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന ലോകകപ്പ് നേടി. ഈ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ളണ്ടിനെതിരെ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. ‘ദൈവത്തിന്‍െറ കൈ’ എന്ന പേരിലറിയപ്പെടുന്ന ഗോളായിരുന്നു ഇതില്‍ ആദ്യത്തേത്. അഞ്ച് കളിക്കാരെയും ഗോളിയെയും കബളിപ്പിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്‍െറ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
ആസാധാരണമായ ഉയര്‍ച്ചതാഴ്ചകളായിരുന്നു കായികജീവിതത്തിലും വ്യക്തി ജീവിതത്തിലും മറഡോണയെ കാത്തിരുന്നത്. മയക്കുമരുന്നിന്‍െറ പിടിയില്‍ ധൂര്‍ത്തടിച്ച പ്രതിഭയായിരുന്നു മറഡോണ. കളിയിലൂടെ മാത്രമല്ല, ഉറച്ച രാഷ്ട്രീയ നിലപാടുകള്‍ നിരന്തരം വിളിച്ചുപറഞ്ഞുമാണ് ഈ കുറിയമനുഷ്യന്‍ ലോകം കീഴടക്കിയത്.
ഫ്രാന്‍സ് ബെക്കന്‍ ബോവര്‍
ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരനും പരിശീലകനുമായിരുന്നു ഫ്രാന്‍സ് ബെക്കന്‍ ബോവര്‍. മൈതാനത്തിലെ ആധിപത്യവും സൗന്ദര്യമാര്‍ന്ന കേളീശൈലിയും നേതൃപാടവവും അദ്ദേഹത്തെ ‘ഫുട്ബാളിലെ ചക്രവര്‍ത്തി’ എന്ന വിശേഷണത്തിന് അര്‍ഹനാക്കി. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും അലങ്കരിക്കപ്പെട്ട കളിക്കാരന്‍ കൂടിയായിരുന്നു ബോവര്‍.
1945 സെപ്റ്റംബര്‍ 11ന് ജര്‍മനിയിലെ മ്യൂണിക്കില്‍ ജനിച്ചു. തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്ന അദ്ദേഹം പ്രതിരോധ നിരയിലെ കളിക്കാരന്‍ എന്ന നിലയിലാണ് പ്രാഗല്ഭ്യം തെളിയിച്ചത്. രണ്ടു തവണ യൂറോപ്യന്‍ ഫുട്ബാളര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. 103 കളികളില്‍ പശ്ചിമ ജര്‍മനിയെ പ്രതിനിധാനം ചെയ്യുകയും മൂന്നു തവണ ലോകകപ്പില്‍ പങ്കെടുക്കുകയും ചെയ്തു. 1974ല്‍ ലോകകപ്പ് വിജയിക്കുമ്പോള്‍ ടീമിന്‍െറ നായകന്‍ ബോവറായിരുന്നു. തുടര്‍ന്ന്, 1990ല്‍ ടീം മൂന്നാമത്തെ ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിന്‍െറ പരിശീലകന്‍ എന്ന നിലയിലും ശ്രദ്ധേയനായി.
മിഷേല്‍ പ്ളാറ്റിനി
മുന്‍ ഫ്രഞ്ച് ഫുട്ബാള്‍ കളിക്കാരനും പരിശീലകനുമായിരുന്നു മിഷേല്‍ പ്ളാറ്റിനി. 2007 മുതല്‍ യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നു. എക്കാലത്തെയും ഫുട്ബാള്‍ മഹാരഥന്മാരില്‍ ഒരാളായി പ്ളാറ്റിനിയെ കാണുന്നവരുണ്ട്.
1955 ജൂണ്‍ 21ന് ഫ്രാന്‍സിലെ ലോറെയ്ന്‍ പ്രദേശത്തായിരുന്നു ജനനം. 1978, 1982, 1986 ലോകകപ്പുകളില്‍ ഫ്രാന്‍സിനുവേണ്ടി കളത്തിലിറങ്ങി. സഹകളിക്കാര്‍ക്ക് പന്തുകള്‍ കൈമാറുന്നതില്‍ അഗ്രഗണ്യനായിരുന്നു. മികച്ച ഫ്രീ കിക്ക് സ്പെഷലിസ്റ്റായും ഫിനിഷറായും ഫുട്ബാള്‍ ആരാധകര്‍ പ്ളാറ്റിനിയെ വാഴ്ത്തുന്നു. 72 തവണ ഫ്രാന്‍സിന്‍െറ ജഴ്സിയണിഞ്ഞ അദ്ദേഹം 1987ല്‍ വിരമിച്ചു. 1988 മുതല്‍ 1992 വരെ ഫ്രഞ്ച് ദേശീയ ടീമിന്‍െറ പരിശീലകനുമായിരുന്നു.
ഫെറെങ്ക് പുസ്കാസ്
ലോകം അംഗീകരിച്ച ഹംഗേറിയന്‍ ഫുട്ബാളറാണ് ഫെറെങ്ക് പുസ്കാസ്. ദേശീയ ടീമിനുവേണ്ടി 85 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നായി നേടിയത് 84 ഗോളുകള്‍. 1954ലെ ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് തോറ്റെങ്കിലും ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. അവസരങ്ങള്‍ ഗോളാക്കുന്നതില്‍ പുസ്കാസിന് അസാധാരണ വൈഭവം തന്നെയുണ്ടായിരുന്നു. 1927 ഏപ്രില്‍ രണ്ടിന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജനനം. കളിയില്‍നിന്ന് വിരമിച്ചശേഷം ദേശീയ ടീമിന്‍െറയും നിരവധി ക്ളബുകളുടെയും പരിശീലകനായിരുന്നു. 2006 നവംബര്‍ 17ന് അന്തരിച്ചു.
യൊഹാന്‍ ക്രൈഫ്
ടോട്ടല്‍ ഫുട്ബാളിന്‍െറ ഏറ്റവും മികച്ച പ്രയോക്താക്കളില്‍ ഒരാളാണ് മുന്‍ ഡച്ച് ഫുട്ബാളര്‍ യൊഹാന്‍ ക്രൈഫ്. ഫുട്ബാളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി പരിഗണിക്കുന്നു. കൈഫ്ര് നേതൃത്വം നല്‍കിയ ഹോളണ്ടിന്‍െറ ഓറഞ്ചുപട ടോട്ടല്‍ ഫുട്ബാള്‍കൊണ്ട് ആരാധകരെ വിരുന്നൂട്ടിയ കാലമുണ്ടായിരുന്നു.
1974ലെ ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു. ടോട്ടല്‍ ഫുട്ബാളിന്‍െറ മാന്ത്രികത ലോകം അറിയുന്നത് അന്നാണ്. ഫുട്ബാള്‍ ഇതിഹാസം ബെക്കന്‍ ബോവറിന്‍െറ പശ്ചിമ ജര്‍മനിയോട് ഫൈനലില്‍ തോറ്റെങ്കിലും ലോകം പുതിയൊരു കേളിശൈലി പരിചയപ്പെടുകയായിരുന്നു. ക്രൈഫിന്‍െറ മത്സരത്തിലെ ഡ്രിബ്ളിങ്ങും ഗോളും കാണികളെ അക്ഷരാര്‍ഥത്തില്‍ വിസ്മയിപ്പിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച താരമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1947ഏപ്രില്‍ 25ന് ആംസ്റ്റര്‍ ഡാമിലായിരുന്നു ജനനം. 1971, 1973, 1974 വര്‍ഷങ്ങളില്‍ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 1984ല്‍ കളിയില്‍നിന്ന് വിരമിച്ചശേഷം ക്രൈഫ് അയാക്സിന്‍െറയും ബാഴ്സലോണയുടെയും പരിശീലകനായി. വളരെ ചെറിയ പാസുകളും നീക്കങ്ങളുമുള്ള ‘ടിക്കി ടാക്ക’ ഫുട്ബാളിന് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്.
ആര്‍ഫ്രഡോ ദി സ്റ്റെഫാനോ
അര്‍ജന്‍റീനയുടെ മുന്‍ ഫുട്ബാളറും പരിശീലകനുമായിരുന്നു ആര്‍ഫ്രഡോ ദി സ്റ്റെഫാനോ. എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു. 1950-1960 കാലഘട്ടങ്ങളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് കപ്പില്‍ സ്പാനിഷ് ക്ളബ് റിയല്‍ മഡ്രിഡിന്‍െറ ആധിപത്യത്തിന് പിന്നിലെ തുറുപ്പുശീട്ട് സ്റ്റെഫാനോ ആയിരുന്നു. കരുത്തുറ്റ ശക്തനായ മുന്‍നിരക്കാരനും തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഫുട്ബാള്‍ ചരിത്രത്തിലെ അതികായനെന്നാണ് സഹകളിക്കാര്‍ സ്റ്റെഫാനോയെ വിശേഷിപ്പിച്ചത്. 1962 ജൂലൈ നാലിന് ബ്വേനസ് ഐറിസിലായിരുന്നു ജനനം.
യുസേബിയ
പോര്‍ചുഗീസ് ഇതിഹാസം യുസേബിയ ഫുട്ബാളിലെ ‘കരിമ്പുലി’ (the black panther) എന്ന വിശേഷണത്തിന് അര്‍ഹനാണ്. ആക്രമണ ശൈലിയും കൃത്യതയാര്‍ന്നതും നിര്‍ദയവുമായ ഷോട്ടുകളും മികച്ച കളിക്കാരനാക്കി. പന്തുകള്‍ വലയിലെത്തിക്കുന്നതില്‍ യുസേബിയ കാണിച്ച ആര്‍ജവം പോര്‍ചുഗല്‍ ടീമിലെ കീര്‍ത്തികേട്ട കളിക്കാരനാക്കി.
1942 ജനുവരി 25ന് പോര്‍ചുഗീസ് അധീനതയിലുള്ള ആഫ്രിക്കന്‍ രാജ്യമായ മൊസാംബീക്കിലായിരുന്നു ജനനം. 745 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് യുസേബിയ അടിച്ചുകൂട്ടിയത് 733 ഗോളുകള്‍. ലോക ഫുട്ബാളിന്‍െറ ഔത്യത്തിലെത്തിയ ആദ്യ ആഫ്രിക്കക്കാരനാണ് അദ്ദേഹം.
1966 ലോകകപ്പില്‍ പോര്‍ചുഗല്‍ മൂന്നാം സ്ഥാനം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഒമ്പതു ഗോളുകളടിച്ച് ആ ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ ആയി. 2014 ജനുവരി അഞ്ചിന് 71ാം വയസ്സില്‍ ലിസ്ബണില്‍ അന്തരിച്ചു.
ഗരിഞ്ച
ലോക ഫുട്ബാളിലെ ഏറ്റവും വൈഭവമേറിയ ഡ്രിബിള്‍ മാന്ത്രികനാണ് ‘കുഞ്ഞാറ്റക്കിളി’ എന്നറിയപ്പെടുന്ന ഗരിഞ്ച. മാനുവര്‍ ഫ്രാന്‍സിസ്കോ ദോസ് സാന്തോസ് എന്നാണ് യഥാര്‍ഥ പേര്. മികച്ച പന്തടക്കവും ഡ്രിബ്ളിങ് പാടവവും അദ്ദേഹത്തെ ലോക ഫുട്ബാളിന്‍െറ നെറുകയിലെത്തിച്ചു. ജന്മനാ ഇടതു കാലിന് വലതു കാലിനേക്കാള്‍ ആറ് സെന്‍റീമീറ്റര്‍ ഉയരം കുറവായിരുന്നെങ്കിലും ഗരിഞ്ചയുടെ ഡ്രിബ്ളിങ്ങില്‍ എതിര്‍ കളിക്കാര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. ഫുട്ബാള്‍ ചക്രവര്‍ത്തി പെലെ ഏറ്റവും മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തുന്നത് ഗരിഞ്ചയോടൊപ്പമാണ്. ഇരുവരും ഒന്നിച്ചു കളിച്ച കളികളൊന്നും ബ്രസീല്‍ തോറ്റിട്ടില്ല.
1958ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ ഫുട്ബാളിലെ രാജാവായ പെലെയോടൊപ്പം ടീമിലെ പ്രധാനിയായിരുന്നു. പെലെയുടെ അസാന്നിധ്യത്തില്‍ ഗരിഞ്ചയുടെ ചിറകിലേറിയാണ് 1962 ലോകകപ്പ് ബ്രസീല്‍ സ്വന്തമാക്കിയത്. ദേശീയ ടീമിനുവേണ്ടി 50 മത്സരങ്ങളില്‍നിന്നായി 12 ഗോളുകള്‍ നേടി. 1933 ഒക്ടോബര്‍ 28ന് റിയോ ഡെ ജനീറോയിലെ മാഗെയിലായിരുന്നു ജനനം. 1983 ജനുവരി 20ന് 49ാം വയസ്സില്‍ അന്തരിച്ചു.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ഫുട്ബാളിലെ ഇതിഹാസങ്ങൾ"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top