നന്നായി കഴിക്കണം പക്ഷേ ...

Share it:
കുട്ടികളെ സംബന്ധിച്ച് അമ്മമാർക്ക് ഏറ്റവും ഉത്കണ്ഠയുള്ള കാര്യം ഭക്ഷണമാണ്. എത്ര പറഞ്ഞാലും ഒന്നും കഴിക്കില്ല എന്ന പരാതിയില്ലാത്ത അമ്മമാർ കുറവായിരിക്കും. എന്നാൽ ഈ പരിഭവത്തിൽ ഒട്ടുമുക്കാലും കഴമ്പില്ലാത്തതാണ് എന്നതാണ് സത്യം. കാരണം മറ്റ് അസുഖമൊന്നുമില്ലെങ്കിൽ എല്ലാ കുട്ടികളും ആവശ്യത്തിന് ഭക്ഷണം കഴിച്ചോളും. പക്ഷേ , എപ്പോൾ കഴിക്കുന്നു എന്നതിലാണ് ശ്രദ്ധ വേണ്ടത്.
അലീഷ നാലാം ക്ലാസിലാണ്. പക്ഷേ ഒരു ഏഴാം ക്ലാസുകാരിയുടെ തടിയുണ്ട്. അവൾ രാത്രിയിൽ ഒന്നും കഴിക്കുന്നില്ലെന്ന പരാതിയാണ് അമ്മയ്ക്ക്.എന്തോ അസുഖം കൊണ്ടു തടി വയ്ക്കുന്നതാണെന്നാണ് വീട്ടുകാരുടെ സംശയം. രാത്രി എല്ലാവരും ചോറു കഴിക്കുമ്പോൾ അവൾ എത്ര നിർബന്ധിച്ചാലും കൊറിച്ചിരിക്കുന്നതല്ലാതെ കാര്യമായി കഴിക്കാറില്ല. അതുകൊണ്ട് പപ്പ മിക്കവാറും ചിക്കൻ പാഴ്സൽ വാങ്ങി വരാറുണ്ട്.
ഇങ്ങനെ പോയാൽ മോളുടെ കാര്യം എങ്ങനെയാകും എന്ന സങ്കടവുമായാണ് അലീഷയുടെ അമ്മ ഡോക്ടറെ കാണാനെത്തിയത്.
ഡോക്ടർ :- വൈകീട്ട് സ്കൂൾ വിട്ടു വന്നാൽ എന്തു കൊടുക്കും?
അമ്മ :- അത്, ഹോർലിക്സ് ഇട്ട് ഒരു ഒന്ന്-ഒന്നര ഗ്ലാസ് പാൽ കുടിക്കും.
ഡോക്ടർ :- രാവിലെ പാൽ കുടിക്കുമോ?
അമ്മ :- രാവിലെ എന്നും സ്കൂളിൽ പോകുന്നതിനു തൊട്ടുമുൻപായി ഇതുപോലെ ഒന്നര ഗ്ലാസ് പാൽ കുടിക്കും.
ഡോക്ടർ :-  വൈകീട്ട് മറ്റെന്തെങ്കിലും കഴിക്കാറുണ്ടോ ?
അമ്മ :-  ഇല്ല, പിന്നെ ആറുമണിക്ക് ഒരു ചായ കുടിക്കും. അതിന്റെ കു‌ടെ വല്ല കേക്കോ ചിപ്സോ മിക്സ്ചരൊ ഇത്തിരി കഴിക്കും.
ഡോക്ടർ :-  പിന്നെ ഒന്നും കഴിക്കാറില്ലേ ?
അമ്മ :- ഇല്ല, പിന്നെ ചീറ്റോസ് കുർകുരെ അതുപോലുള്ള സാധനങ്ങളും അവൾക്ക് വല്യ ഇഷ്ടമാണ്. അത് വീട്ടിൽ സ്ഥിരമായി വാങ്ങി വച്ചീട്ടുണ്ട്. രാത്രി ഒന്നും അങ്ങനെ കഴിക്കാത്തതുകൊണ്ട് മോൾ ഇടയ്ക്കിടയ്ക് അത് കഴിക്കും. ദിവസം രണ്ടു മൂന്നു കവർ -അത്രെ ഉള്ളു.  

ഡോക്ടർ :-  നിങ്ങളുടെ കുട്ടി ഒന്നും കഴിക്കാതിരിക്കുന്നതല്ല പ്രശ്നം. അമിത ഭക്ഷണം കഴിക്കുന്നതാണ്. അതും ശരീരത്തിന് ദോഷം ചെയ്യുന്നവ. ഇങ്ങനെ തടി കൂടുന്നതിനു കാരണവും അതു തന്നെ.
ഇനി ഞാൻ പറയുന്നതുപോലെ ഒന്ന് കൊടുത്തു നോക്കു ...
പാൽ രാവിലെ മാത്രം ഒരു ഗ്ലാസ് മതി. രാവിലെ വീട്ടിൽ ഉണ്ടാക്കുന്ന പലഹാരം നല്കണം. ഉച്ചയ്ക്ക് സ്കൂളിൽ കൊണ്ടുപോകുമല്ലോ. വൈകീട്ട് സ്കൂൾ വിട്ടുവന്നാൽ ചായയും എന്തെങ്കിലും വളരെ ലൈറ്റ് ആയ പലഹാരവും മതി. അതു വീട്ടിൽ ഉണ്ടാക്കിയാൽ നല്ലത്.
ബേക്കറി സാധനങ്ങൾ പരമാവധി ഒഴിവാക്കുക. അത്തരം സാധനങ്ങൾ സ്ഥിരമായി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കും.അത് ഒഴിവാക്കണം. ചോക്ലേറ്റ് കഴിക്കുന്നതും നിയന്ത്രിക്കണം. പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണം വല്ലപ്പോഴും മാത്രമാക്കണം.
അലീഷയുടെ അമ്മ ഡോക്ടർ പറഞ്ഞതെല്ലാം അനുസരിച്ചു. രണ്ടു മാസത്തിനുള്ളിൽ അലീഷയുടെ തടി കുറഞ്ഞു. വിശപ്പ് കൂടി. രാത്രിയിൽ ചോറ് കഴിക്കാൻ തുടങ്ങി.
സ്കൂൾ വിട്ടുവന്ന് ബേക്കറി സാധനങ്ങൾ കഴിക്കുന്നത്‌ കാരണം രാത്രിയിൽ വിശപ്പില്ലാതിരിക്കുന്നതും രാവിലെ പോകാനുള്ള ധൃതിയിൽ അല്പം മാത്രം കഴിച്ചെന്നു വരുത്തുന്നതും സാധാരണമാണ്. രാവിലെ ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ല. കുട്ടികൾക്ക് ബേക്കറി സാധനങ്ങൾ എത്ര ഇഷ്ടമാണെങ്കിലും ഒരു പരിധിക്കപ്പുറം കൊടുക്കരുത്. എണ്ണയും മധുരവും മാത്രമല്ല പ്രശ്നം, ശരീരത്തിന് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കളും മൈദയുമൊക്കെയാണ് ഇവയിൽ പലതിലും ഉള്ളത്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കൊടുക്കണം. രണ്ടും നന്നായി കഴുകിയെടുത്ത് വേണം ഉപയോഗിക്കാൻ. 
 വൈകുന്നേരം ബേക്കറി സാധനങ്ങൾക്ക് പകരം വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ കൊടുത്ത് ശീലിപ്പിക്കു. കാറ്റുനിറച്ച ചെറിയ കവറുകളിൽ കിട്ടുന്ന, കറുമുറെ കടിച്ചു തിന്നാവുന്ന സാധനങ്ങൾ മിക്ക കുട്ടികൾക്കും വലിയ ഇഷ്ടമാണല്ലോ. പക്ഷേ അവ വലിയ കുഴപ്പക്കാരാണ്. കുട്ടികളെ പൊണ്ണത്തടിയുള്ളവരാക്കുന്നതും രോഗികളാക്കുന്നതും മോശമായ ഭക്ഷണ രീതികൾ തന്നെയാണ്.
കടപ്പാട് :- പഠിപ്പുര  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

നന്മപാഠം

Post A Comment:

0 comments: