ഓണനിലാവ്

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് എങ്ങുനിന്നോ ഓടിവന്ന് അങ്ങുമിങ്ങും പെയ്ത് എങ്ങോട്ടോ ഓടിപ്പോവുന്നതായിരുന്നു ഇക്കുറി നമുക്ക് മഴ; അല്ളേ കൂട്ടുകാരേ? ചിലപ്പോഴൊക്കെ അത് നിന്നു പെയ്തു. ചിലയിടങ്ങളില്‍ അത് വീട്ടകങ്ങളിലേക്ക് കയറി; മറ്റു ചിലയിടത്ത് കുത്തിയൊലിച്ച് വീടും ആളുകളെയും മരങ്ങളെയുമെല്ലാം കൊണ്ടുപോയി.
പഞ്ഞക്കര്‍ക്കടകത്തിന്‍െറ ദുരിതങ്ങളകന്ന് തെളിഞ്ഞ ചിങ്ങം. നിറഞ്ഞ ചിരിതൂകി ചുറ്റും എത്രയെത്ര പൂക്കളാണ്... അതെ, കൂട്ടുകാരേ. ഓണം സന്തോഷത്തിന്‍െറ നാളുകളാണ്. നമുക്ക് മാത്രമല്ല, ലോകത്ത് ഏതു ദേശത്തുമുള്ള മലയാളിക്കും. എത്രയെത്ര കാതങ്ങള്‍ക്കകലെയാണെങ്കിലും മനസ്സുകൊണ്ട് മലയാളി ഈ മലനാട്ടിലത്തെും. പൂക്കൂട കെട്ടി പൂവിറുക്കും. പൂക്കളമൊരുക്കും. വിഭവങ്ങള്‍ എണ്ണിനിരത്തി സദ്യയൊരുക്കും. ഇത്രമേല്‍ നെഞ്ചോടു ചേര്‍ന്ന ഒരാഘോഷം മലയാളിക്ക് വേറെയില്ല.
എന്തുകൊണ്ടാണ് മലയാളി ഓണത്തെ ഇത്രയേറെ സ്നേഹിക്കുന്നത്? ഇതാ, ഓണത്തെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍. ഇവയോടൊപ്പം കൂട്ടുകാരുടെ അറിവിലുള്ള വിവരങ്ങളും അല്‍പം ചിന്തയും ചേര്‍ത്താല്‍ ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടും.

തൃക്കാക്കരക്കഥ
പണ്ട് തൃക്കാക്കര തലസ്ഥാനമാക്കി നാട്ടുരാജാക്കന്മാര്‍ രാജ്യം ഭരിച്ചിരുന്നു. അതില്‍ പ്രധാനിയായിരുന്നു മഹാബലി പെരുമാള്‍. അദ്ദേഹത്തിന്‍െറ കാലത്ത് കര്‍ക്കടക മാസത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ 28 ദിവസം നീളുന്ന ഉത്സവം ഏര്‍പ്പെടുത്തി. ഉത്സവദിവസങ്ങളില്‍ എല്ലാ നാട്ടുരാജാക്കന്മാരും തൃക്കാക്കര ക്ഷേത്രത്തില്‍ എത്തണം. ജനങ്ങളും ഈ നാളുകളില്‍ തൃക്കാക്കരക്ക് ഒഴുകും. വിളവെടുപ്പ് കഴിഞ്ഞ് നാലുപണം കൈയില്‍ വരുന്ന സന്തോഷത്തിന്‍െറ നാളുകളായതിനാല്‍ ഉത്സവം കെങ്കേമമാവും. ഉത്സവത്തിന്‍െറ അവസാനത്തെ പത്തു ദിവസമാണ് ഗംഭീരമായി കൊണ്ടാടിയിരുന്നത്; അത്തം മുതല്‍ തിരുവോണം വരെ.
ഏറക്കാലം ഈ ഉത്സവം ഇങ്ങനെ നിലനിന്നുപോന്നു. ക്രമേണ ദൂരെയുള്ളവര്‍ക്കൊക്കെ തൃക്കാക്കര എത്തിപ്പെടുക പ്രയാസമായിത്തീര്‍ന്നപ്പോള്‍ ആഘോഷം സ്വന്തം വീടുകളില്‍ മതി എന്നു തീരുമാനിക്കുകയായിരുന്നു. ഈ കഥകള്‍ വിവരിക്കുന്ന കൃതിയാണ് ‘മാവേലിചരിതം’. ‘മാവേലി നാടുവാണീടും കാലം’ എന്നു പാടിയത് ഈ രാജാവിനെക്കുറിച്ചാണെന്നര്‍ഥം. ഈ കഥയനുസരിച്ച് പുരാണത്തിലെ മഹാബലിയും മാവേലിയും ഒന്നല്ല. മഹാബലിക്ക് ഓണവുമായി ബന്ധവുമില്ല!
വിളവെടുപ്പുത്സവം
കേരളത്തിലെ ഒട്ടുമിക്ക ആഘോഷങ്ങളും കൃഷിയുമായി ബന്ധപ്പെട്ടാണുണ്ടായത്. വിഷു കൃഷിയിറക്കുന്നതിന്‍െറയും ഓണം വിളവെടുപ്പിന്‍െറയും ഉത്സവമായാണ് കടന്നുവരുന്നത്. നെല്ലു കൊയ്ത് കറ്റ മെതിച്ച് പത്തായം നിറച്ചുവെച്ചാണ് പത്തു ദിവസം കര്‍ഷകര്‍ വിഭവസമൃദ്ധമായി ഭക്ഷണമൊരുക്കിയും ഉണ്ടും സല്‍ക്കരിച്ചും പ്രായഭേദമന്യെ കളികളിലേര്‍പ്പെട്ടും ആടിയും പാടിയും മതിമറന്നാഘോഷിക്കുന്നത്.
വിളവിറക്കിക്കഴിഞ്ഞാല്‍പിന്നെ കര്‍ഷകന് വിശ്രമമില്ല. തളിര്‍നാമ്പ് വരുന്നതുമുതല്‍ കൃഷിയിടത്തില്‍തന്നെ മനസ്സും ശരീരവും സമര്‍പ്പിച്ച കര്‍ഷകനും കുടുംബത്തിനും വിളവെടുപ്പ് എത്ര ആഘോഷിച്ചാലും മതിയാവില്ല.
ആണ്ടുപിറവിയായാണ് ഓണം ആഘോഷിക്കുന്നതെന്ന് മലബാറില്‍ വിശ്വാസമുണ്ട്.

‘സമത്വസുന്ദരമായ ലോക’മെന്ന മലയാളിയുടെ ഉദാത്ത സങ്കല്‍പത്തിന്‍െറ ആവിഷ്കാരമാണല്ളോ ഓണം. എല്ലാ മനുഷ്യരും ഒന്നുപോലെ, ഒരു മനസ്സായി, ഒരേ സുഖദു$ഖങ്ങളില്‍, ഒരേ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചുപോകുന്ന ഒരു രാജ്യം കഷ്ടപ്പാടുകളുടെ ലോകത്തെ എക്കാലത്തെയും സ്വപ്നമാണ്. അങ്ങനെ സമത്വത്തില്‍ അധിഷ്ഠിതമായ ഭരണം ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന വിളംബരമാണ് മഹാബലിയുടെ കഥയിലൂടെ പറയുന്നതും ഓണാഘോഷത്തിലൂടെ ഓര്‍മിക്കപ്പെടുന്നതും. ഓണം മലയാളിയുടെ അഭിമാനമാണ്. ലോകത്തെവിടെ മലയാളിയുണ്ടോ, അവിടെയെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു.
ഓണമെങ്ങനെയുണ്ടായി?
ചോദ്യം കേള്‍ക്കേണ്ട താമസം കൂട്ടുകാര്‍ പറഞ്ഞുതുടങ്ങും: ‘പണ്ട് കേരളത്തില്‍ മഹാബലി എന്നൊരു...’ പറയാനും കേള്‍ക്കാനും രസം. വാമന-മഹാബലി കഥയാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ വന്നുകാണാന്‍ അനുവാദം വാങ്ങി പാതാളത്തിലേക്ക് പോയ നല്ലവനായ രാജാവിന്‍െറ കഥ.
അങ്ങനെയാണെങ്കില്‍, ഇത്രയും നല്ളൊരു ഭരണാധികാരിയെ ഇല്ലാതാക്കിയത് എന്തുകൊണ്ടാണെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ? ആ ആലോചനകള്‍ കൂട്ടുകാര്‍ക്ക് വിടുന്നു. ഇവിടെ, ഓണത്തിന്‍െറ ഉദ്ഭവത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ചില ഐതിഹ്യങ്ങള്‍ പറയാം. ഇവയില്‍ പലതിനും ചരിത്ര വസ്തുതകളുടെ പിന്‍ബലമുണ്ട് കേട്ടോ. വായിക്കൂ...
പാതാളക്കഥ
ഓണപ്പിറവി കഥയില്‍ പ്രധാനം മഹാവിഷ്ണു വാമനനായി മഹാബലിയുടെ യാഗശാലയിലത്തെി ദാനം ചോദിച്ച കഥതന്നെ. മൂന്നടി മണ്ണ് ദാനം ചോദിച്ച ഇത്തിരിപ്പോന്ന ബ്രാഹ്മണ സന്യാസി രണ്ടടിയില്‍ ഭൂമിയും സ്വര്‍ഗവും അളന്നെടുത്തതോടെ രാജാവ് മൂന്നാമത്തെ അടിക്കായി ശിരസ്സു കുനിച്ചു കൊടുക്കുന്നു. വാമനന്‍ രാജാവിനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നു.
ശ്രാവണമാസത്തിലെ തിരുവോണം മഹാബലിയുടെ ജന്മനക്ഷത്രമായതിനാലാണ് പാതാളത്തില്‍നിന്ന് പ്രജകളെ കാണാനുള്ള വരവ് ആ ദിവസത്തിലാക്കിയതെന്നും മഹാവിഷ്ണുവിന്‍െറ ജന്മനക്ഷത്രമാണ് തിരുവോണമെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്.

പാടിയത്തെുമോണം
പ്രിയപ്പെട്ടതിനെയെല്ലാം വാഴ്ത്തിപ്പാടുക സ്വാഭാവികമാണല്ളോ. മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഓണംതന്നെ. ഓണത്തെപ്പറ്റി നാടന്‍ പാട്ടുകള്‍ നിരവധിയുണ്ട്.

‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ...’
എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിലൂടെയാണല്ളോ ലോകം ഓണത്തെ അറിയുന്നത്. ഓണത്തിന്‍െറ ഉദാത്തസങ്കല്‍പം ഈ ഗാനത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇതെഴുതിയത് ആരാണെന്ന് കൂട്ടുകാര്‍ക്കറിയാമോ? നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശങ്കരകവി എഴുതിയതെന്നു കരുതപ്പെടുന്ന ‘മാവേലിചരിത’ത്തില്‍ നിന്നെടുത്തതാണ് ഈ 12 വരികള്‍. മുന്നൂറോളം വരികളുള്ള കാവ്യത്തിലെ പ്രധാന വരികളാണിവ.
മറ്റൊരു നാടന്‍ പാട്ട് കേള്‍ക്കൂ.
‘ചന്തത്തില്‍ മുറ്റവും ചത്തെിപ്പറിച്ചീല
എന്തെന്‍െറ മാവേലി ഓണം വന്നു
ചന്തക്ക് പോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്‍െറ മാവേലി, ഓണം വന്നു
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്‍െറ മാവേലി ഓണംവന്നു
അമ്മാവന്‍ വന്നീല സമ്മാനം തന്നീല
എന്തെന്‍െറ മാവേലി ഓണം വന്നു’
‘പൂവേപൊലി... പൂവേപൊലി...’ താളത്തില്‍ പൂപ്പൊലിപ്പാട്ടുകള്‍ പാടിയാണ് പൂ പറിക്കേണ്ടത്. പൂപ്പാട്ടുകള്‍ ധാരാളമുണ്ട്. പൂപറിക്കാന്‍ പോവുമ്പോള്‍ പാടാനും പൂക്കളോടു പറയാനുമുള്ള പാട്ടുകളുണ്ട്. ഒരു ‘പൂപ്പൊലിപ്പാട്ട്’ ഇതാ.
‘തുമ്പപ്പൂവേ പൂത്തിരളേ
നാളേക്കൊരുവട്ടി പൂ തരണേ
ആയ്ക്കില ഈയ്ക്കില
ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
പൂവേ പൊലി... പൂവേ പൊലി...
പൂവേ പൊലി പൂവേ.’
മറ്റൊരു പൂപ്പൊലിപ്പാട്ട്
‘കറ്റക്കറ്റക്കയറിട്ട്
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി പൂവേ...’
ഓണക്കവിതകള്‍
പ്രകൃതിയുടെ നിറവസന്തം മിഴിതുറക്കുന്ന ഓണക്കാലത്തെക്കുറിച്ച് പാടാത്ത കവികളില്ല. മലയാളത്തിലെ സമൃദ്ധമായ ഓണക്കവിതകളില്‍നിന്ന് ചില വരികള്‍ നോക്കൂ.

ഓണപ്പൂക്കള്‍ പറിച്ചില്ളേ നീ
ഓണക്കോടിയുടുത്തില്ളേ
പൊന്നും ചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീലേ
മണിമുറ്റത്താ മാവേലിക്കൊരു
മരതക പീഠം വെച്ചില്ളേ?
- ചങ്ങമ്പുഴ
ഓണമേ വെല്‍വൂതാക
മാബലി മലയാളം
കാണുവാനെഴുന്നള്ളി
വന്നിടും സുദിനമേ.
- വള്ളത്തോള്‍
ആനന്ദമാനന്ദം കൂട്ടുകാരേ
ഹാ! നമ്മള്‍ക്കോണമിന്നത്തെി ചാരെ
വിണ്ണോളം മന്നിനെ പൊക്കും നാളെ
പൊന്നോണ നാളേ ജയിക്ക നീളെ.
- ഇടപ്പള്ളി
ഇളവെയില്‍ കുമ്പിളില്‍
അരിമഴ നിറ-
ച്ചിടറുന്ന വഴികളില്‍
തുടകഴല്‍ പൂക്കളം വിരിയിച്ച
പുതുവാഴക്കൂമ്പുപോല്‍
നീ വന്നുവല്ളോ
നന്ദി, തിരുവോണമേ നന്ദി
- എന്‍.എന്‍. കക്കാട്
പൂവുകളിറുക്കുമ്പോള്‍
പുളകം കൊള്ളും കാലം
പൂക്കളത്തിനു ചുറ്റുമാര്‍ത്തു
തുള്ളിടുന്ന കാലം
- ജി. ശങ്കരക്കുറുപ്പ്
ഓണമലരുകള്‍ താണുനിന്നു
കാണിക്കവെക്കും വരമ്പിലൂടെ
പൊന്നുഷസന്ധ്യപ്രഭയില്‍ മുങ്ങി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ
ഒളിച്ചു പൂക്കളം തീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
- പി. കുഞ്ഞിരാമന്‍ നായര്‍
ഇളംവെയില്‍ കുമ്പിളില്‍ നി-
ന്നരളിപ്പൂ വിതറി
ചെറുമഞ്ഞത്തുമ്പികളാം
തിരുവാഹനമേറി
ഒരു ചിങ്ങംകൂടി -ഒരു
തിരുവോണം കൂടി.
- ഒ.എന്‍.വി. കുറുപ്പ്
എന്നുടെ നാട്ടില്‍ വിരിഞ്ഞു മണത്തു
വീണ്ടും തുമ്പകള്‍ അരളികള്‍ മുല്ലകള്‍
കണ്ണാന്തളികളിലഞ്ഞികള്‍ തെച്ചികള്‍
നൂറു നിറങ്ങളിലോണപ്പൂക്കള്‍
നിങ്ങള്‍ പൊലിക്കിന്‍ പൂവുകളേ, മിഴി
മിന്നി വിടര്‍ന്നു ചിരിക്കുവാനെന്നുടെ
കണ്ണില്‍ നിലാവും തളിക്കുവിനേതോ
പഴയ കിനാവുകള്‍ കാട്ടിത്തരുവിന്‍.
- സുഗതകുമാരി
ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ.
പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളിരാവൊളി
പൂവേപൊലി പൂവേപൊലി
പൂവേ പൊലി പൂവേ.
- കുഞ്ഞുണ്ണി
അത്തപ്പൂക്കണി മുറ്റത്തൊരുക്കാന്‍
ആഴക്കുമൂഴക്കു പൂവു വേണം
കാവായ കാവെല്ലാം തേടി ഞങ്ങള്‍
മലയായ മലയൊക്കെ തേടി ഞങ്ങള്‍
ആഴക്കടലുകള്‍ താണ്ടി വന്നേ
അണ്ണാര്‍ക്കണ്ണന്‍ പറഞ്ഞയച്ചേ
പഞ്ചവര്‍ണക്കിളിച്ചങ്ങാതീ
ആഴക്കുമൂഴക്കു പൂവു തായോ...
- കടമ്മനിട്ട രാമകൃഷ്ണന്‍
സദ്യവട്ടം, സര്‍ഗവീണയി-
ലാദ്യ മോഹന മനപൂര്‍ണീ,
മുഗ്ധ വീരവിരാട കുമ്മിയി-
ലഴകിലുത്രാടം
പുലര്‍ന്നാല്‍, തിരുവോണമല്ളേ?
മലര്‍ന്നാടും നിന്‍െറ മിഴിയിലൊ-
രകം പാട്ടിന്നംഗജത്തിരി
ഞാന്‍ കൊളുത്തട്ടെ.
- ഏഴാച്ചേരി രാമചന്ദ്രന്‍
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ഓണനിലാവ് "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top