വനം

കേരളത്തിന്‍െറ മൊത്തം വിസ്തീര്‍ണത്തിന്‍െറ 29.1 ശതമാനം അതായത്, 11,309.5 ചതുരശ്ര കി.മീ. വനമേഖലയാണ്. കേരള വനം-വന്യജീവി വകുപ്പിന്‍െറ മേല്‍നോട്ടത്തിലുള്ള ഇവയെ സംരക്ഷിതവനം, നിര്‍ദിഷ്ട സംരക്ഷിതവനം, നിക്ഷിപ്തവനം, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനമാണ് കോന്നി വനമേഖല.1887ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് വനനിയമം നടപ്പാക്കിയപ്രകാരം 1888 ഒക്ടോബര്‍ ഒമ്പതിനാണ് കോന്നി വനമേഖല നിലവില്‍ വന്നത്. 1894ല്‍ വനനിയമം പരിഷ്കരിക്കുകയും വനത്തെ ഡിവിഷനുകളായും റേഞ്ചുകളായും തിരിച്ച് കൂടുതല്‍ വനപ്രദേശങ്ങള്‍ റിസര്‍വ് വനങ്ങളായി മാറ്റുകയുംചെയ്തു.
കേരളത്തിലെ നിത്യഹരിതവനങ്ങള്‍
കേരളത്തിലെ വനങ്ങളില്‍ ഏകദേശം നാലില്‍ ഒന്ന് ഭാഗവും നിത്യഹരിതവനങ്ങളാണ് (3.48 ലക്ഷം ഹെക്ടര്‍). പശ്ചിമഘട്ടത്തിന്‍െറ പ്രാന്തപ്രദേശങ്ങളിലാണ് ഇവ വ്യാപിച്ചുകിടക്കുന്നത്. കേരളത്തിലെ ദേശീയോദ്യാനങ്ങള്‍, പ്രത്യേകിച്ചും സൈലന്‍റ് വാലി, നിത്യഹരിതവനങ്ങളാല്‍ സമ്പന്നമാണ്. കേരളത്തിലെ നിത്യഹരിതവനങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.
ദക്ഷിണ പര്‍വതമുകള്‍
നിത്യഹരിതവനങ്ങള്‍
ഒരു മാതൃകാ നിത്യഹരിതവനത്തിനെ അപേക്ഷിച്ച് ഉയരം കുറഞ്ഞ വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. കുന്നുകളുടെ മുകളിലും ചരിവുകളിലുമാണ് ഇത്തരം വനങ്ങള്‍ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിന്‍െറ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന പര്‍വതമുകള്‍ വനങ്ങളില്‍ ശരാശരി 4500 മി.മീറ്ററില്‍ അധികം വാര്‍ഷിക വര്‍ഷപാതവും ഉയര്‍ന്ന ആര്‍ദ്രതയും അനുഭവപ്പെടുന്നു. നൂറുകണക്കിന് ഇനം മുളകളും വള്ളിച്ചെടികളും ഇവിടത്തെ പ്രത്യേകതകളാണ്.
പടിഞ്ഞാറന്‍തീര നിത്യഹരിതവനങ്ങള്‍
കേരളത്തിന്‍െറ പടിഞ്ഞാറന്‍ തീരപ്രദേശത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നവയാണ് പടിഞ്ഞാറന്‍ തീര നിത്യഹരിതവനങ്ങള്‍. നിരവധി സസ്യജന്തുജാലങ്ങളാല്‍ അനുഗൃഹീതമാണ്. 45 മീറ്ററില്‍ അധികം ഉയരമുള്ള വൃക്ഷങ്ങളാല്‍ നിബിഡമാണ് ഈ വനങ്ങള്‍. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം കൂടുതലുള്ള പ്രദേശങ്ങളില്‍ ഇത്തരം വനങ്ങളുടെ ഉയരം കുറയുന്നു. നാങ്ക് (Mesua ferrea), പാലി (Palaquium ethipticum), വെടിപ്ളാവ് (Cullenia exarillata) എന്നിവ ഇവിടത്തെ ചില വൃക്ഷങ്ങളാകുന്നു. മറ്റു നിത്യഹരിതവനങ്ങളില്‍ സുലഭമായി കണ്ടുവരുന്ന കല്‍പയന്‍ (Dipterocarpus indicus), കമ്പകം (Hopea parviflora) എന്നീ വൃക്ഷങ്ങള്‍ കാണപ്പെടുന്നില്ല എന്നത് ഈ വിഭാഗത്തിന്‍െറ പ്രത്യേകതയാണ്. മൃദുല കാണ്ഡത്തോടുകൂടിയ വള്ളിച്ചെടികളും ഇവിടെ ധാരാളമായുണ്ട്.
നനവാര്‍ന്ന നിത്യഹരിത -അര്‍ധനിത്യഹരിത കൈ്ളമാക്സ് വനങ്ങള്‍
പശ്ചിമഘട്ടത്തില്‍ 2000 മി.മീറ്ററില്‍ അധികം മഴ ലഭിക്കുന്നതും സദാ കാറ്റുവീശുന്നതുമായ പ്രദേശങ്ങളിലാണ് നനവാര്‍ന്ന നിത്യഹരിത -അര്‍ധനിത്യഹരിത കൈ്ളമാക്സ് വനങ്ങള്‍ (Wet evergreen and semi evergreen climax forests) കാണപ്പെടുന്നത്. ഓരോ പ്രദേശത്തും അനുഭവപ്പെടുന്ന ആര്‍ദ്രത, മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി സസ്യജന്തുജാലങ്ങളിലും സാരമായ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം അനുസരിച്ച് ഈ വനങ്ങളെ വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു. 1. താഴ്ന്ന 2. ഇടത്തരം 3. ഉയര്‍ന്ന നിത്യഹരിതവനങ്ങള്‍ എന്നിങ്ങനെ.
കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ വെള്ളപ്പൈന്‍ (Vateria indica), പാലി (palaquium ellipticum), കല്‍പയിന്‍ (Dipterocarpus indicus), കമ്പകം (Hopea parviflora), വെടിപ്ളാവ് (Cullenia exarillata), നാങ്ക് (Mesua ferrea), കുളമാവ് (Machilus macrantha), ആഞ്ഞിലി (Artocarpus hirsuta) എന്നിവ ഒന്നാം തട്ടിലും സിന്ദൂരം (Mallotus philippensis), പൂവം (Schleichera oleosa), കാരമാവ് (Elaeocarpus serratus), നെടുനാര്‍ (Polyalthia fragrans), വഴന (Cinnamomum ceylanica), ചേര് (Holigarna arnottiana), ചോരപ്പാലി (Myristica beddomei), വട്ട (Macaranga peltata) എന്നിവ രണ്ടാം തട്ടിലും വളരുന്നു. മണിപ്പെരണ്ടി (Leea indica), ഏലം (Elettaria cardamomum), കരിങ്കുറിഞ്ഞി (Strobilanthes sps), കൂര (Curcuma sps) എന്നിവയാണ് മൂന്നാം തട്ടിലെ പ്രധാന സസ്യയിനങ്ങള്‍. കൂടാതെ ചൂരല്‍ (Calamus sps), രാമദന്തി (Smilax zeylanica), കാട്ടുകുമുരുളക് (Pepper sps) തുടങ്ങിയ വള്ളിച്ചെടികളും നിത്യഹരിതവനങ്ങളില്‍ വളരുന്നുണ്ട്.
ജന്തുവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ് നിത്യഹരിതവനങ്ങള്‍. കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ പ്രത്യേകിച്ചും സൈലന്‍റ്വാലിയില്‍ കണ്ടുവരുന്ന ഒരു സസ്തനിയാണ് സിംഹവാലന്‍ കുരങ്ങ് (Lion tailed macaque). ആന, കുറുക്കന്‍, കാട്ടുപോത്ത്, പുലി, പുള്ളിമാന്‍ തുടങ്ങിയവയാണ് ഇവിടെ സാധാരണയായി കണ്ടുവരുന്ന മറ്റു മൃഗങ്ങള്‍. കൂടാതെ, വിവിധയിനം ഷഡ്പദങ്ങളെയും കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ കാണാന്‍കഴിയും. നീലയക്ഷിപ്പക്ഷികള്‍ (Fairy bluebirds), വലിയ കരിഞ്ചുണ്ടന്‍ മരംകൊത്തി (Great black backed woodpecker), നാട്ടുവേഴാമ്പല്‍ (Indian hornbill), നീലഗിരി കാട്ടുപ്രാവ് (Nilgiri wood pigeon), വയനാടന്‍ ചിരിപ്പക്ഷി (Wayanad laughing thrush) തുടങ്ങിയ പക്ഷികള്‍ കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ മാത്രം കണ്ടുവരുന്നവയാണ്.
ഇടതൂര്‍ന്ന നിത്യഹരിതവനങ്ങള്‍, ഭൂമിക്കുമുകളില്‍ ഒരു ആവരണംപോലെ നിലകൊള്ളുന്നതിനാല്‍ വേനല്‍കാലങ്ങളില്‍ ബാഷ്പീകരണതോത് നന്നേ കുറക്കുകയും മണ്ണിലെ ഈര്‍പ്പത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, മണ്ണിന്‍െറ ജലാഗ്രഹണ (recharge) സാധ്യതയും ഇവിടെ കൂടുതലാണ്. തടികള്‍, തടിയിതര വനവിഭവങ്ങള്‍, ഈറ്റ, ചൂരല്‍ തുടങ്ങിയവക്കുപുറമെ ഒൗഷധസസ്യങ്ങളും നിത്യഹരിതവനങ്ങളില്‍ ലഭ്യമാണ്.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.