ചോര പൊടിക്കാം ജീവനായ്

Share it:
" സൗജന്യമായി നൽകൂ, ഇടയ്ക്കിടെ നൽകൂ; രക്തദാനം, ജീവൽപ്രധാനം," ഇത് രക്ത ദാന ദിനാചരണത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നാണ്. " ജീവൻ രക്ഷിക്കാൻ നിങ്ങൾ ഒരു ഡോക്ടറാകണമെന്നില്ല;രക്തദാതാവ് ആയാൽ മതി". ഇത് ലോകാരോഗ്യ സംഘടനയുടെ മറെറാരു പ്രസിദ്ധമായ മുദ്രാവാക്യമാണ്. A, B, 0 രക്ത ഗ്രൂപ്പ് വ്യവസ്ഥ കണ്ടുപിടിച്ച് നോബേൽ സമ്മാനം നേടിയ ഡോ.കാൾ ലാൻഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂൺ 14. ഈ വർഷത്തെ ആതിഥേയ രാഷ്ട്രം ചൈനയാണ്. ചൈനയിലെ ഷാങ്ഹായ് ബ്ലഡ് സെൻററിലാണ് പരിപാടികൾ അരങ്ങേറുക.

വർഷത്തിൽ മൂന്ന്!
ഹീമോഫീലിയ (ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാത്ത അവസ്ഥ) ,തലസീമിയ ( ഹീമോഗ്ലോബിൻ ശരിയായി നിർമ്മിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥ), സിക്കിൾസെൽ അനീമിയ (അരിവാൾ കോശവിളർച്ചാ രോഗം) തുടങ്ങിയ ജനിതക രോഗങ്ങൾ ഉള്ളവർക്ക് പലപ്പോഴും ജീവിതാന്ത്യം വരെ രക്തമോ രക്ത ഘടകങ്ങളോ കയറ്റേണ്ടി വരാറുണ്ട്. ഇത്തരം രോഗികളുടെ രക്ത ഗ്രൂപ്പ് അപൂർവ്വ ഇനത്തിൽ പെട്ടതാണെങ്കിൽ സ്ഥിതി കൂടുതൽ പരിതാപകരമാവും. ഇവിടെയാണ് രക്തദാനത്തിന്റെ പ്രസക്തി.
നിങ്ങളുടെ രക്തദാനം ഒരു ജീവൻ രക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ജീവൻ കൂടുതൽ കാലം നിലനിർത്താനും ഉപകരിക്കുന്നു. വർഷത്തിൽ മൂന്നു തവണ രക്തദാനം ചെയ്യുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ചില കണക്കുകൾ
  • ആഗോളതലത്തിൽ പ്രതിവർഷം 108 ദശലക്ഷം പേർ രക്തദാനം ചെയ്യുന്നു. ഇതിൽ പകുതിയോളം ജനസംഖ്യയുടെ 18% മാത്രം വരുന്ന സമ്പന്ന രാജ്യങ്ങളിലാണ് നടക്കുന്നത്.
  • ഇന്ത്യയടക്കമുള്ള വികസ്വര - വികസിത രാജ്യങ്ങളിൽ, രക്തം സ്വീകരിക്കുന്ന രോഗികളുടെ 65 %, 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്. എന്നാൽ സമ്പന്ന രാജ്യങ്ങളിലിത് 76% 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
  • രക്തദാതാക്കളാകുന്ന സ്ത്രീകളുടെ നിരക്ക് വളരെ കുറവാണ്. ആഗോളതലത്തിൽ സ്ത്രീ രക്തദാതാക്കൾ 30 ശതമാനമാണ്. രക്തദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് വരുന്ന സ്ത്രീകൾ മതിയായ ആരോഗ്യവും ശരീരഭാരവും ഹീമോഗ്ലോബിന്റെ അളവും ഇല്ലാത്തതിനാൽ ഒഴിവാക്കപ്പെടുന്നു. കേരളത്തിൽ കോളേജുകളും ക്ലബുകളും സംഘടനകളും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ സ്ത്രീ രക്തദാതാക്കളുടെ എണ്ണം തുലോം കുറവാണ്.
  • 2020 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലും സുരക്ഷിത രക്തത്തിന്റെ ലഭ്യത 100% ഉറപ്പുവരുത്താൻ സന്നദ്ധ രക്തദാതാക്കളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ പ്രേരിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം
സുരക്ഷിത രക്തം
ദാതാക്കളിൽ നിന്ന് സ്വീകരിക്കുന്ന രക്തം പൂർണ്ണ സുരക്ഷിതമാകണം. രക്തത്തിലൂടെ പകരുന്ന മാരകരോഗങ്ങളുടെ അണുക്കൾ ദാതാവിന്റെ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ രക്ത ബാങ്കുകളിലുണ്ട്.എന്നിരിക്കിലും, രക്തദാതാക്കളെ തെരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. പ്രതിഫലം ആഗ്രഹിച്ച് വരുന്ന രക്തദാതാക്കളെ തീർത്തും ഒഴിവാക്കുകയും സൗജന്യമായി നൽകുന്ന സന്നദ്ധദാതാക്കളുടെ രക്തം ഉപയോഗിക്കുകയും വേണം.

ആർക്കൊക്കെ ചെയ്യാം?
  • പൂർണ്ണ ആരോഗ്യം നിർബന്ധം.
  • 18 വയസ്സിനും 60 വയസ്സിനും ഇടയിലായിരിക്കണം പ്രായം.
  • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഏറ്റവും ചുരുങ്ങിയത് 12.5 ഗ്രാം ശതമാനമെങ്കിലും വേണം.
  • 45 കിലോഗ്രാം എങ്കിലും ശരീരഭാരം വേണം.
  • രക്തദാനത്തിന്റെ തലേദിവസം രാത്രി നന്നായി ഉറങ്ങിയിരിക്കണം.അതായത് തലേ ദിവസം ഉറക്കമൊഴിച്ച്, ക്ഷീണിതരായി പിറ്റേന്ന് രക്തം കൊടുക്കാൻ ചെല്ലരുത് എന്നർത്ഥം.
  • രക്തദാനത്തിന് മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം.
പാടില്ലാത്തവർ
  • എയ്ഡ്സ് ,ലൈംഗികരോഗങ്ങൾ, മഞ്ഞപ്പിത്തം, മലമ്പനി, കരൾ - വൃക്ക രോഗങ്ങൾ, അർബുദം, പനി, പ്രമേഹം, രക്താതിമർദ്ദം, ചുഴലി, മാനസിക രോഗങ്ങൾ തുടങ്ങിയ യാതൊരു അസുഖവും രക്തദാതാവിന് ഉണ്ടാകരുത്.
  • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മാസമുറ സമയത്ത് അമിത രക്തസ്രാവമുണ്ടാകുന്നവർ, ഏതെങ്കിലും കുത്തിവെയ്പ്പുകൾ അടുത്തകാലത്ത് എടുത്തവർ, മരുന്നുകൾ കഴിക്കുന്നവർ, ലഹരി പദാർത്ഥങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഇവരൊക്കെ തന്നെ രക്തദാനത്തിന് അയോഗ്യരാണ്.
എത്ര എളുപ്പം!
  • രക്തദാനത്തിനുള്ള രക്തം എടുക്കൽ കേവലം 5-7 മിനുട്ടുകൊണ്ട് അവസാനിക്കും.
  • രക്തം കട്ടപിടിക്കാതിരിക്കാനും രക്തകോശങ്ങൾ നശിക്കാതിരിക്കാനുമുള്ള രാസപദാർത്ഥങ്ങളടങ്ങിയ പ്രത്യേക പ്ലാസ്റ്റിക് ബാഗുകളിലാണ് രക്തം ശേഖരിക്കുക.
  • ഒരിക്കൽ രക്തദാനം ചെയ്യുമ്പോൾ രക്തദാതാവിൽ നിന്ന് കേവലം 350 മില്ലി ലിറ്റർ രക്തമാണ് എടുക്കുക. അത് ശരീരത്തിലെ മൊത്തം രക്തത്തിന്റെ 16-ൽ ഒരു ഭാഗം മാത്രമാണ്. രക്തദാനം യാതൊരു ക്ഷീണവും, ഉന്മേഷ കുറവും ഉണ്ടാക്കില്ല.
  • പ്രത്യേകം അണുവിമുക്തമാക്കിയ, ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന സൂചി കൊണ്ടാണ് രക്തമെടുക്കുക. രക്തമെടുക്കുന്ന പ്രക്രിയ ലളിതവും പൂർണ്ണ സുരക്ഷിതവുമാണ്.
  • ദാതാക്കളിൽ നിന്നെടുത്ത രക്തം, താപനില പ്രത്യേകം ക്രമീകരിച്ച രക്ത ബാങ്ക് റഫ്രിജറേറ്ററുകളിൽ 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. എന്നാൽ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഒരു വർഷം വരെ സൂക്ഷിക്കാനാകും.
രക്തദാനത്തിനു ശേഷം
  • രക്തദാനം ചെയ്ത ഉടനെ കഠിനജോലികൾ ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും വെയിലേൽക്കുന്നതും ഒഴിവാക്കണം.
  • ധാരാളം വെള്ളം കുടിക്കണം.
  • ഒരു മണിക്കൂറെങ്കിലും വിശ്രമിക്കണം.
  • രക്തദാതാവിന് പാനീയവും ലഘുഭക്ഷണവും, ആവശ്യമെങ്കിൽ അടിയന്തിര പരിചരണവും ലഭിക്കാൻ രക്ത ബാങ്കുകളിൽ സംവിധാനമുണ്ട്.
രക്തം എവിടേക്ക്?
  •  ദാതാക്കളിൽ നിന്ന് രക്തം സ്വീകരിക്കുകയും പരിശോധനയ്ക്ക് ശേഷം സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്ന സ്ഥലമാണ് രക്തബാങ്ക്.
  •  രക്ത ബാങ്ക് ആസ്പത്രിയോട് ചേർന്നോ അല്ലാതെയൊ പ്രവർത്തിക്കാം.
  • സുരക്ഷാ മാനദണ്ഡവും ഗുണനിലവാരവും ഉറപ്പുവരുത്തി പ്രവർത്തനാനുമതി നൽകുന്നത് ഡ്രഗ് കൺട്രോളറാണ്.
  • രക്തദാതാവിനെ സ്വീകരിക്കാനും രക്തദാനത്തിന് ശേഷം ശ്രദ്ധിക്കാനും ഡോക്ടറും നഴ്സും പാരാമെഡിക്കൽ ജീവനക്കാരും രക്തബാങ്കുകളിലുണ്ടാകും.
  • പിറന്നാളിനും മറ്റ് വിശേഷാവസരങ്ങളിലും രക്തദാനം ഒരു ശീലമാക്കുക.
  • ഒരാളുടെ ജീവൻ രക്ഷിക്കാൻ തന്റെ ഏതാനും തുള്ളി രക്തത്തിന് ആകുമെങ്കിൽ അതിൽപരം പുണ്യം മറ്റെന്തുണ്ട്?
ഒന്നിൽ നിന്ന് പലതിലേക്ക്
ആവശ്യത്തിനനുസരിച്ച് രക്തം കിട്ടുന്നില്ല എന്നത് സത്യമാണ്. സന്നദ്ധദാനം വഴി ലഭിക്കുന്ന രക്തം ഫലപ്രദമായും കൂടുതൽ പേർക്കും ഉപയോഗിക്കാൻ കഴിയുന്ന നൂതന സംവിധാനമാണ് രക്ത ഘടകവിശ്ലേഷണ യൂണിറ്റുകൾ. രക്തം വിവിധ ഘടകങ്ങളായി വേർതിരിച്ചെടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. ചുവന്ന രക്താണുക്കൾ, പ്ലാസ്മ ,പ്ലേറ്റ് ലെറ്റ് കോൺസൻട്രേറ്റ്, ക്രയോ പ്രെസിപ്പിറേററ്റ് തുടങ്ങിയ ഘടകങ്ങൾ രോഗാവസ്ഥയ്ക്കനുസരിച്ച് രോഗികൾക്ക് ഉപയോഗപ്പെടുത്തുക വഴി ഒരാൾ നൽകുന്ന രക്തം ഒന്നിലധികം രോഗികൾക്ക് പ്രയോജനപ്പെടുന്നു.
Share it:

രക്തം

Post A Comment:

1 comments:

  1. രക്തദാനം, ജീവൽപ്രധാനം,

    ReplyDelete