ഹായ് എന്തു മായം! - 1

Share it:
സ്കൂൾ വിട്ട് ഓടിവരുന്ന ഉണ്ണി വീട്ടുപടിക്കലെത്തുമ്പോഴേ വിളിച്ചു പറയും : "വിശന്നീട്ടു വയ്യേ! കഴിക്കനെന്തുണ്ട്?" അതറിയാവുന്നതുകൊണ്ട് അമ്മ ഇലയടയോ അവലു വിലയിച്ചതോ മറ്റെന്തെങ്കിലും നാടാൻ പലഹാരമോ തയ്യാറാക്കി മക്കളെ കാത്തിരിക്കുകയാവും. ഇത് പഴങ്കഥ, ഇന്ന് ഇത്തരം ഭക്ഷണം ഉണ്ടാക്കാൻ അമ്മമാർക്ക് നേരമില്ല. ഉണ്ടാക്കിയാൽ തന്നെ കൂട്ടുകാർക്ക് അതിൽ താല്പര്യവും ഇല്ല. അവർക്ക് നൂഡിൽസ് മതി. 

കാലം മാറി ആഹാരശീലങ്ങളും. കാർഷികസംസ്കാരം അന്യം നിന്ന് പോയിരിക്കുന്നു. പഴയ കാലത്ത് കാർഷിക കേരളം ധാരാളം പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോൾ ജനം വർദ്ധിച്ചു. ഉദ്പാദനം കുറഞ്ഞു. പച്ചക്കറികൾക്കും അരിക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറികളെ കാത്തിരിപ്പായി. എന്തും വിലകൊടുത്തുവാങ്ങാവുന്നവരായി നാം മാറി. കേരളം ഒന്നാംതരം ഉപഭോക്തൃ സംസ്ഥാനമായി. ഉപഭോക്താവിന്റെ അറിവില്ലായിമ മുതലെടുത്ത്‌ കച്ചവടക്കാർ സകല വസ്തുക്കളിലും മായം കലർത്താൻ തുടങ്ങി. അവർ വിൽക്കുന്ന വിഷം കലർന്ന വസ്തുക്കൾ നാം രുചിയോടെ ഭക്ഷിക്കാനും തുടങ്ങി.  

കേടാവാതെ നിൽക്കുന്ന ബേക്കറിപ്പലഹാരങ്ങൾ 
ചിപ്സ് മുതൽ ബേക്കറിയിൽ കിട്ടുന്ന എണ്ണപ്പലഹാരങ്ങളെല്ലാം എത്ര ദിവസം കഴിഞ്ഞാലും കേടാവാതെ നിൽക്കുന്നത് കണ്ടിട്ടില്ലേ? എന്താണ് ഇതിന് കാരണം? ഉത്തരം ലളിതം, അതിനു വേണ്ടി അവയിൽ രാസവസ്തുക്കൾ ഉപയോഗിച്ചീട്ടുണ്ട്. വറുത്തെടുക്കാൻ ഉപയോഗിച്ച എണ്ണ കേടാവാതിരിക്കാനുള്ള രാസവസ്തുക്കളാണ് ഇവയിൽ ഉപയോഗിക്കുക. ഈ രാസവസ്തുക്കൾ അർബുദത്തിന് വഴിവയ്ക്കുന്നവയാണ്. മാത്രമല്ല ഇവയിൽ ഉപ്പിന്റെ അംശം കൂടുതലായിരിക്കുമെന്നതിനാൽ അത് ഉയർന്ന രക്ത സമ്മർദത്തിനും കാരണമാവും.

ഭക്ഷണം കേടാവില്ല; ശരീരം കേടാവട്ടെ..!
ഉപ്പിലിട്ട മാങ്ങ എത്ര നാൾ വേണമെങ്കിലും കേടാവാതെ ഉപയോഗിക്കുന്നത് നാട്ടിമ്പുറങ്ങളിൽ സർവസാധാരണമാണ്. അതുപോലെ അച്ചാർ ഉണ്ടാക്കുമ്പോൾ അത് കേടാവാതിരിക്കാൻ ഒന്നോ രണ്ടോ തുള്ളി വിനാഗിരിയും ചേർക്കാറുണ്ട്. ഭക്ഷണസാധനങ്ങൾ കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന വിനാഗിരി പോലുള്ള രാസവസ്തുക്കളെ പ്രിസർവേറ്റീവുകൾ എന്നാണ് വിളിക്കുന്നത്. എല്ലാ പ്രിസർവേറ്റീവുകളും മാരക വിഷാംശം ഉള്ളവ അല്ലെങ്കിലും ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത് കാർബണിക സംയുക്തങ്ങളടങ്ങിയ പ്രിസർവേറ്റീവുകളാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

ജാം, സ്ക്വാഷ്, വൈൻ , സോസുകൾ, ഡ്രൈഫ്രുട്ടുകൾ ഇവയിൽ പൂപ്പൽ വരാതിരിക്കാനുപയോഗിക്കുന്ന സോഡിയം സൾഫൈററ് , സോഡിയം മെറ്റാബൈ സൾഫൈററ്, പൊട്ടാസ്യം മെറ്റാബൈ സൾഫൈററ്, പൊട്ടാസ്യം സൾഫൈററ് എന്നിവ അലർജിക്ക് വഴിവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഭക്ഷണപദാർത്ഥങ്ങളിൽ സുക്ഷ്മജീവികളുടെ വളർച്ച തടയാൻ ഉപയോഗിക്കുന്ന ബെൻസോയിക് ആസിഡ് മൂത്രാശയ രോഗങ്ങൾക്കും അലർജിക്കും കാരണമാകുമെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

മായം

Post A Comment:

0 comments: