പടയണി - 01 (Padayani)

Share it:

മധ്യതിരുവിതാംകൂറിലെ ഭഗവതി ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള പടയണി അതിൻറെ അവതരണവും ശൈലിയും കൊണ്ട് മറ്റ് അനുഷ്ഠാന കലകളിൽ നിന്ന് വ്യത്യസ്തമാണ്. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ പ്രതീകമായ പടയണിയെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ കൂട്ടുകാരെ....
ശിവന്റെ പുത്രിയായ കാളി, ദാരികാസുരനെ വധിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത കാളി അലറിവിളിച്ചുകൊണ്ട് കൈകലാസത്തിലെത്തി. കാളിയെ ഏതുവിധേനയും സാന്ത്വനിപ്പിക്കണമല്ലോ. ശിവനും ഭൂതഗണങ്ങളും കൂടി വഴികണ്ടു. ശിവൻ വേഷം മാറി വിനോദമാടി. സുബ്രഹ്മണ്യൻ പച്ചപ്പാളയിൽ കോലമെഴുതുകയും ഭൂതഗണങ്ങൾ കോലം വെച്ചുകെട്ടി ഉറഞ്ഞുതുള്ളുകയും ചെയ്തു. ഗണപതി തപ്പുകൊട്ടി, സ്വന്തം രൂപം കളത്തിലെഴുതിയിരിക്കുന്നത് കണ്ട് കാളി കലിയടങ്ങി പൊട്ടിച്ചിരിച്ചുപോയെന്നാണ് കഥ. മധ്യതിരുവിതാംകൂറിലെ ഭഗവതി കാവുകളിൽ കാവിലമ്മയുടെ ഇഷ്ടവഴിപാടായി നടത്തുന്ന പടയണി അഥവാ പടേനിയുടെ ഐതിഹ്യമാണിത്. കുംഭമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന 28 ദിവസങ്ങളിലാണ് സാധാരണ പടയണി നടത്താറ്. എന്നാൽ കടമ്മനിട്ടയിൽ ഇത് മേട മാസത്തിലാണ്.

പടയണിക്കോലം
കറുപ്പ്, മഞ്ഞ, ചുവപ്പ്, വെള്ള, പച്ച എന്നീ അഞ്ച് നിറങ്ങളിൽ പച്ചപ്പാളയിൽ കോലം എഴുതുന്നു. കറുപ്പിന് മാവില ചുട്ടുകരിച്ചതോ ചിരട്ടക്കരിയോ ഉപേയാഗിക്കും. മഞ്ഞൾ വർഗ്ഗത്തിൽപെട്ട മഞ്ഞച്ചണ്ണ എന്നൊരു ചെടിയുണ്ട്. അതിന്റെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞാണ് മഞ്ഞ ഉണ്ടാക്കുന്നത്. ചുവപ്പിന് ചെങ്കൽ ഉരച്ചെടുക്കുന്നു. പച്ചപ്പാള ചെത്തിയെടുത്താൽ വെളുപ്പും ചെത്താത്ത പാളയ്ക്ക് പച്ചയും കിട്ടും. കുരുത്തോലയുടെ മടൽ കീറിയെടുത്ത് അറ്റം ചതച്ചാണ് കോലം വരയ്ക്കുന്നതിന് ആവശ്യമായ ബ്രഷ് ഉണ്ടാക്കുക. പച്ചപ്പാളയിൽ കോലങ്ങൾ വരയ്ക്കുന്നു. എന്നിട്ട് അത് കവുങ്ങിൻ തടി കീറിയെടുത്ത ചട്ടത്തിൽ പച്ചീർക്കിൽകൊണ്ട് തയ്ച്ചുപിടിപ്പിക്കുന്നു. ഗണകസമുദായത്തിൽപ്പെട്ടവരാണ് സാധാരണയായി കോലങ്ങൾ വരയ്ക്കാറ്. ഭൈരവി, രക്തചാമുണ്ഡി, ഗണപതി പിശാച്, മാടപ്പക്ഷി, യക്ഷി, കാലൻ, കുതിര, നായ്, കാഞ്ഞിരമാല തുടങ്ങിയ അനേകം കോലങ്ങൾ വാദ്യങ്ങളുടെയും പാട്ടിൻറെയും അകമ്പടിയോടെ ഉറഞ്ഞുതുള്ളുന്നു. ഏറ്റവും വലിയ കോലം ഭൈരവിക്കോലമാണ്. അൻപത്തിയൊനോ നൂറ്റിയൊനോ പാളകൾ ഉപയോഗിക്കുന്നു. എന്നാൽ അനേകം പാളകൾ ഉപയോഗിച്ചുള്ള ദൈരവിയുടെ വലിയ കോലങ്ങളും ഇപ്പോൾ സാധാരണമാണ്.

മുന്നൊരുക്കം
അനേകം ചടങ്ങുകളാൽ സമ്പന്നമാണ് പടയണി, ആരംഭിക്കുന്നതിനു മുമ്പായി ചുട്ടുവെപ്പ് എന്നൊരു ചടങ്ങുണ്ട്. കാവിലമ്മയെ തപ്പുകൊട്ടി വിളിച്ചിറക്കുന്ന മറ്റൊരു ചടങ്ങുമുണ്ട്. ഇതിനെ "വിളിച്ചിറക്കൽ' അല്ലെങ്കിൽ 'കൊട്ടിവിളിക്കൽ" എന്നു പറയുന്നു. മൂന്നാമത്തെ ദിവസം മുതലാണ് പടയണിയുടെ പ്രധാനപ്പെട്ട പല ചടങ്ങുകളും ആരംഭിക്കുന്നത്. എരിയുന്ന ചുട്ടുവെളിച്ചത്തിലാണ് പടയണി തുള്ളുന്നത്. അതുകൊണ്ട് പടയണിക്ക് ചുട്ടുപടയണി എന്നും പേരുണ്ട്. പടയണിക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാദം തപ്പാണ്. പുറം ചെത്തിയ മരവളയത്തിന്മേൽ തുകൽ പൊതിഞ്ഞാണ് തപ്പ് എന്ന വാദ്യം ഉണ്ടാക്കുന്നത്. തുകൽ പൊതിയാനായി പനച്ചിവൃക്ഷത്തിന്റെ കായിൽനിന്ന് പശയെടുത്ത് പാറ പൊടിച്ചെടുത്ത പൊടിയും ചേർത്ത് തുകൽ മരവളയത്തിന്മേൽ ഒട്ടിക്കുന്നു.


ഇരുന്നുകൊണ്ടാണ് തപ്പുകൊടുക്കുന്നത്. കാലിൽ തപ്പ് ഉറപ്പിച്ച് രണ്ടുകൈകൊണ്ടും ശക്തിയിൽ അടിച്ചാണ് തപ്പ് കൊട്ടുക. തപ്പ് തീയിൽ ചുടാക്കാതെ കൊട്ടുന്നതിന് പച്ചത്തപ്പ് കൊട്ടുക എന്നും ആഴിയിൽ ചൂടാക്കി കൊട്ടുന്നതിന് കാച്ചിക്കൊട്ടുക എന്നും പറയും. നാനാജാതി ആളുകൾക്കും പടയണി എന്ന കലാരൂപത്തിൽ പല രീതിയിൽ പ്രാധാന്യമുണ്ട്. കോലത്തിന് ചട്ടം ഉണ്ടാക്കുന്നത് ആശാരിയാണെങ്കിൽ മാരൻ പാട്ട് പാടുകയും കിപ്പടയ്ക്ക് ഇരിക്കുകയും കോലം എഴുതുകയും ചെയ്യുന്നത് ഗണകസമുദായാംഗങ്ങളുടെ അവകാശമാണ്. കോലത്തിന് ചുട്ടും കുരുത്തോലയും പാളയും മറ്റും സംഘടിപ്പിച്ചുകെണ്ടുവരേണ്ടത് തണ്ടാന്മാരും ചുട്ട് കത്തിച്ചുപിടിക്കേണ്ടത് കുറവന്മാരുമാണ്. ഒട്ടേറെ കലാകാരന്മാരുടെ സമ്മേളനമാണ് പടയണി. നായന്മാരുൾപ്പെടെയുള്ള മറ്റ് ജാതിയിൽപ്പെട്ടവരും ഇപ്പോൾ പടയണി കലാകാരന്മാരായിട്ടുണ്ട്. പടയണിയെ പ്രശസ്തമാക്കിയതിന് പിന്നിൽ കവി കടമ്മനിട്ട രാമകൃഷ്ണനും കടമ്മനിട്ട വാസുദേവൻപിള്ളയ്ക്കുമുള്ള പങ്ക് വളരെ പ്രധാനമാണ്.
തുടരും ..
Share it:

അനുഷ്ഠാന കല

പടയണി

Post A Comment:

0 comments: