ഭാരതീയ ചക്രവർത്തിമാർ - 02

രണ്ടാം അശോകൻ
കുഷാന വംശത്തിലെ രാജാവായ കനിഷ്കൻ (ക്രി .പി 78-120) നാണ് ശകവർഷം സ്ഥാപിച്ചത്. പുരുഷപുരം എന്നറിയപ്പെട്ടിരുന്ന പെഷവാർ ആയിരുന്നു തലസ്ഥാനം. ബുദ്ധ മതത്തിനായി കനിഷ്കൻ അനുഷ്ഠിച്ച സേവനങ്ങളുടെ പേരിൽ 'രണ്ടാം അശോകൻ' എന്നും വിശേഷിപ്പിക്കപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച നഗരമാണ് കനിഷ്കപുരം. ഇക്കാലത്താണ് 'ഗാന്ധാരകല' രൂപംകൊണ്ടത്. അന്നത്തെ ശിൽപാവശിഷ്ടങ്ങൾ ഗാന്ധാരത്തിൽ കൂടുതൽ കാണപ്പെട്ടതിനാലാണ് ആ കലാരീതിക്ക് ഗാന്ധാരകല എന്ന പേരു ലഭിച്ചത്. ഭാരതീയ രൂപങ്ങളും യവന (ഗ്രീക്ക്) കലാരീതികളും തമ്മിലുള്ള സങ്കലനമാണ് ഈ കലാരീതി.

ഗുപ്തമഹത്വം
ക്രി.പി മൂന്നാം ശതകത്തിന്റെ അന്ത്യത്തിൽ മഗധ ആസ്ഥാനമാക്കി ഭരണം നടത്തിയ ശ്രീ ഗുപ്തനാണ് ഗുപ്തരാജവംശ സ്ഥാപകൻ. ആദ്യത്തെ പ്രമുഖ രാജാവ് ചന്ദ്രഗുപതൻ ഒന്നാമനാ (320-330) ണ്. അദ്ദേഹത്തിന്റെ പുത്രനും പിൻഗാമിയുമായ സമുദ്രഗുപ്തൻ (330-380) ഇന്ത്യൻ നെപ്പോളിയൻ എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഗുപ്തവംശത്തിലെ ഏറ്റവും കീർത്തിമാനായ രാജാവായിരുന്നു ചന്ദ്രഗുപ്തൻ രണ്ടാമൻ (380-414). "വികമാദിത്യൻ' എന്ന സ്ഥാനപ്പേർ സ്വീകരിച്ച അദ്ദേഹം ഹിന്ദുമതത്തിന്റെ പുരസ്കാരകർത്താവ് കൂടിയായിരുന്നു. ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള പല ഐതീഹ്യങ്ങളിലെ കഥാനായകനായ വികമാദിത്യനും ചന്ദ്രഗുപ്തൻ രണ്ടാമനും ഒരാളാണെന്നും കരുതപ്പെടുന്നു.

വർദ്ധനന്മാർ
ഹൂണന്മാരുടെ ആക്രമണത്തെ തുടർന്ന് ഗുപ്തസാമ്രാജ്യം ഛിന്നഭിന്നമായി തത്സ്ഥാനത്ത് പല ചെറുകിട രാജ്യങ്ങൾ നിലവിൽ വന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായിരുന്ന കുരുക്ഷേത്രത്തിന് സമീപത്തെ താനേശ്വരം തലസ്ഥാനമാക്കി ഉയർച്ച പ്രാപിച്ച വർദ്ധനന്മാരുടെ രാജ്യം. പുഷ്യഭൂതി സ്ഥാപിച്ച ഈ വംശത്തിലെ പ്രധാനിയായിരുന്നു പ്രഭാകരവർദ്ധനൻ, രാജ്യവർദ്ധനൻ, ഹർഷവർദ്ധനൻ, രാജ്യശ്രീ എന്നിവർ അദ്ദേഹത്തിന്റെ മക്കളായിരുന്നു. കനൗജിലെ രാജാവായ ഗ്രഹവർമ്മനാണ് രാജ്യശീയെ വിവാഹം കഴിച്ചത്.

ഹർഷൻ
താനേശ്വരം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയെ നേരിട്ട വേളയിലാണ് ഹർവർദ്ധനൻ (606-647) അധികാരമേറ്റത്. തന്റെ ജ്യേഷ്ഠനും രാജാവുമായിരുന്ന രാജ്യവർദ്ധനനും സഹോദരീഭർത്താവായ ഗഹവർമ്മനും ബംഗാൾ -മാൾവ രാജാക്കന്മാരുടെ ഗൂഢാലോചന നിമിത്തം വധിക്കപ്പെട്ടിരുന്നു. ഈ ദുരന്തത്തിൽ നടുങ്ങിയ സഹോദരീ രാജ്യശ്രീ സതി അനുഷ്ഠിക്കാനുള്ള ദൃഢനിശ്ചയത്തോടെ വനാന്തർ ഭാഗത്തേക്ക് പോയി. ഈ സന്നിഗ്ധഘട്ടത്തിൽ 16 വയസ് കാരനായ ഹർവർദ്ധനൻ രാജാവായി അവരോധിക്കപ്പെട്ടു. കൗമാരക്കാരനായിരുന്നിട്ടും ഹർഷൻ അവസരോചിതമായി പ്രവർത്തിച്ചു. യഥാസമയം തന്നെ വിന്ധ്യൻ വനങ്ങളിലെത്തി സഹോദരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.

ഉത്തരേന്ത്യയിൽ വൻ സൈനിക വിജയങ്ങൾ നേടാൻ ഹർഷന് സാധിച്ചു. എന്നാൽ വിന്ധ്യന് തെക്ക് വമ്പിച്ച പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ക്രി.പി 636ൽ നർമദാതീരത്ത് വച്ചുനടന്ന യുദ്ധത്തിൽ ചാലൂക്യരാജാവായ പുലികേശി രണ്ടാമൻ ഹർഷനെ തോൽപിച്ചു. മുസ്ലിം ആധിപത്യം സ്ഥാപിതമാകുന്നതിന് മുമ്പുള്ള ഉത്തര ഭാരതത്തിലെ അവസാനത്തെ മഹാനായ രാജാവായിരുന്നു ഹർഷൻ.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.