ഈശ്വർ ചന്ദ്ര വിദ്യാസാഗർ

Share it:
പണ്ഡിതനും സാമൂഹ്യപരിഷ്കർത്താവും മനുഷ്യസ്നേഹിയുമായ ഈശ്വരചന്ദ്ര വിദ്യാസാഗർ 1820 സെപ്റ്റംബർ 26ന് ബംഗാളിലെ മിഡ്നാപൂർ ജില്ലയിലെ ബീർ സിംഹാ ഗ്രാമത്തിൽ ജനിച്ചു. താക്കൂർ ദാസ് ബന്ദോപാധ്യായയും ഭഗവതി ദേവിയുമായിരുന്നു മാതാപിതാക്കൾ. സാമൂഹിക പരിഷ്കരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഈശ്വർ ചന്ദ്ര, ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ഉന്നത വിദ്യാഭ്യാസം നേടിയത്. സംസ്കൃതത്തിലും തത്വചിന്തയിലുമുള്ള അഗാധ പാണ്ഡിത്യം മൂലമാണ് അദ്ദേഹത്തിന് 'വിദ്യാസാഗർ' എന്ന ബഹുമതി ലഭിച്ചത്.

മനുഷ്യസ്നേഹി

1851 ൽ അദ്ദേഹം കൊൽക്കത്ത സംസ്കൃത കോളേജ് പ്രിൻസിപ്പലായി. വലിയൊരു സംസ്കൃതപണ്ഡിതനായ വിദ്യാസാഗർ പാശ്ചാത്യ ചിന്തയിലെ നല്ല വശങ്ങൾ ഉൾക്കൊണ്ടു. ഉദാത്തമായ സ്വഭാവവും അതുല്യമായ ധൈഷണികതയും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. നിർഭയത്വം, ലളിത ജീവിതം, ഉന്നത ചിന്തകൾ, സുതാര്യവും ഹൃദ്യവുമായ പെരുമാറ്റം എന്നീ ഗുണങ്ങൾ കൊണ്ട് വിദ്യാസാഗർ എല്ലാ വിഭാഗം ജനങ്ങളുടെയും മനം കവർന്നു. ദരിദ്രരോടും മർദ്ദിതരോടും അതിയായ അനുകമ്പയുള്ള ഈ മനുഷ്യസ്നേഹി താൻ ധരിച്ച പുത്തൻകോട്ടു പോലും വഴിയിൽ കാണുന്ന ഭിക്ഷക്കാർക്ക് നൽകാൻ മടിച്ചിരുന്നില്ല.
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വൈവിധ്യമാർന്ന സേവനങ്ങളാണ് വിദ്യാസാഗർ നൽകിയത്. "ബംഗാളി ബാലപാഠം എഴുതിയുണ്ടാക്കിയ വിദ്യാസാഗർ തന്റെ രചനകളിലൂടെ ആധുനിക ബംഗാളി ഗദ്യശൈലിയുടെ വളർച്ചയെ സഹായിച്ചു. അബ്രാഹ്മണ വിദ്യാർത്ഥികൾക്ക് സംസ്കൃത കോളേജിൽ പ്രവേശനം നൽകിയ വിദ്യാസാഗർ കോളേജിൽ പാശ്ചാത്യ ചിന്തയുടെ പഠനവും ഏർപ്പെടുത്തി.

വിധവാ വിവാഹം

അടിച്ചമർത്തപ്പെട്ട ഇന്ത്യൻ വനിതകളുടെ ഉന്നമനത്തിനായി നടത്തിയ നിസ്വാർഥ സേവനങ്ങളുടെ പേരിലാണ് വിദ്യാസാഗർ ഇന്നും സ്മരിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ രാജാറാം മോഹൻറായുടെ യഥാർത്ഥ പിൻഗാമിയായിരുന്നു ഇദ്ദേഹം. വിധവകളുടെ ദയനീയ സ്ഥിതി വിദ്യാസാഗറിലെ മനുഷ്യ സ്നേഹിയെ ഏറെ വേദനിപ്പിച്ചു. 1855 ൽ വിധവാ വിവാഹത്തിനായി വിദ്യാസാഗർ ശക്തമായി വാദിച്ചു. തുടർന്ന് വിധവാ വിവാഹത്തിന് അനുകൂലമായ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചു. വിധവാ വിവാഹം നിയമവിധേയമാക്കി കൊണ്ട് ഒരു നിയമം പാസാക്കണം എന്നാവശ്യപ്പെട്ട് ബംഗാൾ, മുംബൈ, മദ്രാസ്, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഗവൺമെന്റിന് നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടു. ഈ പ്രക്ഷോഭങ്ങളുടെ ഫലമായി വിധവാ വിവാഹം നിയമവിധേയമാക്കി കൊണ്ട് സർക്കാർ നിയമം പാസാക്കി. ഉയർന്ന ജാതിക്കാർക്കിടയിലെ ആദ്യ നിയമാനുസൃത വിധവാവിവാഹം 1856 ഡിസംബർ ഏഴിന് വിദ്യാസാഗർ മേൽനോട്ടത്തിൽ കൊൽക്കത്തയിൽ ആഘോഷപൂർവ്വം നടന്നു. ഇതോടെ വിധവാവിവാഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വിദൂര ഗ്രാമങ്ങളിൽ സ്ത്രീകൾക്കിടയിൽ പോലും പ്രധാന ചർച്ചാ വിഷയമായി . അനുകൂലമായ സാമൂഹിക പ്രതികരണം ഇതോടെ ഉണ്ടായി.
വിദ്യാസാഗർ ദീർഘായുഷ്മാൻ ആകട്ടെ എന്ന വാചകം ബോർഡറിൽ നെയ്തെടുത്ത പ്രത്യേകതരം സാരി ഈ അവസരത്തിൽ ശാന്തിപ്പൂരിലെ നെയ്ത്തുകാർ പുറത്തിറക്കി. വിധവാ വിവാഹത്തിനായി പ്രവർത്തിച്ചതിനാൽ യാഥാസ്ഥിതികർ വിദ്യാസാഗറെ കടുത്ത ശത്രുവായും കരുതി. ജീവനു പോലും ഭീഷണി ഉണ്ടായെങ്കിലും അദ്ദേഹം അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയി.

അനാചാരങ്ങൾക്കെതിരെ

സമൂഹത്തിലെ ശൈശവവിവാഹം, ബഹുഭാര്യത്വം എന്നീ അനാചാരങ്ങൾക്കെതിരെ വിദ്യാസാഗർ പോരാടി. സ്ത്രീവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് അതീവ താല്പര്യം ഉണ്ടായിരുന്നു. ഗവൺമെന്റ് സ്കൂൾ ഇൻസ്പെക്ടർ എന്ന നിലയിൽ വിദ്യാസാഗർ പെൺകുട്ടികൾക്കായി 35 സ്കൂളുകൾ ആരംഭിച്ചു. ഇവയിൽ പലതും സ്വന്തം ചെലവിലാണ് അദ്ദേഹം നടത്തിയിരുന്നത് 1849 ൽ കൊൽക്കത്തയിൽ സ്ഥാപിച്ച ബത്യൂൺ സ്കൂൾ സെക്രട്ടറിയായ വിദ്യാസാഗർ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് തുടക്കം ഇട്ടവരിൽ പ്രധാനിയാണ്. സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഇന്ത്യയിൽ എതിർപ്പു രൂക്ഷമായിരുന്നു. വിദ്യാഭ്യാസം നേടിയ സ്ത്രീകൾ വിധവകൾ ആയിത്തീരുമെന്ന് വിശ്വാസം പോലും ഉണ്ടായിരുന്നു. ബത്യൂൺ സ്കൂളിന് ഇക്കാരണത്താൽ പഠിതാക്കളെ ലഭിക്കാൻ വിഷമമായിരുന്നു. വിദ്യാർഥിനികൾക്കു നേരെ ഭീഷണിയും അധിക്ഷേപവും പതിവായിരുന്നു. മാതാപിതാക്കൾക്ക് സാമൂഹ ബഹിഷ്ക്കരണം പോലും നേരിടേണ്ടിവന്നു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിത കാദംബിനി ഗാംഗുലിയായിരുന്നു.

എഴുത്തുകാരൻ

സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വിദ്യാസാഗർ പത്രപ്രവർത്തകൻ ,ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്. സർവ ശുഭംകരി പത്രിക, തത്വ ബോധിനി പത്രിക, സോമ പ്രകാശ് എന്നീ ആനുകാലികങ്ങളുടെ സ്ഥാപനത്തിൽ വിദ്യാസാഗർ സുപ്രധാന പങ്കുവഹിച്ചു. ബംഗ്ലാർ ഇതിഹാസ്, വിധവാ വിവാഹ്, പർണ പരിചയ്, കഥാമാല, സീതാവന വാസ് മുതലായവ അദ്ദേഹത്തിന്റെ കൃതികളാണ്. രഘുവംശം, കിരാതാരജുനീയം, ശിശുപാല വധം, കാദംബരി , അഭിജ്ഞാനശാകുന്തളം, മേഘദൂതം, സർവ ധർമം സംഗ്രഹം തുടങ്ങിയ സംസ്കൃത കൃതികൾക്ക്

വിദ്യാസാഗർ വ്യാഖ്യാനമെഴുതി. വിദ്യാസാഗർ എന്ന സ്നേഹസാഗരം 1891 ജൂലൈ 29 ന് അന്തരിച്ചു.
Share it:

വ്യക്തികള്‍

Post A Comment:

0 comments: