ഇന്ന് ലോക ജലദിനം

Share it:
ഇന്ന് ലോക ജലദിനം.  നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്.  പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം.

 ഇനി ഒരു യുദ്ധമുണ്ടാകുന്നത് കുടിവെളളത്തിന് വേണ്ടിയാകുമെന്നത് കേട്ട് തഴമ്പിച്ച പ്രയോഗമാണ്. കുടിവെളളത്തിന് ജീവനേക്കാൾ വിലയുണ്ടെന്ന യാഥ്യാർത്ഥ്യത്തിലേക്ക് കടക്കുകയാണ് ലോകം.   ജലഗ്രഹമെന്ന് വിളിപ്പേര്... 70ശതമാനം വെളളത്താൽ ചുറ്റപ്പെട്ട ഗ്രഹം. പക്ഷെ ,ഭൂമിയിലെ  ശുദ്ധജല ലഭ്യത  ഇപ്പോൾത്തന്നെ   3 ശതമാനമെന്നത്  വരാനിരിക്കുന്ന   വരൾച്ചയുടെ തീവ്രത ഓർമ്മപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 2030 ആകുന്പോഴേക്കും  വെളളത്തിനുളള ആവശ്യകത, വിതരണത്തേക്കാൾ 40 ശതമാനം കൂടും... അതായത് ഒരു കവിൾ വെളളത്തിനായി ലോകം ക്യൂ നിൽക്കേണ്ട അവസ്ഥ.  

ജനപ്പെരുപ്പത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും  മനുഷ്യൻ വരുത്തിവയ്ക്കുന്ന പ്രകൃതി നശീകരണവും ഇതിന്‍റെ ആക്കം കൂട്ടും..ലോകത്ത് ഉടൻ കുടിവെളളം മുട്ടുമെന്ന്   ശാസ്ത്രലോകം പറയുന്ന സാവോപോളോ,  ബീജിംഗ്, കെയ്റോ തുടങ്ങിയ മഹാ നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ അയൽ പ്രദേശമായ ബെംഗലൂരു കൂടി ഉണ്ടെന്നത് ഭീതിയോടെ തന്നെ ഉൾക്കൊളളാം.  ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. എന്നാൽ കുടിവെളള സംരക്ഷണത്തിന്   മുന്നേറ്റങ്ങളുണ്ടായെങ്കിലും 25 വർഷങ്ങൾക്കിപ്പുറം അത്  ദിനാചരണത്തിൽ മാത്രമൊതുങ്ങുന്നുവെന്ന് മുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. പശ്ചിമഘട്ടമുൾപ്പെടെയുളള നമ്മുടെ ജൈവ സന്പത്ത് കൂടി ചോർന്നുപോകുന്ന സന്ദർഭത്തിലാണ് , പ്രകൃതി വിഭവങ്ങളുടെ മേൽ കടന്നുകയറരുതെന്ന് ഒരിക്കൽക്കൂടി  ഓർമ്മപ്പെടുത്തുന്നു ഇത്തവണത്തെ ജലദിനം.  കരുതാം, നാളേയ്ക്കായ് ഒരുതുളളി.
Share it:

Post A Comment:

0 comments: