നാളെ നാളെ, നീളെ നീളെ...

Share it:
എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ നമ്മളിങ്ങനെ മാറ്റിമാറ്റി വയ്ക്കുന്നത്? മടിയും അലസതയുമാണ് കാരണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയാം. പക്ഷെ മറ്റുകാര്യങ്ങള്‍ നമ്മള്‍ ഉത്സാഹത്തോടെ ചെയ്യുന്നുണ്ടാകും. അപ്പോള്‍ മടിയല്ല പ്രശ്‌നം, പിന്നെ...?

ഞങ്ങളുടെ നാട്ടില്‍ നല്ലൊരു കാര്‍ മെക്കാനിക് ഉണ്ടായിരുന്നു. ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍മാരേക്കാള്‍ വിദഗ്ദ്ധന്‍. അയാളുടെ കഴിവുകള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ ചുരുക്കംചിലര്‍ മാത്രമേ സ്വന്തം വാഹനം അയാളെ ഏല്പിക്കൂ. നന്നായി പണിതുകിട്ടും, പക്ഷെ സമയത്തിന് കിട്ടില്ല-ഇതായിരുന്നു അയാളെക്കുറിച്ചുള്ള പരാതി. പറഞ്ഞദിവസം ചെല്ലുമ്പോള്‍ പലപ്പോഴും വണ്ടിയില്‍ തൊട്ടിട്ടുപോലും ഉണ്ടാകില്ല. ആള്‍ പാട്ടുംകേട്ട് വര്‍ക്‌ഷോപ്പിലെ കസേരയിലുണ്ടാകും. ചിലപ്പോള്‍ ഒന്നുരണ്ടാഴ്ച അഴിച്ചിട്ടപടി വാഹനം കിടക്കും. ക്ഷുഭിതരാകുന്ന കസ്റ്റമേഴ്‌സിനോട് നാളെ തരാം എന്ന് ഒഴുക്കന്‍മട്ടില്‍ പറയും. നാളെകള്‍ നീണ്ടുപോകും. എന്തായാലും വൈകാതെ അയാളുടെ വര്‍ക്ക്‌ഷോപ്പ് പൂട്ടി.

കാര്യങ്ങള്‍ തുടങ്ങിവെക്കാനുള്ള അമാന്തം നല്ലൊരു ശതമാനം മനുഷ്യര്‍ക്കുമുണ്ട്. അല്പം കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കില്‍ പറയുകയുംവേണ്ട. ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങള്‍ പിന്നീട് പഠിക്കാമെന്ന് കരുതി മാറ്റിവെക്കുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്. കുഴപ്പംപിടിച്ച ഫയലുകളില്‍ തൊടാന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ കുഴഞ്ഞുകിടക്കുന്ന അലമാര അടുക്കിവെക്കാന്‍ പല ദിവസങ്ങളായി സമയം കിട്ടാത്ത വീട്ടമ്മമാര്‍ വരെ ഈ ഗണത്തിലുണ്ടാകും.
എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ നമ്മളിങ്ങനെ മാറ്റിമാറ്റി വയ്ക്കുന്നത്? മടിയും അലസതയുമാണ് കാരണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയാം. പക്ഷെ മറ്റുകാര്യങ്ങള്‍ നമ്മള്‍ ഉത്സാഹത്തോടെ ചെയ്യുന്നുണ്ടാകും. അപ്പോള്‍ മടിയല്ല പ്രശ്‌നം, പിന്നെ...?
കുഴഞ്ഞുമറിഞ്ഞതും നൂലാമാല പിടിച്ചതുമായ കാര്യങ്ങളാണ് നാം തൊടാന്‍ മടിക്കുന്നതെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. എന്താണിതിനു കാരണം? അത് വേണ്ടവിധം ചെയ്യാനാവില്ലെന്ന ഭയംതന്നെയാണ് മുഖ്യം. മാനസികമായുള്ള താത്പര്യക്കുറവാണ് മറ്റൊരുകാരണം. പരാജയഭീതി, മറ്റുള്ളവര്‍ തന്റെ കഴിവുകേട് തിരിച്ചറിയുമെന്ന ആശങ്ക... തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനോടുചേര്‍ത്തുവക്കാം. എല്ലാറ്റിലുമുപരി നമ്മുടെ സുഖവും സ്വച്ഛന്ദവുമായ അവസ്ഥയെ ഇത് ഭംഗപ്പെടുത്തുമെന്ന ഭയവും നമുക്കുണ്ടാകും.
ഇത്തരം അവസ്ഥയെ അതിജീവിക്കാന്‍ മാനസികമായ ഒരു ഊര്‍ജം നമുക്ക് ആവശ്യമാണ്. ഇത് ഞാന്‍ ചെയ്യേണ്ടതാണ്, ചെയേ്ത തീരൂ. ഇന്ന് ചെയ്യുന്നതിനെക്കാള്‍ ബുദ്ധിമുട്ടാകും നാളെ ചെയ്യുമ്പോള്‍, അതിനാല്‍ ഇത് ഞാന്‍ ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയാക്കും-ഇങ്ങനെ ചിന്തിച്ച് ഉത്സാഹപൂര്‍വം അതിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
ചെയ്തുതീര്‍ക്കാനുള്ള ജോലി തീരുംവരെ മനസ്സില്‍ ഒരു ഭാരമായി കിടക്കും. അത് തീര്‍ത്താല്‍ മനസ്സ് സ്വതന്ത്രമാകും. ഉള്ളുതുറന്ന് ചിരിക്കാനും ഉല്ലസിക്കാനും അപ്പോള്‍ മാത്രമേ കഴിയൂ, അതുകൊണ്ട് ഇത് കഴിവതും വേഗം തീര്‍ത്ത് ഞാന്‍ മാനസികസമ്മര്‍ദത്തില്‍നിന്ന് സ്വതന്ത്രനാകുമെന്ന് സ്വയം ഉറപ്പിക്കുക.

പെട്ടന്ന് പൂര്‍ത്തിയാക്കാനാവാത്ത കാര്യങ്ങളാണെങ്കില്‍ ഇന്നുതന്നെ അതിനുള്ള ശ്രമം തുടങ്ങുക. എത്രഘട്ടമായി ഇത് പൂര്‍ത്തീകരിക്കാനാകുമെന്ന് മനസ്സില്‍ തീരുമാനിക്കുക. അതിന് ഒരു സമയപ്പട്ടിക തയ്യാറുക്കുക. അതനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ ഉത്സാഹിക്കുക. കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അങ്ങനെ നീണ്ടകാലമായി നിങ്ങള്‍ തലയിടാതിരുന്ന പ്രശ്‌നം നിശ്ചിതകാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ചില കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ വിദഗ്ദ്ധരുടെയോഇ  സുഹൃത്തുക്കളുടേയോ സഹായം തേടാം. ഇതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. കാരണം മറ്റുചില കാര്യങ്ങളില്‍ നമ്മള്‍ വിദഗ്ദ്ധരാകും. മറ്റുള്ളവരെ സഹായിക്കാന്‍ നമുക്കും കഴിയും.
നമ്മള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടിയ പലതും പിന്നീട് പൂര്‍ത്തിയാക്കുമ്പോള്‍ നമ്മള്‍ ഉദ്ദേശിച്ചത്ര കടുപ്പമൊന്നുമുണ്ടായിരുന്നില്ല എന്നു നാം തിരിച്ചറിയും. മാത്രമല്ല നൂലാമാല പിടിച്ച ഒരു സംഗതി ശ്രദ്ധയോടെ പൂര്‍ത്തീയാക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പരിശീലനവും പരിജ്ഞാനവും വിലമതിക്കാനാവാത്തതായിരിക്കും. പിന്നീടിതേ കാര്യം നമ്മള്‍ക്ക് നിസ്സാരമായി ചെയ്യാനാകുമെന്ന തനതുവിശ്വാസവും നമുക്കുണ്ടാകും. എല്ലാറ്റിലുമുപരി കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്‌ളാദം മനസ്സില്‍ അലതല്ലും.

എന്നാല്‍ ഇപ്പോള്‍തന്നെ നമുക്ക് തുടങ്ങാം. എന്തൊക്കെ കാര്യങ്ങളാണ് നാം പിന്നീട് ചെയ്യാമെന്നുകരുതി മാറ്റിവെച്ചിരിക്കുന്നത്. വീട്ടില്‍, ഓഫീസില്‍ നമ്മുടെ വ്യക്തിജിവിതത്തില്‍... ഒട്ടും അമാന്തം വേണ്ട... തുടങ്ങാതെ ഒന്നും പൂര്‍ത്തിയാവില്ലെന്ന് ഓര്‍മിക്കുക.
Share it:

Post A Comment:

0 comments: