മൂവന്തി നേരത്തെ രക്തദാഹികൾ

Share it:
ആൺ കൊതുകുകൾ മനുഷ്യനെയോ മൃഗങ്ങളെയോ കടിക്കാറില്ല. പുഷ്പങ്ങളിൽ എതെ പഴങ്ങളുടെയും സസ്യങ്ങളുടെയും നീര് എന്നിവ വലിച്ചു കുടിച്ചാണ് ജീവിക്കുന്നത്. ആൺ കൊതുകുകളുടെ വദന ഭാഗങ്ങൾക്ക് മനുഷ്യന്റെയോ മൃഗങ്ങളുടെയോ തൊലി തുളയ്ക്കാൻ കഴിയില്ല.

പെൺ കൊതുകുകൾ രക്തം കുടിക്കുന്നവയാണ്. രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ രക്തം കുടിച്ചാൽ മാത്രമേ മിക്ക കൊതുകുകളെയും മുട്ടകൾ വളർന്നു വികാസം പ്രാപിക്കൂ. രക്തത്തിലുള്ള പ്രോട്ടീൻ മുട്ടകളുടെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. ചില കൊതുകുകൾ മനുഷ്യ രക്തം മാത്രമേ കുടിക്കൂ. മറ്റു ചിലത് മൃഗങ്ങളുടെ രക്തം മാത്രമേ കുടിക്കൂ. ചില കൊതുകുകൾ രണ്ടും ഇഷ്ടപ്പെടുന്നു.

കൊതുകു ഭക്ഷണം തേടുന്നതിൽ വിവിധ ഘട്ടങ്ങൾ ഉണ്ട്. ഊർജ്ജസ്വലരാകൽ, ദിശാനിർണയം, സ്ഥലപ്രവേശം, സൂക്ഷ്മപരിശോധന എന്നിവയാണവ. മിക്ക കൊതുകുകളും മൂവന്തി നേരത്താണ് സജീവമാകുന്നത്. വെളിച്ചം മങ്ങുന്നതാണ് ഇവയെ ഉത്തേജിപ്പിക്കുന്നത്. കണ്ടും രാസവസ്തുക്കളുടെ മണം പിടിച്ചുമാണ് കൊതുകുകൾ ദിശ മനസ്സിലാക്കുന്നത്. 20 മീറ്റർ ചുറ്റളവിൽ മാത്രമേ ഇവയ്ക്ക് ദിശ നിർണയിക്കാൻ കഴിയൂ. മൃഗങ്ങളുടെയോ മനുഷ്യനെയോ ശരീരത്തിന്റെ മണം, ശരീരത്തിൽ നിന്നും വെളിയിൽ വിടുന്ന ചൂട്, കാർബൺ ഡയോക്സൈഡ് ഇവ കൊതുകുകളെ ആകർഷിക്കുന്നു. മിക്ക കൊതുകുകളും സാധാരണയായി വൈകുന്നേരങ്ങളിലും രാത്രിയിലും ആണ് മനുഷ്യനെ കടിക്കുന്നത്. ഈഡിസ് കൊതുകുകൾ ആണ് പ്രധാനമായും പകൽ കടിക്കുന്നത്. ഓരോ തരം കൊതുകുകളും കടിക്കുന്ന സമയത്തിൽ വ്യത്യാസമുണ്ട്. മിക്ക അനോഫിലിസ് കൊതുകുകളും രാത്രിയിലാണ് കടിക്കുന്നത്. ഈ ജനുസ്സിലെ തന്നെ ചില കൊതുകുകൾ അതിരാവിലെ രക്തം കുടിക്കുന്നു. ഈഡിസ് കൊതുകുകളിലെ രോഗം പരത്തുന്ന വിഭാഗങ്ങൾ ഏറിയകൂറും പകൽ സമയത്താണ് മനുഷ്യനെ കടിക്കുന്നത്. ഈഡിസ് ഈജിപ്തി ദിവസത്തിൽ ഏറ്റവും സജീവമാകുന്നത് രാവിലെ ആറ് മുതൽ ഏഴ് വരെയുള്ള സമയത്തും വൈകുന്നേരം 5 മുതൽ 6 വരെയുമാണ്.

കൊതുകുവല ഉപയോഗിച്ചു രാത്രിയിൽ കൊതുകു കടിയിൽ നിന്ന് രക്ഷനേടാം. സന്ധ്യാസമയങ്ങളിൽ കടിയിൽ നിന്നു രക്ഷപ്പെടാൻ ജനലുകളിലും വാതിൽ പടികളിലുമൊക്കെ കൊതു കടക്കാത്ത സ്ക്രീൻ പിടിപ്പിക്കുകയോ കൊതുകുകളെ അകറ്റാൻ റിപ്പല്ലൻറുകൾ ഉപയോഗിക്കുകയോ ശരീരഭാഗങ്ങൾ വസ്ത്രങ്ങൾ കൊണ്ട് മൂടിവെക്കുക ചെയ്യാവുന്നതാണ്.
Share it:

കൊതുക്

Post A Comment:

0 comments: