കടലിലെ കോടാനുകോടി പവിഴജീവികളുടെ ആയിരക്കണക്കിന് വർഷത്തെ ജീവിതത്തിന്റെയും മരണാന്തര ജീവിതത്തിന്റെയും അനശ്വര സ്മാരകങ്ങളാണ് പവിഴപ്പുറ്റുകൾ. സമുദ്രത്തിന്റെ ബാഹ്യ സൗന്ദര്യത്തെ നിഷ്‌പ്രഭമാക്കുന്ന അതിന്റെ ആന്തരിക സൗന്ദര്യമാണ് പവിഴപ്പുറ്റുകളുടെ മായാലോകം. ജൈവവൈവിധ്യത്തിന്റെ വിസ്‌മയിപ്പിക്കുന്ന കാഴ്ചകളാണിവ. കോടാനുകോടി ജീവികൾക്ക് താവളമൊരുക്കുകയും വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന വലിയൊരു ആവാസവ്യവസ്ഥയുടെ ഇരിപ്പിടവുമാണ് ഇത്. ആയിരക്കണക്കിന് ദ്വീപുകളെയും അവിടത്തെ മനുഷ്യരെയും മുങ്ങിപ്പോകാതെ നിലനിർത്തുന്ന ജീവനുള്ള പാറകളായാണ് (Living Rocks) പവിഴപ്പുറ്റുകളെ ശാസ്ത്രലോകം കാണുന്നത്.
എന്താണ് പവിഴപ്പുറ്റുകൾ
മനോഹരമായ പല രൂപത്തിലും നിറത്തിലുമുള്ള കടൽ ജീവികളാണ് പവിഴജീവികൾ. തീരെ ചെറിയ കടൽജീവികളായ ഇവ 'ഡീലന്റെറേറ്റ' എന്ന ജന്തു വിഭാഗത്തിൽ പെടുന്നു. 'കോറൽ പോളിപ്പ്' എന്നാണ് ഇംഗ്ലീഷിൽ ഇവയെ പറയാറ്. ആദ്യകാലത്ത് പവിഴജീവികൾ സസ്യങ്ങളാണെന്നാണ് കരുതിയിരുന്നത്. പിന്നീട് ഇതിനെ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടന്നപ്പോഴാണ് ജന്തുക്കളാണ് എന്ന് തിരിച്ചറിഞ്ഞത്. ഇവയുടെ കട്ടിയേറിയ പുറന്തോടുകൾ ചേർന്നുണ്ടാകുന്നതാണ് പവിഴപ്പുറ്റുകൾ.
മാംസളമായ ശരീരഭാഗം സംരക്ഷിക്കാൻ കട്ടിയേറിയ ആവരണം ഉണ്ടായിരിക്കും. കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണ് കോറൽ പോളിപ്പുകൾക്ക്. കട്ടിയേറിയ ഒരു പ്രതലത്തിൽ പറ്റിപ്പിടിച്ചു വളരാൻ തുടങ്ങുന്ന ഒരൊറ്റ കോറൽ പോളിപ്പിൽ നിന്ന് പൊട്ടിപ്പൊടിച്ചു ഉണ്ടാകുന്നതാണ് കൂട്ടത്തിലെ മറ്റു പോളിപ്പുകളെല്ലാം.
ഒരൊറ്റ പോളിപ്പിൽ നിന്ന് ധാരാളം പോളിപ്പുകൾ വളർന്ന് വലുതാകുന്നു. ഇവ ഒരിക്കൽ വളർച്ച ആരംഭിച്ചാൽ സാഹചര്യങ്ങൾ അനുകൂലമായാൽ നൂറ്റാണ്ടോണ്ടുകളോളം തുടരും. ഇവയുടെ പുറന്തോട് നശിച്ചുപോകില്ല. അതിനോട് ചേർന്ന് പുതിയ പോളിപ്പ് രൂപപ്പെടും. വർഷങ്ങൾ കഴിയുന്നതോടെ വലിയൊരു പവിഴപ്പുറ്റുതന്നെ രൂപം കൊള്ളും. മുട്ടത്തോടും കക്കയുടെ പുറന്തോടും രൂപപ്പെട്ടിട്ടുള്ള കാത്സ്യം കാർബണേറ്റ് എന്ന രാസവസ്തു കൊണ്ടാണ് പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
0 Comments