കാറ്റിനോട്

ഓർമ്മയുണ്ടോ ഈ കവിത?

ഒരു തലമുറയെ മുഴുവൻ
ബാല്യകാലത്തിലേക്ക്
കൈപിടിച്ചു നടത്തുവാൻ
കെൽപുള്ള ഈ
കൊച്ചുകവിത?

മാമരം കോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു  പറന്നാട്ടേ ....!

പൂങ്കുളിരുറ്റ കിഴക്കൻ മേട്ടിലെ
കുങ്കുമച്ചോലയിൽ നീരാടി
നീയെത്തുമ്പോഴെന്തിനു കാറ്റേ
തൈമാവിന്നൊരു താലോലം...?
അൻപിൽ പൂത്തു മദിച്ചിളമിച്ചൊരു
കൊമ്പുകളിൽച്ചെറുതാകമ്പം .....?


മെല്ലെച്ചിന്തുക പൂമ്പൊടി കാറ്റേ
ഫുല്ല മലർക്കുല ചായുമ്പോൾ.....!
ഉണ്ണി വിരിഞ്ഞു കഴിഞ്ഞൂ പച്ച -
 ക്കണ്ണുമിഴിച്ചു കിടക്കുമ്പോൾ

പുഞ്ചനിലത്തിലെ പുൽക്കൊടിത്തുമ്പിലെ
മഞ്ഞിൻ തുള്ളി വശത്താക്കി
അഞ്ചിക്കൊഞ്ചിയ കാറ്റേ നീയീ
പിഞ്ചു കിടാങ്ങളെ കണ്ടോളൂ


കണ്ണുമടച്ചു കിടക്കും കുഞ്ഞി
ക്കള്ളന്മാരെ പൂണ്ടോളൂ.....
മെല്ലെ മെല്ലെ തൊട്ടിൽ കൊളുത്തിയ
ചില്ലകളിൽ കൈ വച്ചോളൂ ...


- ജി.ശങ്കരക്കുറുപ്പ് -

🌱🌿☘🍀🌱🌿☘🍀
Share:

കുട്ടികൾ ആഗ്രഹിക്കുന്ന മാതാപിതാക്കളാകണോ, 6 കാര്യങ്ങൾ!

പേരന്റിങ് എന്നത് അത്ര നിസാരകാര്യമല്ല. കുട്ടികളെ എല്ലാവരും വളർത്തുന്നുണ്ട്, എന്നാൽ കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയിൽ. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവർക്ക് എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടെതെന്നും പല മാതാപിതാക്കൾക്കും അറിയില്ല. പലരും മക്കളെ വളർത്തൽ എന്തോ ഒരു കഠിനമായ പ്രവർത്തിയായാണ് കാണുന്നത്. എന്നാൽ പേരന്റിങ് വളരെ ആസ്വദിച്ച് ചെയ്യാനാകുന്ന ഒന്നാണെന്നാണ് ഹവാർഡ് സർവകലാശാലയിലെ ഒരുകൂട്ടം വിദഗ്ധർ പറയുന്നത്. ശരിയായ രീതിയിൽ കുട്ടികളെ വളർത്തുന്നതിനായി അവർ പറയുന്ന ആറ് ടിപ്സുകൾ ഇതാ.

1. അവർക്കൊപ്പം അല്പ സമയം

നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണമാണ് കുട്ടികൾക്കൊപ്പമുള്ള സമയം പങ്കിടൽ. നിങ്ങൾ എത്ര തിരക്കുള്ളയാൾ ആണെങ്കിലും ഇക്കാര്യത്തിൽ മുടക്കം വരാൻ പാടില്ല. അവർക്കൊപ്പം കുറച്ച് സമയം ഇരുന്നു നോക്കൂ ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകും അത്. അവരുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും നിങ്ങളും അറിഞ്ഞിരിക്കണം. അവരുെട ഇഷ്ടങ്ങളെക്കുറിച്ചും മറ്റും പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാം. അവർക്കൊപ്പം നിങ്ങളുണ്ടെന്ന ഒരു ചിന്തതന്നെ അവരെ മിടുക്കരാക്കും. മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഇതിൽ നിന്നും കുട്ടികൾ പഠിക്കും.

2. മക്കളാണ് ഏറ്റവും പ്രിയപ്പെട്ടത്

ഹവാർഡ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നത് മിക്ക കുട്ടികളും തങ്ങൾ മാതാപിതാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അറിയില്ലയെന്നാണ്. അതുകൊണ്ട് മാതാപിതാക്കൾ അവരോടുള്ള സ്നേഹത്തിലും കരുതലിലും യാതൊരു പിശുക്കും കാണിക്കരുതെന്നും അവർ പറയുന്നു. അവർ നിങ്ങൾക്ക് ജീവനാണെന്നും നിങ്ങളവരെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഇടയ്ക്കിടെ പറയാം.

3. പ്രശ്നങ്ങൾ നേരിടാം, ഓടിയൊളിക്കേണ്ട

പരീക്ഷയിലായാലും കളികളിലായാലും തോറ്റുപോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇവയിൽ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു ശ്രമം കുട്ടികളിൽ ഉണ്ടാകാം. എന്നാൽ പ്രശ്നങ്ങളെ നേരിടാനുള്ളതാണെന്നും ഓടിയൊളിക്കേണ്ടയെന്നും പറഞ്ഞുകൊടുക്കാം. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ചിന്തങ്ങളേയും പ്രവർത്തികളേയും മറ്റ് ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ചുവിടാം. കുറ്റപ്പെടുത്തലുകൾ അതുതേ..

4. സഹായിക്കാനും അഭിനന്ദിക്കാനും പഠിപ്പിക്കാം

വീട്ടിലെ ജോലികളിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ടവ ചിലതുണ്ടാകാം അത്തരം ജോലികൾ ചെയ്യാൻ അവരേയും കൂട്ടാം. അതിനൊക്കെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങൾ കൊടുക്കാനും മറക്കേണ്ട. മറ്റുള്ളവരെ സഹായിക്കാനും അഭിന്ദിക്കാനും നന്ദിയുള്ളവരാകാനും ഇതൊക്കെ കുട്ടികളെ സഹായിക്കും.

5. നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാം

ദേഷ്യം, വെറുപ്പ്, അസൂയ തുടങ്ങിയ ചീത്ത വികാരങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവരെ സഹായിക്കാം. വീട്ടിനുള്ളിലുണ്ടാകുന്ന കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും പിണക്കങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും നിങ്ങളാണ്.

6. ലോകം കാണിച്ചുകൊടുക്കാം

അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങുന്ന ഒരുകൊച്ചു ലോകമാണ് കുട്ടികളുടേത്. ഇതിനപ്പുറത്തെ ലോകം കൂടെ അവർക്കു കാണിച്ചുകൊടുക്കാം. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ സഹജീവികളോട് കാരുണ്യമുള്ളവരായി അവരെ വളർത്താം. അങ്ങനെ വളർത്തിയെടുക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും തെറ്റുകളിൽ വീഴുകയോ ചീത്തയായിപ്പോകുകയോയില്ല
Share:

പരീക്ഷയെ ഭയക്കേണ്ട; ഇതാ ചില ടിപ്സ്

🔹വീട്ടിലായാലും സ്കൂളിലായാലും വെള്ളം കുടിക്കുന്നത് മുടക്കരുത്. ശരീരത്തിനുള്ള ഊർജം പകരുന്നതിൽ വെള്ളത്തിനുള്ള പങ്ക് നിർണായകമാണ്. ദിവസവും 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് അഭികാമ്യം.

🔹പ്രഭാതഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് ആഹാരം കഴിക്കാനും ശീലമാക്കുക. പരീക്ഷസമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും നാരുള്ള ഭക്ഷണ പദാർഥങ്ങൾ ഉൾപ്പെട്ട സമീകൃത ആഹാരം ശീലമാക്കുക.

🔹ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. അമിതമായി കഴിച്ചാൽ ക്ഷീണവും ഉറക്കവും തോന്നാം. കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക.

🔹ജങ്ക്ഫുഡ് ഒഴിവാക്കുക. പകരം പഴങ്ങൾ, നട്സ്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വിശപ്പിനെ മെരുക്കാൻ ഇഷ്ടമുള്ള പഴങ്ങളും ‍ബദാം, വാൾനട്ട് എന്നിവ പോലുള്ള ഡ്രൈ ഫ്രൂട്സും കഴിക്കാം.

🔹ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക. കാപ്പിയിൽ കഫീൻ ഉള്ളതിനാൽ അമിതമായാൽ ഉറക്കത്തെ ബാധിക്കും.

🔹പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചോറിനൊപ്പം മത്സ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

🔹ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും ഇത് അനിവാര്യമാണ്.

*🌷മാതാപിതാക്കൾ അറിയാൻ*

🔹‘എരിതീയിൽ എണ്ണ ഒഴിക്കരുത്’. പരീക്ഷക്കാലം അടുക്കുമ്പോൾ കുട്ടികൾ സ്വഭാവികമായും ചെറിയ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകും. അവ മനസ്സിലാക്കി അതിനനുസൃതമായി പ്രവർത്തിക്കേണ്ടത് മാതാപിതാക്കളാണ്.

🔹പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. തമാശകൾ പങ്കു വയ്ക്കുന്നത് മുതൽ ഇഷ്ടഭക്ഷണം പാകം ചെയ്തു നൽകുന്നത് വരെ വിദ്യാർഥികളുടെ ഉത്കണ്ഠ കുറയ്ക്കും.

🔹കുട്ടികളെ അടുത്തറിയാൻ ശ്രമിക്കുക. പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ഏത് വിഷയത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത് എന്നതു മുതൽ കുട്ടികളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കാൻ വരെ സമയം മാറ്റി വയ്ക്കുക.

🔹കുട്ടികൾക്ക് മാനസിക സമ്മർദമുണ്ടോയെന്ന് മനസ്സിലാക്കുക. അമിതമായി വിയർക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അടിക്കടി ബാത്ത്റൂമിൽ പോവുക, ഉറക്കമില്ലാതിരിക്കുക എന്നിവ കണ്ടാൽ കുട്ടിയുമായി ശാന്തമായി സംസാരിക്കുക. സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ?

🔹മാതാപിതാക്കളുടെ സമ്മർദവും പ്രതീക്ഷകളും കുട്ടികളെ ബാധിക്കരുത്. ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. പരീക്ഷയെക്കാൾ എന്നും പ്രഥമസ്ഥാനം മക്കൾക്കാവണം
Share:

പാട്ടുകൾ (ആകാശം)

സ്വർണവാളാൽ
പടവെട്ടുന്നേ
കരിമുകിലാകാശം
കരഞ്ഞു കണ്ണീർ
വാർക്കുന്നുണ്ടേ
ഇരുണ്ടൊരാകാശം
ഒടുവിൽ നിന്നു
ചിരിക്കുന്നുണ്ടേ
വൊളുത്തൊരാകാശം
Share:

പാട്ടുകൾ (മഴവള്ളി)

മഴയൊരു വിത്തു വിതച്ചു
വിത്തു കിളിർത്തു വളർന്നു
ഓരിലപൊട്ടി വിടർന്നു
പുഴയായ് വള്ളി പടർന്നു
പുഴയുടെ തുഞ്ചത്തയ്യാ
വൻകടൽ കായ്ച്ചു കിടന്നു
Share:

ആന

പനതിന്നും ആന
പണിചെയ്യും ആന
പിണങ്ങിയാലാന
പണിതരും ആന
Share:

ഒറ്റശ്വാസത്തിൽ ചൊല്ലാമോ?

അറുപതു പറയുമൊ-
രിരുപതു മുറവും
പയറതിലു,ണ്ടതു-
വറവുകലത്തിൽ
തെരുതെരെയിട്ടു -
വറുത്തു കൊറിച്ചീ-
വയറിതു പൊന്തി.
ക്കരിമലയായീ-
ട്ടതിനുടെ മറവി-
ലൊഴിഞ്ഞു കിടപ്പാ-
ണറുപതു പറയു-
മൊരിരുപതു മുറവും!
Share:

പാട്ടുകൾ (മാനം)

മേലോട്ടൊന്നു
നോക്കിക്കെ
മാനം കാണാമല്ലോ
നീലനിറത്തിൽ മാനം
മനോഹരമീ ,മാനം
പല രൂപത്തിൽ മേഘങ്ങൾ
ഒഴുകി നടക്കും മാനം
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.