സ്വാതന്ത്ര്യത്തിനും ജനായത്ത ഭരണത്തിനും വേണ്ടിയുള്ള ദേശീയ പ്രസ്‌ഥാനം ഇന്ത്യയില്‍ തുടങ്ങിയപ്പോള്‍ കേരളം മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ. തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമന്ത രാജ്യങ്ങളായിരുന്നു. മലബാര്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും. ഭാഷയിലും സംസ്‌കാരത്തിലും സമാന സ്വഭാവം പുലര്‍ത്തിയിരുന്നെങ്കിലും കേരളത്തിലെ പ്രദേശങ്ങള്‍ ഒരുകാലത്തും ഒരു ഏകീകൃത ഭരണത്തിന്‍കീഴില്‍ വന്നിരുന്നില്ല. സംഘകാലത്തെ ഒന്നാംചേരസാമ്രാജ്യവും പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിലുണ്ടായ രണ്ടാം ചേരസാമ്രാജ്യവും (കുലശേഖര സാമ്രാജ്യം) ഇന്നത്തെ കേരളത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നവയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ 1498 ല്‍ കോഴിക്കോട്ടെ കാപ്പാട് കാലുകുത്തുമ്പോള്‍ കേരളത്തില്‍ നാല്‌പതോളം ചെറുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. വേണാട്, കോലത്തുനാട്, കൊച്ചി, കോഴിക്കോട് എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ.
തിരുവിതാംകൂര്‍ രാജ്യം
1729 ല്‍ വേണാട് രാജാവായ മാര്‍ത്താണ്ഡവര്‍മ്മ കൊച്ചിക്കു തെക്കുള്ള രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് തിരുവിതാംകൂര്‍ രാജ്യത്തിന് രൂപം നല്‍കി. ശ്രീചിത്തിര തിരുനാളായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ്. അദ്ദേഹത്തിന്റെ ദിവാന്‍ സര്‍. സി.പി രാമസ്വാമി അയ്യര്‍ മികച്ച ഭരണകര്‍ത്താവായിരുന്നെങ്കിലും ജനവികാരങ്ങളെ ഒട്ടും മാനിച്ചിരുന്നില്ല. നിവര്‍ത്തനപ്രക്ഷോഭം എന്ന പേരില്‍ തിരുവിതാം കൂറില്‍ 1932 ല്‍ ആരംഭിച്ച ജനകീയസമരം സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപവത്‌കരണത്തിന് വഴിതെളിച്ചു. ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ ദിവാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിയെ തുടര്‍ന്ന് തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി നില്‍ക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
കൊച്ചിരാജ്യം
കുലശേഖര സാമ്രാജ്യം തകര്‍ന്നടിഞ്ഞ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കൊച്ചി രാജ്യത്തിന്റെ ഉദയം. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ഈ രാജവംശം അറിയപ്പെട്ടത്. ആദ്യം പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും കൊച്ചിയില്‍ അധീശത്വം സ്‌ഥാപിച്ചു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കൊച്ചി, ഈസ്‌റ്റിന്ത്യാ കമ്പനിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. (1799). കൊച്ചിയില്‍ 1920-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങി. ദേശീയ സ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്ക് ആക്കം കൂടിയത് അതോടെയാണ്. എങ്കിലും 1941-ല്‍ പ്രജാമണ്ഡലം എന്ന രാഷ്‌ട്രീയകക്ഷി രൂപംകൊണ്ടതോടെയാണ് കൊച്ചിയിലെ സ്വാതന്ത്ര്യസമരത്തിന് തീക്ഷ്‌ണത കൈവന്നത്. 1946 സെപ്‌റ്റംബര്‍ 9ന് ഇവിടെ പ്രജാമണ്ഡലം മന്ത്രിസഭ അധികാരത്തില്‍വന്നു.
ആവേശത്തോടെ മലബാര്‍
നിരവധി നാട്ടുരാജ്യങ്ങളുണ്ടായിരുന്ന മലബാറിലെ ഏറ്റവും ശക്‌തനായ ഭരണാധികാരി കോഴിക്കോട് സാമൂതിരിയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ നിലവില്‍വന്ന സാമൂതിരി ഭരണം 1792 ല്‍ മലബാര്‍ മുഴുവന്‍ ബ്രിട്ടീഷ് ഭരണത്തിലാകുംവരെ തുടര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ക്കുശേഷം ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങിയവരും മലബാറിലെത്തി സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ചു. മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരാലിയും ടിപ്പുവും മലബാര്‍ ആക്രമിച്ച് അവിടത്തെ നാടുവാഴികളെ കീഴ്‌പ്പെടുത്തി. ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതോടെ മലബാര്‍ അവരുടെ നിയന്ത്രണത്തിലായി. 1800 മെയ് 1ന് മദ്രാസ് പ്രോവിന്‍സിലെ ഒരു ജില്ലയായി മലബാര്‍ മാറി. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിലായതിനാല്‍ മലബാറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്‌ഥാനം തുടക്കത്തില്‍ത്തന്നെ ശക്‌തിപ്രാപിച്ചു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രചാരണവും പ്രക്ഷോഭവും കൂടുതല്‍ തീവ്രമായതും മലബാറിലായിരുന്നു.
ഭാഷയ്‌ക്കായി
1920 ഡിസംബറില്‍ നാഗ്‌പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ഭാഷാടിസ്‌ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക സമിതികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയോജിപ്പിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (കെ.പി.പി.സി) രൂപം നല്‍കി. ഭാഷാടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ പുനഃസംഘടിപ്പികണമെന്ന ആവശ്യം 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉന്നയിച്ചു.
"പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം-
പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്നനിന്‍ പാര്‍ശ്വയുഗ്മത്തെ
കാത്തുകൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ...
ആഴിവീചികളനുവേലം
വെണ്‍നുരകളാല്‍തോഴികള്‍ പോലെ
തവ ചാരുതൃപ്പാദങ്ങളില്‍തൂവെള്ളിച്ചിലങ്കയണിയിക്കുന്നൂ
തൃപ്തി-കൈവരാഞ്ഞഴിക്കുന്നു...പിന്നെയും തുടരുന്നു....എന്ന് വള്ളത്തോള്‍ പാടിയത് കേരളപ്പിറവിക്ക് ഏതാണ്ട് നാല്‌പത് വ ര്‍ഷം മുമ്പാണ്. 1956 നവംബര്‍ ഒന്നിന് അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്‌കൃതമായപ്പോള്‍ തലസ്‌ഥാനത്ത് ഔപചാരികമായ വിളംബരം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുവാനുള്ള ഭാഗ്യവും മഹാകവിക്ക് ലഭിച്ചു.
ഐക്യകേരളം
1928 ല്‍ എറണാകുളത്തു നടന്ന നാട്ടുരാജ്യപ്രജാ സമ്മേളനവും പയ്യന്നൂരില്‍ ചേര്‍ന്ന രാഷ്‌ട്രീയ സമ്മേളനവും ഐക്യകേരളം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 1946-ല്‍ തൃശൂരിലും സ്വാതന്ത്ര്യലബ്‌ധിക്കുശേഷം 1948-ല്‍ ആലുവയിലും ഐക്യകേരള സമ്മേളനം നടന്നു. സംസ്‌ഥാന പുനഃസംഘടനയെപ്പറ്റി പഠിക്കുന്നതിന് ഇന്ത്യന്‍ ഭണഘടനാസമിതി നിയോഗിച്ച ധാര്‍ കമ്മീഷന്‍ മുമ്പാകെ ഐക്യകേരളസമിതി സമര്‍പ്പിച്ച നിവേദനത്തില്‍ മലബാര്‍ തിരുവിതാംകൂര്‍, കൊച്ചി, കുര്‍ഗ്, നീലഗിരി, ഗൂഡല്ലൂര്‍, ദക്ഷിണ കാനറ, മയ്യഴി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കേരള സംസ്‌ഥാനം രൂപവത്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈ കമ്മീഷനുമായി സഹകരിച്ചില്ല. 1947 ആഗസ്‌റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതിനെത്തുടര്‍ന്ന് നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ നാട്ടുരാജ്യസംയോജന നിയമമനുസരിച്ച് തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1949 ജൂലൈ 1ന് തിരുവിതാംകൂര്‍-കൊച്ചി സംസ്‌ഥാനം രൂപീകരിച്ചു. ഐക്യകേരളത്തിലേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പായിരുന്നു അത്. ഭാഷാസംസ്‌ഥാനങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും ശക്‌തിപ്പെട്ട പശ്‌ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1953 ഡിസംബര്‍ 29ന് സംസ്‌ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. ഫസര്‍ അലി ചെയര്‍മാനായ കമ്മീഷനില്‍ എച്ച്.എന്‍. കുണ്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഭാഷാടിസ്‌ഥാനത്തില്‍ 16 സംസ്‌ഥാനങ്ങള്‍ രൂപീകരിക്കാന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തു. അതിലൊന്ന് കേരളമായിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ തമിഴിനു പ്രാമുഖ്യമുള്ള തോവാള, അഗസ്‌തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഭാഗങ്ങളും മദ്രാസിന് (ഇന്നത്തെ തമിഴ്‌നാട്) വിട്ടുകൊടുത്തുകൊണ്ട് തിരുവിതാംകൂറിലെ ബാക്കി പ്രദേശങ്ങളും കൊച്ചിയും മലബാര്‍ ജില്ലയും ദക്ഷിണ കാനറ ചില്ലയിലെ കാസര്‍ഗോഡ് താലൂക്കും കൂട്ടിച്ചേര്‍ത്താണ് കേരളത്തിന് രൂപംനല്‍കിയത്. ലക്ഷദ്വീപുകൂടി കേരളത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും അവയെ കേന്ദ്രഭരണപ്രദേശമായി നിശ്‌ചയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്. 1956 നവംബര്‍ 1ന് ഐക്യകേരളം നിലവില്‍ വന്നതോടെ ഇവിടെ പൂര്‍ണമായ ജനായത്ത ഭരണത്തിന് തുടക്കംകുറിച്ചു.
0 Comments