1. അവർക്കൊപ്പം അല്പ സമയം
നല്ല മാതാപിതാക്കളുടെ ആദ്യ ലക്ഷണമാണ് കുട്ടികൾക്കൊപ്പമുള്ള സമയം പങ്കിടൽ. നിങ്ങൾ എത്ര തിരക്കുള്ളയാൾ ആണെങ്കിലും ഇക്കാര്യത്തിൽ മുടക്കം വരാൻ പാടില്ല. അവർക്കൊപ്പം കുറച്ച് സമയം ഇരുന്നു നോക്കൂ ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകും അത്. അവരുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും നിങ്ങളും അറിഞ്ഞിരിക്കണം. അവരുെട ഇഷ്ടങ്ങളെക്കുറിച്ചും മറ്റും പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാം. അവർക്കൊപ്പം നിങ്ങളുണ്ടെന്ന ഒരു ചിന്തതന്നെ അവരെ മിടുക്കരാക്കും. മറ്റുള്ളവരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഇതിൽ നിന്നും കുട്ടികൾ പഠിക്കും.
2. മക്കളാണ് ഏറ്റവും പ്രിയപ്പെട്ടത്
ഹവാർഡ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നത് മിക്ക കുട്ടികളും തങ്ങൾ മാതാപിതാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അറിയില്ലയെന്നാണ്. അതുകൊണ്ട് മാതാപിതാക്കൾ അവരോടുള്ള സ്നേഹത്തിലും കരുതലിലും യാതൊരു പിശുക്കും കാണിക്കരുതെന്നും അവർ പറയുന്നു. അവർ നിങ്ങൾക്ക് ജീവനാണെന്നും നിങ്ങളവരെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഇടയ്ക്കിടെ പറയാം.
3. പ്രശ്നങ്ങൾ നേരിടാം, ഓടിയൊളിക്കേണ്ട
പരീക്ഷയിലായാലും കളികളിലായാലും തോറ്റുപോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇവയിൽ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു ശ്രമം കുട്ടികളിൽ ഉണ്ടാകാം. എന്നാൽ പ്രശ്നങ്ങളെ നേരിടാനുള്ളതാണെന്നും ഓടിയൊളിക്കേണ്ടയെന്നും പറഞ്ഞുകൊടുക്കാം. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ചിന്തങ്ങളേയും പ്രവർത്തികളേയും മറ്റ് ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ചുവിടാം. കുറ്റപ്പെടുത്തലുകൾ അതുതേ..
4. സഹായിക്കാനും അഭിനന്ദിക്കാനും പഠിപ്പിക്കാം
വീട്ടിലെ ജോലികളിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ടവ ചിലതുണ്ടാകാം അത്തരം ജോലികൾ ചെയ്യാൻ അവരേയും കൂട്ടാം. അതിനൊക്കെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങൾ കൊടുക്കാനും മറക്കേണ്ട. മറ്റുള്ളവരെ സഹായിക്കാനും അഭിന്ദിക്കാനും നന്ദിയുള്ളവരാകാനും ഇതൊക്കെ കുട്ടികളെ സഹായിക്കും.
5. നെഗറ്റീവ് വികാരങ്ങളെ നിയന്ത്രിക്കാം
ദേഷ്യം, വെറുപ്പ്, അസൂയ തുടങ്ങിയ ചീത്ത വികാരങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് നിയന്ത്രിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവരെ സഹായിക്കാം. വീട്ടിനുള്ളിലുണ്ടാകുന്ന കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും പിണക്കങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും നിങ്ങളാണ്.
6. ലോകം കാണിച്ചുകൊടുക്കാം
അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും മാത്രമടങ്ങുന്ന ഒരുകൊച്ചു ലോകമാണ് കുട്ടികളുടേത്. ഇതിനപ്പുറത്തെ ലോകം കൂടെ അവർക്കു കാണിച്ചുകൊടുക്കാം. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ സഹജീവികളോട് കാരുണ്യമുള്ളവരായി അവരെ വളർത്താം. അങ്ങനെ വളർത്തിയെടുക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും തെറ്റുകളിൽ വീഴുകയോ ചീത്തയായിപ്പോകുകയോയില്ല.
0 Comments