ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടം. ആന്ധ്രയിലെ വിജയവാഡയിൽ അഖിലേന്ത്യ കോൺഗ്രസ്സ്കമ്മറ്റിയുടെ ഒരു സമ്മേളനം നടക്കുകയാണ്. പെട്ടെന്ന് സദസ്സിൽനിന്നും ഒരു യുവാവ് ഒരു കൊടിയും കയ്യിലെടുത്ത് ഗാന്ധിജിയുടെ അടുത്തെത്തി. ചുവപ്പും പച്ചയും നിറമുള്ള ഒരു പതാക. ഇന്ത്യയിലെ രണ്ട് പ്രബല സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന വർണ്ണങ്ങളായിരുന്നു അവ. കൊടി പരിശോദിച്ച് ഗാന്ധിജി ഒരു നിർദ്ദേശം വച്ചു - "ശേഷിച്ച സമുദായങ്ങളെ പ്രതിനിധാനം ചെയ്യാൻ ഒരു നിറം കൂടി വേണം. അത് വെള്ളയാവട്ടെ." അങ്ങനെ ആ ദ്വിവർണ്ണ പതാക ഒരു ത്രിവർണ്ണ പതാകയായി മാറി. നമ്മുടെ ദേശീയ പതാകയുടെ ഉത്ഭവ ചരിത്രമാണിത്.
എന്നാൽ കൊടിയുടെ നിറങ്ങളെ വർഗീയാടിസ്ഥാനത്തിൽ വ്യഖ്യാനിക്കാൻ തുടങ്ങിയത് പലയിടത്തും ബഹളത്തിന് ഇടയാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വർഗീയ കുഴപ്പങ്ങൾ വരെ തലപൊക്കി. അങ്ങനെയാണ് 1931-ൽ പതാകയിലെ ചുവപ്പ് നിറത്തിന് പകരം കടും കാവിനിറം നൽകാനും നിറങ്ങൾക്ക് നൽകിയിരുന്ന വ്യഖ്യാനങ്ങൾക്ക് ഭേദഗതി വരുത്താനും നിശ്ചയിച്ചത്. അതുപ്രകാരം കാവി ധീരതയ്‌ക്കും ത്യാഗത്തിനും വെള്ള സത്യത്തിനും സമാധാനത്തിനും പച്ച വിശ്വാസത്തിനും മാഹാനുഭാവത്തിനും എന്നാക്കി നിർവചിച്ചു. കൊടിയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം രണ്ടിന് മൂന്ന് എന്നും വ്യവസ്ഥ ചെയ്തു. വെള്ളപ്പട്ടയിൽ ഗാന്ധിജിയുടെ സന്ദേശമായ ഒരു ചർക്കയും സ്ഥാനം പിടിച്ചു.
എന്നാൽ ഇന്ന് നമ്മുടെ ദേശീയപതാകയിൽ ചർക്കയുടെ സ്ഥാനത്ത് അശോകചക്രമാണല്ലോ ഉള്ളത്. ഗാന്ധിജി നമ്മുക്ക് നൽകിയ ഒരു വലിയ സന്ദേശമാണല്ലോ ചർക്ക. അത് ഭാരതത്തിലെ സാധാരണക്കാരുടെ പ്രതീകവുമാണ്. എന്നിട്ടും ചർക്കയെ ദേശീയപതാകയിൽ നിന്നും മാറ്റിയത് എന്തുകൊണ്ടാണ്? പലരും അങ്ങനെ ചിന്തിക്കാനിടയുണ്ട്. വാസ്തവത്തിൽ നമ്മുടെ ദേശീയപതാകയിൽ നിന്ന് ചർക്കയെ ഉപേക്ഷിച്ചതല്ല. ഒരു ചെറിയ മാറ്റം വരുത്തിയിട്ടേ ഉള്ളൂ. അതിന് പ്രത്യേക കാരണവും ഉണ്ട്.
ഒരു കൊടിയുടെ ഒരു ഭാഗത്തുള്ള പ്രതീകം മറുഭാഗത്തും ശരിപ്പകർപ്പാവണമെന്നാണ് കീഴ്‌വഴക്കം. എന്നാൽ നമ്മുടെ കൊടിയിൽ ചർക്ക വരച്ചുചേർത്താൽ ഇരുപുറത്തും വ്യത്യസ്ത രൂപമാണ് കിട്ടുക. ഈ ബുദ്ധിമുട്ട് ഒഴിവാക്കുവാനാണ് ചർക്കയിലെ ചക്രം മാത്രം അവശേഷിപ്പിച്ചു മറ്റ് ഭാഗങ്ങൾ ഉപേക്ഷിച്ചത്. എന്നാൽ അന്നത്തെ രാഷ്ട്രീയനായകന്മാർ അതുകൊണ്ടുമാത്രം തൃപ്തരായില്ല. ആ ചക്രത്തിന്റെ രൂപം എങ്ങനെ ആയിരിക്കണമെന്നുകൂടി അവർ ചിന്തിച്ചു. ആ ചിന്തയാണ് സാരാനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രത്തിലെത്തിയത്. അങ്ങനെ ആ ചക്രം ഒരേസമയം ചർക്കയുടെയും നമ്മുടെ പൗരാണിക സംസ്കാരത്തിന്റെയും പ്രതീകമായി മാറി. അശോക ചക്രത്തിന് നൽകുന്ന 'നാവിക നീല' ചർക്കയുടെ പ്രതീകമാണ്. 1947 ജൂലായ് 22ന് നമ്മുടെ ഭരണഘടനാ നിർമ്മാണ സഭ ഈ കൊടിയെ നമ്മുടെ ദേശീയപതാകയായി അംഗീകരിക്കുകയും ചെയ്‌തു.
0 Comments