Header Ads Widget

നാടൻപാട്ടുകൾ...നാട്ടുമൊഴിമുത്തുകൾ

പുരാതനമായ നമ്മുടെ സംസ്കാരത്തിന്റെ പരിച്ഛേദങ്ങളാണ് നാടൻ പാട്ടുകൾ. പല തരം ജീവിത ശൈലികളും പ്രയോഗങ്ങളുമെല്ലാം നാടൻ പാട്ടുകളിൽ പ്രത്യക്ഷപ്പെടുന്നു....

പ്രകൃതിയാകുന്ന പാഠശാലയാണ് ആദിമ കലകളുടെ ഈറ്റില്ലം. ഇതിൽ നാടോടി സംഗീതത്തിന്റെ രൂപപ്പെടലിൽ കൂട്ടായ്മകളുടെ ജീവിത പരിസരവും ഭൂ പ്രകൃതിയും ചരാചരങ്ങളും നിർണായക പങ്കു വഹിക്കുന്നു.  നാടൻപാട്ട് ,നാടോടിപ്പാട്ട് ,നാട്ടീണം എന്നിങ്ങനെ പല പേരുകളിൽ നാം നാടോടി സംഗീതത്തെ മലയാളീകരിച്ച് വിളിക്കാറുണ്ട്. എന്നാൽ 1846 ൽ വില്യം .ജെ .തോമസ് എ ഥ നീയം മാസികയിൽ എഴുതിയ ഫോക് ലോർ എന്ന ആശയത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ പാട്ടുകൾ എന്ന പദമാണ് ഇതിനേറെ ചേരുക.

സവിശേഷതകൾ
* പുരാതന ജീവിതത്തിലെ വിത്യസ്ത സന്ദർഭങ്ങളിൽ കെട്ടിയുണ്ടാക്കിയ നാടൻ പാട്ടുകൾ അജ്ഞാത കർതൃകങ്ങളായി തുടരുന്നു
* ഒരു തലമുറയിൽ നിന്നും വരും തലമുറകളിലേയ്ക്ക് വാമൊഴി രൂപത്തിലാണ് നാടൻ പാട്ടുകളുടെ വിനിമയം
* മലമുടികളിൽ നിന്നും ഉറവയെടുക്കുന്ന നീരരുവികൾ പുഴയിൽ ലയിച്ച് കടലിൽ ചേരുമ്പോഴും ഉദ്ഭവസ്ഥാനത്തു നിന്നും അതിലുൾക്കൊണ്ട ഗുണാംശങ്ങൾ ആദ്യന്തം നിലനിൽക്കുന്നു എന്നതുപോലെ വംശീയ കൂട്ടായ്മകളുടെ പാട്ടുകൾ കൈമാറ്റം ചെയ്യപ്പെടുമ്പോഴും മറ്റു ഗാനശാഖകളിൽ നിന്നും വിത്യസ്തമായ വാമൊഴി ഭാഷാവഴക്കവും തനത് ആലാപനശൈലിയും പാരമ്പര്യഗുണങ്ങളും നഷ്ടപ്പെടുന്നില്ല.
* നാടൻപാട്ടുകൾക്ക് അതത് കൂട്ടായ്മയിലും ഇതര കൂട്ടായ്മകളിലും നിരവധി പാഠങ്ങളും പാഠഭേദങ്ങളും കാണും.സമൂഹങ്ങൾ തമ്മിലുള്ള കൊട്ടക്കൽ വാങ്ങൽ ഇതിനൊരു മുഖ്യ കാരണമാണ്.

നാടൻ പാട്ടിന്റെ ഘടന
ജനകീയ സംഗീതമായ നാടൻപാട്ടിന് ആലാപന ആവർത്തന രസം നൽകുന്നത് വായ്ത്താരികളാണ് .പ്രത്യേകിച്ച് അർഥങ്ങളൊന്നുമില്ലാത്ത ശബ്ദങ്ങളോ അക്ഷരങ്ങളോ ചേർന്ന ആലാപനക്രമമാണ് വായ്ത്താരിപ്രയോഗം. പാട്ടിന് വ്യക്തമായ ഈണം ഉറപ്പിച്ച് സഞ്ചാരദിശയൊരുക്കുകയാണ് വായ്ത്താരിയുടെ ധർമം.' .അക്ഷരവായ്ത്താരികൾ കൂടാതെ വരികൾ ആവർത്തിച്ചുപാടി വായ്ത്താരി ധർമം നിറവേറ്റുന്ന രീതിയുമുണ്ട്. വാമൊഴി സാഹിത്യത്തിന്റെ മുൻപേ പ്രയോഗിക്കന്നത് മുൻവായ്ത്താരിയും പാട്ടിന്റെ ചില ഘടകങ്ങളിൽ കേൾവിക്കാരനിൽ ഇഷ്ടം തോന്നിപ്പിക്കുന്നതരത്തിൽ താളഗതിയെ നിയന്ത്രിച്ച് മനോധർമപരമായി പ്രയോഗിക്കുന്നത് ഇടവായ്ത്താരികളുമാണ് .പാട്ടിന്റെ കഥാഗതിയും ഉള്ളടക്കവും ചേർന്ന വാമൊഴിസാഹിത്യഭാഗവും കൂടിയായാൽ നാടൻ പാട്ടിന്റെ ഘടന പൂർണമാകും.
ലളിത സംഗീതത്തിലും മറ്റു നവാഗത ശാഖകളിലും ഉള്ള പല്ലവി അനുപല്ലവി ചരണം എന്നിഭാഗങ്ങൾ നാടൻ പാട്ടിന്റെ ഘടനാ സവിശേഷതയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്.

മത്സരവേദികളിലെ നാടൻ പാട്ടുകൾ
നാടൻ പാട്ടുകളുടെ നിലനിൽപ്പിനും പ്രചാരണത്തിനും ഇപ്പോൾ ഒരു പരിധിവരെ മത്സര വേദികൾ സഹായകമാവുന്നുണ്ട്. എന്നാൽ അവതരിപ്പിക്കുന്ന പാട്ടിനെയും പാരമ്പര്യത്തെയും ആധികാരികമായി അറിയാതെയുള്ള പ്രഹസനങ്ങളും കണ്ടു വരുന്നു. മത്സരത്തിനു വേണ്ടി പാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ മേൽ പ്രസ്താവിച്ച സവിശേഷതകളുള്ള വിവിധ തരം പാട്ടുകൾ സ്വീകരിക്കാം. പാടിവരുന്ന സമൂഹത്തെയും പാരമ്പര്യത്തെയും വാദ്യവാദനരീതിയെയും അടുത്തറിയുകയെന്നത് അതിപ്രധാനം.ദീർഘ ഗാനങ്ങളാണെങ്കിൽ ഒരു മത്സരത്തിൽ ഒരു ഗണത്തിൽപ്പെട്ട ഒറ്റപ്പാട്ട് അവതരിപ്പിക്കുന്നതാണ് അഭികാമ്യം.

സ്കൂൾ കലോത്സവത്തിൽ പൊതുജനങ്ങളെ ആകർഷിക്കുന്ന ഒരു മുഖ്യ ഗ്രൂപ്പിനമായി നാടൻപാട്ട് മത്സരം മാറിയിട്ടുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഏഴ് മത്സരാർത്ഥികൾക്ക് (ആൺ പെൺ മിശ്രിതം ) പത്തു മിനിറ്റ് അവതരണം നടത്താം. വിദ്യാരംഗം കലാ സാഹിത്യ വേദികളിൽ മത്സരത്തിൽ നിന്നും മാറി ശില്പശാലകളിലൂടെ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സംസ്ഥാനതല ക്യാമ്പിൽ പ്രതിനിധികളാക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത് .

ഇപ്രകാരം യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും രണ്ടു വീതം പ്രതിനിധികളെ ഉപജില്ല -റവന്യൂ ജില്ല -സംസ്ഥാന തല ശില്പശാലകളിലേയ്ക്ക് തിരഞ്ഞെടുക്കാം.

കേരളോത്സവ മത്സരത്തിൽ ' നാടോടിപ്പാട്ട് ഗ്രൂപ്പിനത്തിൽ പത്തുപേർക്ക് ഏഴു മിനിറ്റ് അവതരണം നടത്താം. ( പ്രായപരിധി: 15-30) സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ എട്ടു പേർക്ക് ഏഴ് മിനിറ്റ് നാടൻപാട്ട് പാടാവുന്നതാണ്.

പാട്ടിന്റെ വാമൊഴി മൂല്യം, തനത് ആലാപനം, ശൈലീബദ്ധമായ ശബ്ദ സാന്നിധ്യം, താളബോധം, വാദ്യവാദനം, കലാഅവതാരകരുടെ യോജിപ്പ് എന്നിവ വിധിനിർണയത്തിന്റെ മുഖ്യ ഉപാധികളായി സ്വീകരിക്കാം.

ഒരുപാട് ചർച്ച ചെയ്യപ്പെടുകയും അതിലേറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന നാടൻപാട്ടുശാഖയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പുതുതലമുറയുടെ കടമയാണ്.

പല പാട്ടുകൾ
വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്ത സംസ്കാരങ്ങളുള്ള സമൂഹങ്ങൾ സൃഷ്ടിച്ച നാടൻ പാട്ടുകൾ സാഗരം പോലെ വിശാലമാകയാൽ പഠനത്തിനായി സമാനസ്വഭാവ ഗുണങ്ങളുള്ള പാട്ടുകളെ വർഗീകരിച്ച് കണ്ടെത്താം
അനുഷ്ഠാനപാട്ടുകൾ
സാമുദായിക ഗാനങ്ങൾ
തൊഴിൽ പാട്ടുകൾ (പട്ടിണിപ്പാട്ടുകൾ)
കാർഷിക ഗാനങ്ങൾ
വംശചരിത്രഗാനങ്ങൾ
വിനോദ ഗാനങ്ങൾ
വീരകഥാഗാനങ്ങൾ
എണ്ണൽപ്പാട്ടുകൾ
അക്ഷേപഹാസ്യ ഗാനങ്ങൾ
നിരർഥക ഗാനങ്ങൾ
താരാട്ടുപാട്ടുകൾ
പ്രതിക്ഷേധപ്പാട്ടുകൾ
വിലാപ ഗാനങ്ങൾ
പ്രണയഗാനങ്ങൾ
കൈവേലപ്പാട്ടുകൾ
നാട്ടറിവു പാട്ടുകൾ
കടങ്കഥപ്പാട്ടുകൾ
പഴഞ്ചൊൽപ്പാട്ടുകൾ
ശൃംഗാരപ്പാട്ടുകൾ
കത്തുപാട്ടുകൾ
കൊത്തുപാട്ടുകൾ
ചരിത്രഗാനങ്ങൾ
കല്ല്യാണപ്പാട്ടുകൾ
പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നാടോടി വാമൊഴി പാഠങ്ങൾ ( ആദിവാസി രാമായണം, മാപ്പിള രാമായണം, മാഭാരതം പാട്ട്, ഭാരതക്കിളിപ്പാട്ട്, സീതക്കളിപ്പാട്ട്, പൂരക്കളിപ്പാട്ട്, ഐവർകളിപ്പാട്ട്... )

ഇങ്ങനെ നാടൻ പാട്ടിന്റെ വർഗീകരണം അനന്തമായി തുടരുന്നു.
ഒരേ പാട്ടു തന്നെ ഒന്നിലധികം സ്വഭാവ ഗുണങ്ങൾ പ്രദർശിപ്പിക്കാറുമുണ്ട്. ഉദാഹരണത്തിന് അഞ്ജാതകർതൃകങ്ങളായ വള്ളംകളിപ്പാട്ടുകളും തോണിപ്പാട്ടുകളും തൊഴിൽപ്പാട്ടിന്റെയും വിനോദഗാനത്തിന്റെയും ഗണത്തിൽപ്പെടുത്താം. വടക്കൻ കേരളത്തിലെ വീരകഥാഗാനങ്ങളായ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും (വടക്കൻപാട്ട്) നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പ്രവൃത്തിയുടെ ചലന താളത്തിനൊത്ത് തൊഴിൽ പാട്ടുകളായും (വിത, ഞാറുനടീൽ, കൊയ്ത്........) കുട്ടിയെ ഉറക്കുമ്പോൾ താരാട്ടീണത്തിലും അരയ്ക്കുമ്പോൾ അരവു താളത്തിലും കൂട്ടായ്മകൾ സാന്ദർഭികമായി രൂപാന്തരപ്പെടുത്തുന്നു.

Post a Comment

2 Comments