അദ്ഭുത സസ്യങ്ങള്‍

Share it:
നാഗവള്ളി (Bauhinia Scandens)
വലിയ മരങ്ങളില്‍ വള്ളിയായി പടര്‍ന്നുകയറുന്ന സസ്യമാണ് നാഗവള്ളി. നാഗവള്ളി മരത്തിലേക്ക് പടര്‍ന്നുകയറുമ്പോഴും അല്ലാത്തപ്പോഴും പാമ്പ് ഇഴഞ്ഞുപോകുമ്പോഴുണ്ടാകുന്ന വളവ് വള്ളിക്കുണ്ടാകും. പാമ്പിന്‍െറ ആകൃതിയിലുള്ള ഈ വള്ളി പാമ്പിന്‍വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ കിഴക്കേ നടയിലുള്ള നാഗവള്ളി പ്രസിദ്ധമാണ്. നാഗവള്ളി വീട്ടില്‍ വെച്ചുപിടിപ്പിച്ചാല്‍ സര്‍പ്പഭയമില്ലാതെ ജീവിക്കാം എന്ന് ചിലര്‍ വിശ്വസിക്കുന്നു.

ഡ്രോസിറ (Drosera Indica)

ഉത്തരകേരളത്തില്‍ തീയോക്, തീപ്പുല്ല് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഡ്രോസിറയുടെ ഭക്ഷണം ചെറിയ പ്രാണികളാണ്. 7-8 സെന്‍റീമീറ്ററിലധികം വളരാത്ത, ചെങ്കല്‍ കൂണുകളില്‍ കണ്ടുവരുന്ന സസ്യമാണ് ഡ്രോസിറ. താമര വിടര്‍ന്നുനില്‍ക്കുന്ന തരത്തില്‍ ആകൃതിയുള്ള ചെറിയ ഇലകള്‍ ഉപയോഗിച്ചാണ് ഡ്രോസിറ പ്രാണികളെ പിടിക്കുന്നത്. പ്രാണി ഇലക്കുള്ളില്‍ വന്നിരുന്നാല്‍ ഇതളുകള്‍ പൂമൊട്ടുപോലെ അടയുന്നു. ഇലക്കുള്ളിലെ ദഹനശക്തിയുള്ള ഗ്രന്ഥികള്‍ ഉപയോഗിച്ച് പ്രാണികളെ ദഹിപ്പിക്കുന്നു. ഡ്രോസിറയെപ്പോലുള്ള മറ്റ് ഇരപിടിയന്‍ സസ്യങ്ങളാണ് നെപന്തസ് (Picture Plant), യൂട്രിക്കുലേറിയ (Bladderwort), ഡയോണിയ (Venus fly trap) തുടങ്ങിയവ.

ചക്കരക്കൊല്ലി (Gymnema sylvestre)
അധികം വലുപ്പത്തില്‍ വളരാത്ത വള്ളിച്ചെടിയാണ് ചക്കരക്കൊല്ലി. ചക്കരക്കൊല്ലിയുടെ ഇല വായിലിട്ട് നന്നായി ചവച്ചതിനുശേഷം പഞ്ചസാര വായിലിട്ടാല്‍ മധുരം നഷ്ടപ്പെടുകയും മണല്‍ത്തരി വായില്‍ കിടക്കുന്ന പോലെ തോന്നുകയും ചെയ്യും. ചക്കരക്കൊല്ലിയിലയില്‍ അടങ്ങിയ പ്രത്യേകതരം രാസപദാര്‍ഥത്തിന് പഞ്ചസാരയുടെ മധുരരുചിയെ നശിപ്പിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് നാവിന് മധുരരസം ലഭിക്കാത്തത്. ചിലര്‍ പ്രമേഹത്തിന് ഔധമായി ചക്കരക്കൊല്ലി ഉപയോഗിക്കാറുണ്ട്.

നിലംപാല (Euphorbia Hirta)
 ജലാംശമുള്ള മണ്ണില്‍ വളരുന്ന പുല്‍ച്ചെടികളുടെ ഇടയിലാണ് നിലംപാലയെ കൂടുതല്‍ കാണുക. ശരീരത്തിന്‍െറ ഉഷ്ണാവസ്ഥ മാറ്റി ആന്തരാവയവങ്ങള്‍ക്ക് കുളിര്‍മ നല്‍കാന്‍ നിലംപാലക്ക് കഴിവുണ്ട്. നിലംപാലയുടെ ഇലയോ പൂവോ മുറിച്ചാല്‍ ലഭിക്കുന്ന പാല്‍ മുളങ്കുറ്റിയിലെടുത്ത് പശുവിന്‍പാല്‍ ചേര്‍ത്ത് കടഞ്ഞാല്‍ പാലും വെള്ളവും വേവ്വേറെയാകുന്നു. മൂത്രച്ചൂട്, മുലപ്പാല്‍ കുറവ്, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔധമാണ് നിലംപാല.

നീലക്കൊടുവേലി (Plumbago Rosea)
ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി, നീലക്കൊടുവേലി എന്നിങ്ങനെ വിവിധയിനം കൊടുവേലികളുണ്ട്. ചെത്തിപ്പൂവിന്‍െറ ആകൃതിയില്‍ ചുവന്നനിറത്തില്‍ പൂവുണ്ടാവുന്ന ചെടിയാണ് നീലക്കൊടുവേലി. ഒരു മീറ്ററിലധികം വളരാത്ത നീലക്കൊടുവേലിയുടെ വേരില്‍നിന്നും പൂവില്‍നിന്നും സ്രവിക്കുന്ന നീര് ശരീരഭാഗങ്ങളില്‍ എവിടെ തട്ടിയാലും പൊള്ളി മുറിവുണ്ടാകും. നല്ലൊരു ഔധമായ നീലക്കൊടുവേലിവേര് വൈദ്യശാല ജീവനക്കാര്‍ നുറുക്കുന്നത് കൈയുറധരിച്ചാണ്. ചുണ്ണാമ്പില്‍ നീറ്റിയെടുത്തോ എരുമച്ചാണകത്തില്‍ പുഴുങ്ങിയെടുത്തോ ശുദ്ധിചെയ്താണ് ഇത് ഔധ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. അര്‍ശസ്, ചര്‍മരോഗങ്ങള്‍, ഗ്രഹണി തുടങ്ങിയ അസുഖങ്ങള്‍ക്ക് ആയുര്‍വേദ ഔധം നിര്‍മിക്കുമ്പോള്‍ അതില്‍ കൊടുവേലി ഉപയോഗിക്കാറുണ്ട്.

പുല്ലാനി (Calycopteris Ftriburda)
കാവുകളിലും കുറ്റിക്കാടുകളിലും ജലാശയത്തിന്‍െറ ഓരത്തും ധാരാളം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സസ്യമാണ് പുല്ലാനി. പുല്ലാനി വള്ളികളില്‍ ചുറ്റിപ്പിടിച്ചു കിടക്കുന്ന പ്രത്യേകയിനം മൂര്‍ഖന്‍ പാമ്പുകള്‍ പുല്ലാനി മൂര്‍ഖന്‍ എന്നറിയപ്പെടുന്നു. വണ്ണമുള്ള പുല്ലാനിവള്ളികളെ കത്തികൊണ്ട് ഒറ്റ വെട്ടിന് മുറിച്ചാല്‍ അതില്‍നിന്ന് ശുദ്ധജലം ധാരധാരയായി ഒഴുകും. ആദിവാസികളും കാട്ടിലൂടെ യാത്രചെയ്യുന്നവരും വേനല്‍ക്കാലങ്ങളില്‍ വെള്ളം കിട്ടാനായി പുല്ലാനിവള്ളികളെ ആശ്രയിക്കാറുണ്ട്. വള്ളി ഒറ്റവെട്ടിനുതന്നെ മുറിഞ്ഞാലേ വെള്ളം ധാരാളം ലഭിക്കൂ.

Subscribe to കിളിചെപ്പ് by Email
Share it:

അദ്ഭുത സസ്യങ്ങള്‍

Post A Comment:

1 comments: