പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ ധാരാളം കുറുക്കന്മാരെ കാണാമായിരുന്നു.
അക്കാലത്ത് ഒരിക്കല്‍ പാടത്തെ 'തൂമ്പ്' അടയ്ക്കാന്‍ ചെന്നതാണ് ഒരു കൃഷിക്കാരന്‍. എന്താണ് തൂമ്പ് എന്നോ? കൈത്തോടുകളിലെ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിന് മണ്ണും ചെളിയുംകൊണ്ട് തോടിന് കുറുകെ 'ചിറ'കെട്ടും. ആ ചിറയുടെ നടുവിലായി ഒരു തുരങ്കം ഉണ്ടായിരിക്കും. ആ തുരങ്കത്തിനാണ് 'തൂമ്പ്' എന്നു പറയുന്നത്! ഈ തൂമ്പില്‍ക്കൂടിയാണ് പാടത്തേക്ക് വെള്ളം കയറ്റുന്നത്.
കൃഷിക്കാരന്‍ തൂമ്പിന് സമീപം ചെന്നപ്പോള്‍ അതിനുള്ളില്‍ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടു! അമ്പരന്നുപോയ അയാള്‍ ഒരു വടിയെടുത്ത് തൂമ്പിന്റെ ഉള്ളിലേക്ക് കുത്താന്‍ തുടങ്ങി. പെട്ടെന്ന് ഒരു കുറുക്കന്‍ തൂമ്പിന്റെ ഉള്ളില്‍ നിന്നും പുറത്തേക്കു ചാടി ഒറ്റ ഓട്ടം!
കൃഷിക്കാരന്‍ വടിയുമായി കുറുക്കന്റെ പുറകെ പാഞ്ഞു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ ഓടാന്‍ തുടങ്ങി.
വിശാലമായ പാടത്തുകൂടി വട്ടംചുറ്റി ഓടിത്തളര്‍ന്ന കുറുക്കന്‍ അവസാനം നേരത്തെ ഇരുന്നിരുന്ന തൂമ്പിന്റെ ഉള്ളില്‍തന്നെ വീണ്ടും ചെന്നു കയറി!
നാട്ടുകാര്‍ തൂമ്പ് വളഞ്ഞു. രക്ഷയില്ലാതെ പുറത്തു ചാടിയ കുറുക്കന്‍ പാടത്തുകൂടി വീണ്ടും ഓട്ടം തുടങ്ങി. ആര്‍ത്തുവിളിച്ച് പിന്നാലെ നാട്ടുകാരും. അര മണിക്കൂറോളം നാട്ടുകാരെ പുറകെ ഓടിച്ചശേഷം കുറുക്കന്‍ പഴയതുപോലെ തൂമ്പിന്റെ ഉള്ളില്‍ കയറി രക്ഷപ്പെട്ടു. ഈ ഓട്ടമത്സരം ഏതാണ്ട് ഉച്ചവരെ തുടര്‍ന്നു.
അപ്പോഴേക്കും നാട്ടുകാരുടെ എണ്ണം കൂടിയിരുന്നു! തളര്‍ന്ന് അവശനായ കുറുക്കന്‍ ഓടാന്‍ വയ്യാതെ തൂമ്പിന്റെ ഉള്ളില്‍തന്നെ ഇരുന്നു. കുറുക്കന്‍കീഴടങ്ങിയെന്നു മനസ്സിലാക്കിയ നാട്ടുകാര്‍ അലറിവിളിച്ച് മണ്‍വെട്ടിയും പാരയും എല്ലാംകൊണ്ട് തൂമ്പ് പൊളിച്ചു! തൂമ്പിന്റെ ഉള്ളിലേക്ക് നോക്കിയ അവര്‍ അത്ഭുതപ്പെട്ടു.
തൂമ്പിനുള്ളില്‍ ഒന്നല്ല രണ്ടു കുറുക്കന്മാര്‍! കലികൊണ്ട് നിന്ന നാട്ടുകാര്‍ നിമിഷനേരംകൊണ്ട് രണ്ടെണ്ണത്തിന്റെയും കഥ കഴിച്ചു!
ഇനിയാണ് കുറുക്കന്റെ ബുദ്ധിയെപ്പറ്റി പറയാന്‍ പോകുന്നത്. ശരിക്കും അവിടെ നടന്നതൊരു 'റിലേ' മത്സരമായിരുന്നു! ഒന്നാമത്തെ കുറുക്കന്‍ ഓടിത്തളര്‍ന്ന് തൂമ്പിന്റെ ഉള്ളില്‍ വന്നു കയറുമ്പോള്‍, തയ്യാറായി നില്‍ക്കുന്ന രണ്ടാമന്‍ ഓട്ടം ആരംഭിക്കും! രണ്ടാമന്‍ മടങ്ങിയെത്തുമ്പോള്‍ ഒന്നാമന്‍ വീണ്ടും ഓട്ടം തുടങ്ങും. ഇതായിരുന്നു ഉച്ചവരെ പാടത്ത് നടന്നത്. കാര്യം മനസിലാക്കിയ നാട്ടുകാര്‍ അന്തംവിട്ടുപോയി.
ഇനി പറയൂ....കുറുക്കന് ബുദ്ധിയുണ്ടോ, ഇല്ലയോ?
0 Comments