'ലൂണ' എന്നാല്‍ റഷ്യനില്‍ ചന്ദ്രന്‍ എന്നാണര്‍ഥം. 1959 മുതല്‍ 1976 വരെ നീണ്ട സോവിയറ്റ് യൂണിയന്‍ അയച്ച ലൂണാദൗത്യങ്ങളുടെ ലക്ഷ്യം ചന്ദ്രനെ അടുത്തറിയുക എന്നതായിരുന്നു. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത്. ബഹിരാകാശ കിടമത്സരം അതിന്റെ എല്ലാ അതിരുകളും ലംഘിച്ച കാലം. ലൂണായ്ക്ക് അമേരിക്ക മറുപടി നല്‍കി; അപ്പോളോ പ്രോഗ്രാമിലൂടെ. ലൂണ ആളില്ലാ ദൗത്യമായിരുന്നെങ്കില്‍, ചന്ദ്രനില്‍ ആളെ എത്തിക്കാനായിരുന്നു അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങള്‍ ലക്ഷ്യമിട്ടത്.
മൊത്തം 24 ദൗത്യവാഹനങ്ങള്‍ ലൂണ പ്രോഗ്രാമിലുണ്ടായിരുന്നു. അതില്‍ 20 എണ്ണം വിജയിച്ചു. ആ വിജയങ്ങളില്‍ പലതും, അമേരിക്കയ്‌ക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടുന്ന മുന്നേറ്റങ്ങളായി. ബഹിരാകാശ കിടമത്സരത്തിന്റെ എരിവ് കൂട്ടാന്‍ അത് ഇടയാക്കി.
ആദ്യ മനുഷ്യനിര്‍മിത ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത് പോലെ, ആദ്യമായി ചന്ദ്രന് അരികിലൂടെ കടന്നുപോകുന്ന മനുഷ്യനിര്‍മിത വാഹനവും സോവിയറ്റ് യൂണിയന്റേതായി; ലൂണ-ഒന്ന്. ചന്ദ്രോപരിതലത്തില്‍ ഇറിച്ചിറങ്ങിയ മനുഷ്യനിര്‍മിതമായ ആദ്യപേടകം ലൂണ-2 ആണ്. ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയ വാഹനം ലൂണ-3 ആണ് (1959 ഒക്ടോബറില്‍ ലൂണ-3 പകര്‍ത്തിയ ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്).
സോവിയറ്റ് യൂണിയന് കഴിയും മുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക രൂപകല്‍പ്പന ചെയ്ത ദൗത്യമാണ് അപ്പോളോ. 1968 മുതല്‍ 1972 വരെയായിരുന്നു അതിന്റെ കാലയളവ്. ഏഴ് മുതല്‍ പതിനേഴ് വരെ അപ്പോളോ പേടകങ്ങളാണ് ആ പരമ്പരയില്‍ ഉള്‍പ്പെട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ അപ്പോളൊയുടെ ഒട്ടേറെ ആളില്ലാ യാത്രകള്‍ക്ക് ശേഷമാണ്, സഞ്ചാരികളുമായി 11 ദൗത്യങ്ങള്‍ നടന്നത്. അവയില്‍ രണ്ടെണ്ണം (അപ്പോളൊ-7, 9) ഭൂമിയുടെ ഭ്രമണപഥത്തിലാണ് സഞ്ചരിച്ചത്; രണ്ടെണ്ണം (അപ്പോളൊ-8, 10) ചന്ദ്രന്റെ ഭ്രമണപഥത്തിലും.
യഥാര്‍ഥത്തില്‍ ആളെയിറക്കാനാണ് പോയതെങ്കിലും, അപ്പോളൊ-13 ചന്ദ്രനിലേക്ക് സഞ്ചരിച്ച് തിരിച്ചു പോന്നു. ആറ് ദൗത്യങ്ങള്‍ (അപ്പോളൊ-11, 12, 14, 15, 16, 17) ചന്ദ്രനില്‍ ആളെയെത്തിച്ചു. ആകെ 12 അസ്ട്രനോട്ടുകള്‍ ചന്ദ്രനില്‍ കാല്‍കുത്തി. ആദ്യം ചന്ദ്രനില്‍ ആളെത്തിയത് അപ്പോളോ-11 ലായിരുന്നു. അതിലുണ്ടായിരുന്നത് മൂന്ന് യാത്രികരാണ്; നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കൊളിന്‍സ് എന്നിവര്‍. 1969 ജൂലായ് 20-ന് നീല്‍ ആംസ്‌ട്രോങ് ആദ്യം ചന്ദ്രിനില്‍ പാദമൂന്നി, പിന്നാലെ ആല്‍ഡ്രിനും. ചന്ദ്രനിലിറങ്ങിയ ആറ് അപ്പോളൊ ദൗത്യങ്ങളും കൂടി 382 കിലോഗ്രാം പാറയും മണ്ണും അവിടെ നിന്ന് ഭൂമിയിലെത്തിച്ചു.
12 പേര്‍ ചന്ദ്രനില്‍ കാല്‍കുത്തിയെങ്കിലും, അപ്പോളോ-8, അപ്പോളോ-10, അപ്പോളോ-13 എന്നിവയിലും മറ്റ് അപ്പോളോ ദൗത്യങ്ങളിലുമായി പോയ 14 പേര്‍ക്ക് ചന്ദ്രനിലിറങ്ങാതെ മടങ്ങേണ്ടി വന്നു. ചന്ദ്രനിലിറങ്ങിയ 12 പേര്‍ ഇവരാണ്: നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ (ഇരുവരും അപ്പോളോ-11); ;ചാള്‍സ് കോണ്‍റാഡ്, അലന്‍ ബീന്‍ (അപ്പോളോ-12); അലന്‍ ഷെപ്പേര്‍ഡ്, എഡ്ഗാര്‍ മിഷെല്‍ (അപ്പോളോ-14); ഡേവിഡ് സ്‌കോട്ട്, ജെയിംസ് ഇര്‍വിന്‍ (അപ്പോളോ-15); ജോണ്‍ യങ്, ചാള്‍സ് ഡ്യൂക്ക് (അപ്പോളോ-16); യൂജിന്‍ സേണന്‍, ഹാരിസണ്‍ ഷിമിറ്റ് (അപ്പോളോ-17).
1972 ഡിസംബര്‍ ഏഴിനാണ് അപ്പോളോ-17 ചാന്ദ്രപ്രതലത്തിലെത്തിയത്. അതിലെ യാത്രികരായ യൂജിന്‍ സേണനും ഹാരിസണ്‍ ഷിമിറ്റിനും ശേഷം ഇതുവരെ ആരും ചന്ദ്രനില്‍ കാല്‍കുത്തിയിട്ടില്ല.
0 Comments