ഊട്ടി മുഴുവന്‍ ചുറ്റിക്കണ്ടിട്ടേ നമ്മള്‍ മടങ്ങുന്നുള്ളൂ എന്ന് പറഞ്ഞിരുന്നില്ലേ? നേരം പുലരുന്നതിനു മുന്‍പുതന്നെ നമുക്ക് പുറപ്പെടാം! നല്ല തണുപ്പാണ്. സ്വെറ്റര്‍ ഇട്ടാലും കിടുങ്ങി വിറച്ചുപോകും! പക്ഷേ, മഞ്ഞില്‍ മറഞ്ഞുകിടക്കുന്ന ഊട്ടിയിലെ തെരുവുകളിലൂടെയുള്ള നടത്തം ഒരിക്കലും മറക്കാത്ത അനുഭവമാണ്!
ഉദകമണ്ഡലം എന്നാണ് ഊട്ടിയുടെ യഥാര്‍ത്ഥ പേര്. ഈ പ്രദേശത്ത് ആദ്യകാലത്തെ താമസക്കാര്‍ 'തോട' വര്‍ഗക്കാരായിരുന്നു. അവര്‍ 'ഒത്തക്കല്‍ മുണ്ട്' എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. തോട ഭാഷയില്‍ ഈ പേരിന്റെ അര്‍ത്ഥം എന്താണെന്നോ? 'മലമുകളിലെ വീട്' എന്നുതന്നെ! പിന്നീട് ബ്രിട്ടീഷുകാര്‍ എത്തിയപ്പോള്‍ സ്ഥലപ്പേര് 'ഊട്ടക്കമണ്ട്' എന്നാക്കി. ഈ പേര് ചുരുങ്ങി ഊട്ടി എന്നായി.
ബ്രിട്ടീഷുകാരാണ് ഊട്ടിയെ 'ഊട്ടി പട്ടണമായി' വികസിപ്പിച്ചത്. കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ ഇതുപോലെ തണുപ്പുള്ള പ്രദേശങ്ങള്‍ ഉപയോഗിച്ചിരുന്നു. ഊട്ടിയിലേക്കുള്ള റോഡുകളും റെയില്‍പ്പാതയുമൊക്കെ നിര്‍മിച്ചതും ബ്രിട്ടീഷുകാര്‍തന്നെ! ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു 'മലനിരകളുടെ റാണി' എന്നറിയപ്പെടുന്ന ഈ തണുപ്പന്‍ പട്ടണം!
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സസ്യോദ്യാനങ്ങളിലൊന്ന് ഊട്ടിയിലുണ്ട്. അവിടേക്കാണ് നമ്മള്‍ ആദ്യം പോകുന്നത്. 1847-ല്‍ നിര്‍മിച്ച ഈ ഉദ്യാനം 55 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ അപൂര്‍വ വൃക്ഷങ്ങളും ചെടികളും ഇവിടെ സംരക്ഷിച്ചു വളര്‍ത്തുന്നു. മെയ് മാസത്തില്‍ ഈ ഉദ്യാനത്തില്‍ നടത്തുന്ന പുഷ്പമേള ലോകപ്രശസ്തമാണ്. ഇരുന്നൂറ് ലക്ഷം വര്‍ഷം പഴക്കമുള്ളതായി കരുതുന്ന ഒരു മരത്തിന്റെ അവശിഷ്ടവും ഈ ഉദ്യാനത്തില്‍ ഉണ്ട്. ആ മരക്കുറ്റി കണ്ടാല്‍ ശരിക്കും കരിങ്കല്ലാണെന്നേ തോന്നൂ!
ഇനി മറ്റൊരു ഉദ്യാനത്തിലേക്കു പോകാം. ഇന്ത്യയിലെ ഏറ്റവും വലിയ റോസാത്തോട്ടത്തിലേക്ക്! ഊട്ടിയിലെ പ്രശസ്തമായ പുഷ്പമേളയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ റോസാതോട്ടം ഉണ്ടാക്കിയത്. രണ്ടായിരത്തിലധികം തരത്തില്‍പ്പെട്ട റോസാച്ചടികള്‍ ഇവിടെയുണ്ട്. ലക്ഷക്കണക്കിന് പൂക്കളും!
ഇനി ഊട്ടി തടാകത്തിനരികിലേക്ക്. ഊട്ടിയിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന ജോണ്‍ സള്ളിവന്റെ കാലത്ത് നിര്‍മിച്ചതാണ് ഊട്ടിയിലെ തടാകം. സഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് ഈ തടാകത്തിലെ ബോട്ട് സവാരി. തടാകത്തിനു ചുറ്റും കുതിരസവാരി നടത്താനും സൗകര്യമുണ്ട്. വഴിയോര കച്ചവടക്കാര്‍ അധികം തമ്പടിക്കുന്നതും ഈ തടാകതീരത്താണ്. അതുകൊണ്ട് ഇവിടെ രസികന്‍ ഷോപ്പിങ്ങും തരപ്പെടും.
ശക്തിയേറിയ ടെലസ്‌കോപ്പിലൂടെ ദൂരെയുള്ള സ്ഥലങ്ങള്‍ കാണാനാവുന്ന ഒരു ഒബ്‌സര്‍വേറ്ററിയും ഊട്ടിയിലുണ്ട്. നീലഗിരി മലനിരകളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഡോഡാബട്ടയിലാണിത്. നഗരത്തില്‍ നിന്ന് അല്‍പം അകലെയാണെങ്കിലും അവിടെകൂടി പോയിട്ട് നമുക്ക് മടങ്ങിയാല്‍ മതി. അടുത്ത ആഴ്ച മറ്റൊരു അടിപൊളി സ്ഥലത്തേക്കാണ് യാത്ര എന്നു മറക്കല്ലേ!
0 Comments