ഏറ്റവും വലിയ ഭൂഖണ്ഡമാണ് ഏഷ്യ. ഭൂമിയിലെ കരഭാഗത്തിന്റെ മൂന്നിലൊന്ന് ഏഷ്യയുടേതാണ്. അതായത് തെക്കേ അമേരിക്കയും വടക്കേ അമേരിക്കയും കൂടിച്ചേര്‍ന്നാലുള്ളതിനേക്കാള്‍ കൂടുതല്‍ വിസ്‌തൃതി ഏഷ്യയ്‌ക്കുണ്ട്. കിഴക്ക് എന്നര്‍ത്ഥമുള്ള അസിറിയന്‍ പദമായ അസുവില്‍ നിന്നാണ് ഏഷ്യ എന്ന പദം ഉണ്ടായതെന്നാണ് ചിലര്‍ പറയുന്നത്. ഏഷ്യയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങളാണ് ഈ ലക്കത്തിലെ പള്ളിക്കൂടത്തില്‍. എല്ലാ ക്ലാസിലെയും സാമൂഹ്യശാസ്‌ത്ര-ഭൂമിശാസ്‌ത്ര പാഠഭാഗങ്ങള്‍ക്കായി ഉപയോഗപ്പടുത്തുക.
ഏറ്റവും വിസ്‌തൃതിയുള്ള ഭൂഖണ്ഡം. വടക്ക് ആര്‍ട്ടിക് സമുദ്രവും പടിഞ്ഞാറ് ചെങ്കടലും അതിനപ്പുറം മെഡിറ്ററേനിയന്‍ കടലും തെക്ക് ഇന്ത്യന്‍ മഹാസമുദ്രവും കിഴക്ക് പസഫിക്കിന്റെ ഭാഗമായ ബെറിങ് കടല്‍, ഒഘോട്‌സ്ക് കടല്‍, ജപ്പാന്‍ കടല്‍, ചൈനാക്കടല്‍ എന്നിവയുമാണ് ഏഷ്യയുടെ അതിര്‍ത്തികള്‍. ആകെ വിസ്‌തൃതി 4,40,00,000 ചതുരശ്ര കിലോമീറ്ററാണ്. ഭൂമിയിലെ ആകെ കരഭാഗത്തിന്റെ മൂന്നിലൊന്നാണിത്.
അമ്പതു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ ആകെ ജനസംഖ്യയുടെ അറുപതു ശതമാനത്തിലധികം ഏഷ്യയിലുണ്ട്. ചതുരശ്ര കി.മീറ്ററിന് 104 ആണ് ഏഷ്യയിലെ ജനസാന്ദ്രത. മഹത്തായ മതങ്ങളുടെയെല്ലാം ജന്മം ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഹിന്ദുമതം, ക്രിസ്‌തുമതം, ഇസ്ലാംമതം, ബുദ്ധമതം, ജൈനമതം, ബഹായ്, ഷിന്റോമതം (ജപ്പാന്‍), സൊരാഷ്‌ട്രിയനിസം, ഖദിയാനി, സിഖ്‌മതം, താവോമതം (ചൈന, കൊറിയ, സിങ്കപ്പൂര്‍, വിയറ്റ്‌നാം, തായ്‌വാന്‍), ഷാമാനിസം എന്നിവയാണ് അവ. ബി.സി. 10,500ല്‍ ഏഷ്യക്കാര്‍ കളിമണ്‍പാത്രങ്ങള്‍ ഉണ്ടാക്കി. ജപ്പാനില്‍നിന്ന് ഇതിന്റെ അവശിഷ്‌ടങ്ങള്‍ ലഭിച്ചു. ചക്രവും കടലാസും ഏഷ്യയുടെ സംഭാവനയാണ്. വേദങ്ങളും ഉപനിഷത്തുകളും ഇന്ത്യയിലാണ് രൂപംകൊണ്ടത്. ലോകത്തിലെ ഏറ്റവും പ്രാചീന തത്വഗ്രന്ഥ സമൂഹമാണിവ. ആയുര്‍വേദമുള്‍പ്പെടെ ഒട്ടേറെ ചികിത്സാ സമ്പ്രദായങ്ങള്‍ ജന്മംകൊണ്ടത് ഏഷ്യയിലാണ്. ലോകത്തിലെ അരിയുല്‌പാദനത്തിന്റെ 90 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ്. അണുബോംബ് പ്രയോഗത്തിനിരയായ ഏക ഭൂഖണ്ഡം. 1945-ല്‍ രണ്ടാം ലോകമഹായുദ്ധവേളയില്‍ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുമാണ് അമേരിക്ക അണുബോംബിട്ടു തകര്‍ത്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്‌റ്റ് ഏഷ്യയിലാണ്. നേപ്പാള്‍, ചൈന അതിര്‍ത്തിയിലുള്ള ഹിമാലയ പര്‍വ്വതത്തിന്റെ ഭാഗമാണിത്. 29,028 അടി (8848 മീ) യാണ് ഇതിന്റെ ഉയരം. ലോകത്തിലെ ഏറ്റവും താഴ്‌ന്നയിടവും ഏഷ്യയില്‍ത്തന്നെ. സമുദ്രനിരപ്പില്‍നിന്ന് 1300 അടി (400 മീ.) താഴ്‌ന്നുകിടക്കുന്ന ചാവുകടല്‍, തുര്‍ക്കിയിലെ ടോറസ് പര്‍വ്വതനിര മുതല്‍ തെക്കന്‍ ആഫ്രിക്കയിലെ സാംബസി താഴ്‌വരവരെ വ്യാപിച്ചിട്ടുള്ള 6000 കി.മീ നീളമുള്ള ഗ്രേറ്റ് റിഫ്‌റ്റ് വാലിയില്‍ സ്‌ഥിതിചെയ്യുന്നു. ഇസ്രായേലിലെ വെസ്‌റ്റ്ബാങ്കിനും ജോര്‍ദ്ദാനുമിടയ്‌ക്കാണ് ചാവുകടലിന്റെ സ്‌ഥാനം. 42 പ്രധാന നദികളും അനേകം ചെറുനദികളും ഏഷ്യാവന്‍കരയെ ജലസമ്പന്നമാക്കുന്നു. ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപ്പുഞ്ചി ഇന്ത്യയിലാണ്. ജനസാന്ദ്രതയില്‍ ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ പങ്കിടുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. യഥാക്രമം ചൈനയും ഇന്ത്യയും. ആറായിരത്തോളം ഭാഷകളാണ് ഏഷ്യാവന്‍കരയില്‍ പ്രചാരത്തിലുള്ളത്.
ക്രിസ്‌തുമതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ആദ്യ രാഷ്‌ട്രം ഏഷ്യയിലെ ആര്‍മീനിയയാണ്. ഏ.ഡി.300 ലായിരുന്നു ഇത്. പഴയ നിയമത്തിലെ നോഹയുടെ പേടകം ഉറച്ചുപോയ അരാരത്ത് പര്‍വ്വതം പ്രാചീന ആര്‍മീനിയയുടെ ഭാഗമായിരുന്നു.
ഭൂമിയിലെ ഏറ്റവും വലിയ തടാകമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാസ്‌പിയന്‍ കടല്‍ ഏഷ്യാഭൂഖണ്ഡത്തില്‍ സ്‌ഥിതിചെയ്യുന്നു. 3.71 ലക്ഷം ച.കി.മീ.ആണ് വിസ്‌തൃതി. അസര്‍ബൈജാന്‍, ഇറാന്‍, കസാഖ്‌സ്ഥാന്‍, റഷ്യ, തുര്‍ക്ക്‌മെനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇതിന്റെ തീരം പങ്കിടുന്നത്. ഏറ്റവും വലിയ ബുദ്ധസ്‌മാരകമായ ബോറോബുദൂര്‍ സ്‌തൂപം ഇന്തോനേഷ്യയിലാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലീം രാഷ്‌ട്രം ഏഷ്യാ വന്‍കരയിലെ ഇന്തോനേഷ്യയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തേങ്ങയുല്‌പാദിപ്പിക്കുന്നതും ഇന്തോനേഷ്യയിലാണ്.ലോകചരിത്രത്തിലെ ഏറ്റവും വലിയ സുനാമി ദുരന്തം ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തെക്കന്‍ രാജ്യങ്ങളിലായിരുന്നു. 1,74,542 പേര്‍ ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 2004 ഡിസംബര്‍ 26നായിരുന്നു ദുരന്തം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രം ഇന്ത്യയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ സൃഷ്‌ടിക്കപ്പെടുന്നത് ഇന്ത്യയിലാണ്. പ്രതിവര്‍ഷം ശരാശരി 360 കോടി സിനിമാടിക്കറ്റുകള്‍ വില്‌ക്കുന്നുണ്ടെ ന്നാണ് കണക്ക്. ലോകത്തിലെ ഏക ജൂതരാഷ്‌ട്രമായ ഇസ്രായേല്‍, ഏഷ്യാവന്‍കരയുടെ ഭാഗമാണ്. ബൈബിളില്‍ പലതവണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഗലീലിക്കടല്‍ ഇസ്രായേലിലാണ്. 21 കിലോമീറ്റര്‍ നീളവും 13 കിലോമീറ്റര്‍ വീതിയും 48 മീറ്റര്‍ ആഴവുമുള്ള ഒരു ശുദ്ധജല തടാകമാണിതെങ്കിലും ഗലീലിക്കടല്‍ എന്നാണ് അറിയപ്പെടുന്നത്. തിബേരിയാസ്, കിന്നറെത്ത് എന്നീ പേരുകളും ഇതിനുണ്ട്. ക്രിസ്‌തു ജനിച്ച നസ്രത്തും കുരിശു മരണം വരിച്ച കാല്‍വരി മലയും ഇസ്രായേലിലാണ്. ജറുസലേം നഗരം ജൂത, ക്രൈസ്‌തവ, ഇസ്ലാം മതങ്ങള്‍ക്ക് ഒന്നുപോലെ പുണ്യസ്‌ഥലമാണ്. ചരിത്രത്തിലെ ആദ്യ നാഗരികതകളായ സുമേറിയന്‍, അക്കാദിയന്‍, ബാബിലോണിയന്‍, അസീറിയന്‍ സംസ്‌കാരങ്ങള്‍ ഇറാക്കിലെ മെസപ്പൊട്ടോമിയയില്‍ ഉടലെടുത്തു. പോളോ എന്ന കായികവിനോദം ജന്മം കൊണ്ടത് ഇറാനിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പര്‍വ്വതങ്ങളുള്ളത് ഏഷ്യയിലാണ്. ഇറാനിലാണ് പര്‍വ്വതങ്ങളുടെ എണ്ണം കൂടുതല്‍. എഴുത്തുവിദ്യ ആവിര്‍ഭവിച്ചത് ഇറാഖിലാണ്.പാര്‍പ്പിടസംസ്‌കാരത്തിന്റെ ആണിക്കല്ലായ ഇഷ്‌ടിക ജന്മംകൊണ്ടത് ഇറാനിലാണ്. ആടുകളെ ആദ്യമായി ഇണക്കി വളര്‍ത്തിയതും മുന്തിരിവീഞ്ഞുണ്ടാക്കിയതും ഗിറ്റാര്‍ വികസിപ്പിച്ചതും കാറ്റാടിയന്ത്രങ്ങള്‍ കണ്ടുപിടിച്ചതും ഇറാനികളാണ്. ബഹായ് മതം 19-ാം നൂറ്റാണ്ടില്‍ ഇറാനില്‍ ആവിര്‍ഭവിച്ചു. ഗുര്‍ ഇ അമീര്‍ മുസോളിയം സ്‌ഥിതിചെയ്യുന്നത് ഉസ്‌ബെക്കിസ്‌ഥാനിലാണ്. ഭരണാധികാരിയായിരുന്ന തിമൂറിന്റെ ശവകുടീരമാണിത്. ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന കല്‍പ്പാളികൊണ്ടാണ് കല്ലറ മൂടിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഉലൂഗ് ബെഗ് വാനനിരീക്ഷണകേന്ദ്രം ഉസ്‌ബെക്കിസ്‌ഥാനിലാണ്. ലോകത്തെ ഏറ്റവും വലിയ ഊഷര പുല്‍പ്രദേശം കസാഖ്‌സ്ഥാനിലാണ്. ഇത് രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഒരു രാജ്യം ആദ്യമായി പിറന്നത് ഏഷ്യയിലാണ്. കിഴക്കന്‍ തിമോര്‍. ലോകത്തെ ഏറ്റവും കുറവ് പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യവും കിഴക്കന്‍ തിമോറാണ്. കുതിരയെ ഒരു വളര്‍ത്തുമൃഗമാക്കിയത് കസാഖ്‌സ്ഥാനിലാണ്. ലോകത്തെ ഏറ്റവും പഴയതും വലുതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്ര മായ ബയ്‌ക്കനൂര്‍ കോസ്‌മോഡ്രോം കസാഖ്‌സ്ഥാനിലാണ്. എങ്കിലും ഇത് റഷ്യയുടെ അധീനതയിലാണ്. ന്യുറാത്തം എന്നും ഇതിന് പേരുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ നാണയം കുവൈത്തി ദിനാറാണ്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ അങ്കോര്‍വത്ത് കംബോഡിയയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീതൊഴിലാളികളുള്ള രാജ്യം കംബോഡിയയാണ്. പ്രകൃതിദത്ത തടാകങ്ങളോ ജലസംഭരണികളോ ഇല്ലാത്ത ലോകത്തെ ഏകരാജ്യമാണ് കുവൈറ്റ്. ചൈനയുടെ ജനകീയ വിമോചന സേനയാണ് ലോകത്തിലെ ഏറ്റവും വലിയ സൈന്യം. പ്രധാന ഹിന്ദുതീര്‍ത്ഥാടനകേന്ദ്രങ്ങളായ കൈലാസശൃംഗവും മാനസസരസും ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതിയായ വന്മതില്‍ ചൈനയിലാണ്. ബി.സി. 200നടുത്ത് നിര്‍മ്മാണം ആരംഭിച്ച് 14-17 നൂറ്റാണ്ടില്‍ പൂര്‍ത്തിയായി. 6325 കിലോമീറ്ററാണ് നീളം.
ലോകത്ത് ഏറ്റവും ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം 81.15 വയസ്സാണ്. ജപ്പാനിലെ ഗ്രേറ്റര്‍ ടോക്യോയാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള നഗരപ്രദേശം. സുമോ ഗുസ്‌തി ആവിര്‍ഭവിച്ചത് ജപ്പാനിലാണ്. ഒസുമോ എന്നാണിതിന്റെ യഥാര്‍ത്ഥ പേര്.
ബൈബിളില്‍ പലതവണ പരാമര്‍ശമുള്ള ജോര്‍ദാന്‍ നദി ഏഷ്യയിലാണ്. ഈ നദിക്കു കിഴക്കായാണ് ജോര്‍ദാന്‍ രാജ്യം സ്‌ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ട് അണക്കെട്ടുകളിലൊന്നായ നോറക് ഡാം താജിക്കിസ്‌ഥാനില്‍ സ്‌ഥിതിചെയ്യുന്നു. പുരാതന വ്യാപാരമാര്‍ഗമായ പട്ടുപാത തുര്‍ക്ക്‌മെനിസ്‌ഥാനിലൂടെ കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും വലിയ ജലസേചന കനാലായ കരാക്കും കനാല്‍ തുര്‍ക്ക്‌മെനിസ്‌ഥാനിലെ കരാക്കും മരു ഭൂമിയിലൂടെ കടന്നുപോകുന്നു. 1375 കിലോമീറ്ററാണ് ഈ കനാലിന്റെ നീളം. ടേക്ക് വോണ്‍ദോ എന്ന ആയോധനകല ഉത്ഭവിച്ചത് കൊറിയയിലാണ്. അക്കല്‍ തെക്കി എന്ന പന്തയക്കുതിരയുടെ ആവിര്‍ഭാവം തുര്‍ക്ക്‌മെനിസ്‌ഥാനില്‍ ആയിരുന്നു. ഇത് ലോകത്തിലെ ഏറ്റവും പ്രാചീനമായ കുതിരവംശമാണ്. വിഖ്യാത വിദ്യാഭ്യാസകേന്ദ്രമായ തക്ഷശില സ്‌ഥിതിചെയ്യുന്നത് പാകിസ്‌ഥാനിലാണ്. ലോകത്തെ ഏറ്റവും വലിയ അലുമിനിയം ഉരുക്കുശാല ബഹ്‌റൈനിലെ അലുമിനിയം ബഹ്‌റൈന്‍ ആണ്. ഏകദേശം 700 നദികളുള്ള ബംഗ്ലാദേശ് നദികളുടെ നാട് എന്നറിയപ്പെടുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന രാജാവുള്ള ലോകത്തെ ഒരേയൊരു രാജ്യം മലേഷ്യയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട മന്ദിരങ്ങളായ പെട്രോണസ് ട്വിന്‍ ടവേഴ്‌സ് മലേഷ്യയിലാണ്. ലോകത്ത് ഏറ്റവുമധികം പനങ്കുരു ഉല്‌പാദിപ്പിക്കുന്നത് മലേഷ്യയിലാണ്.ലോകത്തെ ഏറ്റവും മികച്ച തുറമുഖമായി കരുതപ്പെടുന്ന സിങ്കപ്പൂര്‍ മലേഷ്യയിലാണ്.
ലോകത്തിലേറ്റവും കൂടുതല്‍ കറുപ്പ് കൃഷിചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഏഷ്യയിലെ മ്യാന്‍മര്‍ ആണ്. ദുബായ് തീരത്ത് കടലില്‍ ഭൂഖണ്ഡങ്ങളുടെ ആകൃതിയില്‍ നിര്‍മ്മിക്കുന്ന കൃത്രിമദ്വീപസമൂഹമാണ്, കൃത്രിമദ്വീപുകളില്‍ ഏറ്റവും വലുത്. ഗ്ലോബ് ഐലന്റ്‌സ് എന്ന് പേര്. ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ മന്ദിരമായ ബുര്‍ജ് അല്‍ അറബ് ദുബായ് തീരത്തുള്ള ഒരു കൃത്രിമദ്വീപില്‍ സ്‌ഥിതിചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാപാരമേളയായി വിശേഷിപ്പിക്കപ്പെടുന്നത് ദുബായ് ഷോപ്പിങ് ഫെസ്‌റ്റിവെല്‍ ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ള രാജ്യങ്ങളില്‍ ഒന്ന് ഏഷ്യാ ഭൂഖണ്ഡത്തിലെ യെമന്‍ ആണ്. ഏഷ്യാവന്‍കരയിലുള്‍പ്പെടുന്ന ശ്രീലങ്കയിലാണ്, ലോക ത്താദ്യമായി ഒരു വനിത പ്രധാനമന്ത്രിയായത്. സിരിമാവോ ബണ്ഡാരനായകെ. ബൈബിളിലെ ഉത്ത മഗീതത്തില്‍ പല തവണ പരാമര്‍ശ വിധേയമാകുന്ന രാജ്യമാണ് ലെബനന്‍. ഇത് ഏഷ്യയിലാണ്. ലോകത്ത് ഏറ്റവുമധികം തേയിലയുല്‌പാദിപ്പിക്കുന്ന മൂന്ന് രാജ്യങ്ങളും ഏഷ്യയിലാണ്. ചൈന, ഇന്ത്യ, ശ്രീലങ്ക എന്നിവയാണ് അവ. നഗരരാഷ്‌ട്രം എന്ന് വിശേഷിപ്പിക്കാവുന്ന സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യമായി കണക്കാക്ക പ്പെടുന്നു. കമ്പോളാധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥ നിലനില്‌ക്കുന്ന സിങ്കപ്പൂര്‍ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നായ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന ഉമയ്യദ് പള്ളി സിറിയയിലെ ദമാസ്‌കസിലാണ്. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദേശമായ മക്കയും നബി പലായനം ചെയ്‌ത മദീനയും സൗദി അറേബ്യയിലാണ് സ്‌ഥിതിചെയ്യുന്നത്. ഇവ രണ്ടും മുസ്ലീം പുണ്യസ്‌ഥലങ്ങളാണ്. ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്താവളമായ കിംഗ് ഫഹദ് സൗദിയിലാണ്. 780 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തൃതി. ഇസ്ലാംമതത്തിന്റെ ജന്മദേശവും സൗദി അറേബ്യയിലാണ്. ഹജ്‌ജ് എന്നറിയപ്പെടുന്ന തീര്‍ത്ഥാടനം ഇവിടേക്കാണ്. ബി.സി.2500- 2400 കാലത്ത് നിലനിന്നിരുന്ന ഒരു മഹാനാഗരിക സംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങള്‍ വടക്കന്‍ സിറിയയിലെ ഇദ്‌ലിബ പട്ടണത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
0 Comments