

അക്ഷരമാല ഒരു മന്ത്രമാണ്. ജ്ഞാനം ഉണ്ടാകണമെങ്കില്‍ വാക്കും അര്‍ഥവും തമ്മിലുള്ള ബന്ധമറിയണം. ഭദ്രവും ശുഭവും സുഖവും നല്‍കുന്ന ഈശ്വരശക്തിയാണ് ഭദ്രകാളിയെന്ന് വൈയാകരണന്മാര്‍ ആ നാമത്തിന് അര്‍ഥം പറഞ്ഞിട്ടുണ്ട്. നീണ്ട നാക്കും തലയോട്ടിമാലയുമണിഞ്ഞ ഭദ്രകാളി എന്താണെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാറില്ല. അഗ്‌നനിയുടെ ഏഴു ജിഹ്വകളില്‍ ഒന്നാണ് കാളിയെന്ന് മുണ്ഡകോപനിഷത്ത് പറയുന്നു. 'ജിഹ്വ' എന്നാല്‍ നാക്ക് എന്നാണര്‍ഥം. ഇതാണ് ഭദ്രകാളിയുടെ നീണ്ട നാക്കായി മാറിയത്. അഗ്‌നനിയില്‍ ആഹുതി വീഴുമ്പോള്‍ നീലജ്ജ്വാല ദൃശ്യമാകും. അതാണ് കാളിമ. കാളിയുടെ കഴുത്തിലണിഞ്ഞ 52 തലയോട്ടികള്‍ ചേര്‍ന്ന മാല 52 അക്ഷരങ്ങളായി കണക്കാക്കുന്നു. 'ആദ്യക്ഷരം' കുറിക്കുമ്പോള്‍ ഈ അക്ഷരങ്ങളെ ദീക്ഷയായി ഗുരു നല്‍കുകയാണ്. കപാലമെന്നാല്‍ അക്ഷരങ്ങളെന്നാണ് അര്‍ഥമെന്ന് താന്ത്രിക ആചാര്യന്മാര്‍ പറയാറുണ്ട്. തന്ത്രകോശത്തിലുള്ള പ്രസ്താവം ഇതിന്നായി ചൂണ്ടിക്കാണിക്കാറുമുണ്ട്. 'ക' എന്നാല്‍ പരാശക്തി എന്നും 'പാല'മെന്നാല്‍ പാലിക്കുക എന്നും അര്‍ഥമെടുക്കുമ്പോള്‍ അക്ഷരം ശിവശക്തി സംയോഗമെന്ന് മനസ്സിലാക്കണമെന്ന് അവര്‍ പറയുന്നു. വാക്കും അര്‍ഥവും തമ്മിലുള്ള ബന്ധം പാര്‍വതീ പരമേശ്വരന്മാരെപ്പോലെയാണെന്ന കാളിദാസവചനം ഇവിടെ ഓര്‍ക്കുക. സര്‍ ജോണ്‍ വുഡ് റോഫ് എഴുതിയ 'ഗാര്‍ലന്‍റ് ഓഫ് ലെറ്റേഴ്‌സ്' എന്ന കൃതിയിലും ഇക്കാര്യം കടന്നുവരുന്നു. ഇങ്ങനെ 'വര്‍ണമാല'യിലൂടെ അക്ഷരങ്ങളെ ഉപാസിച്ചാണ് പ്രതിഭ നേടേണ്ടത്. അതുകൊണ്ട് നവരാത്രികാലങ്ങളിലും വിദ്യാരംഭത്തിലും 'അക്ഷരമാല' കടന്നുവരുന്നു. വര്‍ണ'മാല' എന്നും അക്ഷര'മാല' എന്നും വിളിക്കുന്ന അതേ കാഴ്ചപ്പാടാണ് തലയോട്ടി 'മാല'യിലും കടന്നുവരുന്നത്.
അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുണ്ടാകുന്നു. വാക്കിന്റെ അര്‍ഥമറിയുന്നവനേ പ്രതിഭയുടെ ദീപ്തിയുണ്ടാകൂവെന്ന് ഋഗ്വേദത്തില്‍ പറയുന്നു. ''ഒരുവന്‍ എപ്പോഴും വാക്ക് നോക്കിക്കൊണ്ടിരുന്നിട്ടും വാക്തത്ത്വം കാണുന്നില്ല. മറ്റൊരുവന്‍ കേട്ടിട്ടും കേള്‍ക്കുന്നില്ല. അര്‍ഥമറിഞ്ഞവന്‍ അനുഗൃഹീതന്‍. അവനുവേണ്ടി വാഗ്‌ദേവി, ഋതുകാലത്ത് പ്രിയതമനെ പ്രാപിക്കാന്‍ വെമ്പല്‍കൊള്ളുന്ന പതിവ്രതയായ ഭാര്യ തന്റെ ഭര്‍ത്താവിനെന്നപോലെ തന്റെ പൂര്‍ണ സ്വരൂപം അഥവാ പ്രതിഭ തുറന്നുകാട്ടുന്നു'' (ഋ. 10-7.14). പ്രതിഭ എന്നാല്‍ ദീപ്തിയാണെന്ന് മഹാഭാരതം പറയുന്നു (വനപര്‍വം 229). പറയുന്ന ആളില്‍ നിന്ന് പുറപ്പെട്ട് കേള്‍ക്കുന്നയാളില്‍ പ്രവേശിക്കുന്ന ശബ്ദം കേള്‍വിക്കാരന്റെ ബുദ്ധിയില്‍ ഉണ്ടാകുന്ന ദീപ്തിയാണ് പ്രതിഭ. ഋഗ്വേദത്തില്‍ വാഗ്‌ദേവി പറയുന്നു: ''ഞാന്‍തന്നെയാണ് ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രിയമായ ഈ വാസ്തവം പറയുന്നത്. കേള്‍ക്കുക, ആരെ ഞാന്‍ ആഗ്രഹിക്കുന്നുവോ അവനെ ഞാന്‍ തേജസ്വിയും ഓജസ്വിയുമാക്കുന്നു. എല്ലാ അറിവുകളുടെയും ജ്ഞാതാവാക്കുന്നു, ഋഷിയാക്കുന്നു, പ്രതിഭാധനനാക്കുന്നു'' (ഋ. 10-125-5). ഈ പ്രതിഭ നേടാനാണ് നവരാത്രിയില്‍ അക്ഷരമെഴുതി വിദ്യാരംഭം കുറിക്കുന്നത്.
Subscribe to കിളിചെപ്പ് by Email
0 Comments