Header Ads Widget

എല്ലോറയിലെ അതിശയക്കാഴ്ചകള്‍


യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള നിരവധി സ്ഥലങ്ങളില്‍ നമ്മള്‍ മുന്‍പ് പോയിട്ടുണ്ടല്ലോ? ഇത്തവണയും അക്കൂട്ടത്തില്‍പ്പെട്ട ഒരിടത്താണ് നമ്മള്‍ എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിനടുത്തുള്ള ഒരു ചരിത്രസ്മാരകത്തില്‍. . ഏതാണ് ഈസ്ഥലമെന്ന് കൂട്ടുകാര്‍ ഊഹിച്ചിട്ടുണ്ടാവു മല്ലോ - അതെ എല്ലോറ ഗുഹകള്‍ തന്നെ!

മഹേശാദ്രിയുടെ ചെങ്കുത്തായ അടിഭാഗം തുരന്നാണ് ആരേയും അതിശയിപ്പിക്കുന്ന ഈ ഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധകാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച 34 ഗുഹകള്‍ ഇവിടെയുണ്ട്. ഇതില്‍ ആദ്യത്തെ 12 ഗുഹകള്‍ മഹായാന ബുദ്ധമതകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്. ഇവ എ.ഡി. എട്ടാം നൂറ്റാണ്ടിനുമുന്‍പ് പൂര്‍ത്തിയാക്കിയതായി കരുതപ്പെടുന്നു. പിന്നീടുള്ള പതിനേഴു ഗുഹകള്‍ ഹിന്ദുമത വിശ്വാസികള്‍ നിര്‍മ്മിച്ചവയാണ്. അവസാനത്തെ അഞ്ചുഗുഹകള്‍ ജൈനമതവിശ്വാസികളും.

ആദ്യകാലഗുഹകള്‍ ചാലൂക്യരുടെ കാലത്തും പിന്നീടുള്ള ഘട്ടം രാഷ്ട്രകൂടരുടെ കാലത്തുമാണ് പൂര്‍ത്തിയാക്കിയത്. പാറതുരന്ന് ഗുഹകളും അതിനുള്ളില്‍ അതിമനോഹരമായ ശില്പങ്ങളും ഉണ്ടാക്കുന്നതില്‍ പ്രാചീനഭാരതീയര്‍ അതിസമര്‍ത്ഥരായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഗുഹാനിര്‍മ്മിതികളിലൊന്നാണ് എല്ലോറയിലേത്.

പതിനാറാമത്തെ ഗുഹയിലെ കൈലാസ നാഥക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ച. രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണന്‍ ഒന്നാമന്റെ കാലത്താണ് ഈക്ഷേത്രം നിര്‍മ്മിച്ചത്. പാറതുരന്ന് നിര്‍മ്മിക്കുന്നരീതി വിട്ട് മുകള്‍പ്പരപ്പില്‍ നിന്ന് പാറ കൊത്തി മാറ്റിയാണ് ഈ ക്ഷേത്രനിര്‍മ്മിതി. 200 വര്‍ഷത്തിലധികം വേണ്ടിവന്നു ഇത് പൂര്‍ത്തിയാക്കാന്‍.

സാധാരണക്ഷേത്രങ്ങള്‍ക്കുള്ളതുപോലെ നാലമ്പലം, ഇടനാഴി, ഗര്‍ഭഗൃഹം, മുഖമണ്ഡപം, എന്നിവയെല്ലാം ഇതിനുണ്ട്. ഇവിടെയുള്ള ഗജവീരന്മാരുടെ പ്രതിമകളും ആകര്‍ഷകമാണ്. ദ്രാവിഡശില്പമാതൃകയിലുള്ള ഈ ക്ഷേത്രത്തിന് 84 മീറ്റര്‍ നീളവും 47 മീറ്റര്‍ വീതിയുമുണ്ട്. പൂര്‍ണ്ണമായും ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു, അല്ലേ? ക്ഷേത്രത്തിനുള്ളില്‍ താമരപ്പൂവ് കൈയില്‍ പിടിച്ചനിലയില്‍ കൊത്തി വച്ചിരിക്കുന്ന ആനകളുടെ ശില്പങ്ങള്‍ അതിമനോഹരമാണ്.

പത്താമത്തെ ഗുഹ, വിശ്വകര്‍മ്മഗുഹ എന്നാണ് അറിയപ്പെടുന്നത്. മൂന്നു നിലകളിലായാണ് ഇതിന്റെ നിര്‍മ്മിതി. കമാനാകൃതിയില്‍ മനോഹരമാക്കിയ ഉള്‍ഭാഗമാണ് ഈ ഗുഹയുടെ സവിശേഷത.ഗുഹയ്ക്കുള്ളില്‍ വലിയൊരു ബുദ്ധവിഗ്രഹമുണ്ട്. കൂടാതെ മഹായാന മന്ത്രങ്ങളും താന്ത്രികപ്രതിമകളും ഒക്കെയാണ് ഈ ഗുഹയിലെ മറ്റു കാഴ്ചകള്‍!

മുപ്പത്തിനാലു ഗുഹകളും കയറിയിറങ്ങികാണണമെങ്കില്‍ ഒത്തിരി സമയം വേണം. അതിനാല്‍ നമുക്ക് പ്രധാനപ്പെട്ട ഗുഹകള്‍മാത്രം കണ്ടിട്ട് മടങ്ങാം.

Subscribe to കിളിചെപ്പ് by Email

Post a Comment

1 Comments

  1. കൊള്ളാം. നല്ല വിവരണം. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അജന്ത / എല്ലോറ ഗുഹകള്‍ കാണാന്‍ പോയതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി

    ReplyDelete