Header Ads Widget

മുത്തങ്ങ മുറിക്കാതെ കുരു എടുത്തപ്പോള്‍

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് മൂന്ന് നൂറ്റാണ്ടുമുമ്പ് അറിയപ്പെട്ടിരിന്നത് "കരപ്പുറം" എന്നായിരുന്നു. 72 മാടമ്പിമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അക്കാലത്ത് കരപ്പുറം. മാടമ്പിമാരില്‍ ഒരാള്‍ ക്രിസ്ത്യാനിയും ബാക്കിയുള്ളവര്‍ നായന്മാരുമായിരുന്നു. 1718-ല്‍ കരപ്പുറം കൊച്ചിരാജാവ് കീഴടക്കി. 1754-ല്‍ പുറക്കാട്ടു യുദ്ധത്തെ തുടര്‍ന്ന് കരപ്പുറം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു. ഡച്ചുകാര്‍ "മുട്ടം" എന്നാണ് കരപ്പുറത്തെ വിളിച്ചത്. കീഴടക്കിയ പ്രദേശം കാണാന്‍ മാര്‍ത്താണ്ഡവര്‍മ്മ ഒരിക്കല്‍ കരപ്പുറത്ത് എത്തി. രാമയ്യന്‍ ദളവയും ഒപ്പമുണ്ട്. തുടര്‍ച്ചയായ യുദ്ധങ്ങള്‍ മൂലം തിരുവിതാംകൂര്‍ ഖജനാവ് ശോഷിച്ചിരുന്നു. കരപ്പുറത്തെ ശരിക്കും നിരീക്ഷിച്ചശേഷം മഹാരാജാവ് ചോദിച്ചു: "രാമയ്യന്‍ , മത്തങ്ങ മുറിക്കാതെ കുരു എടുക്കാന്‍ കഴിയുമോ?" മഹാരാജാവ് മനസ്സില്‍ കണ്ടതെന്തെന്ന് ബുദ്ധിമാനായ ദളവക്ക് പെട്ടെന്ന് മനസ്സിലായി. രാമയ്യന്‍ പറഞ്ഞു: "അടിയന്‍ ശ്രമിച്ചു നോക്കാം." തന്ത്രശാലിയായ ദളവ പിറ്റേന്ന് തന്നെ കരപ്പുറത്തെ നായര്‍ പ്രമാണിമാരെ ചെന്നുകണ്ടു. എന്നിട്ട് ഓരോരുത്തരോടായി ഇപ്രകാരം പറഞ്ഞു. "അറിഞ്ഞില്ലേ, മഹാരാജാവ് നേരിട്ട് നിങ്ങളുടെയടുത്തേക്ക് എഴുന്നള്ളിയിരിക്കുകയല്ലേ. അദ്ദേഹത്തെ ഉചിതമായി മുഖം കാണിച്ച് ബഹുമതികള്‍ നേടിയെടുക്കാന്‍ ഇനി വേറൊരു സന്ദര്‍ഭം കിട്ടുമോ? പൊന്നും പണവുമൊക്കെ വരും പോവും. അതുപോലെയാണോ സ്ഥാനമാനങ്ങള്‍ ...? ചത്തുമണ്ണടിഞ്ഞാലും അവ പരമ്പരാഗതമായി നിലനില്‍ക്കില്ലേ.? രാമയ്യന്റെ കൗശലം ഫലിച്ചു. അടുത്തദിവസം മുതല്‍ പ്രമാണിമാര്‍ ഓരോരുത്തരായി പൊന്നും പണവും മറ്റു കാഴ്ച വസ്തുക്കളുമായി മഹാരാജാവിനെ മുഖം കാട്ടാനെത്തി. വന്നവര്‍ക്കെല്ലാം മഹാരാജാവില്‍നിന്ന് പ്രത്യേകം ബഹുമതികളും നല്‍കപ്പെട്ടു. അങ്ങനെ കരപ്പുറത്ത് പുതിയ പ്രമാണിമാര്‍ ഉദയംകൊണ്ടു- കൈമള്‍ , പണിക്കര്‍ , കുറുപ്പ്, കര്‍ത്താ, ഉണ്ണിത്താന്‍ , വല്യത്താന്‍ ... സംഭവിച്ചത് എന്താണ്? സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയും സമ്പന്നരെ ഉപദ്രവിക്കാതെയും രാജാവും ദളവയും ചേര്‍ന്ന് ഖജനാവ് നിറച്ചു. ചുരുക്കത്തില്‍ മത്തങ്ങ മുറിക്കാതെ അതിന്റെ കുരു എടുത്തു.


മുത്തങ്ങ മുറിക്കാതെ കുരു എടുത്തപ്പോള്‍ 
വി രാധാകൃഷ്ണന്‍  
കടപ്പാട്: ദേശാഭിമാനി 
Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments