Header Ads Widget

അറിയാം ആദിവാസി ചരിത്രം- 2 (Know About Tribal Part - 2),


കണ്ണൂര്‍ (Kannur)ജില്ലയിലെ തളിപ്പറമ്പിലെ തടിക്കടവ്, പടിയൂര്‍, വയക്കര എന്നിവിടങ്ങളിലാണ്
മലവേട്ടുവര്‍ (Malavettuvar)

ധാരാളം തുളുപദങ്ങള്‍ ഉള്‍പ്പെട്ട, ഏറ്റവും പ്രാകൃതമായ മലയാളമാണ് ഇവരുടെ ഭാഷ.
വേട്ടക്കാരന്‍, വേടന്‍ എന്നീ പദങ്ങളിലേതെങ്കിലും ‘വേട്ടുവന്‍’ എന്നായി മാറിയതായി കരുതപ്പെടുന്നു. അവിവാഹിതകളായ സ്ത്രീകള്‍ ആഭരണങ്ങള്‍ അണിഞ്ഞുകൂടാ എന്നൊരു നിയമം മലവേട്ടുവരുടെയിടയിലുണ്ട്.തമിഴ്നാട്ടില്‍നിന്ന് കേരളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍  കൊങ്ങ രാജാവിനോടൊപ്പം ഇവിടെ വന്ന വേടന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇവരെന്നാണ് പറയപ്പെടുന്നത്.മലവേട്ടുവര്‍ക്ക് മൂപ്പന്മാരുണ്ട്. ആ സ്ഥാനം പരമ്പരാഗതമല്ല.മലവേട്ടുവരുടെ വിവാഹത്തിനും വധുവിനാണ് പണം കൊടുക്കേണ്ടത്. ആ പണം വിവാഹത്തിനുമുമ്പ് കൊടുത്തിരിക്കണം. വിവാഹത്തിന്‍െറ പ്രധാനചടങ്ങ് പുടവ കൊടുക്കലാണ്. താലികെട്ടുമുണ്ട്. ഇവര്‍ക്കിടയില്‍ വിവാഹമോചനം നടക്കുകയാണെങ്കില്‍ വാങ്ങിയ പണവും താലിയും തിരിച്ചുകൊടുക്കണം. ഒരു സ്ത്രീ പ്രസവിക്കാതിരിക്കുന്നത് വിവാഹമോചനത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. പുനര്‍വിവാഹം അനുവദനീയം.സ്വര്‍ണം അല്ലെങ്കില്‍ വെള്ളി ഒരു കല്ലില്‍ ഉരസി, കുങ്കുമപ്പൂചേര്‍ത്ത വെള്ളത്തില്‍ കലക്കി മൃതദേഹത്തിന്‍െറ വായില്‍ ഒഴിച്ചുകൊടുക്കും.ഇതു ചെയ്യേണ്ടത് മരിച്ച വ്യക്തിയുടെ മകനോ അനന്തരവനോ ആണ്. മൃതദേഹത്തിന്‍െറ കാല്‍ കഴുകിയ വെള്ളം കുടുംബാംഗങ്ങളും ബന്ധുക്കളും കുടിക്കണം.

കണ്ണൂര്‍ ജില്ലയിലെ ചുരുക്കംചില പ്രദേശങ്ങളില്‍ കണ്ടുവരുന്ന ആദിവാസി സമുദായമാണ്
ചിങ്ങത്താന്മാര്‍ (Chingatthan)

പെരിങ്ങോം, കുറ്റൂര്‍, കാഞ്ഞിരപൊയ്ലി, പെരുവമ്പ, കോയിപ്പാറ, രാമന്തളി എന്നിവിടങ്ങളിലാണ് അവരുള്ളത്. ചിങ്ങത്തില്‍ നടത്തുന്ന തെയ്യാട്ടത്തിലെ തെയ്യാട്ടക്കാരായതുകൊണ്ടാണ് ഇവരെ ചിങ്ങത്താന്മാരെന്നു വിളിക്കുന്നത്. കോലംകെട്ടിയാടലാണ് ഇവരുടെ പ്രധാന തൊഴില്‍.
ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളായ മാടായിക്കാവിലെയും ചീമേനിക്കാവിലെയും ഉത്സവങ്ങള്‍ക്ക് കോലംകെട്ടി ആടുന്നത് ചിങ്ങത്താന്മാരാണ്. ചിറക്കല്‍ രാജാവായിരുന്ന കോലത്തിരിയുടെ ആളുകളാണവരെന്നും ‘ചിങ്ങത്താന്‍’ എന്ന് അവരെ പേരുവിളിച്ചത് കോലത്തിരി രാജാവായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. മലയാളമാണ് ഇവരുടെ ഭാഷ.ചിങ്ങത്താന്മാര്‍ക്ക് മൂപ്പന്മാരോ തലവന്മാരോ ഇല്ല. ഓരോ കുടുംബത്തിനും തലവനായി ഒരു കാരണവരുണ്ടാകുമെന്നു മാത്രം. കുടുംബത്തില്‍ നടക്കുന്ന മരണത്തിനു ശേഷം 12 ദിവസത്തോളം പുല ആചരിക്കും. പുല അവസാനിക്കുമ്പോള്‍ സദ്യ നടത്തും.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലും തെക്കേ വയനാട്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളിലും കണ്ടുവരുന്നു കരിമ്പാലന്മാര്‍ (Karimbalan)
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലും തെക്കേ വയനാട്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളിലും കാരിമ്പാലന്മാരെ കണ്ടുവരുന്നു.
തടികള്‍വെട്ടി കരിച്ച്, കരിയുണ്ടാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരായതുകൊണ്ടാണ് ഇവര്‍ക്ക് കരിമ്പാലന്മാര്‍ എന്ന് പേരുണ്ടായത്. ശുദ്ധമല്ലാത്ത ഒരുതരം പ്രാകൃത മലയാളമാണ് ഇവരുടെ ഭാഷ. ഭാഷയില്‍ തുളുപദങ്ങള്‍ കലര്‍ന്നിട്ടുണ്ട്. തങ്ങളുടെ ചരിത്രത്തെക്കുറിച്ച് കരിമ്പാലന്മാര്‍ക്ക് ഐതിഹ്യങ്ങളൊന്നുമറിയില്ല.വധു സ്വന്തം ഗൃഹത്തില്‍ പോകുമ്പോഴെല്ലാം ഭര്‍ത്താവ് എന്തെങ്കിലും കൊടുത്തയക്കണമെന്ന് നിര്‍ബന്ധമാണ്. പെണ്ണിന്‍െറ ഭാഗത്തുനിന്നാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതെങ്കില്‍ വിവാഹത്തിന് വധുവിന് കൊടുത്ത പണം വരനെ തിരിച്ചേല്‍പിക്കണം. വിവാഹമോചനവും പുനര്‍വിവാഹം അനുവദിക്കും.
മരിച്ചാല്‍, പ്രായമായവരെ ദഹിപ്പിക്കുകയും കുട്ടികളെ മറവുചെയ്യുകയും ചെയ്യുന്നു.

കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കണ്ടുവരുന്ന ആദിവാസിവര്‍ഗമാണ് മലയാളര്‍ (Malayalar)
കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കണ്ടുവരുന്ന ആദിവാസിവര്‍ഗമാണ് മലയാളര്‍. ‘മലയിലെ ആള്‍ക്കാര്‍’ എന്ന അര്‍ഥത്തിലാണ് ഇവര്‍ക്ക് മലയാളര്‍ എന്ന പേരുണ്ടായത്. കോട്ടയം രാജാവാണ് ആറളത്തെ വീര്‍പ്പാടുകാടുകളില്‍ കുടിയിരുത്തിയതെന്ന് അവര്‍ അവകാശപ്പെടുന്നു.
മലയാളര്‍ ഹിന്ദുമത വിശ്വാസികളാണ്. ഇവരുടെ പ്രധാനദൈവം മുത്തപ്പനാണ്. മലയാളരുടെ തലവനെ ‘ഊരാളനെ’ന്നു വിളിക്കുന്നു. സാമുദായികമായി ഒട്ടേറെ അധികാരങ്ങളും അവകാശങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. വിവാഹത്തില്‍ പുടവ കൊടുക്കലാണ് പ്രധാന ചടങ്ങ്. താലി കെട്ടില്ല. സ്ത്രീധന സമ്പ്രദായവുമില്ല.
കടപ്പാട്  :- ലേഖനം : വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....

Subscribe to കിളിചെപ്പ് by Email

Post a Comment

1 Comments

  1. മലയാളരെ ആദിവാസികളെന്നു വിശേഷിപ്പിക്കുമ്പോഴും STസംവരണം പോയിട്ട് OBC സംവരണം പോലും അനുവദിക്കാത്തത് ഈ വിഭാഗത്തോടുള്ള് അനീതിയല്ലേ.....

    ReplyDelete