Header Ads Widget

സൗഖ്യത്തിന് സുഖനിദ്ര


ആയുസ്സിന്‍െറ മൂന്നിലൊന്നും നാം ഉറങ്ങിത്തീര്‍ക്കുകയാണ്. പഞ്ചേന്ദ്രിയങ്ങളുടെയും ബോധമനസ്സിന്‍െറയും വിശ്രമമായ ഉറക്കം ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും പൂര്‍ണമായി ചുരുളഴിക്കാനാവാത്ത നിഗൂഢതകളുള്ളതാണ്. ഭ്രൂണത്തില്‍ വളര്‍ച്ച ആരംഭിക്കുന്നതു മുതല്‍ മരണംവരെ തുടരുന്ന ഇതിനെ പെട്ടെന്ന് നിര്‍വചിക്കുക എളുപ്പവുമല്ല.
ബാഹ്യമായ എല്ലാ ശാരീരികാവയവങ്ങളും നിശ്ചലമായി മനസ്സിനും ശരീരത്തിനും ഒരുപോലെ വിശ്രമം അനുഭവപ്പെടുന്ന അവസ്ഥയാണ് ഉറക്കം. ആരോഗ്യത്തിന് മിതവും ഹിതവുമായ ആഹാരംപോലെ ഒഴിച്ചുകൂടാനാവാത്തതാണിത്. ശാന്തമായ ഉറക്കം ലഭിക്കുന്നവര്‍ക്കേ ഉണര്‍വുള്ള പകലുകളുണ്ടാവൂ. നന്നായി ഉറങ്ങിയാല്‍ നന്നായി ഉണരാനാവും. ഉറക്കത്തിന്‍െറ അപാകതകള്‍ ജീവിതത്തിന്‍െറ ഉണര്‍വ് നഷ്ടപ്പെടുത്തുകയും ശരീരത്തിന്‍െറ ജൈവാവസ്ഥ തെറ്റിക്കുകയും ചെയ്യും. കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിന് ഊര്‍ജം പകരുകയും മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒൗഷധമാണ് ഉറക്കം. അത് പഠനത്തിന്‍െറ ശത്രുവല്ല; മിത്രമാണ്. ഗുണനിലവാരമുള്ള ഉറക്കത്തിനുശേഷം നാം തികച്ചും ഊര്‍ജസ്വലനായ മറ്റൊരാളായി മാറുകയാണ് ചെയ്യുന്നത്.

എത്ര ഉറങ്ങണം
ബൗദ്ധികവും സര്‍ഗാത്മകവുമായ കഴിവുകള്‍ വികസിക്കാന്‍ കുട്ടികള്‍ എട്ടുമണിക്കൂറില്‍ കുറയാതെ ഉറങ്ങിയിരിക്കണം. പ്രായപൂര്‍ത്തിയായവര്‍ക്ക് അല്‍പം കുറഞ്ഞാലും സാരമില്ല. ശിശുക്കള്‍ അതിലും കൂടുതല്‍ ഉറങ്ങുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കുടുംബാന്തരീക്ഷവും പഠനഭാരവും മൂലം വേണ്ടത്ര ഉറക്കം ലഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞിരിക്കുന്നു. ജീവിതസൗഖ്യത്തിന്‍െറ അളവുകോലുകളിലൊന്നാണ് ഉറക്കം. അത് വേണ്ടത്ര കാര്യക്ഷമമായി ലഭിച്ചാലേ കുട്ടികള്‍ക്ക് ആരോഗ്യവും ബുദ്ധിവളര്‍ച്ചയും ഉണ്ടാവൂ.
വേണ്ടത്ര ഉറങ്ങാതിരിക്കുന്നതും വേണ്ട സമയത്തല്ലാതെ ഉറങ്ങുന്നതും ആവശ്യത്തില്‍ കവിഞ്ഞുറങ്ങുന്നതുമെല്ലാം ദോഷഫലങ്ങളുണ്ടാക്കും. ഉറക്കം നഷ്ടപ്പെട്ടാല്‍ ക്ഷീണം, അസ്വസ്ഥത, അക്ഷമ, മന്ദത എന്നിവ അനുഭവപ്പെടാം. ഉറങ്ങാന്‍ കഴിയാതിരുന്നാല്‍ ഭ്രാന്തുപിടിച്ചതുപോലുള്ള അവസ്ഥ വരെയുണ്ടാവും. രാത്രി ഉറക്കമൊഴിച്ചാല്‍ ശരീരത്തിന്‍െറ രൂക്ഷത വര്‍ധിച്ച് വാതകോപമുണ്ടാകുമെന്നും പകലുറങ്ങിയാല്‍ ശരീരത്തിന്‍െറ സ്നിഗ്ധത വര്‍ധിച്ച് കഫരോഗ കാരണമാകുമെന്നും ആയുര്‍വേദാചാര്യര്‍ പറയുന്നു. ഉറക്കവും ഉണര്‍വും ക്രമപ്പെടുത്തിയില്ളെങ്കില്‍ പല രോഗങ്ങളുമുണ്ടാവുമെന്ന് വൈദ്യശാസ്ത്ര പിതാവായ ഹിപ്പോക്രാറ്റ്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉറങ്ങുമ്പോള്‍ നഷ്ടപ്പെട്ട ആരോഗ്യം ശരീരം വീണ്ടെടുക്കുന്നു. ഉറക്കത്തില്‍ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റംവരുന്നുണ്ട്. ശരീരത്തിന് ഊര്‍ജസ്വലതയും ഉന്മേഷവും വീണ്ടെടുക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ഈ മാറ്റങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പുനര്‍നിര്‍മാണം, സംരക്ഷണം, കോശവളര്‍ച്ച എന്നിവയുമായാണ് ഉറക്കത്തിന് ബന്ധം. സയന്‍സ് മാസിക ഈയിടെ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് മസ്തിഷ്കത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യലാണ് ഉറക്കത്തിന്‍െറ പ്രധാന ധര്‍മമെന്നാണ്. ഉറക്കം ഒരു മസ്തിഷ്കപ്രവര്‍ത്തനമാണ്. നിദ്രാവേളയില്‍ മസ്തിഷ്കം വിശ്രമിക്കുകയല്ല, കൂടുതല്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഉറക്കം ഓര്‍മകള്‍ക്കും പഠനത്തിനും സഹായകമായ മസ്തിഷ്കത്തിന്‍െറ പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കുമ്പോള്‍തന്നെ, ശുദ്ധീകരണംകൂടി നടക്കുന്നുവെന്നാണ് ഈ പഠനത്തിന്‍െറ പൊരുള്‍.

ഉറക്കവും തലച്ചോറും
നമ്മുടെ എല്ലാ പ്രവൃത്തികളും നിയന്ത്രിക്കുന്ന തലച്ചോറിലെ മര്‍മപ്രധാന ഭാഗമായ സെറിബ്രല്‍ കോര്‍ട്ടക്സ് പ്രവര്‍ത്തന നൈരന്തര്യം കാരണം ഊര്‍ജവും ശക്തിയും കുറഞ്ഞ് പരിക്ഷീണിതമാകുമ്പോള്‍ ശരീരത്തിന്‍െറ മറ്റു പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് മസ്തിഷ്കം പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കുകയാണ് (റീചാര്‍ജ് ചെയ്യുക) ചെയ്യുന്നത്. ശരീരത്തിലെ ഈ ജൈവപ്രക്രിയയില്‍ ശ്വാസോച്ഛ്വാസം, ഹൃദയപ്രവര്‍ത്തനം, രക്തപര്യയനം തുടങ്ങിയവ മറ്റൊരു തരത്തില്‍ മുടങ്ങാതെ നടക്കുന്നുണ്ട്.

ശരീരത്തിന്‍െറ അറ്റകുറ്റപ്പണി
ഉറക്കത്തെക്കുറിച്ച് പല ഗവേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും അതിന്‍െറ നിഗൂഢതകളും യാഥാര്‍ഥ്യങ്ങളും പൂര്‍ണമായും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ഉറക്കത്തെയും സ്വപ്നങ്ങളെയും കുറിച്ച് പഠിക്കാന്‍ ഗവേഷണകേന്ദ്രങ്ങള്‍ വരെ നിലവിലുണ്ട്. ഉറക്കത്തെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചത് 1950കള്‍ക്കുശേഷമാണ്. അമേരിക്കയിലെ ഷികാഗോ സര്‍വകലാശാല പ്രഫസര്‍ നഥാനിയല്‍ ക്ളീറ്റ്സ്മാന്‍ ഉറങ്ങുന്ന ഒരാളുടെ കണ്ണിന്‍െറ ചലനങ്ങള്‍ നിരീക്ഷിച്ചാണ് പഠനമാരംഭിച്ചത്. ഉറക്കത്തെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്തിയത് ഇദ്ദേഹമാണ്. ഉറങ്ങിക്കഴിഞ്ഞാല്‍ കണ്ണുകള്‍ നിശ്ചലമാകുമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍, നിശ്ചലാവസ്ഥക്കുശേഷം കണ്ണുകള്‍ക്ക് ദ്രുതചലനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് കണ്ടത്തെുകയായിരുന്നു. തലച്ചോറില്‍നിന്നുള്ള തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഇലക്ട്രോ എന്‍സഫലോ ഗ്രാം (ഇ.ഇ.ജി) കണ്ടുപിടിച്ചതോടെ ഉറക്ക ഗവേഷണങ്ങള്‍ക്ക് വലിയ പുരോഗതിയുണ്ടായി. ഉറങ്ങുമ്പോഴുള്ള മസ്തിഷ്കത്തിലെ വ്യത്യാസങ്ങള്‍ ആദ്യം കണ്ടത്തെിയത് യോഹാന്‍സ് ബെര്‍ഗന്‍ എന്ന ശാസ്ത്രജ്ഞനാണ്. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് ഉറക്ക പഠനങ്ങള്‍ പുരോഗമിച്ചത്. തലച്ചോറിലെ ചില രാസപ്രക്രിയകളാണ് ഉറക്കത്തിന് കാരണമെന്ന് കണ്ടത്തെുകയുണ്ടായി. തലച്ചോറിലെ മെലറ്റോണിന്‍ എന്ന ഹോര്‍മോണാണ് ഉറക്കത്തിന്‍െറ പ്രധാന ഘടകം. കണ്ണില്‍നിന്നുള്ള ദൃശ്യസംവേദനങ്ങളുമായി നേരിട്ട് ബന്ധമുള്ള പീനിയല്‍ ഗ്രന്ഥിയാണ് മെലറ്റോണിന്‍ ഉല്‍പാദിപ്പിക്കുന്നത്. പ്രകാശം കണ്ണിലൂടെ തലച്ചോറിലേക്ക് സംവേദനങ്ങളത്തെിക്കുമ്പോള്‍ മെലറ്റോണിന്‍ ഉല്‍പാദനം കുറയും. പ്രകാശം കുറയുമ്പോള്‍ മെലറ്റോണിന്‍ കൂടുകയും ഉറക്കം വരുകയും ചെയ്യും. ഇതാവാം ഉറക്കത്തിന് രാത്രി നിശ്ചയിക്കപ്പെട്ടത്.
തലച്ചോറിന്‍െറ ധര്‍മം നിര്‍വഹിക്കുന്നതിന് തലച്ചോറുതന്നെ സ്വയം നടത്തുന്ന ക്രമീകരണമാണ് ഉറക്കം എന്നു പറയാം. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അറ്റകുറ്റപ്പണി നടത്തുന്നതും കോശങ്ങളുടെയും ശരീരകലകളുടെയും പുനരുജ്ജീവനം നടക്കുന്നതും ഉറക്കവേളയിലാണ്. കോശങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാട് പരിഹരിക്കുന്ന അവസരം കൂടിയാണിത്. നവജാത ശിശുക്കള്‍ 18 മണിക്കൂര്‍ ഉറങ്ങുന്നത് കോശങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കാണ്. നാഡീയ ജീവശാസ്ത്രമനുസരിച്ച് തലച്ചോറിലെ ലിംബിക് വ്യവസ്ഥയും മസ്തിഷ്ക കാണ്ഡവുമാണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്. മസ്തിഷ്കത്തില്‍ രേഖപ്പെടുത്തിയ ഹ്രസ്വസ്മരണകള്‍ ദീര്‍ഘസ്മരണകളാക്കി മാറ്റുന്നത് ഉറക്കത്തിലാണെന്നാണ് ഗവേഷണം. ഓര്‍മകളെ ഉറപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സംശ്ളേഷണം ഉറക്കത്തിലാണ്. അന്നന്നു പഠിച്ച പാഠഭാഗങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍മിച്ചെടുത്താല്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുമെന്ന് നിരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.
ഉറക്കത്തിന് പല ഘടകങ്ങള്‍ ചേര്‍ന്നപോലെ ഘട്ടങ്ങളുമുണ്ട്. ഉറക്കത്തിന് രണ്ട് ഘട്ടമാണുള്ളത്. ആര്‍.ഇ.എം ഉറക്കം (Rapid Eye movement Sleep) അഥവാ ചഞ്ചലമിഴി നിദ്രയും എന്‍.ആര്‍.ഇ.എം ഉറക്കം (Non Rapid Eye movement Sleep) അഥവാ നിശ്ചലമിഴി നിദ്രയും. ഇവയുടെ ഇടകലര്‍ന്ന ആവര്‍ത്തനമാണ് രാത്രിയിലെ ഉറക്കം. ചഞ്ചലമിഴി നിദ്രയില്‍ കൃഷ്ണമണി ഇളകിക്കൊണ്ടിരിക്കും.
നിശ്ചലമിഴി നിദ്രയില്‍ ഇതിന് കാര്യമായ ഇളക്കമുണ്ടാവില്ല. ആകെ ഉറക്കത്തിന്‍െറ മുക്കാല്‍ പങ്കും നിശ്ചലമിഴി നിദ്രയിലാണ്. ശരീരകോശങ്ങളുടെ തേയ്മാനവും കേടുപാടുകളും പരിഹരിക്കുന്നതും വളര്‍ച്ചാ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നതുമൊക്കെ നിശ്ചലമിഴി നിദ്രാവസ്ഥയിലാണ്. നാലോളം ഘട്ടങ്ങളുള്ള നിശ്ചലമിഴി നിദ്രാവസ്ഥയിലൂടെ കടന്ന് ചഞ്ചലമിഴി നിദ്രയിലത്തെി താളാത്മകമായാണ് ഉറക്കഗതി. ഉറക്കത്തിന്‍െറ തുടക്കത്തിലുള്ള ഉണര്‍ത്താന്‍ എളുപ്പമായ മയക്കം, ശ്വസനവും ഹൃദയമിടിപ്പും താഴാന്‍ തുടങ്ങുന്ന രണ്ടാംഘട്ടം, ഇവ ഏറ്റവും കുറഞ്ഞതും ഗാഢനിദ്ര തുടങ്ങുന്നതുമായ മൂന്നാംഘട്ടം, ചഞ്ചലമിഴി നിദ്രയിലേക്ക് മാറുന്നതും ശ്വസനവും നാഡിമിടിപ്പും കൂടുന്നതും പേശികള്‍ക്ക് ചലനശേഷി കിട്ടിയതുമായ നാലാംഘട്ടം എന്നിവയാണ് നിശ്ചലമിഴി നിദ്രയുടെ ഘട്ടങ്ങള്‍.
ഇതിലെ നാലാമത്തെ ഘട്ടത്തിലാണ് കുട്ടികള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതും പേടിസ്വപ്നങ്ങള്‍ കാണുന്നതുമൊക്കെ. പിന്നീട് ചഞ്ചലമിഴി നിദ്രയിലേക്ക് പ്രവേശിക്കുമ്പോള്‍ ശരീരാവയവങ്ങളെല്ലാം തളര്‍ന്നിരിക്കും. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും രക്തസമ്മര്‍ദവും കൂടിയിരിക്കും.
ഉറക്കത്തില്‍ ഹൃദയസ്തംഭനമുണ്ടാവുന്നത് ഈ ഘട്ടത്തിലാണെന്നാണ് പഠനം. ഹൃദയം, ഡയഫ്രം, കണ്ണുകള്‍, കുടലുകള്‍ എന്നിവിടങ്ങളിലൊഴികെ മറ്റിടങ്ങളില്‍ രക്തപ്രവാഹം കുറഞ്ഞിരിക്കും. സ്വപ്നങ്ങള്‍ ചിറകടിച്ചുയരുന്നതും ചിലര്‍ ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്. ചഞ്ചലമിഴി നിദ്രക്കു ശേഷം വീണ്ടും നേത്രചലനമില്ലാത്ത നിശ്ചലമിഴി നിദ്രയിലേക്ക് തിരിച്ചത്തെുന്നതാണ് ഉറക്കത്തിന്‍െറ താളം.
ഉറക്കത്തിന്‍െറ ചാക്രിക വൃത്തം പൂര്‍ത്തിയാവുന്നതോടെ ബാഹ്യപ്രേരണകളില്ലാതെതന്നെ ഉണരും. ഉറക്കത്തിന്‍െറ ദൈര്‍ഘ്യംപോലെ പ്രധാനമാണ് അതിന്‍െറ ഗുണനിലവാരവും.

നല്ല ഉറക്കശീലങ്ങള്‍
  1. നേരത്തേ ഉറങ്ങുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യുക.
  2. ദിവസവും നിശ്ചിത സമയത്ത് ഉറങ്ങുക, നിശ്ചിത സമയത്ത് ഉണരുക. അവധി ദിവസങ്ങളിലും കൃത്യനിഷ്ഠ പാലിക്കുക.
  3. വ്യാകുലചിന്തകള്‍ ഒഴിവാക്കുക. ഉറങ്ങാന്‍ പോകുമ്പോള്‍ വൈകാരിക പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതിരിക്കുക.
  4. ഉറക്കം വരുമ്പോള്‍ മാത്രം ഉറങ്ങാന്‍ കിടക്കുക.
  5. അത്താഴം കഴിച്ച് ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ.
  6. രാത്രി ചായ, കാപ്പി, ലഹരിവസ്തുക്കള്‍ എന്നിവ ഒഴിവാക്കുക.
  7. കിടപ്പുമുറി വായുസഞ്ചാരമുള്ളതും ആരോഗ്യപരമായി ക്രമീകരിച്ചതുമാവുക. കടലാസ് കഷണങ്ങള്‍, നനഞ്ഞ തുണി പോലുള്ളവ കിടപ്പുമുറിയില്‍ കൂട്ടിയിടരുത്.
  8. തലയണ കട്ടി കുറഞ്ഞതും മൃദുലവുമായിരിക്കണം.
  9. കഴിയുന്നതും പകലുറക്കം ഒഴിവാക്കുക.
  10. ഉറങ്ങുന്നതിന് അല്‍പം മുമ്പ് തണുത്ത വെള്ളത്തില്‍ ശരീരം കഴുകുക.
  11. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നില്ളെങ്കില്‍ വ്യായാമം ജീവിത ശീലമാക്കുക.
  12. ഒരു കാരണവശാലും കിടന്ന് ടി.വി കാണരുത്. ടി.വി കാണാനും പഠിക്കാനും കിടപ്പുമുറി ഒഴിവാക്കുക.
  13. രാത്രി ഇരുന്നു പഠിക്കേണ്ട അവശ്യസന്ദര്‍ഭമുണ്ടായാല്‍, ഉറക്കം വരുന്നുവെങ്കില്‍ അല്‍പം ഉറങ്ങിയ ശേഷം മാത്രം എഴുന്നേറ്റിരുന്ന് പഠിക്കുക.
  14. തികഞ്ഞ ഇരുട്ടും കുളിര്‍മയുമുള്ള മുറിയില്‍ ഉറങ്ങുക.
  15. വശം ചരിഞ്ഞ് കിടക്കുക.
  16. കിടക്കുന്നതിനുമുമ്പ് ശയ്യോപകരണങ്ങള്‍ തട്ടിക്കുടഞ്ഞ് വൃത്തിയാക്കുക.
  17. ഉറങ്ങുന്നതിനുമുമ്പും ശേഷവും ദന്തശുദ്ധി വരുത്തുക.
  18. ഉറക്കത്തിനുമുമ്പ് പ്രാര്‍ഥനയും സദ്വിചാരങ്ങളും ശീലിക്കുക.

സെര്‍ക്കേഡിയന്‍ റിഥം
ഓരോ ജീവിയുടെയും രാവും പകലും ഉള്‍ക്കൊള്ളുന്ന 24 മണിക്കൂര്‍ സമയദൈര്‍ഘ്യമുള്ള ഒരു ദിവസത്തെ ജീവിതവും പ്രവര്‍ത്തനങ്ങളും അവന്‍െറതന്നെ ഉള്ളില്‍ത്തന്നെയുള്ള ഒരു ജൈവഘടികാരത്തിന്‍െറ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് നേരത്തേതന്നെ ശാസ്ത്രലോകം കണ്ടത്തെിയിരുന്നു. ഉറക്കത്തിനും ഉണര്‍വിനും ഒരു നിശ്ചിതക്രമവും സമയവുമുണ്ടെന്നും എല്ലാ ജീവല്‍പ്രവര്‍ത്തനങ്ങളും താളാത്മകമായി നിശ്ചിതസമയത്ത് നടക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചറിഞ്ഞു. ജെ.എസ്. സിമാന്‍സ്കി, റോണ്‍ കൊനോപ്ക, ജോസഫ് തകാഹഷി തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തിയവരാണ്. മസ്തിഷ്കത്തിലെ ഹൈപോ തലാമസ് ഭാഗത്തുള്ള ഒരു ന്യൂക്ളിയസിന്‍െറ പ്രവര്‍ത്തനം ചിട്ടയായ ഒരു ജൈവതാളം അഥവാ സെര്‍ക്കേഡിയന്‍ റിഥം ശരീരം രൂപപ്പെടുത്തിയിട്ടുണ്ട്. സെര്‍ക്ക എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ ആവര്‍ത്തന സ്വഭാവമുള്ളത് എന്നും ഡിയം എന്നാല്‍ ദിവസം എന്നുമാണ് അര്‍ഥം. താളാത്മകമായി ദിനംപ്രതി ആവര്‍ത്തിക്കുന്നത് എന്ന് ചുരുക്കം. സസ്യങ്ങള്‍, പക്ഷികള്‍, ജന്തുക്കള്‍, ബാക്ടീരിയകള്‍ തുടങ്ങിയ ജീവികളിലെല്ലാം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഈ ആവര്‍ത്തന സ്വഭാവം പ്രകടമാണ്.
അതിനനുസൃതമായി പ്രവര്‍ത്തിക്കാന്‍ ജീവികളെ പ്രേരിപ്പിക്കുന്ന ആന്തരിക സംവിധാനം ഓരോന്നിന്‍െറയും കോശത്തിലുണ്ട്. ഈ ജൈവഘടികാരത്തിന്‍െറ താളാത്മകതയാണ് ഉറക്കം, ഉണര്‍വ്, ദാഹം, വിശപ്പ് എന്നിവയെല്ലാം. പ്രകാശം, ഇരുട്ട്, ചൂട്, തണുപ്പ്, ഭക്ഷണം, സ്ഥലം, കാലം തുടങ്ങിയവയെല്ലാം ഈ ബയോളജിക്കല്‍ ക്ളോക് നിലനിര്‍ത്താന്‍ സഹായിക്കുന്നു. 
കടപ്പാട്:- മാധ്യമം വെളിച്ചം 


Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments