Header Ads Widget

ആചരിക്കാം ഈ ദിനങ്ങൾ - 1


ജനുവരി ഒന്ന്
ലോക കുടുംബദിനം

കുടുംബങ്ങള്‍ക്ക് സ്നേഹവും സൗഹാര്‍ദവും പങ്കുവെക്കാനും അതുവഴി സമാധാനവും അക്രമരാഹിത്യവും വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് അമേരിക്കയിലാണ് ജനുവരി ഒന്ന് ലോക കുടുംബദിനമായി ആചരിച്ചുതുടങ്ങിയത്. ഐക്യരാഷ്ട്രസഭ മില്ളേനിയം ആഘോഷങ്ങളുടെ ഭാഗമായി ഇതിന് അംഗീകാരം നല്‍കി.
ജനുവരി 27
ഹോളോകോസ്റ്റ് സ്മരണാ ദിനം

രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലര്‍ ജര്‍മനിയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കൂട്ടത്തോടെ ക്രൂരമായി കൊന്നൊടുക്കിയ ലക്ഷക്കണക്കിന് മനുഷ്യരെ സ്മരിക്കാനുള്ള ദിവസമാണ് ജനുവരി 27. ഐക്യരാഷ്ട്രസഭ 2005ലാണ് ദിനാചരണം തീരുമാനിച്ചത്.
ഫെബ്രുവരി നാല്
അര്‍ബുദ ദിനം

ലോകത്ത് മനുഷ്യര്‍ മരിക്കുന്നതില്‍ 13 ശതമാനം കാന്‍സര്‍ ബാധിച്ചാണ്. ലോകാരോഗ്യ സംഘടനയാണ് അര്‍ബുദ ബോധവത്കരണ ദിനമായി ഫെബ്രുവരി നാല് ആചരിക്കുന്നത്. പുകയില വിരുദ്ധ പ്രചാരണവും കാന്‍സര്‍ രോഗികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരലും ദിനാചരണത്തിന്‍െറ ലക്ഷ്യങ്ങളാണ്.
ഫെബ്രുവരി 20
സാമൂഹികനീതി ദിനം

2007ലാണ് ഐക്യരാഷ്ട്രസഭ ദിനാചരണം തീരുമാനിച്ചത്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുക, എല്ലാവര്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സാമൂഹികനീതി ദിനത്തിന്‍െറ ലക്ഷ്യം. സ്ത്രീ-പുരുഷ സമത്വം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക തുടങ്ങിയ ഉദ്ദേശ്യങ്ങളുമുണ്ട്.
ഫെബ്രുവരി 21
മാതൃഭാഷാ ദിനം

ഭാഷകളുടെ പ്രോത്സാഹനവും വികാസവും സംരക്ഷണവും ലക്ഷ്യമാക്കി 1999 മുതലാണ് യുനെസ്കോ മാതൃഭാഷാദിനം ആചരിച്ചുതുടങ്ങിയത്. പാകിസ്താന്‍െറ ഭാഗമായിരുന്ന ധാക്കയില്‍ 1952ല്‍ ബംഗ്ളാ ഭാഷയോടുള്ള സര്‍ക്കാറിന്‍െറ അവഗണനക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിന്‍െറ സ്മരണക്കാണ് ഫെബ്രുവരി 21 ഭാഷാദിനമായി പ്രഖ്യാപിച്ചത്.
മാര്‍ച്ച് 8
വനിതാ ദിനം

1910ല്‍ കോപന്‍ഹേഗനില്‍ ചേര്‍ന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിലാണ് ദിനാചരണം പ്രഖ്യാപിച്ചത്. 1911ല്‍ ആദ്യദിനാചരണം. വനിതകള്‍ക്ക് വിദ്യാഭ്യാസത്തിലും ശാസ്ത്രസാങ്കേതികതയിലും തുല്യ അവസരവും സുരക്ഷയും നീതിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഒക്ടോബര്‍ 15 ഗ്രാമീണ വനിതാ ദിനമാണ്.
മാര്‍ച്ച് 21
കവിതാ ദിനം

കവിതക്കുമുണ്ട് ഒരു ദിവസം. കവിതകളിലൂടെ ഭാഷാവൈവിധ്യം സംരക്ഷിക്കുക ലക്ഷ്യം വെച്ച് 1999ല്‍ പാരിസില്‍ ചേര്‍ന്ന യുനെസ്കോ യോഗമാണ് മാര്‍ച്ച് 21 ലോക കവിതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് 22
ജലദിനം

ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക, ശുദ്ധജലം പാഴാവുന്നത് തടയുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 1992ലാണ് ഐക്യരാഷ്ട്രസഭ ജലദിനാചരണം ആരംഭിച്ചത്. ശുദ്ധജലത്തിന്‍െറയും ജലസംരക്ഷണത്തിന്‍െറയും പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് ഈ ദിവസം ലോകമാകെ പരിപാടികള്‍ നടക്കുന്നു. 2012 ‘ലോക ജലസഹകരണ വര്‍ഷ’മായിരുന്നു.
മാര്‍ച്ച് 24
ക്ഷയരോഗ ദിനം

1882 മാര്‍ച്ച് 24നാണ് ക്ഷയരോഗത്തിന് കാരണമായ ‘ട്യൂബര്‍കുലോസിസ് ബാസിലസ്’ എന്ന രോഗാണുവിനെ ഡോ. ഹെന്‍റിച്ച് ഹെര്‍മന്‍ റോബര്‍ട്ട് കോച്ച് കണ്ടത്തെിയത്. 1996ല്‍ ലോകാരോഗ്യ സംഘടന ഈ ദിവസം ക്ഷയരോഗ ബോധവത്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. രോഗത്തെക്കുറിച്ചും ചികിത്സയെകുറിച്ചുമുള്ള ബോധവത്കരണമാണ് ലക്ഷ്യം.
മാര്‍ച്ച് 25
അടിമത്ത വിരുദ്ധദിനം

നൂറ്റാണ്ടുകള്‍ നിലനിന്ന അടിമത്തത്തിന്‍െറ ഇരകളെ സ്മരിക്കാനുള്ള ദിനം. 2007ലാണ് ഐക്യരാഷ്ട്രസഭ ദിനാചരണം തുടങ്ങിയത്. പല രൂപങ്ങളില്‍ പല രാജ്യങ്ങളിലും ഇന്നും തുടരുന്ന അടിമത്ത സമ്പ്രദായത്തിനെതിരെ ബോധവത്കരണമാണ് ദിനാചരണത്തിന്‍െറ ലക്ഷ്യം.
ഏപ്രില്‍ രണ്ട്
ഓട്ടിസം ദിനം

ഓട്ടിസം പോലെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്ന സന്ദേശമുയര്‍ത്തിയാണ് ഓട്ടിസം ദിനം ആചരിക്കുന്നത്.
ഏപ്രില്‍ നാല്
കുഴിബോംബ് വിരുദ്ധദിനം

നിരവധി നിരപരാധികളുടെ ജീവനെടുക്കുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്ന കുഴിബോംബുകള്‍ക്കെതിരെ ബോധവത്കരണത്തിനാണ് ഐക്യരാഷ്ട്രസഭ 2005 മുതല്‍ ദിനാചരണം തുടങ്ങിയത്. യുദ്ധവും കലാപവും ഒടുങ്ങിയാലും ജീവനുഭീഷണിയായി ‘മൈനുകള്‍’ അപകടം വിതച്ചുകൊണ്ടിരിക്കും.
ഏപ്രില്‍ ഏഴ്
ലോകാരോഗ്യദിനം

1948ല്‍ ആദ്യമായി ചേര്‍ന്ന ലോകാരോഗ്യ അസംബ്ളിയിലാണ് 1950 മുതല്‍ ഏപ്രില്‍ ഏഴ് ലോകാരോഗ്യ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കും മാരകരോഗങ്ങള്‍ക്കുമെതിരെയും പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യസംരക്ഷണം എന്നിവയെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ലക്ഷ്യം.
ഏപ്രില്‍ 12
മനുഷ്യ ബഹിരാകാശ പേടക ദിനം

റഷ്യന്‍ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ ‘വോസ്റ്റോക്’ എന്ന കൃത്രിമ പേടകത്തില്‍ ലോകത്താദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയതിന്‍െറ സ്മരണക്കാണ് ദിനാചരണം. ശാസ്ത്ര ചരിത്രത്തിലെ ഈ മഹാസംഭവത്തിന്‍െറ 50ാം വാര്‍ഷികാഘോഷത്തിലാണ് (2011) ദിനാചരണം തീരുമാനിച്ചത്.
ഏപ്രില്‍ 22
ഭൗമദിനം

1970 മുതല്‍ ലോകത്തെ പരിസ്ഥിതി സംഘടനകളാണ് ഭൂമിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കാനും ഓര്‍മപ്പെടുത്താനും ഏപ്രില്‍ 22ന് ഭൗമദിനാചരണം തുടങ്ങിയത്. 2009ലാണ് ഐക്യരാഷ്ട്രസഭ ദിനാചരണം പ്രഖ്യാപിച്ചത്.
ഏപ്രില്‍ 23
പകര്‍പ്പവകാശ ദിനം

ലോക സാഹിത്യത്തിലെ അദ്ഭുതപ്രതിഭ വില്യം ഷേക്സ്പിയറുടെ ചരമദിനമായ ഏപ്രില്‍ 23 പുസ്തക പകര്‍പ്പവകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് 1995ല്‍ യുനെസ്കോയാണ്. വായന പ്രോത്സാഹിപ്പിക്കുക, പുസ്തകങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുക, പകര്‍പ്പവകാശ ലംഘനം തടയുക എന്നിവയാണ് ലക്ഷ്യം.
ഏപ്രില്‍ 25
മലേറിയ ദിനം

ലോകത്ത് വര്‍ഷത്തില്‍ 22 കോടി ആളുകള്‍ക്ക് മലേറിയ ബാധിക്കുന്നു. മരണം എട്ടുലക്ഷവും. കൊതുകു നശീകരണത്തിന്‍െറ പ്രാധാന്യം, മലേറിയ രോഗ പ്രതിരോധം, ചികിത്സ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണത്തിന് 2007ല്‍ നടന്ന ലോകാരോഗ്യ സമ്മേളനത്തിലാണ് ദിനാചരണം പ്രഖ്യാപിച്ചത്.
ഏപ്രില്‍ 26
ബൗദ്ധിക സ്വത്തവകാശ ദിനം

2000ത്തിലാണ് വേള്‍ഡ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ ബൗദ്ധിക സ്വത്തവകാശ ദിനം ആഹ്വാനം ചെയ്തത്. കണ്ടുപിടിത്തങ്ങളുടെയും ഉപകരണങ്ങളുടെയും പേറ്റന്‍റ്, ട്രേഡ് മാര്‍ക്കുകളുടെയും ഡിസൈനുകളുടെയും അവകാശം, പകര്‍പ്പവകാശം (കോപ്പി റൈറ്റ്) എന്നിവയുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
ഏപ്രില്‍ 28
തൊഴില്‍ സുരക്ഷാ ദിനം

ആരോഗ്യകരമായ തൊഴില്‍ സാഹചര്യവും മതിയായ സുരക്ഷാ സൗകര്യങ്ങളും തൊഴിലിടങ്ങളില്‍ ഉറപ്പുവരുത്തുന്നതിനാണ് ഏപ്രില്‍ 28ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന തൊഴില്‍ സുരക്ഷാ ദിനം ആചരിക്കുന്നത്. 2003ലാണ് തുടക്കം.
ഏപ്രില്‍ 29
രാസായുധ വിരുദ്ധദിനം

ജീവന്‍െറതന്നെ നിലനില്‍പിനും ലോക സമാധാനത്തിനും ഭീഷണിയായ രാസായുധങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിന് 2005 മുതല്‍ തുടങ്ങിയ ദിനാചരണം. 1997 ഏപ്രില്‍ 29ന് നടന്ന രാസായുധ വിരുദ്ധ കണ്‍വെന്‍ഷന്‍െറ ഓര്‍മ നിലനിര്‍ത്താനാണ് ഐക്യരാഷ്ട്ര സഭ ഈദിവസം തെരഞ്ഞെടുത്തത്.
മേയ് 1
ലോക തൊഴിലാളി ദിനം

തൊഴില്‍ സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്താനും ആവശ്യമായ വിശ്രമം ലഭിക്കാനുമായി ഷികാഗോയില്‍ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിന്‍െറ സ്മരണക്ക് ലോകമെങ്ങും മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നു. ഈ ദിവസം ലോകമെങ്ങും തൊഴിലാളികള്‍ റാലിയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധപ്പെടുന്ന ദിനാചരണമാണ് മേയ് ദിനം.
മേയ് 3
മാധ്യമ സ്വാതന്ത്ര്യദിനം

സ്വതന്ത്രവും നീതിപൂര്‍വകവുമായ വാര്‍ത്താ മാധ്യമങ്ങള്‍ ഉണ്ടാവണമെന്ന ‘വിന്‍ഹോക് പ്രഖ്യാപനം’ നടന്ന 1993 മേയ് മൂന്നിനാണ് മാധ്യമ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാനും അപായപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് ദിനാചരണം.
മേയ് 10-11
ദേശാടനപ്പക്ഷി ദിനം

ദേശാടനപ്പക്ഷികളെ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ 2006ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് ദേശാടനപ്പക്ഷി സംരക്ഷണ ദിനാചരണം (രണ്ടാം ശനി, ഞായര്‍). ദേശാടനപ്പക്ഷികളെ വേട്ടയാടുന്നതും അവയുടെ സന്ദര്‍ശന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതും തടയാനുള്ള ബോധവത്കരണമാണ് ലക്ഷ്യം.
മേയ് 15
കുടുംബഭദ്രത ദിനം

1993 മുതല്‍ ഐക്യരാഷ്ട്ര സഭ ആരംഭിച്ച ദിനാചരണം. കുടുംബങ്ങളുടെ ക്ഷേമത്തിലൂടെ സമൂഹത്തിന്‍െറ പുരോഗതി എന്നതാണ് ലക്ഷ്യം. കുടുംബ ബന്ധങ്ങളുടെ ഭദ്രത, കുടുംബങ്ങളുടെ ദാരിദ്ര്യം അകറ്റുക തുടങ്ങിയ ആശയങ്ങള്‍ ഈ ദിനത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു.
മേയ് 22
ജൈവ വൈവിധ്യ ദിനം

2000 മുതല്‍ മേയ് 22 ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നു. ലോകത്തിലെ സസ്യ-ജന്തു വൈവിധ്യം സംരക്ഷിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. വനങ്ങളുടെ നാശത്തിനും ജീവജാലങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും അവയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിനുമെതിരെയുള്ള ബോധവത്കരണവുമായി കുട്ടികള്‍ ഉള്‍പ്പെടെ ലോകമെങ്ങും ഈ ദിനം ആചരിക്കുന്നു.
മേയ് 31
പുകയില വിരുദ്ധദിനം

കുട്ടികള്‍ക്കിടയില്‍പോലും വര്‍ധിച്ചുവരുന്ന പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന് 1987 മുതല്‍ ലോകാരോഗ്യ സംഘടന ആഹ്വാനംചെയ്തതാണ് ദിനാചരണം. കാന്‍സറടക്കം നിരവധി രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നു. 54 ലക്ഷം പേര്‍ പുകയില ജന്യരോഗങ്ങള്‍ കാരണം വര്‍ഷംതോറും മരണമടയുന്നു.
ജൂണ്‍ 5
പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഐക്യരാഷ്ട്ര സഭ ആരംഭിച്ചതാണ് പരിസ്ഥിതി ദിനാചരണം. 1972 ജൂണ്‍ 5-16ന് നടന്ന ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ മാനവ പരിസ്ഥിതി കോണ്‍ഫറന്‍സിലാണ് പരിസ്ഥിതി ദിനാചരണം തീരുമാനിച്ചത്.
ജൂണ്‍ 8
സമുദ്രദിനം

സമുദ്രങ്ങളുടെയും മത്സ്യമടക്കമുള്ള കടല്‍ജീവികളുടെയും സംരക്ഷണം ലക്ഷ്യമാക്കിയാണ് സമുദ്രദിനം ആചരിക്കുന്നത്. പലതരത്തിലുള്ള മലിനീകരണം നേരിടുന്ന സമുദ്രങ്ങളെ സംരക്ഷിക്കാന്‍ ദിനാചരണം വേണമെന്ന ആശയം 1992ലെ ഭൗമ ഉച്ചകോടിയിലാണ് ഉയര്‍ന്നുവന്നത്.
ജൂണ്‍ 12
ബാലവേല വിരുദ്ധദിനം

ലോകത്ത് 21 കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്. ഇതില്‍ 12 കോടിയും അപകട സാഹചര്യങ്ങളിലാണ് പണിയെടുക്കുന്നത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ബാലവേല നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടയാന്‍ കഴിഞ്ഞിട്ടില്ല. ബാലവേല പരമാവധി കുറക്കാന്‍ 2002 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) ദിനാചരണം തുടങ്ങിയത്.
ജൂണ്‍ 17
വരള്‍ച്ച വിരുദ്ധദിനം

കടുത്ത ജലക്ഷാമത്തിലേക്ക് സഞ്ചരിക്കുന്ന ഭൂമിയെ രക്ഷിക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഐക്യരാഷ്ട്ര സഭ 1994 മുതല്‍ ദിനാചരണം തുടങ്ങിയത്. മരങ്ങള്‍ വെച്ചുപിടിപ്പിച്ചും ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും വയലുകളും കുളങ്ങളും ചതുപ്പുകളും മണ്ണിട്ടുനികത്തുന്നത് തടഞ്ഞും വരള്‍ച്ചയോട് പൊരുതാന്‍ ദിനാചരണം ആഹ്വാനംചെയ്യുന്നു.
ജൂണ്‍ 20
അഭയാര്‍ഥി ദിനം

യുദ്ധവും കലാപവും പ്രകൃതി ദുരന്തങ്ങളും കാരണം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്നവരുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണ്. 2001 മുതലാണ് അഭയാര്‍ഥി ദിനാചരണം ഐക്യരാഷ്ട്ര സഭ ആരംഭിച്ചത്.
ജൂണ്‍ 23
വിധവാ ദിനം

വിധവകളുടെയും മക്കളുടെയും സുരക്ഷിതത്വം ലക്ഷ്യംവെച്ച് 2011 മുതല്‍ ആരംഭിച്ചതാണ് വിധവാ ദിനാചരണം. വിധവകള്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള സമൂഹത്തിന്‍െറ കടമ ദിനാചരണം ഓര്‍മപ്പെടുത്തുന്നു.

Subscribe to കിളിച്ചെപ്പ് by Email

Post a Comment

0 Comments