Header Ads Widget

റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോള്‍


ജനക്ഷേമ രാഷ്ട്രമെന്ന ചുരുങ്ങിയ അര്‍ഥം മാത്രമായിരുന്നു റിപ്പബ്ളിക് എന്ന വാക്കിന് പണ്ട് ഉണ്ടായിരുന്നത്. അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നടന്ന വിപ്ളവത്തോടെ ആ അര്‍ഥം മാറി. ജനങ്ങളാണ് റിപ്പബ്ളിക്കിലെ പരമാധികാരികള്‍. ‘റിപ്പബ്ളിക്’ എന്ന വാക്കിന്‍െറ ഉദ്ഭവം ‘റെസ് പബ്ളികാ’ എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ്. പൊതുകാര്യം എന്നാണ് റെസ് പബ്ളികാ എന്ന വാക്കിന്‍െറ അര്‍ഥം. ക്രി.മു. 15ാം നൂറ്റാണ്ടില്‍ ഫലസ്തീനില്‍ ഉണ്ടായിരുന്ന ഹീബ്രു വംശജരുടെ കോണ്‍ഫെഡറേഷനാണ് ലോകത്ത് ആദ്യമായുണ്ടായ റിപ്പബ്ളിക്കന്‍ രാജ്യമെന്ന് കരുതപ്പെടുന്നു. അവിടെ സ്ത്രീകളും അടിമകളും ഒഴികെയുള്ള ജനങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നു. ക്രി.മു. എട്ടാം നൂറ്റാണ്ടില്‍ റോമിലും ഗ്രീക്കിലും ഉണ്ടായിരുന്ന നഗര രാഷ്ട്രങ്ങളും റിപ്പബ്ളിക്കിന്‍െറ മാതൃകയിലായിരുന്നു. ഗ്രീക് തത്ത്വചിന്തകനായിരുന്ന പ്ളാറ്റോ തന്‍െറ രാഷ്ട്ര സങ്കല്‍പങ്ങള്‍ എഴുതിയത് ‘ദ റിപ്പബ്ളിക്’ എന്ന തന്‍െറ പ്രശസ്തമായ കൃതിയിലൂടെയാണ്. ഒരുതരം അടിമത്തം അംഗീകരിച്ച രാഷ്ട്ര സങ്കല്‍പമായിരുന്നു പ്ളാറ്റോയുടെ റിപ്പബ്ളിക്കിന്‍െറ ആശയം. എല്ലാ ജനങ്ങള്‍ക്കും വോട്ടവകാശവും സ്വാതന്ത്ര്യവും ലഭിച്ച ഒന്നായി ആധുനിക റിപ്പബ്ളിക്കുകള്‍ വളര്‍ന്നുവന്നത് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്.
ഇന്ത്യന്‍ റിപ്പബ്ളിക്
1950 ജനുവരി 26ന് നിലവില്‍വന്ന ഭരണഘടനയാണ് ഇന്ത്യയെ ഒരു പരമാധികാര റിപ്പബ്ളിക്കായി പ്രഖ്യാപിച്ചത്. 1929ല്‍ ലാഹോറില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ പൂര്‍ണസ്വരാജിന് വേണ്ടിയുള്ള പ്രമേയം അവതരിപ്പിക്കുകയും എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്‍െറ ഓര്‍മക്കായാണ് 1950 ജനുവരി 26 റിപ്പബ്ളിക് ദിനമായി തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍െറ ലക്ഷ്യങ്ങള്‍ ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവയാണ്. വ്യക്തിയുടെ നടപടികളും സമൂഹത്തിന്‍െറ പൊതുക്ഷേമവും തമ്മില്‍ സ്വരച്ചേര്‍ച്ചയോടെ പൊരുത്തപ്പെടുകയാണ് നീതികൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുനന്മ നേടിയെടുക്കലാണ് നീതികൊണ്ട് അര്‍ഥമാക്കുന്നത്. സമത്വവും സ്വാതന്ത്ര്യവും പരസ്പര പുരകങ്ങളാണ്. വ്യക്തിയുടെ പരിപൂര്‍ണ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പോഷകാംശങ്ങള്‍ പ്രദാനംചെയ്യുന്നതിനുള്ള അവസ്ഥ സൃഷ്ടിക്കലാണ് സ്വാതന്ത്ര്യംകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ സ്ഥിതിസമത്വവും അവസരസമത്വവും ഉണ്ടാക്കലാണ് ‘സമത്വം’ അര്‍ഥമാക്കുന്നത്. പൗരന്മാര്‍ തമ്മില്‍ ഐക്യവും ആദരവും ഉണ്ടാകുന്നതോടെ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍െറ അഖണ്ഡതയും ഐക്യവും ഉറപ്പുവരുത്താനാണ് സാഹോദര്യം എന്ന ലക്ഷ്യം ആമുഖത്തില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്.
ഭരണഘടന
ഒരു രാജ്യത്തെ പരമോന്നത നിയമസംഹിതയാണ് അവിടത്തെ ഭരണഘടന. ഭരണഘടനയെ രാജ്യത്തിന്‍െറ പ്രാഥമിക നിയമസംഹിത എന്നാണ് പറയുന്നത്. ഒരു രാജ്യം ഭരിക്കേണ്ടതിനെക്കുറിച്ച അടിസ്ഥാന നിയമങ്ങള്‍കൂടിയാണ് ഭരണഘടന. രാജ്യത്തിലെ ഗവണ്‍മെന്‍റുകള്‍ ഭരണഘടനയിലെ വിവക്ഷകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏതൊരു ഭരണഘടനയും പ്രധാനമായും രണ്ട് വസ്തുതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്‍റിന്‍െറ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം, സര്‍ക്കാറും പൗരന്മാരും തമ്മിലുള്ള ബന്ധം എന്നിവയാണവ. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. ഒരുപാട് രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭരണഘടനയിലെ ഉത്തമാംശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചിട്ടുണ്ട്.
ഭരണഘടന നിര്‍മാണ സഭ
1934ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഒരു ഭരണഘടന നിര്‍മാണ സമിതി രൂപവത്കരിച്ച് ഭരണഘടന നിര്‍മിക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഈ ആവശ്യം വകവെച്ചില്ലെങ്കിലും 1946ല്‍ കാബിനറ്റ് മിഷന്‍െറ ശിപാര്‍ശപ്രകാരം ഭരണഘടന നിര്‍മാണസഭ രൂപംകൊള്ളുകയും അതിന്‍െറ സ്ഥിരം പ്രസിഡന്‍റായി ഡോ. രാജേന്ദ്രപ്രസാദിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ഭരണഘടനയുടെ കരട് തയാറാക്കാന്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ഏഴംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവും കൊണ്ടാണ് ഭരണഘടന നിര്‍മാണ സഭ ഇന്ത്യന്‍ ഭരണഘടന തയാറാക്കിയത്.
1949 നവംബര്‍ 26ന് സമ്പൂര്‍ണ ഭരണഘടന തയാറായെങ്കിലും അടുത്തവര്‍ഷം ജനുവരി 26ന് ഭരണഘടന നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1950 ജനുവരി 24ന് ഭരണഘടന നിര്‍മാണ സഭ അവസാനമായി സമ്മേളിച്ചു. ഡോ. രാജേന്ദ്ര പ്രസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. ഇത് ഇന്ത്യയെ സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചു.

Subscribe to കിളിച്ചെപ്പ് by Email

Post a Comment

0 Comments