ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍

Share it:
പഠിക്കാത്തവന്‍

കുഞ്ഞുനാളില്‍ സംസാരിക്കാന്‍ തുടങ്ങാതിരുന്നതിനാല്‍ ആല്‍ബര്‍ട്ട്‌ ഊമയാണെന്ന്‌ അച്‌ഛനമ്മമാര്‍ കരുതി. എന്നാല്‍ മൂന്നാം വയസ്സു മുതല്‍ മെല്ലെമെല്ലെ ആല്‍ബര്‍ട്ട്‌ സംസാരിക്കാന്‍ തുടങ്ങി. കുറച്ചുമാത്രം സംസാരിക്കുന്ന ലജ്‌ജാലുവായിരുന്നു കുട്ടി ആല്‍ബര്‍ട്ട്‌. വിദ്യാലയത്തിലാകട്ടെ സ്‌കൂളിലെ ഏറ്റവും മണ്ടന്‍ അവനാണെന്നായിരുന്നു അധ്യാപകരുടെ അഭിപ്രായം.

സ്‌കൂളില്‍നിന്ന്‌ കിട്ടിയതിനേക്കാള്‍ അറിവ്‌ അച്‌ഛന്റെ ഇലക്‌ട്രിക്കല്‍ കടയില്‍നിന്നാണ്‌ ലഭിച്ചതെന്ന്‌ ഐന്‍സ്‌റ്റീന്‍ പറഞ്ഞിട്ടുണ്ട്‌. സംഗീത വിദൂഷിയായ അമ്മയില്‍നിന്നും സംഗീതവാസന പകര്‍ന്നു കിട്ടിയ ആല്‍ബര്‍ട്ടിനെ വയലിന്‍ വായന ആഹ്ലാദഭരിതനാക്കി. അഞ്ചാം പിറന്നാളില്‍ അച്‌ഛന്‍ സമ്മാനിച്ച വടക്കുനോക്കിയന്ത്രം അവനില്‍ ശാസ്‌ത്രകൗതുകം വളര്‍ത്തി.

പതിനഞ്ചാം വയസ്സില്‍ സ്വിറ്റ്‌സര്‍ലന്റിലെ പ്രശസ്‌തമായ ETH- (Eidgenossische Technissche Hochschule ഐഡ്‌ഗെനോസിഷേ ടെക്‌നിഷേ ഹോഖ്‌ ഷൂളെ) സാങ്കേതിക സര്‍വകലാശാലയില്‍ ചേര്‍ന്ന ആല്‍ബര്‍ട്ട്‌ അവിടെയും പിന്നോക്കമായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപകനായ മിന്‍കോവ്‌സ്കി 'മടിയന്‍ പട്ടി' (ന്തന്റന്മത്ന ഗ്ന്രദ്ദ) എന്നാണ്‌ ആല്‍ബര്‍ട്ടിനെ വിശേഷിപ്പിച്ചത്‌. അതേ മിന്‍കോവ്‌സ്കി തന്നെയാണ്‌ പിന്നീട്‌ ഐന്‍സ്‌റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തില്‍ ഗവേഷണം നടത്തി അതിനെ പരിപോഷിപ്പിച്ചത്‌.

സത്യത്തിലാരും.... തിരിച്ചറിഞ്ഞില്ല....!

1900 ത്തില്‍ തന്റെ 21-ാമത്തെ വയസ്സില്‍ ഐന്‍സ്‌റ്റീന്‍ ETH ല്‍നിന്നും ആദ്യ ബിരുദം കരസ്‌ഥമാക്കി. സഹപാഠിയും ബുദ്ധിമതിയുമായിരുന്ന മിലേവയെ വിവാഹം കഴിച്ച ആല്‍ബര്‍ട്ട്‌, ജീവിക്കാനായി ഒരു ജോലി തേടിയലഞ്ഞു. പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ചെങ്കിലും തന്റെ പരന്ന കാലുകള്‍ അതിനു തടസ്സമായി. പിന്നീട്‌ സ്വിസ്‌ ഗവണ്‍മെന്റിന്റെ പേറ്റന്റ്‌ ഓഫീസില്‍ ഒരു ഗുമസ്‌തനായി അദ്ദേഹം ജോലി നോക്കി. ലോകപ്രശസ്‌തനാവേണ്ട ഒരു ശാസ്‌ത്രപ്രതിഭയാണ്‌ തങ്ങളുടെ ഓഫീസില്‍ ഗുമസ്‌തപ്പണിയുമായി കഴിഞ്ഞുകൂടുന്നതെന്ന്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാരും അന്നു തിരിച്ചറിഞ്ഞിരുന്നില്ല.

ഇക്കാലത്ത്‌ ഏഴുമാസത്തിനുള്ളില്‍ പുറത്തുവന്ന മൂന്നു പ്രബന്ധങ്ങളാണ്‌ ശാസ്‌ത്രലോകത്തെ മാറ്റിമറിച്ചത്‌. ജര്‍മ്മന്‍ ഗവേഷണ ജേര്‍ണലായ അന്നലെന്‍ഡര്‍ ഫിസിക്കില്‍ (Annalen der Physik-)ല്‍ ആണ്‌ മൂന്ന്‌ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടത്‌. ആദ്യ പ്രബന്ധം ഫോട്ടോ ഇലക്‌ട്രിക്‌ പ്രഭാവത്തെപ്പറ്റിയുള്ളതായിരുന്നു. മാക്‌സ് പ്ലാങ്കിന്റെ 

ക്വാണ്ടം സിദ്ധാന്തത്തെ അടിസ്‌ഥാനമാക്കി ഫോട്ടോ ഇലക്‌ട്രിക്‌ പ്രഭാവം തൃപ്‌തികരമായ വിധത്തില്‍ അദ്ദേഹം ഈ പ്രബന്ധത്തില്‍ വിശദീകരിച്ചു. മാക്‌സ് പ്ലാങ്ക്‌ അവതരിപ്പിച്ച ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രകാശം സഞ്ചരിക്കുന്നത്‌ ഊര്‍ജപാക്കറ്റുകള്‍ അഥവാ ക്വാണ്ടം ആയാണ്‌ എന്നായിരുന്നു ഐന്‍സ്‌റ്റീന്റെ വിശദീകരണം. ഈ സുപ്രധാന സംഭാവനയുടെ അംഗീകാരമായിട്ടാണ്‌ 1921-ലെ ഫിസിക്‌സിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്‌. 

ബ്രൗണിയന്‍ ചലന അതിന്‌ സാംഖ്യക രീതികള്‍ 

-(Statistical Methods) ഉപയോഗിച്ച്‌ ആവിഷ്‌ക്കരിച്ച വ്യാഖ്യാനമായിരുന്നു രണ്ടാം പ്രബന്ധം. ആറ്റത്തിന്റെ നിലനില്‌പു സംബന്ധിച്ച്‌ ആദ്യത്തെ പ്രത്യക്ഷ തെളിവായി ശാസ്‌ത്രജ്‌ഞര്‍ ഇത്‌ അംഗീകരിച്ചു. മൂന്നാം പ്രബന്ധത്തിലാണ്‌ പില്‌ക്കാലത്ത്‌ വിശ്വപ്രസിദ്ധമായിത്തീര്‍ന്ന വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്‌റ്റീന്‍ അവതരിപ്പിച്ചത്‌.

1905 ലാണ്‌ ഐന്‍സ്‌റ്റീന്‍ വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്നത്‌. ദ്രവ്യത്തെ ഊര്‍ജമായും ഊര്‍ജത്തെ ദ്രവ്യമായും മാറ്റാമെന്ന്‌ ഐന്‍സ്‌റ്റീന്‍ സിദ്ധാന്തിച്ചു. ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ 200 വര്‍ഷത്തെ അനുമാനങ്ങളെ തിരുത്തിയെഴുതുന്നതായിരുന്നു ഈ സിദ്ധാന്തം. ദ്രവ്യത്തെ സൃഷ്‌ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലെന്നായിരുന്നു അന്നുവരെയുള്ള വിശ്വാസം. E = mc2 എന്ന സൂത്രവാക്യത്തിലൂടെ ദ്രവ്യവും ഊര്‍ജവും ആപേക്ഷികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ഐന്‍സ്‌റ്റീന്‍ വിശദീകരിച്ചു.

-E- - ഊര്‍ജ്‌ജം

m- - ദ്രവ്യമാനം

c - പ്രകാശത്തിന്റെ പ്രവേഗം

പ്രകാശത്തിന്റെ പ്രവേഗം സാര്‍വത്രികമായി സ്‌ഥിരമായിരുക്കുമെന്ന്‌ ഐന്‍സ്‌റ്റീന്‍ സമര്‍ത്ഥിച്ചു. പ്രപഞ്ചത്തിലെ മറ്റൊരു വസ്‌തുവിനും പ്രകാശത്തിന്റെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ആ വസ്‌തുവിന്റെ പിണ്ഡം (Mass) അനന്തമായിത്തീരുമെന്നും അദ്ദേഹം വാദിച്ചു. ഒരു വസ്‌തുവിന്റെ പിണ്ഡം അനന്തമായിത്തീരുക എന്നത്‌ ഭൗതികശാസ്‌ത്രത്തിന്‌ നിരക്കാത്ത വസ്‌തുതയാണ്‌.

സമയം എന്നതു നീളം, വീതി, ഉയരം എന്നതുപോലെ നാലാമതൊരു മാനം (Fourth dimension-) മാത്രമാണെന്ന്‌ ഐന്‍സ്‌റ്റീന്‍ തെളിയിച്ചു. ഭൗതിക പ്രക്രിയകളില്‍ സ്‌ഥലവും കാലവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെയാണ്‌ സ്‌ഥലകാല സാതത്വം (Space-time continum ) എന്ന്‌ ഉദ്ദേശിക്കുന്നത്‌. വിശിഷ്‌ട അപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏറ്റവും സമുന്നതമായ ഫലമെന്ന്‌ ഐന്‍സ്‌റ്റീന്‍ സ്വയം വിശേഷിപ്പിച്ച സമീകരണമാണ്‌ E = mc2

വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിച്ചതോടെ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍ ലോക ശ്രദ്ധേയനായി. തുടര്‍ന്ന്‌ പല സര്‍വകലാശാലകളിലും (ബേണിലും (1909) പ്രാഗിലും (1910) ബര്‍ലിനിലും (1914)) അദ്ദേഹത്തിന്‌ പ്രൊഫസര്‍ സ്‌ഥാനം ലഭിച്ചു. 1915-ല്‍ ബര്‍ലിനില്‍വെച്ചാണ്‌ തന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചത്‌.



സാമാന്യ ആപേക്ഷികതാ സിദ്ധാന്തം

ദ്രവ്യമാനം കൂടുതലുള്ള വസ്‌തുക്കള്‍ സ്‌പേസില്‍ വക്രതയുണ്ടാക്കുന്നുവെന്നും ഈ വക്രതയാണ്‌ ഗുരുത്വാകര്‍ഷണത്തിനടിസ്‌ഥാനമെന്നും സാമാന്യ ആപേക്ഷിക സിദ്ധാന്ത (General theory of Relativity-) ത്തിലൂടെ ഐന്‍സ്‌റ്റീന്‍ സമര്‍ത്ഥിച്ചു. 1919-ല്‍ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണസമയത്ത്‌ നക്ഷത്രങ്ങളില്‍ നിന്നുവരുന്ന രശ്‌മികള്‍ സൂര്യനു സമീപത്തുകൂടി കടന്നുപോകുമ്പോള്‍ വളയുകതന്നെ ചെയ്യുന്നുണ്ടെന്ന്‌ ഒരു ബ്രിട്ടീഷ്‌ ശാസ്‌ത്രസംഘം നിരീക്ഷണംവഴി തെളിയിച്ചു.

നാസി ജര്‍മ്മനിയിലെ ജൂതവിരോധം കാരണം 1933-ല്‍ ഐന്‍സ്‌റ്റീന്‍ ജര്‍മ്മനി ഉപേക്ഷിച്ച്‌ അമേരിക്കയില്‍ കുടിയേറി. ഹിറ്റ്‌ലറിന്റെ കീഴില്‍ ജര്‍മ്മനിയില്‍ നാസികള്‍ അണുബോംബ്‌ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചപ്പോള്‍ 1939 ല്‍ ഒരു രഹസ്യനീക്കത്തിലൂടെ അദ്ദേഹം യു.എസ്‌. പ്രസിഡന്റ്‌ ഫ്രാങ്കലിന്‍ ഡി. റൂസ്‌വെല്‍റ്റിനോട്‌ അണുബോംബുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ്‌ അമേരിക്ക ആദ്യത്തെ അണുബോംബു നിര്‍മ്മാണപദ്ധതിയായ മാന്‍ഹട്ടന്‍ പദ്ധതി ആരംഭിച്ചത്‌.

ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റാമെന്നുള്ള ഐന്‍സ്‌റ്റീന്റെ സിദ്ധാന്തത്തില്‍നിന്നുമാണ്‌ അണുബോംബിന്റെ പിറവി. എങ്കിലും ബോംബു നിര്‍മ്മാണത്തില്‍ പ്രത്യക്ഷമായ ഒരു പങ്കും ഐന്‍സ്‌റ്റീനില്ലായിരുന്നു.

1945 ല്‍ അണുബോംബ്‌ യാഥാര്‍ത്ഥ്യമായി. ഓഗസ്‌റ്റ് 6, 9 തീയതികളിലായി മാനവ ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്‌ടിച്ചുകൊണ്ട്‌ യു.എസ്‌. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യത്തെ അണുബോംബുകള്‍ പ്രയോഗിച്ചു. ഇത്‌ ഐന്‍സ്‌റ്റീന്റെ മനസ്സിനെ തളര്‍ത്തി. തന്റെ കണ്ടുപിടിത്തം മനുഷ്യന്‍ ദുരുപയോഗപ്പെടുത്തുമെന്നറിഞ്ഞിരുന്നെങ്കില്‍ താന്‍ ശാസ്‌ത്രജ്‌ഞനാകുമായിരുന്നില്ല, ഒരു വാച്ച്‌ നിര്‍മ്മാതാവോ വാച്ച്‌ റിപ്പയറോ ആകുമായിരുന്നുവെന്ന്‌ അവസാനകാലത്ത്‌ അദ്ദേഹം പറയുമായിരുന്നു. 1955 ഏപ്രില്‍ 18-ന്‌ ഇരുപതാം നൂറ്റാണ്ടിലെ ശാസ്‌ത്രപ്രതിഭയുടെ പ്രതീകമായിരുന്ന ഐന്‍സ്‌റ്റീന്‍ അന്തരിച്ചു.
Share it:

വ്യക്തികള്‍

Post A Comment:

1 comments:

  1. നല്ല പോസ്റ്റ്.

    അവസാനത്തെ പൊസ്റ്റുകള്‍ക്ക് ശേഷമാണ് ഇത് ശ്രദ്ധിച്ചത്. ഇതില്‍ ഫോണ്ട് പ്രശ്നങ്ങളൊന്നുമില്ലല്ലോ. പുതിയ പോസ്റ്റുകളും ഈ വിധത്തില്‍ സെറ്റ് ചെയ്യൂ.

    ReplyDelete