കമ്പ്യൂട്ടറും പാസ്‌കലും

Share it:

ആദ്യത്തെ കണക്കുകൂട്ടല്‍ യന്ത്രം കണ്ടുപിടിച്ചതിലൂടെ കമ്പ്യൂട്ടര്‍ യുഗത്തിന്‌ തുടക്കമിട്ട പാസ്‌ക്കലിന്റെ 386-ാം ജന്മദിനമാണ്‌ ജൂണ്‍ - 19. ഫ്രഞ്ച്‌ പ്രവിശ്യയായ അവോര്‍ജിലെ ക്ലേര്‍മോണ്ട്‌ നഗരമാണ്‌ പാസ്‌ക്കലിന്റെ ജന്മസ്‌ഥലം. ബ്ലേസ്‌ പാസ്‌ക്കലിന്റെ അമ്മ അവന്റെ കുഞ്ഞുനാളിലേ മരിച്ചുപോയി. പിതാവായ എറ്റ്യേന പാസ്‌ക്കല്‍ ഒരു അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായിരുന്നു. ഗണിതശാസ്‌ത്രത്തില്‍ തല്‍പ്പരനായിരുന്ന എറ്റ്യേന ധാരാളം ഗണിത ശാസ്‌ത്രഗ്രന്ഥങ്ങള്‍ തന്റെ വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഈ ഗ്രന്ഥങ്ങളുടെ അനുഗ്രഹമായിരിക്കാം പാസ്‌ക്കലിനെ ഒരു ലോകോത്തര ഗണിതശാസ്‌ത്രജ്‌ഞനാക്കി മാറ്റിയത്‌.

പാസ്‌ക്കലിന്റെ പ്രാഥമിക വിദ്യാഭ്യാസം പാരീസിലായിരുന്നു. ചെറുപ്പത്തിലേ പാസ്‌ക്കല്‍ ഗണിതശാസ്‌ത്രത്തില്‍ അഭിനിവേശം കാണിച്ചു. ഒഴിവുസമയങ്ങളില്‍ കരിക്കട്ടകൊണ്ട്‌ ത്രികോണങ്ങള്‍, വൃത്തങ്ങള്‍ മുതലായവ വരച്ചുനോക്കി അവയുടെ പ്രത്യേകതകളെക്കുറിച്ച്‌ മനസിലാക്കുകയായിരുന്നു പാസ്‌ക്കലിന്റെ വിനോദം. പക്ഷേ തന്റെ പുത്രനെ ഭാഷാപഠനംകൊണ്ട്‌ പക്വമതിയാക്കിയ ശേഷം മതി ഗണിതപഠനം എന്ന്‌ എറ്റ്യേന തീരുമാനിച്ചു. ലത്തീനും ഗ്രീക്കും പഠിച്ച്‌ മനസുമടുത്ത പാസ്‌ക്കല്‍ ഒരു ദിവസം തന്റെ പിതാവിനെ സമീപിച്ച്‌ ഒരു സംശയം ചോദിച്ചു. ക്ഷേത്രഗണിതം എന്നാല്‍ എന്താണ്‌? എന്നതായിരുന്നു സംശയം. ത്രികോണം, വൃത്തം തുടങ്ങിയ ചിത്രങ്ങളുടെ പ്രത്യേകതകളെപ്പറ്റിയുള്ള പഠനമാണ്‌ ക്ഷേത്രഗണിതം എന്ന അവ്യക്‌തമായ മറുപടി പാസ്‌ക്കലിനെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക്‌ പ്രേരിപ്പിച്ചു. ക്ഷേത്രഗണിതത്തിലെ നിരവധി സൂത്രങ്ങളും അവയുടെ തെളിവുകളും പന്ത്രണ്ടുവയസുകാരനായ പാസ്‌ക്കല്‍ കണ്ടെത്തി. ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക രണ്ടു സമകോണുകളാണെന്നുള്ളത്‌ ഇവയിലൊന്നായിരുന്നു. അതിന്റെ ഒരു പുതിയ തെളിവ്‌ അദ്ദേഹം കരികൊണ്ട്‌ തറയിലെഴുതിനോക്കുകയായിരുന്നു ഒരു ദിവസം. ഒഴിവുസമയങ്ങളില്‍ പാസ്‌ക്കല്‍ എവിടെയാണ്‌ ഒളിച്ചുപോകുന്നതെന്ന്‌ കണ്ടുപിടിക്കുവാന്‍ തേടി നടക്കുകയായിരുന്ന പിതാവ്‌ തന്റെ പുത്രന്റെ ഗണിതപ്രേമം യാദൃശ്‌ചികമായാണ്‌ കണ്ടുപിടിച്ചത്‌. സന്തോഷംകൊണ്ടു കണ്ണുനിറഞ്ഞ ആ പിതാവ്‌ അന്നാദ്യമായി ഒരു ഗണിത പുസ്‌തകം സമ്മാനമായി മകനുകൊടുത്തു. യൂക്ലിഡിന്റെ മൂലപ്രമാണങ്ങള്‍ (ഞ്ഞനുണ്ഡനുന്ധന്ഥ) എന്ന ഗഹനമായ ആ പുസ്‌തകം പഠിച്ചുതീര്‍ക്കുവാന്‍ കൊച്ചുപാസ്‌ക്കലിന്‌ ആരുടേയും സഹായം വേണ്ടിവന്നില്ല.

ഇത്‌ ഒരു തുടക്കം മാത്രമായിരുന്നു. ഏതാണ്ട്‌ രണ്ടുവര്‍ഷംകൊണ്ട്‌ ഗണിതശാസ്‌ത്രസംബന്ധമായി അന്നോളം അറിയപ്പെട്ടിരുന്ന ഏതാണ്ടെല്ലാ കാര്യങ്ങളും ഹൃദിസ്‌ഥമാക്കാന്‍ പാസ്‌ക്കലിനു കഴിഞ്ഞു.
Share it:

Information Technology (IT)

Post A Comment:

0 comments: