ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ C

ഇംഗ്ലണ്ട്‌

വിളിപ്പേര്: ദ ത്രീ ലയണ്‍സ്
കോച്ച്: ഫാബിയോ കാപ്പല്ലോ
ക്യാപ്റ്റന്‍: റിയോ ഫെര്‍ഡിനാന്‍ഡ്
ഫിഫ റാങ്കിങ്: 8

ലോകഫുട്‌ബോളില്‍ ഏറ്റവും സുപരിചിതരായ താരങ്ങളുള്ള ടീം. എങ്കിലും യൂറോപ്പിലും ലോകകപ്പിലും ഇംഗ്ലീഷ് താരങ്ങള്‍ക്ക് അവരുടെ പെരുമയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. 2004-ലെ യൂറോ കപ്പിലും 2006ലെ ലോകകപ്പിലും പരാജയപ്പെട്ട സംഘം 2008-ലെ യൂറോ കപ്പിന് യോഗ്യത നേടിയില്ല.

ടീം വിശകലനം

യോഗ്യതാ റൗണ്ടില്‍ ഒമ്പതുകളികളില്‍നിന്ന് ഒമ്പതു ഗോള്‍ നേടിയ വെയ്ന്‍ റൂണിയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഗോള്‍ കണ്ടെത്താന്‍ കഴിയുന്ന പീറ്റര്‍ ക്രൗച്ചും ടീമിലുണ്ട്. ഗോളടിക്കാനും ഗോളടിപ്പിക്കാനും കഴിവുള്ള ഫ്രാങ്ക് ലാംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവര്‍ മധ്യനിരയെ നിയന്ത്രിക്കുന്നു. ജോണ്‍ ടെറി, റിയോ ഫെര്‍ഡിനാന്‍ഡ് എന്നിവരാണ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍. മുന്‍ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന് പരിക്കേറ്റത് പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയാണ്. 

ലോകകപ്പിലേക്കുള്ള വഴി

ദക്ഷിണാഫ്രിക്കയിലേക്ക് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്ന്. യുക്രൈന്‍, ക്രൊയേഷ്യ തുടങ്ങിയ കരുത്തുറ്റ ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പില്‍നിന്ന് ആദ്യ എട്ടുകളിലും വിജയിച്ച് യോഗ്യത ഉറപ്പാക്കി. യോഗ്യതാ റൗണ്ടില്‍ ഒരേയൊരു തോല്‍വിയാണ് വഴങ്ങിയത്. യോഗ്യതാ റൗണ്ടില്‍ ഏറെ ഗോളുകള്‍ നേടിയ ടീമുകളിലൊന്നാണ്. 2008 യൂറോ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ പുറത്താകലിന് വഴിവെച്ച ക്രൊയേഷ്യയെ ഇരുപാദങ്ങളിലും വലിയ മാര്‍ജിനിലാണ് തോല്‍പിച്ചത്. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് 13-ം തവണ
1966-ല്‍ ആതിഥേയരായി. ടൂര്‍ണമെന്റില്‍ ജേതാക്കളുമായി. 1990-ല്‍ സെമി ഫൈനലില്‍. 1954, 1962, 1970, 1986, 2002, 2006 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. 1998-ല്‍ പ്രീ ക്വാര്‍ട്ടറിലെത്തി.
ഇതുവരെ: 55 കളികള്‍, 25 ജയം, 17 സമനില, 13 തോല്‍വി

കോച്ച്

ഫാബിയോ കാപ്പല്ലോ
2008-ലെ യൂറോകപ്പിന് യോഗ്യത നേടാതെ ഇംഗ്ലണ്ട് പുറത്തായതോടെയാണ് കാപ്പല്ലോയ്ക്ക് വഴി തുറന്നത്. സ്റ്റീവ് മക്‌ലാറനില്‍നിന്ന് ചുമതലയേറ്റെടുത്ത കാപ്പല്ലോ ആദ്യം ചെയ്തത് ഇംഗ്ലണ്ടിനെ വമ്പന്‍ താരങ്ങളെ വരുതിയിലാക്കുകയെന്ന ദൗത്യമായിരുന്നു. ഡേവിഡ് ബെക്കാമടക്കമുള്ള പല പ്രമുഖരെയും ടീമില്‍നിന്ന് ഒഴിവാക്കാന്‍ തയ്യാറായ കാപ്പല്ലോ, ജോണ്‍ ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എ.സി.മിലാനെയും എ.എസ്.റോമയെയും യുവന്റസിനെയും ഇറ്റാലിയന്‍ ചാമ്പ്യന്മാരാക്കുകയും റയല്‍ മാഡ്രിഡിനെ രണ്ടുവട്ടം സ്​പാനിഷ് ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്.

ടീം:
ഗോള്‍കീപ്പര്‍മാര്‍: ജോ ഹാര്‍ട്ട് (മാഞ്ചസ്റ്റര്‍ സിറ്റി), ഡേവിഡ് ജയിംസ് (പോര്‍ട്‌സ്മത്ത്), റോബര്‍ട്ട് ഗ്രീന്‍ (വെസ്റ്റാം യുണൈറ്റഡ്), ഡിഫന്‍ഡര്‍മാര്‍: ജാമി കാരഗര്‍ (ലിവര്‍പൂള്‍), ആഷ്‌ലി കോള്‍ (ചെല്‍സി), ലെഡ്‌ലി കിങ് (ടോട്ടനം), റിയോ ഫെര്‍ഡിനാന്‍ഡ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഗ്ലെന്‍ ജോണ്‍സണ്‍ (ലിവര്‍പൂള്‍), ജോണ്‍ ടെറി (ചെല്‍സി), മാത്യു അപ്‌സണ്‍ (വെസ്റ്റാം), സ്റ്റീഫന്‍ വാര്‍നോക് (ആസ്റ്റണ്‍ വില്ല), മിഡ്ഫീല്‍ഡര്‍മാര്‍: ഗെരേത് ബാരി (മാഞ്ചസ്റ്റര്‍ സിറ്റി), മൈക്കല്‍ കാരിക് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ജോ കോള്‍ (ചെല്‍സി), സ്റ്റീവന്‍ ജെറാര്‍ഡ് (ലിവര്‍പൂള്‍), ഫ്രാങ്ക് ലാംപാര്‍ഡ് (ചെല്‍സി), ആരോണ്‍ ലെനന്‍ (ടോട്ടനം), ജയിംസ് മില്‍നര്‍ (ആസ്റ്റണ്‍ വില്ല), ഷോണ്‍ റൈറ്റ് ഫിലിപ്‌സ് (മാഞ്ചസ്റ്റര്‍ സിറ്റി), സ്‌ട്രൈക്കര്‍മാര്‍: പീറ്റര്‍ ക്രൗച്ച് (ടോട്ടനം), ജര്‍മൈന്‍ ഡെഫോ (ടോട്ടനം), എമില്‍ ഹെസ്‌കി (ആസ്റ്റണ്‍ വില്ല), വെയ്ന്‍ റൂണി (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്).

യു.എസ്.എ.വിളിപ്പേര്: അമേരിക്ക
കോച്ച്: ബോബ് ബ്രാഡ്‌ലി
ക്യാപ്റ്റന്‍: കാര്‍ലോസ് ബൊക്കാനെഗ്ര
ഫിഫ റാങ്കിങ്: 14പ്രഥമ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍. എന്നാല്‍, 1954 മുതല്‍ 1986 വരെ നടന്ന ഒമ്പതു ലോകകപ്പുകളില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേയ്ക്ക് കുതിച്ചുകയറിയ ടീം പിന്നീട് തിരിച്ചിറങ്ങി. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഒരുവര്‍ഷം മുമ്പ് നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ രണ്ടാം സ്ഥാനക്കാരായി വീണ്ടും തിരിച്ചുവന്നു. സെമിയില്‍, പരാജയപ്പെടുത്തിയത് തുടരെ 35 മത്സരങ്ങള്‍ പരാജയമില്ലാതെ മുന്നേറിയ സ്‌പെയിനിനെ. ഫൈനലില്‍ ബ്രസീലിനെതിരെ രണ്ടു ഗോളിന് മുന്നിട്ടുനിന്ന മൂന്ന് ഗോള്‍ വഴങ്ങി കിരീടം അടിയറവച്ചു.

ടീം വിശകലനം

അമേരിക്കന്‍ ടീമെന്നാല്‍ ലണ്ടന്‍ ഡൊണോവാന്റെ ടീം എന്നാണ്. ലോസ് ആഞ്ജലീസ് ഗാലക്‌സിയുടെ താരമായ ഡൊണോവാന്റെ ചുമലിലായിരുന്നു ഒരുഘട്ടത്തില്‍ ടീമിന്റെ പ്രതീക്ഷകളെങ്കിലും, ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. യുവതാരങ്ങളുടെ കടന്നുവരവോടെ ഡൊണോവാനെ മാത്രം കേന്ദ്രീകരിച്ചുള്ള ശൈലി ടീം ഉപേക്ഷിച്ചു. ജോസി ആള്‍ട്ടിഡോര്‍, എഡ്ഡി ജോണ്‍സണ്‍ എന്നീ സ്‌ട്രൈക്കര്‍മാരും ക്ലിന്റ് ഡെംസി, മൈക്കല്‍ ബ്രാഡ്‌ലി തുടങ്ങിയ മിഡ്ഫീല്‍ഡര്‍മാരും ഒഗൂച്ചി ഒന്യേവുവിനെപ്പോലുള്ള പ്രതിരോധനിരക്കാരും അമേരിക്കയെ സമ്പൂര്‍ണ ടീമാക്കി മാറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തിളങ്ങുന്ന ഗോള്‍കീപ്പര്‍മാരിലൊരാളായ ടിം ഹോവാര്‍ഡാണ് അമേരിക്കയുടെ വലക്കാക്കുന്നത്. എന്നാല്‍, ക്ലോഡിയോ റെയ്‌ന, കാസി കെല്ലറിനെയും ബ്രയന്‍ മക്‌ബ്രൈഡിനെയും പോലുള്ള പരിചയസമ്പന്നരുടെ വിരമിക്കല്‍ അമേരിക്കന്‍ ടീമിന്റെ ആഴം കുറച്ചിട്ടുമുണ്ട്. 

ലോകകപ്പിലേക്കുള്ള വഴി

ഉത്തര മധ്യ അമേരിക്കന്‍-കരീബിയന്‍ (കോണ്‍കാകാഫ്) മേഖലയില്‍നിന്ന് ഒന്നാം സ്ഥാനക്കാരായാണ് തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിന് യോഗ്യത നേടിയത്. കോസ്റ്റാറിക്കയോടും മെക്‌സിക്കോയോടും ഓരോ തവണ പരാജയപ്പെട്ടതൊഴിച്ചാല്‍, പത്തു കളികളില്‍ ആറ് ജയവും രണ്ട് സമനിലയുമായാണ് യോഗ്യത ഉറപ്പിച്ചത്. അഞ്ച് ഗോള്‍ നേടിയ ജോസി ആല്‍ട്ടിഡോറും മൂന്ന് ഗോള്‍വീതം നേടിയ മാക്കല്‍ ബ്രാഡ്‌ലിയും ലണ്ടന്‍ ഡൊണോവാനുമാണ് അമേരിക്കന്‍ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് ഒമ്പതാം തവണ
1994-ല്‍ ആതിഥേയരായി.
1930-ല്‍ മൂന്നാം സ്ഥാനക്കാര്‍. 2002-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍, 1994-ല്‍ പ്രീ ക്വാര്‍ട്ടറില്‍
ഇതുവരെ: 25 കളികള്‍, ആറ് ജയം, മൂന്ന് സമനില, 16 തോല്‍വി

കോച്ച്

ബോബ് ബ്രാഡ്‌ലി
2006-ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബ്രൂസ് അരീന സ്ഥാനമൊഴിഞ്ഞതോടെയാണ് ബോബ് ബ്രാഡ്‌ലി ഇടക്കാല കോച്ചായത്. ക്ലിന്‍സ്മാനുമായുള്ള കരാര്‍ശരിയാകാതെ വന്നതോടെ ബ്രാഡ്‌ലിയ്ക്ക് സ്ഥാനമുറച്ചു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള ബ്രാഡ്‌ലിയുടെ തീരുമാനം ഫലം കണ്ടു. 2007-ല്‍ ഗോള്‍ഡ് കപ്പ് സ്വന്തമാക്കിയതും 2009-ലെ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ അമേരിക്ക ഫൈനലിലെത്തയതും അതിന് ഉദാഹരണം.

അള്‍ജീരിയ

വിളിപ്പേര്: ഡെസര്‍ട്ട് ഫോക്‌സസ്
കോച്ച്: റാബ സാദനെ
ക്യാപ്റ്റന്‍: യാസിദ് മന്‍സൗരി
ഫിഫ റാങ്കിങ്: 27

മുന്‍ ഫ്രഞ്ച് നായകന്‍ സിനദിന്‍ സിദാന്റെ മാതൃരാജ്യം. 1990ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായി. 24 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോകകപ്പിനെത്തുന്നത്. 1982-ല്‍ ആദ്യമായി യോഗ്യത നേടിയ ലോകകപ്പില്‍, പശ്ചിമ ജര്‍മനിയെയും ചിലിയെയും അട്ടിമറിച്ച പാരമ്പര്യമുണ്ട്.

ടീം വിശകലനം

ആഫ്രിക്കയിലെ മറ്റ് ഫുട്‌ബോള്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, എടുത്തുപറയാവുന്ന താരങ്ങളാരുമില്ല. അന്‍താര്‍ യാഹിയയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയില്‍, മജീദ് ബൗഗരയും നാദിര്‍ ബെല്‍ഹാജും കരുത്തന്മാരാണ്. ഗോള്‍കീപ്പര്‍ ഫൗസി ചൗച്ചിയുടെ മികവിലാണ് അള്‍ജീരിയ ലോകകപ്പിന് ടിക്കറ്റെടുത്തതുതന്നെ. മിഡ്ഫീല്‍ഡിലും മികച്ച താരങ്ങള്‍ അള്‍ജീരയക്കുണ്ട്. ക്യാപ്റ്റന്‍ യാസിദ് മന്‍സൗരി, കാരിം സിയാനി, മൗറാദ് മേഘ്‌നി എന്നിവര്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിദഗ്ധര്‍. മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ് അള്‍ജീരിയ നേരിടുന്ന വെല്ലുവിളി. 

ലോകകപ്പിലേക്കുള്ള വഴി

ആഫ്രിക്കന്‍ മേഖലയിലെ ഗ്രൂപ്പ് സിയില്‍ അള്‍ജീരിയയും ഈജിപ്തും പോയന്റ് നിലയിലും ഗോള്‍ശരാശരിയിലും തുല്യത പാലിച്ചപ്പോള്‍, ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ പ്ലേ ഓഫ് വേണ്ടിവന്നു. സുഡാനില്‍ നടന്ന പ്ലേ ഓഫ് മത്സരത്തില്‍, അന്‍താര്‍ യാഹിയ നേടിയ ഏക ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തി അള്‍ജീരിയ യോഗ്യത കരസ്ഥമാക്കി.

ലോകകപ്പില്‍

പങ്കെടുക്കുന്നത് മൂന്നാം തവണ
1982-ലും 1986-ലും ഒന്നാം റൗണ്ടില്‍ പുറത്തായി.
ഇതുവരെ: ആറ് കളികള്‍, രണ്ട് ജയം, ഒരു സമനില, മൂന്ന് തോല്‍വി

കോച്ച്

റാബ സാദനെ
അള്‍ജീരിയയെ റാബ പരിശീലിപ്പിക്കുന്നത് അഞ്ചാം തവണയാണ്. 1981-ല്‍ അള്‍ജീരിയ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ റാബയായിരുന്നു പരിശീലകന്‍. 1986 ലോകകപ്പില്‍ വീണ്ടും റാബയുടെ ശിക്ഷണത്തില്‍ ടീം ലോകകപ്പിന് യോഗ്യത നേടി. മൂന്നാം തവണ ടീം യോഗ്യത നേടുമ്പോഴും പരിശീലക സ്ഥാനത്ത് റാബയുണ്ട്. ക്ലബ്ബ് തലത്തിലും മികച്ച നേട്ടങ്ങള്‍ സ്വന്തമായുള്ള പരിശീലകനാണ്.

സ്ലോവേനിയ

വിളിപ്പേര്: സ്ലോവേനിയ
കോച്ച്: മത്യാസ് കെക്
ക്യാപ്റ്റന്‍: റോബര്‍ട്ട് കോറെന്‍
ഫിഫ റാങ്കിങ്: 23

ഫുട്‌ബോള്‍ പാരമ്പര്യത്തില്‍ ഏറെ പിന്നില്‍. എന്നാല്‍, ചെക്ക് റിപ്പബ്ലിക്കും പോളണ്ടും ഉത്തര അയര്‍ലന്‍ഡുമുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനത്തെത്തിയ സ്ലോവോനിയ പ്ലേ ഓഫില്‍ റഷ്യയെ മറികടന്നാണ് ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളില്‍ ഏറ്റവും ചെറിയ രാജ്യമാണ് സ്ലോവേനിയ

ടീം വിശകലനം

യൂറോപ്യന്‍ ലീഗുകളിലെ പിന്‍നിര ക്ലബ്ബുകളിലാണ് സ്ലോവേനിയന്‍ താരങ്ങളിലേറെയും കളിക്കുന്നത്. ജര്‍മന്‍ ടീം കൊളോണില്‍ കളിക്കുന്ന മിലിവോയ് നോവാകോവിച്ചാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍. യോഗ്യതാ റൗണ്ടില്‍ നോവാകോവിച്ച് അഞ്ചുഗോളുകള്‍ നേടി. പരിചയസമ്പന്നാരായ റോബര്‍ട്ട് കോറെന്‍, വാള്‍ട്ടര്‍ ബിര്‍സ, സ്ലാറ്റ്‌കോ ഡെഡിച്ച്, സ്ലാട്ടന്‍ ലുബിയാന്‍കിച്ച് തുടങ്ങിയവരും മികച്ച പ്രകടനമാണ് യോഗ്യതാ റൗണ്ടില്‍ കാഴ്ചവെച്ചത്. ഒത്തിണക്കവും ആവേശവുമാണ് ടീമിന്റെ മുഖമുദ്ര. യോഗ്യതാ റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിനെയും റഷ്യയെയും പോലുള്ള ടീമുകളെ പുറത്താക്കാന്‍ സ്ലോവേനിയയെ പ്രാപ്തരാക്കിയതും ഈ ഗുണങ്ങളാണ്. 

ലോകകപ്പിലേക്കുള്ള വഴി

ചെക്ക് റിപ്പബ്ലിക്കും പോളണ്ടും മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്ന യൂറോപ്പിലെ മൂന്നാം ഗ്രൂപ്പില്‍നിന്ന് ലോകകപ്പിന് ടിക്കറ്റെടുത്തത് സ്ലോവാക്യയും സ്ലോവേനിയയും. അപ്രതീക്ഷിതമായ ഈ തിരിമറിയ്ക്ക് ഇടയാക്കിയത് സ്ലോവേനിയയുടെ വരവായിരുന്നു. പോളണ്ടിനെ ആദ്യപാദത്തില്‍ സമനിലയില്‍ പിടിച്ചു. രണ്ടാം പാദത്തില്‍ പരാജയപ്പെടുത്തി. അവസാന നാല് മത്സരങ്ങള്‍ തുടരെ വിജയിച്ചതോടെ, രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറുകയും പ്ലേ ഓഫിന് അര്‍ഹരാവുകയും ചെയ്തു. ഇരു ടീമുകളും സ്വന്തം നാട്ടിലെ കളി ജയിച്ചപ്പോള്‍, എവേ ഗോളിന്റെ മികവില്‍ റഷ്യയെ മറികടന്ന് സ്ലോവേനിയ ലോകകപ്പിന് യോഗ്യത നേടി.


ലോകകപ്പില്‍

പങ്കെടുക്കുന്നത് രണ്ടാം തവണ.
2002-ല്‍ ആദ്യമായി പങ്കെടുത്തു.
ഇതുവരെ: മൂന്ന് കളി, മൂന്ന് തോല്‍വി

കോച്ച്

മത്യാസ് കെക്
സ്ലോവേനിയുടെ യൂത്ത് ടീമുകളെ പരിശീലിപ്പിച്ചാണ് മത്യാസ് കെക് ദേശീയ പരിശീലകനാകുന്നത്. 2006-ല്‍ സ്ലോവേനിയ അണ്ടര്‍-15, അണ്ടര്‍-16 ടീമുകളെ പരിശീലിപ്പിച്ച കെക്കിന് പിറ്റേക്കൊല്ലം ദേശീയ ടീമിന്റെ ചുമതല കിട്ടി. സ്ലോവേനിയ, ഓസ്ട്രിയ ലീഗുകളില്‍ കളിച്ചുള്ള പരിചയവും കെക്കിന് മുതല്‍കൂട്ടായുണ്ട്. കരുത്തുറ്റ ടീമുകളെ മറികടന്ന് ടീമിന് യോഗ്യത നേടിക്കൊടുത്തത് നാട്ടില്‍ അദ്ദേഹത്തിന്റെ പ്രശസ്തിയേറ്റുകയും ചെയ്തു.

കടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ് 


Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ C"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top