പൂമ്പാറ്റ (Butterfly)

Share it:
ചെടിയില്‍നിന്നും പൂവില്‍നിന്നും ഊരിത്തെറിച്ച് പറന്നുപോയവയാണോ പൂമ്പാറ്റകള്‍? പൂക്കള്‍ക്കെന്നപോലെ പൂമ്പാറ്റകള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന  നിറങ്ങളാണ്. ഏറ്റവുംകുറവ് ദ്രവ്യത്താല്‍  പ്രകൃതി തീര്‍ത്ത ഏറ്റവും സുന്ദരമായ ആവിഷ്കാരമാണ് ചിത്രശലഭങ്ങള്‍ (Butterflies). പറക്കാനുള്ള മോഹത്തെ സഫലമാക്കാന്‍ ചെടികളും പൂക്കളും ശലഭമായി പറക്കുകയാണോ? വന്‍മരങ്ങള്‍ക്ക് ജന്മമേകുന്ന പരാഗികളെ ചുമന്നുകൊണ്ടുപോവുന്ന പൂമ്പാറ്റച്ചിറകിന്‍െറ കുഞ്ഞുഭാരമെത്രയാണ്.
 ഇലച്ചോട്ടില്‍ മുട്ടയിട്ട് അവ വിരിഞ്ഞ് പുഴുക്കളായി(ലാര്‍വ), പുഴുവളര്‍ന്ന് പ്യൂപ്പ(സമാധി)യായിരുന്ന് കാലമാവുമ്പോള്‍ തോടുപിളര്‍ന്ന് ചിറകുവിരിച്ച് വര്‍ണം വിതറി പറന്നുപോവുന്ന ശലഭ ജീവിതത്തിന് നാലുഘട്ടങ്ങളുണ്ട്. ആയുസ്സിന്‍െറ പകുതിയോളം(മിക്കതിനും രണ്ട് ആഴ്ചകള്‍) പിറന്നുവീഴാനായി മാത്രം ചെലവഴിക്കുന്നു. ശരിക്കും രണ്ടു ജന്മങ്ങള്‍ തന്നെയെന്നു പറയാം. അതുകൊണ്ടുതന്നെ ശലഭത്തിന് എത്ര ജീവിതത്തിന്‍െറ കഥകള്‍ പറയാനുണ്ടാവും. തന്‍െറ ക്ഷണികായുസ്സില്‍ എത്ര പൂക്കളെ പുളകിതമാക്കിയിരിക്കും. എത്ര കായ്കനികളെ സഫലമാക്കിയിരിക്കും. അങ്ങനെ എത്രതലമുറക്ക് ഉതവിയായിരിക്കും. അതിരാവിലെയോ വൈകിട്ടോ ശലഭങ്ങളെ കാണാനാവില്ല.

 വെയിലൊന്ന് മൂത്തുതുടങ്ങുമ്പോഴാണ് പറന്നുയരുക. എങ്കിലും വേനല്‍ തീക്ഷ്ണമാവുമ്പോള്‍ അതിരാവിലെയും വൈകിയും കാണാനാവും. ഇവയുടെ ലഘുനേത്ര കൂമ്പാരത്തില്‍(compound eye) വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണാം. സ്വന്തം കണ്ണുപോലും ഇവയുടെ കണ്ണിനകത്ത് കാണാനായേക്കും. ഒരുപൊടി തേന്‍കൊണ്ട് എത്രകാലമാണിവ കഴിച്ചുകൂട്ടുന്നത്. മഴയത്തിറങ്ങാറുണ്ടോ ശലഭങ്ങള്‍?

ആണും പെണ്ണുമായി, ചെറുതും വലുതുമായി (ശലഭമായി പുറത്തിറങ്ങിയാല്‍ പിന്നീടവ വളര്‍ന്ന് വലുതാവാറില്ല; കുഞ്ഞു ശലഭങ്ങളും വലിയവയും അതേ വലിപ്പത്തിലാണ് ജനിച്ചിറങ്ങുന്നതെന്ന്) തരാതരം പൂമ്പാറ്റകളെ തിരിച്ചറിയുക, പേരറിയുക, വര്‍ഗീകരിക്കുക, അവയുടെ മുട്ട, ലാര്‍വ, പ്യൂപ്പ പറവ ദശകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുക, മുട്ടയിടും ചെടിയും ലാര്‍വ തിന്നും ചെടിയും പ്യൂപ്പയുടെ മാസ്മരികമായ പരിണാമവും നിരീക്ഷിക്കുക. ലാര്‍വ മുതല്‍ പറവവരെയുള്ളവയുടെ ഭക്ഷണരീതി, പ്രധാനമായും കണ്ടുവരുന്ന സസ്യങ്ങളേവ തുടങ്ങിയവയും നിരീക്ഷണപ്രദമാണ്. മിക്ക ചെടി/മരം/കുറ്റിച്ചെടികളുടെയും ഇലയടിഭാഗം പരിശോധിച്ചാല്‍ മുട്ടയോ ലാര്‍വയോ കാണാനാവും. പ്യൂപ്പയെ/ ലാര്‍വയെ അവയുടെ ഭക്ഷണ സസ്യത്തിന്‍െറ തണ്ടോ ഇലയോ ചേര്‍ത്തെടുത്ത് വാവട്ടമുള്ള കുപ്പിയിലെടുത്ത്(ഓട്ട വെക്കേണ്ടതില്ല, പകരം ഇടവിട്ട് വിസര്‍ജ്യം പുറത്തു കളഞ്ഞാല്‍ മതിയാവും) പാപ്പാത്തിയാവുന്നത് നിരീക്ഷിക്കാം.. ചിത്രം വരക്കാം ഫോട്ടോയെടുക്കാം (രാത്രിയില്‍ ഇരുട്ടുമുറിയില്‍ തുറന്നുവിട്ട് എമര്‍ജന്‍സി വിളക്കിന്‍െറ വെട്ടത്തില്‍ ഇലത്തണ്ടിലോ മറ്റോ നിര്‍ത്തിയാല്‍ സൗകര്യപൂര്‍വം ഫോട്ടോയെടുക്കാം. ഇരുവശവും ഫോട്ടോയെടുത്തെങ്കിലേ മുഴുവന്‍ പ്രത്യേകതകളും മനസ്സിലാക്കാനാവൂ). മധു നുകരും പൂവു നോക്കാം, ശലഭങ്ങള്‍ ചിറകുവിരിച്ച് പ്രഭാതങ്ങളില്‍ വെയിലുകായുന്നതും(Basking), ഇത് പലതിനും പലരീതിയിലാണ്. ശീതരക്ത ജീവികളായ ശലഭങ്ങളുടെ ചിറകുവിടരാന്‍ ദേഹം മുഴുവന്‍ ചൂട് പരക്കേണ്ടതുണ്ടല്ലോ. പലകാരണങ്ങളാല്‍ ശലഭങ്ങളില്‍ ചിലവ ദേശാടനം(Migration) നടത്താറുണ്ട്. ഇവ കൃത്യമായി നിശ്ചിത ദിശയിലേക്ക് ദേശാടനം ചെയ്യുന്നു. മഴക്കാലം നീണ്ടുപോവുമ്പോള്‍ ദേശാടനാരംഭവും നീണ്ടുപോവുന്നതായാണ് കണ്ടുവരുന്നത്. മിനിറ്റില്‍ ആയിരംവെച്ച് ശരവേഗം പറന്ന് ദേശാടനം ചെയ്യുന്ന ആല്‍ബട്രോസ് ശലഭങ്ങള്‍ ആരെയാണ് അമ്പരപ്പിക്കാത്തത്. ശലഭ ദേശാടനമാവട്ടെ ഒരേദിക്കിലേക്ക് മാത്രമാണു താനും. അതായത്, പക്ഷികളെപ്പോലെ അവ സ്വദേശത്തേക്ക് തിരികെവരാറില്ലെന്ന്. തിരികെ വരുമ്പോഴേക്കും ഇവയുടെ ആയുസ്സു തീരുന്നതിനാലാണോ ഇങ്ങനെ? എങ്ങാണ്ടോ ജനിച്ച് എങ്ങാണ്ടോ അവസാനിക്കുന്ന ജന്മം? മഴക്കാലത്തിന് മുമ്പും പിമ്പും ശലഭങ്ങള്‍ നിശ്ചിത സസ്യങ്ങളില്‍ കൂട്ടംചേര്‍ന്നു (congregation) കാണാം. ചിലയിനം സസ്യങ്ങളിലെ സവിശേഷസത്ത് വലിച്ചെടുക്കുന്നതിനാണിതെന്ന് കരുതപ്പെടുന്നു. അരുവികളുടെയും മറ്റും ഓരങ്ങളിലായി ശലഭങ്ങള്‍ ധാരാളമായി ഇടതിങ്ങി കൂട്ടംചേര്‍ന്നു ചളിയൂറ്റുന്നതു (Mud puddling) കാണാം. പോഷണം വലിച്ചെടുക്കാനും വെയിലുകായാനും ഒക്കെ വേണ്ടിയുള്ള ഈ കൂട്ടംചേരല്‍ മനോരമ്യമാണ്. ഇത്തരം ഒരു കൂട്ടത്തില്‍തന്നെ വ്യത്യസ്ത ഇനം ശലഭങ്ങളെ കാണാം. അവിടങ്ങളില്‍ പോഷണസമൃദ്ധി എല്ലാവര്‍ക്കും സുലഭമായതിനാലാവാം ഈ കൂട്ടത്തില്‍ ചിറകുകൊണ്ടുള്ള ചെറിയ ഉന്തുംതള്ളും മാത്രമേ (അതും വല്ലപ്പോഴും) കാണാറുള്ളൂ.  
കുഞ്ഞായുസ്സും തൂവെള്ള, കരിനീല, ചുവപ്പന്‍, ചെഞ്ചോര തുഞ്ചന്‍ തുടങ്ങി തിളങ്ങുന്ന മിനുത്ത ചിറകുകളുമായി ഹരം പിടിപ്പിച്ച് പൂക്കള്‍ തോറും കയറിയിറങ്ങി സ്വകാര്യം പറഞ്ഞു മധുമോന്തി, പരാഗമേന്തി പറന്നുപോവുന്നവരുടെ കുടുംബങ്ങളേതൊക്കെയെന്നു നോക്കൂ.
പാപ്പിലിയോനിഡേ (Papilionidae) വര്‍ണ മനോഹരവും വലുപ്പമേറിയവയും തേന്‍കൊതിയരുമായ ഈ വിഭാഗത്തിന് പിന്‍വാലുകളുണ്ട്. ഈ കിളിവാലന്മാരുടെ മുട്ടകള്‍ ഉരുണ്ടതാണ്. ദുര്‍ഗന്ധം പുറപ്പെടുവിച്ച് ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്ന ഇവയുടെ ഉരസ്സിനും ശിരസ്സിനും ഇടയിലായി ഓസ്മറ്റോറിയം ഉണ്ട്.
പീരിഡേ (Pieridae): മഞ്ഞയോ വെള്ളയോ നിറമുള്ളവയാണ് ഈ വിഭാഗത്തിലെ അംഗങ്ങളേറെയും. വരണ്ടപ്രദേശങ്ങളോടാണ് ഏറെ താല്‍പര്യം. ദേശാടകരും പൂക്കളോടും നനഞ്ഞപ്രദേശങ്ങളോടും പ്രത്യേക പ്രതിപത്തി കാട്ടുന്നവയുമാണ്. മുട്ടയാവട്ടെ നെന്മണിയുടെ ആകൃതിയുള്ളതും  വെളുപ്പോ ഇളംമഞ്ഞ നിറമോ ഉള്ളവയുമാണ്. ലാര്‍വ പച്ചയോ തവിട്ടോ നിറമുള്ളതും കുഴല്‍രൂപമുള്ളവയുമാണ്. പ്യൂപ്പക്ക് ചുവന്ന മുനയുമുണ്ട്.
നിംഫാലിഡേ(Nymphalidae): ചെറിയമുന്‍കാലുകളുള്ള ഇവക്ക് മണത്തറിയാന്‍ മുള്ളുപോലുള്ള രോമങ്ങളുണ്ട്. ലൈക്കനിഡേ(Lychanidae) നീലിമയാര്‍ന്ന ഇവ വളരെ ചെറുതും നിലത്തോട് അടുത്ത് പറക്കുന്നവയുമാണ്. ആണ്‍ശലഭങ്ങള്‍ തിളങ്ങുന്ന നീലയും പെണ്‍ശലഭങ്ങള്‍ തവിട്ട്/മങ്ങിയ നിറമുള്ളവയുമാണ്. മുട്ടക്ക് മത്തങ്ങയുടെ ആകൃതിയും ലാര്‍വക്ക് മരപ്പേനിന്‍െറ ആകൃതിയുമാണ്. ഹെസ്പിരിഡേ(Hespiridae) തുള്ളിത്തെറിച്ച് പറക്കുന്നതിനാല്‍ ചാട്ടക്കാര്‍(skippers) എന്നും അറിയപ്പെടുന്നു. ഈ ചെറുശലഭങ്ങള്‍ക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയകണ്ണുകളുണ്ട്.
വീര്‍ത്തശരീരവും വളരെവലിയ തുമ്പിക്കൈകളുമുണ്ട്. സ്പര്‍ശിനികള്‍(probes) നേരിയതും അറ്റം വളഞ്ഞവയുമാണ്. നിശാശലഭങ്ങളുടെ സ്വഭാവക്കാരായ ഇവ പൂക്കളിലും നനഞ്ഞപ്രദേശങ്ങളിലും വന്നിരിക്കുന്നവരുമാണ്. മുട്ടകള്‍ കമാനാകൃതിയിലുള്ളവയും ലാര്‍വകള്‍ നീണ്ടതും തല പൊതുവെ ഹൃദയാകാരവുമാണ്. ഇങ്ങനെ ശലഭങ്ങളുടെ നിരവധി പ്രത്യേകതകള്‍ നിരീക്ഷിച്ചറിഞ്ഞാഹ്ളാദിക്കാം. അരുവിയോരത്ത് ചളിയിടങ്ങളില്‍, കാട്ടുപൊന്തകളില്‍, കാട്ടില്‍ ഒക്കെയായി എത്രായിരം ശലഭങ്ങളാണ്. പൂമ്പാറ്റപ്പിടിയരേയും ശ്രദ്ധിക്കണം.
വിവിധയിനം ശലഭലാര്‍വകളുടെ ഭക്ഷണസസ്യ(food plant)വും വ്യത്യസ്തമാണ്. ചക്കരശലഭ(crimson rose)ത്തിന് ഈശ്വരമുല്ലയെങ്കില്‍, നീലകുടുക്ക(common blue bottle)ക്കും നാട്ടുകുടുക്ക (common Jay)ക്കും പ്രിയം അരണമരം. മഞ്ഞതകരമുത്തി(Lemon/common emigrant)ക്ക് കണിക്കൊന്നയും ഓലക്കണ്ടന്(common palmfly)തെങ്ങും, വിലാസിനി(common jezebel)ക്കും ഇരുളന്‍കോമാളി(Dark pierrot)ക്കും ഇത്തിള്‍ക്കണ്ണിയും ഇലമുങ്ങി(Water snow flat)ക്ക് കാച്ചിലും ഒക്കെയാണ്. സസ്യവൈവിധ്യം ശലഭവൈവിധ്യത്തിന് അനിവാര്യമാണ്. നിശ്ചിത പ്രദേശങ്ങളില്‍ ലാര്‍വയുടെ ഭക്ഷണ സസ്യത്തിന്‍െറ സമൃദ്ധിക്കനുസരിച്ച് നിശ്ചിതയിനം ശലഭങ്ങളെ കാണാം. മരുഭൂവിലും മലയോരത്തും കാനനങ്ങളിലുമൊക്കെയായി വൈവിധ്യമാര്‍ന്ന കാട്ടുശലഭങ്ങളെയും നാട്ടുശലഭങ്ങളെയുമൊക്കെ കാണാം. വേഗത്തില്‍ പറക്കുന്നവ, ചാടിപ്പറക്കുന്നവ, വിറച്ച് പറക്കുന്നവ, ഉയരേ പറക്കുന്നവ, ദൂരേ പറക്കുന്നവ, കൂട്ടമായ് പറക്കുന്നവ, ഏറെ നേരം പറക്കുന്നവ, ക്ഷണികായുസ്സുകാരെങ്കിലും ഈ ശലഭങ്ങളില്ലേല്‍ പ്രപഞ്ചത്തില്‍ പരാഗണമുണ്ടോ? ഏവര്‍ക്കും ഭക്ഷണമുണ്ടോ?
രാവിരുളില്‍ ചിറകുമടക്കിയിരിക്കുകില്‍ കാണപ്പെടാതെ പോകുമെന്നതിനാലാണോ നിശാശലഭങ്ങള്‍ (moths), ചിത്രശലഭങ്ങളില്‍നിന്നു വ്യത്യസ്തമായി ചിറകുവിരിച്ച് വിശ്രമിക്കുന്നത്.
Subscribe to കിളിചെപ്പ് by Email
Share it:

പൂമ്പാറ്റ

Post A Comment:

0 comments: