ഹിഗ്സ് ബോസോണ്‍ ദൈവകണം യാഥാര്‍ഥ്യത്തിലേക്ക്

Share it:

ആധുനികശാസ്ത്രം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന മുഹൂര്‍ത്തം. അമ്പതു വര്‍ഷങ്ങളുടെ പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച ഫലപ്രാപ്തിയിലത്തെിയത്. ന്യൂക്ളിയര്‍ ഗവേഷണത്തിനായുള്ള യൂറോപ്യന്‍ സംഘടനയായ സേണിലെ (CERN European Centre for Nuclear Research)ശാസ്ത്രജ്ഞരുടെ തിങ്ങിനിറഞ്ഞ സദസ്സില്‍ ദൈവകണമെന്നു വിളിപ്പേരുള്ള ഹിഗ്സ് ബോസോണിന്‍െറ അസ്തിത്വം ഒൗദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ആധുനിക ശാസ്ത്രത്തിന്‍െറ ഗതിയെതന്നെ മാറ്റിമറിച്ചേക്കാവുന്നതാണ് ഈ കണ്ടത്തെല്‍. 2011 ഡിസംബറില്‍തന്നെ സേണിലെ പരീക്ഷണശാലയില്‍ ഹിഗ്സ് ബോസോണുകളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. ഫലം ഉറപ്പുവരുത്തുന്നതിനാണ് ഇത്രയും നാള്‍ കാത്തിരുന്നത്.
ദൈവകണമെന്നാല്‍...
പ്രഞ്ചത്തിലെ ഓരോ പദാര്‍ഥത്തിനും പിണ്ഡം (Mass) നല്‍കുന്ന ഘടകങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു ഘടകമുണ്ട്. അതാണ് ഹിഗ്സ്  ബോസോണ്‍ എന്ന് ഏറ്റവും ലളിതമായി പറയാം. ഈ കണങ്ങളെക്കുറിച്ച് ശാസ്ത്രലോകത്തിന് നേരത്തത്തേന്നെ അറിയാമായിരുന്നെങ്കിലും അവയുടെ സാന്നിധ്യത്തെക്കുറിച്ചോ സവിശേഷതകളെക്കുറിച്ചോ ഉള്ള അറിവുകള്‍ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഈ കണത്തിന്‍െറ സാന്നിധ്യം ഭാഗികമായി തിരിച്ചറിഞ്ഞിരിക്കുന്നു.
നമ്മുടെ പ്രപഞ്ചത്തിന്‍െറ മൗലിക ഘടന വിശദീകരിക്കുന്ന ഒട്ടേറെ മാതൃകകള്‍ക്ക് ശാസ്ത്രലോകം രൂപം നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും സ്വീകാര്യത നേടിയ ഒന്നാണ് മാനക മാതൃക (Standard Model). സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ കൃത്യമായി വിശദീകരിക്കാന്‍ ദൈവകണത്തിന്‍െറ സാന്നിധ്യം അനിവാര്യമാണ്. ഇപ്പോള്‍ ആ ശ്രമമാണ് വിജയിച്ചിരിക്കുന്നത്.
ദ്രവ്യകണികകള്‍ക്ക് പിണ്ഡം നല്‍കുന്ന അടിസ്ഥാന ഘടകമായ ഹിഗ്സ് ബോസോണിന്‍െറ സാന്നിധ്യം കണികാ ഭൗതികജ്ഞര്‍ പ്രവചിച്ചിരുന്നുവെങ്കിലും പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടുന്നത് ഇതാദ്യമായാണ്. ഹിഗ്സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെടുന്നതോടെ അത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ കണ്ടത്തെലാവുകയാണ്.
അല്‍പം ചരിത്രം
1960കളില്‍, ആധുനിക ശാസ്ത്രത്തില്‍ (പ്രപഞ്ചവിജ്ഞാനീയത്തില്‍ പ്രത്യേകിച്ചും) നിര്‍ണായകമായ പല സംഭവങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ ദശകത്തിലാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. മനുഷ്യന്‍െറ ബഹിരാകാശ യാത്രകള്‍ ഏറെ സജീവമായതും അക്കാലത്തുതന്നെ. പ്രപഞ്ചം ഒരു ഭീമന്‍ പൊട്ടിത്തെറിയിലൂടെയാണ് (ബിഗ് ബാങ്) രൂപംകൊണ്ടതെന്ന സിദ്ധാന്തത്തിന്  ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നതും 60കളിലാണ്.
ഈ കാലത്തുതന്നെയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ദൈവകണങ്ങളെക്കുറിച്ച പ്രവചനം നടത്തിയത്. 1964ല്‍ മൂന്ന് വ്യത്യസ്ത സംഘങ്ങളായി പീറ്റര്‍ ഹിഗ്സ്, ജെറാള്‍ഡ് ഗരാല്‍നിക്, സി.ആര്‍.  ഹേഗന്‍, ടോം കിബിള്‍, റോബര്‍ട്ട് ബ്രൗട്ട്, ഫ്രാന്‍കോയ്സ് ഇംഗ്ളര്‍ട്ട്ലന്‍ഡ് എന്നീ ഭൗതികശാസ്ത്രജ്ഞരാണ് ഇതില്‍ പ്രമുഖര്‍. ഇതില്‍ പീറ്റര്‍ ഹിഗ്സിന്‍െറ ഗവേഷണത്തിലാണ് ഈ കണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്.
ഇവരുടെ ഗവേഷണങ്ങളെ ചെറുതായൊന്നു വിശദീകരിക്കാം.  ‘സ്റ്റാന്‍ഡേര്‍ഡ് മോഡല്‍’ അനുസരിച്ച് പ്രപഞ്ചത്തിന്‍െറ തുടക്കം മഹാവിസ്ഫോടനത്തിലൂടെയാണ്. വിസ്ഫോടനം നടന്ന് സെക്കന്‍ഡിന്‍െറ പതിനായിരം കോടിയിലൊരംശം സമയം കഴിഞ്ഞാണ് ഹിഗ്സ് ബോസോണുകള്‍ ‘ജനിക്കുന്നത്.’ ഇവ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ പ്രപഞ്ചത്തില്‍ ഹിഗ്സ് മണ്ഡലം രൂപപ്പെട്ടു.
പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നതും അതുവരെ പ്രപഞ്ചത്തില്‍ അലക്ഷ്യമായി കറങ്ങിയിരുന്നവ (പ്രകാശവേഗത്തില്‍) തീര്‍ത്തും വ്യവസ്ഥാപിതമായ മാര്‍ഗത്തിലേക്ക് മാറുന്നതും അങ്ങനെയാണ്. ഇലക്ട്രോണുകളുള്‍പ്പെടെയുള്ള കണങ്ങള്‍ക്ക് പിണ്ഡം കൈവരുന്നതും വ്യത്യസ്ത പദാര്‍ഥങ്ങള്‍ (അതില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം ഉള്‍പ്പെടും) രൂപംകൊള്ളുന്നതും ഹിഗ്സ് മണ്ഡലത്തിലാണ്. ഹിഗ്സ് മണ്ഡലത്തില്‍ത്തന്നെ അതിന് പിടികൊടുക്കാത്ത കണികകളെയും ശാസ്ത്രലോകം സങ്കല്‍പിക്കുന്നുണ്ട്. ഫോട്ടോണുകളാണ് അവയിലൊന്ന്. ഇവ ഹിഗ്സ് ബോസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍, അവക്ക് പിണ്ഡമില്ല. അതിനാല്‍, അവ പഴയപടി പ്രകാശവേഗത്തില്‍തന്നെ സഞ്ചരിക്കുന്നു.  മഹാവിസ്ഫോടനത്തിനുശേഷം ഇന്നു കാണുംവിധമുള്ള ഒരു പ്രപഞ്ചം ‘സൃഷ്ടി’ക്കപ്പെടുന്നത് ഹിഗ്സ് മണ്ഡലം രൂപപ്പെട്ടതിനുശേഷമാണ്. മാത്രമല്ല, പ്രപഞ്ചത്തിന്‍െറ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഭൗതിക നിയമം പ്രപഞ്ചത്തില്‍ ആവിഷ്കരിക്കപ്പെടുന്നതും ഹിഗ്സ് ബോസോണുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെയാണ്. ചുരുക്കത്തില്‍, നമ്മുടെ പ്രപഞ്ചഘടനയില്‍ ഏറെ നിര്‍ണായകമായ ഒരു ഘട്ടമായിരുന്നു ഹിഗ്സ് മെക്കാനിസം.
പീറ്റര്‍ഹിഗ്സിനു ശേഷം, സ്റ്റീവന്‍ വെയ്ന്‍ബെര്‍ഗ്, അബ്ദുസ്സലാം തുടങ്ങിയ നൊബേല്‍ ജേതാക്കളായ ശാസ്ത്രജ്ഞര്‍ ഹിഗ്സ് മെക്കാനിസത്തെ അടിസ്ഥാന ബലങ്ങളുടെ (ഗുരുത്വബലം, വൈദ്യുത കാന്തിക ബലം, ശക്ത-ക്ഷീണ ന്യൂക്ളിയര്‍ ബലങ്ങള്‍) സഹായത്തോടെ വിശദീകരിക്കുകയും സൈദ്ധാന്തികമായി അവയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
സേണിലെ കണികാ പരീക്ഷണം
സ്വിറ്റ്സര്‍ലന്‍ഡ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ജനീവയിലെ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള 27 കിലോമീറ്റര്‍ നീളമുള്ളതും 10 ബില്യന്‍ ഡോളര്‍ നിര്‍മാണച്ചെലവുള്ളതുമായ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ (LHC) എന്ന കണികാത്വരകത്തില്‍, പ്രകാശവേഗത്തിനടുത്ത് സൂക്ഷ്മ കണികകളായ പ്രോട്ടോണുകളെ വിപരീത ദിശകളില്‍ പായിച്ച് കൂട്ടിയിടിപ്പിക്കുകയും അങ്ങനെ പ്രപഞ്ചോല്‍പത്തിയുടെ ആദ്യനിമിഷങ്ങളിലെ അവസ്ഥ പുന$സൃഷ്ടിക്കുകയും  ചെയ്യുന്ന  അതിസങ്കീര്‍ണ പരീക്ഷണങ്ങളത്തെുടര്‍ന്നാണ് ഹിഗ്സ് ബോസോണിന്‍െറ അസ്തിത്വം തെളിയിക്കപ്പെട്ടിരിക്കുന്നത്. സേണിലെ ശാസ്ത്രജ്ഞര്‍ രണ്ട് വ്യത്യസ്തസംഘങ്ങളായി, വ്യത്യസ്ത സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ATLAS, CMSഎന്നീ ഡിറ്റക്ടറുകളുപയോഗിച്ച് സ്വതന്ത്രമായി നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് ക്രോസ് ചെക്കിങ്ങിനുശേഷം ഇപ്പോള്‍ സേണ്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
350 ട്രില്യന്‍ പ്രോട്ടോണ്‍ കൂട്ടിമുട്ടലുകളാണ് സംഘം നടത്തിയിരിക്കുന്നത്. ഒരു ചെറിയ മത്സ്യത്തെപിടിക്കാന്‍ കുളം മുഴുവന്‍ വറ്റിക്കുന്നതുപോലെ സാഹസികമായ ഒരു പ്രക്രിയയാണ് ഇവിടെ നടന്നത്. 2008 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച LHC  യന്ത്രത്തകരാറു കാരണം കുറച്ചുകാലം പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട്, 2009 നവംബറിലാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. LHCയില്‍നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകളുടെ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് അപഗ്രഥിക്കുന്നത്.
ഹിഗ്സ് ബോസോണിന്‍െറ അസ്തിത്വം തെളിയിക്കപ്പെട്ടത് പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള മാനകമാതൃകയുടെ വിജയമാണെങ്കിലും ഹിഗ്സ് ബോസോണുകള്‍ ആവശ്യമില്ലാത്ത പ്രപഞ്ച മാതൃകകളും നിലവിലുണ്ട്.
‘ടെക്നികളര്‍’, ‘ലൂപ് ക്വാണ്ടം ഗ്രാവിറ്റി’ തുടങ്ങിയ സൂപ്പര്‍ സിമട്രി (SUSY) മാതൃകകളില്‍ ഇത്തരം കണങ്ങളുടെ അസ്തിത്വം തെളിയിക്കേണ്ട ആവശ്യമില്ളെന്നു കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്. പക്ഷേ, ഹിഗ്സ് ബോസോണുകള്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. അതുതന്നെയാണ് അവയുടെ പ്രാധാന്യവും.
ദൈവവും ദൈവകണവും
ദൈവവും ദൈവകണവും തമ്മില്‍ എന്താണ് ബന്ധം? സത്യത്തില്‍ ഇവ തമ്മില്‍ പേരിലുള്ള സാമ്യം മാത്രമേയുള്ളൂ. പിന്നെ എങ്ങനെ ഹിഗ്സ് ബോസോണിന് ഈ പേര് വന്നു  എന്നു ചോദിച്ചാല്‍, അതിന് പിന്നില്‍ ഒരു കഥയുണ്ട്.
നൊബേല്‍ സമ്മാനാര്‍ഹനായ അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ ലിയോണ്‍ ലിഡര്‍മാന്‍െറ ‘The God Particle : If the Universe is the Answer, What is the Question ?’  എന്ന പുസ്തകത്തിലാണ് ഹിഗ്സ് ബോസോണിന് ദൈവകണം  (The God Particle) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. കണികാ ഭൗതികത്തിന്‍െറ(Particle Physics) ചരിത്രവും വളര്‍ച്ചയും സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം ലളിതമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്. ‘Goddamn Particle’ (നശിച്ച കണം എന്ന് അര്‍ഥത്തില്‍)എന്ന പ്രയോഗമാണ് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തതെന്ന് പറയുന്നു. അതല്ല, ഹിഗസ്് ബോസോണ്‍ എന്നാണെന്നും പറയുന്നു. ഏതായാലും പുസ്തകത്തിന്‍െറ പ്രസാധകന്‍ ഈ പേരില്‍ അത് പുറത്തിറക്കാന്‍ തയാറായില്ല. 1990കളുടെ തുടക്കത്തിലാണ് ഈ സംഭവം. അന്ന് ഈ കണം ശാസ്ത്രലോകത്തിന് തീര്‍ത്തും അന്യവും നിഗൂഢവുമാണല്ളോ. അങ്ങനെയൊരു കണമുണ്ടാകാം എന്നു മാത്രമായിരുന്നു ആ സമയത്തെ വാദം.
ലിഡര്‍മാന്‍ മറ്റൊരു പേരിനെക്കുറിച്ച് ഏറെ ചിന്തിച്ചു. ഇക്കാലമത്രയും മനുഷ്യന് പിടിതരാത്ത ആ കണത്തെ മറ്റെന്തു വിളിക്കാന്‍: ദൈവകണം! അങ്ങനെ ഹിഗ്സ് ബോസോണ്‍ ദൈവകണമായി.  പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട് കണികാ ഭൗതികത്തില്‍ നിലനിന്നിരുന്ന നിരവധി പ്രഹേളികകള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ഈ കണികക്ക് ദൈവകണമെന്ന പേര് തികച്ചും അനുയോജ്യമാണ്. ബ്രിട്ടനിലെ ‘ഗാര്‍ഡിയന്‍’ ദിനപത്രം ഈ കണികക്ക് മറ്റൊരു പേരുനല്‍കാന്‍ നടത്തിയ മത്സരത്തില്‍നിന്ന് ‘ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍’ (Champagne Bottle Boson)എന്ന പേരും ഈ കണത്തിന് ലഭിച്ചു. അതത്ര ക്ളിക്കായില്ല. ദൈവകണത്തോളം വരുമോ ഷാംപെയ്ന്‍ ബോട്ടില്‍?
ഇനി എന്ത്?
പ്രപഞ്ചോല്‍പത്തിയുടെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മനുഷ്യന്‍െറ അന്വേഷണത്തിന് ഒടുവില്‍ നിര്‍ണായക വിജയം. പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം (mass) നല്‍കുന്ന ‘ദൈവകണം’ ശാസ്ത്രത്തിന്‍െറ പിടിയിലാകാന്‍ വേണ്ടിവന്നത് അരനൂറ്റാണ്ടാണ്. അഞ്ചു പതിറ്റാണ്ട് നീണ്ട ഈ പ്രയത്നം ഒരു ശ്രമത്തിന്‍െറ പരിസമാപ്തി കുറിക്കുകയല്ല മറിച്ച്, ഇനിയും ഉത്തരം കണ്ടത്തൊനുള്ള നിരവധി ചോദ്യങ്ങള്‍ തുറന്നിടുകയാണ് ചെയ്യുന്നത്.
കണ്ടത്തെലിന്‍െറ പ്രസക്തി
പ്രപഞ്ചം 12 അടിസ്ഥാന പദാര്‍ഥങ്ങളും (Fundamental Particles) നാല് അടിസ്ഥാന ബലങ്ങളും (fundamental forces) കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പ്രപഞ്ചത്തിന്‍െറ അടിസ്ഥാന ഘടന വിശദീകരിക്കുന്ന ഏറ്റവും സ്വീകാര്യമായ ഈ സിദ്ധാത്തത്തെ ‘സ്റ്റാന്‍ഡേര്‍ഡ് മോഡല്‍’ എന്നു വിളിക്കുന്നു. ഇതില്‍ 11 അടിസ്ഥാന പദാര്‍ഥങ്ങളും നേരത്തേ കണ്ടത്തെിക്കഴിഞ്ഞു. പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം (mass) നല്‍കുന്നതാണ് 12ാം അടിസ്ഥാന പദാര്‍ഥം. അതാണ് ‘ഹിഗ്സ് ബോസോണ്‍’.
സബ് ആറ്റോമിക് കണികയുടെ വിഭാഗത്തില്‍ വരുന്ന ‘ഹിഗ്സ് ബോസോണി’ന്‍െറ സാന്നിധ്യമാണ് 50 വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ ശാസ്ത്രലോകം കണ്ടത്തെിയിരിക്കുന്നത്.
ജീവശാസ്ത്രത്തില്‍ പരിണാമസിദ്ധാന്തത്തിന് നല്‍കിവരുന്ന സ്ഥാനമാണ് ഭൗതികശാസ്ത്രത്തില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിനുള്ളത്. സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസേര്‍ച്ചിലെ (സേണ്‍) മൂവായിരത്തോളം വരുന്ന ശാസ്ത്രജ്ഞരുടെ ശ്രമഫലമായി ‘ദൈവകണം’പിടിയിലായതോടെ, ഇനിയും പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടെങ്കില്‍പോലും ഭൗതികശാസ്ത്രത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍െറ നിലനില്‍പ് ഊട്ടിയുറപ്പിക്കപ്പെട്ടു. അതുതന്നെയാണ് ഈ കണ്ടത്തെലിന്‍െറ ഏറ്റവും വലിയ പ്രസക്തിയും.
എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ ഉറപ്പിക്കുന്നില്ല
50 ആണ്ടിന്‍െറ ശ്രമത്തിനൊടുവില്‍ ഇതുവരെ ഒഴിഞ്ഞുമാറിയിരുന്ന കണികയുടെ നിലനില്‍പ് പ്രഖ്യാപിക്കുമ്പോഴും സേണിലെ ശാസ്ത്രജ്ഞര്‍ അത് നൂറു ശതമാനം ഉറപ്പിക്കുന്നില്ല. ഇതിനു കാരണം മറ്റൊന്നല്ല, അതിനിര്‍ണായകമായ ഈ കണ്ടുപിടിത്തത്തില്‍ ഒരു വീഴ്ചയുമുണ്ടാകരുത് എന്ന കര്‍ക്കശ നിലപാടിന്‍െറ പ്രതിഫലനമാണ് ഈ ഉറപ്പിക്കാതിരിക്കലിനു പിന്നില്‍.
പ്രവചിച്ചിരുന്നപോലെ ഹിഗ്സ് ബോസോണിന് ഉണ്ടാകുമെന്ന് കരുതിയിരുന്ന പിണ്ഡംതന്നെയാണ് കണ്ടത്തെിയിരിക്കുന്ന കണികക്കും. എന്നാല്‍, ഹിഗ്സ് ബോസോണിന് ഉണ്ടാകുമെന്നുകരുതിയിരുന്ന മറ്റുചില ഗുണവിശേഷങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ഹിഗ്സ് ബോസോണിന് ഉണ്ടാകുമെന്ന് കരുതിയിരുന്നതിലും ഉയര്‍ന്നതോതിലുള്ള ഊര്‍ജമാണ് ഇപ്പോള്‍ കണ്ടത്തെിയ കണികക്ക്. മറ്റുചില പദാര്‍ഥങ്ങള്‍കൂടി കണ്ടത്തൊനുമുണ്ട്.
ശാസ്ത്രം ഇനി എങ്ങോട്ട്?
കണ്ടത്തെിയത് ഹിഗ്സ് ബോസോണ്‍ തന്നെയെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കാനാവശ്യമായ ബാക്കി വിശദാംശങ്ങള്‍കൂടി കണ്ടത്തെുകയെന്നതാവാം സേണിലെ ശാസ്ത്രജ്ഞരുടെ അടുത്തലക്ഷ്യം.
പക്ഷേ, ഇവിടെയും ഗവേഷണങ്ങള്‍ തീരുകയില്ല. ഉത്തരം കണ്ടത്തൊനുള്ള നിരവധി പ്രപഞ്ചരഹസ്യങ്ങളാണ് ഇനിയും ശാസ്ത്രലോകത്തിനുമുന്നില്‍ അവശേഷിക്കുന്നത്.
സബ് ആറ്റോമിക ഭൗതികശാസ്ത്രത്തിലും പ്രപഞ്ചത്തിലും വിശദീകരിക്കപ്പെടാത്ത തമോ ദ്രവ്യം (Dark matter), തമോ ഊര്‍ജം (Dark energy) എന്നിവ ഏറെയാണ്.
ഇനിയും വിശദീകരണം കണ്ടത്തൊന്‍ കഴിയാത്ത കാര്യങ്ങളെയാണ് ശാസ്ത്രലോകം ഈ പേരുകളില്‍ വിളിക്കുന്നത്. പ്രപഞ്ചത്തില്‍ 25 ശതമാനം വരും തമോ ദ്രവ്യം. തമോ ഊര്‍ജം 70 ശതമാനവും. അതായത്, പ്രപഞ്ചത്തിന്‍െറ 95 ശതമാനവും ഇനിയും വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനുപുറമെയാണ് പ്രതിപദാര്‍ഥങ്ങള്‍, സൂപ്പര്‍ സിമെട്രി തുടങ്ങിയ സിദ്ധാന്തങ്ങള്‍. ഓരോ പദാര്‍ഥത്തിനും അതിന്‍െറ സമാന സ്വഭാവവും പക്ഷേ, ഭാരംകൂടുതലുമുള്ള ഒരു ‘ഇരട്ട’ ഉണ്ടാകുമെന്ന സിദ്ധാന്തമാണ് സൂപ്പര്‍ സിമെട്രി.
ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്ന ശക്തികളിലൊന്നാണ് ഗുരുത്വാകര്‍ഷണം (gravitation). ഇതും പൂര്‍ണമായി വിശദീകരിക്കപ്പെട്ടിട്ടില്ല.
എന്നാല്‍, 50 വര്‍ഷമായി ശാസ്ത്രലോകത്തെ പറ്റിച്ചു നടന്നിരുന്ന ‘ദൈവകണ’ത്തെ പിടിയിലൊതുക്കിയതോടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇനി വേഗത്തില്‍ ഉത്തരമാകുമെന്നു കരുതാം.
കടപ്പാട്: മാധ്യമം ദിനപത്രം 

Subscribe to കിളിചെപ്പ് by Email
Share it:

ദൈവകണം

ഹിഗ്സ് ബോസോണ്‍ ദൈവകണം യാഥാര്‍ഥ്യത്തിലേക്ക്

Post A Comment:

0 comments: