മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി


ഇടതുകണ്ണിനേക്കാള്‍ കാഴ്ചയുള്ള തന്റെ അകക്കണ്ണുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ ലോക ക്രിക്കറ്റ് മൈതാനത്തില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കിയ ടൈഗര്‍ യുഗത്തിന്റെ സ്രഷ്ടാവായ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി (Mansoor Ali Fhan Pataudi)ജീവിതത്തിന്റെ ക്രീസില്‍നിന്ന് യാത്രയായിട്ട് ഒരുവര്‍ഷം കടന്നുപോകുന്നു. 2011 സെപ്തംബര്‍ 22ന് കഥാവശേഷനായ ടൈഗര്‍ എന്നു വിളിപ്പേരുള്ള മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിന് ആദ്യമായി മാന്യതയുടെയുംഊര്‍ജസ്വലതയുടെയും പരിവേഷമേകിയ കളിക്കാരനും നായകനുമായിരുന്നു. അപകര്‍ഷതാബോധത്തിന്റെ ഇരുട്ടില്‍ തപ്പുകയായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു നയിക്കുകയും വൈഖരികള്‍ സൃഷ്ടിക്കുകയും നവീനമായ ആശയങ്ങള്‍ നല്‍കുകയും ചെയ്ത ഈ ജെന്റില്‍മാന്‍ ക്രിക്കറ്ററുടെ പേരിനോടു ചേര്‍ത്തുവയ്ക്കേണ്ട ടൈഗര്‍യുഗം നമ്മുടെ ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും വേറിട്ടു നില്‍ക്കുകതന്നെ ചെയ്യും.

ഏകദിനവും ട്വന്റി-20 (Twenty - 20)എന്ന നാനോകളിയും ടിവി സംപ്രേഷണവും ഇല്ലാതിരുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ അഭിജാത ഭൂമികയില്‍ ഇന്ത്യ വില്‍ക്കുന്ന ക്രിക്കറ്റ് സ്വപ്നങ്ങള്‍ വിലകുറഞ്ഞ സാധനമാണെന്ന പരിഹാസം എതിരാളികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ മികച്ച ബാറ്റ്സ്മാനെന്നും കല്‍പ്പനാവൈഭവമുള്ള നായകനെന്നും പരക്കെ അംഗീകാരം നേടിയ പട്ടൗഡി ചങ്കൂറ്റത്തോടെ നടത്തിയ പരീക്ഷണങ്ങളും പ്രൊഫഷണല്‍ സമീപനവും അതിലൂടെ വെട്ടിപ്പിടിച്ച വിജയങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ പര്യാപ്തമാക്കി. പട്ടൗഡി രാജവംശത്തിലെ എട്ടാം നവാബായിരുന്ന ഇഫ്തിഖര്‍ അലിഖാന്‍ പട്ടൗഡിയുടെയും ഭോപാലിലെ അവസാന ഭരണാധികാരിയായ നവാബിന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്റെയും മകനായി 1941 ജനുവരി അഞ്ചിന് ജനിച്ച മന്‍സൂര്‍ അലിഖാനും അച്ഛനെപ്പോലെ പഠിച്ചതും വളര്‍ന്നതും യുവക്രിക്കറ്ററായി അംഗീകാരം നേടിയതുമെല്ലാം ഇംഗ്ലണ്ടിലായിരുന്നു.

പട്ടൗഡിയുടെ പഠിപ്പുകഴിഞ്ഞ് അദ്ദേഹം നാട്ടിലെത്തുന്നത് കാത്തിരിക്കുമ്പോഴാണ് നടുക്കുന്ന ആ വാര്‍ത്ത എത്തിയത്. പട്ടൗഡിക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട നവാബിന് പിന്നീട് ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് ആരും കരുതിയതല്ല. പക്ഷേ ടൈഗര്‍ എന്ന പേരിനെ അന്വര്‍ഥമാക്കുംവിധം ആറുമാസം ആശുപത്രിയില്‍ കഴിഞ്ഞ ഇരുപതുകാരനായ പട്ടൗഡി കഠിന പരിശീലനത്തിലൂടെ തന്റെ ബാറ്റിങ് പാടവം വീണ്ടെടുത്തു. 1961 ഡിസംബര്‍ 13ന് ഡല്‍ഹി കോട്ലയില്‍ എംസിസിക്കെതിരെ അരങ്ങേറിയ പട്ടൗഡി 1962ല്‍ വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു. 1962 മാര്‍ച്ച് 16ന് നായകനായ നരി കോണ്‍ട്രാക്ടര്‍, ചാര്‍ലി ഗിഫ്ത്തിന്റെ ബംബറിനു മുമ്പില്‍ നിലംപതിച്ചപ്പോള്‍ പട്ടൗഡിക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടിവന്നു. 21 വര്‍ഷവും രണ്ടു മാസവും 18 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യയുടെ നായകപട്ടം ചൂടിയ പട്ടൗഡിക്ക് 2004 വരെ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്രിക്കറ്റ് ക്യാപ്റ്റനെന്ന ബഹുമതി ഉണ്ടായിരുന്നു. സെലക്ടര്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാത്തു എന്ന്പിന്നീട് കാലം തെളിയിച്ചു.

പട്ടൗഡിയെ മാറ്റി അജിത്വഡേക്കറെ ക്യാപ്റ്റനാക്കിയ സംഭവം അന്ന് വലിയ വിവാദത്തിനു വഴിവച്ചു. ക്രിക്കറ്റ് ലോകം ഒരവസരത്തില്‍ വഡേക്കര്‍ അനുകൂലികളായും പട്ടൗഡി പക്ഷക്കാരായും തിരിഞ്ഞു. ഒരുപക്ഷേ ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഇടത്തരക്കാരന്റെ കൈകളിലേക്കു വരുന്ന ഒരു കാലഘട്ടത്തിന്റെ മാറ്റത്തെയാകാം അതു കുറിച്ചത്. സുനില്‍ ഗാവസ്കറെപ്പോലെ പിന്നീടു വന്നവര്‍ രാജപാരമ്പര്യമില്ലാത്തവരും ഇംഗ്ലണ്ടില്‍ പോയി പഠിക്കുകയോ കളിക്കുകയോ ചെയ്യാത്തവരുമാണല്ലോ. ഇന്ത്യക്ക് വിദേശത്ത് ആദ്യ ടെസ്റ്റ് പരമ്പര വിജയം 1967ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിത്തന്ന മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി താന്‍ കളിച്ച 46 ടെസ്റ്റുകളില്‍ 40ലും നായകനായിരുന്നു. ഒമ്പത് ടെസ്റ്റുകളില്‍ ഇന്ത്യന്‍ വിജയത്തിന്റെ അമരക്കാരനായ അദ്ദേഹം 83 ഇന്നിങ്സുകളായി ആറ് സെഞ്ചുറികളോടെ 2793 റണ്‍ നേടുകയും ചെയ്താണ് 1975ല്‍ ടെസ്റ്റ് വേദിയില്‍നിന്നു വിടപറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സവിശേഷമായ ദശാസന്ധിയില്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്ന ധീരനായ നായകന്‍ ഇല്ലായിരുന്നെങ്കില്‍ സ്പിന്‍ത്രയത്തിന്റെ സുഗന്ധപൂരിതമായ ഏടുകള്‍ ഇത്ര ആധികാരികതയോടെ ഇന്ത്യക്ക് സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല.

ആക്രമണാത്മകമായി ഓരോ കളിയെയും സമീപിക്കുന്ന പട്ടൗഡിയുടെ ഉള്‍ക്കാഴ്ചകള്‍ ടീം അംഗങ്ങള്‍ക്കും ഏറവും നല്ല പ്രകടനത്തിന് ഉള്‍പ്രേരകമായിരുന്നു. അവരുടെ മനസ്സിലും സമക്കളി ചിന്തകള്‍ കടന്നുവന്നിരുന്നില്ലെന്ന് ബിഷന്‍ബേദി സാക്ഷ്യപ്പെടുത്തുന്നു. ഗ്വാളിയര്‍ സ്യൂട്ടിങ്സിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടും കൊല്‍ക്കത്തയില്‍നിന്നുള്ള "സ്പോര്‍ട്സ് വേള്‍ഡ്" മാസികയുടെ പത്രാധിപരായും കണ്ട പട്ടൗഡി കുറഞ്ഞകാലം റേഡിയോ-ടിവി കമന്റേറ്ററുമായിരുന്നു. ഇടങ്കണ്ണുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മിഴിതുറന്ന പട്ടൗഡിയുടെ ക്രിക്കറ്റ് സപര്യക്കും ജീവിതയാത്രയ്ക്കും ഒരു ദുരന്തനാടകത്തിന്റെ ഇഴമുറുക്കവും വശ്യതയുമുണ്ട്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ്വേദിയില്‍ വീണുടഞ്ഞ ഇന്ത്യയുടെ വിജയവരങ്ങള്‍ വീണ്ടെടുക്കുക എന്നതാവണം അദ്ദേഹത്തിനുള്ള ഉചിതമായ സ്മരണാഞ്ജലി.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top