കേരളത്തിലെ നടനകലകള്‍

മോഹിനിയാട്ടം (Mohiniyattam): ക്ഷേത്രസംസ്കാരത്തിന്‍െറ തണലില്‍ കേരളത്തില്‍ തഴച്ചുവളര്‍ന്ന ലാസ്യപ്രധാനമായ ശ്രേഷ്ഠകലാരൂപമാണ് മോഹിനിയാട്ടം. സൗന്ദര്യാതിരേകം കൊണ്ടും ഹവഭാവാദി ഭംഗികൊണ്ടും മനോമോഹിനികളായ നര്‍ത്തകിമാര്‍ ആടുന്നതുകൊണ്ടാണ് ഇതിന് ‘മോഹിനിയാട്ടം’ എന്ന പേരുവന്നത്. കേരളത്തിന്‍െറ സ്വന്തം ശാസ്ത്രീയ നൃത്തമായി ഉയര്‍ന്നിരിക്കുന്ന മോഹിനിയാട്ടത്തിന് ചില നാടോടിനൃത്തങ്ങളോട് വിദൂരബന്ധമുണ്ട്.
കേരളീയ ക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്‍െറ തുടര്‍ച്ചയാണ് മോഹിനിയാട്ടം. ഈശ്വരാരാധനക്കുള്ള ഒരു മാര്‍ഗം എന്നനിലക്കാണ് ഇത് വളര്‍ന്നുവന്നത്.
ദേവദാസി നൃത്തത്തെ പരിഷ്കരിച്ച് മോഹിനിയാട്ടമെന്ന പേരില്‍ പുതുജീവന്‍ നല്‍കിയത് തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളാണ്. കൈമുദ്രകള്‍ ഉപയോഗിച്ചുള്ള അഭിനയമാണ് പ്രധാനം. മൃദംഗം, വയലിന്‍, പുല്ലാങ്കുഴല്‍, വീണ, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളാണ് ഇതിന്‍െറ പക്കമേളത്തില്‍ കാണുക. ചെറിയ ബ്ളൗസ്, സ്വര്‍ണക്കരയുള്ള സാരി, നാഗഫണ ധമ്മില്ലം എന്നിവയാണ് വേഷങ്ങള്‍. ഇന്ന് കേരള കലാമണ്ഡലത്തിലെ ഒരു പ്രധാന പാഠ്യവിഷയമാണ് മോഹിനിയാട്ടം.

മലയാളം: കഥകളി:കല്ല്യാണസൗഗന്ധികം കഥ; ഭീമസേനനും,...
മലയാളം: കഥകളി:കല്ല്യാണസൗഗന്ധികം കഥ; ഭീമസേനനും, ഹനുമാനും (Photo credit: Wikipedia)
കഥകളി(Kadhakali)
എ.ഡി 17ാം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയ ‘രാമനാട്ടം’ എന്ന കലാരൂപത്തിന്‍െറ പരിഷ്കൃതരൂപമാണ് കഥകളി. നൃത്തം, അഭിനയം, സംഗീതം മുതലായ സുന്ദരകലകള്‍ സമ്മേളിക്കുന്ന  കലാരൂപമാണ് കഥകളി. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ  പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍. ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍. അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്. കഥകളിയെ ഒരു സമ്പൂര്‍ണ നൃത്തകലയാക്കി വികസിപ്പിച്ചത് ഉത്തരകേരളത്തിലെ കോട്ടയത്തു തമ്പുരാന്‍ ആയിരുന്നു.

ഓട്ടന്‍തുള്ളല്‍
കേരളീയ ക്ളാസിക്-നാടന്‍ കലാപാരമ്പര്യങ്ങളെ കോര്‍ത്തിണക്കി എ.ഡി 18ാം നൂറ്റാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച തുള്ളല്‍ കലാരീതിയാണ് ഓട്ടന്‍തുള്ളല്‍. കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ച തുള്ളല്‍ കലയില്‍ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നുവിധത്തിലുള്ള തുള്ളല്‍രൂപങ്ങളുണ്ടെങ്കിലും ഓട്ടന്‍തുള്ളലിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ, തുള്ളലിന് ഓട്ടന്‍തുള്ളല്‍ എന്ന വിശേഷണം ഉപയോഗിച്ചുപോരുന്നു. ക്ഷേത്രകല എന്നനിലയില്‍ കേരളത്തില്‍ പൊതുവെ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുവരുന്നുണ്ട്. തലയില്‍ കൊണ്ട കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനുപുറമെ വിടര്‍ത്തിയ നാഗഫണത്തിന്‍െറ ആകൃതിയിലുള്ള കിരീടം ധരിച്ച്, മുഖത്ത് പച്ച മനയോല പൂശി, കണ്ണും പുരികവും വാല്‍നീട്ടിയെഴുതി, നെറ്റിയില്‍ പൊട്ടുംതൊട്ട്, ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്, കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്, അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടന്‍തുള്ളല്‍ക്കാരന്‍ രംഗത്തുവരുന്നത്. നമ്പ്യാര്‍ സമുദായത്തിന്‍െറ പാരമ്പര്യകല എന്ന നിലയിലാണ് ഓട്ടന്‍തുള്ളല്‍ വളര്‍ന്നുവന്നത്. ഇപ്പോള്‍ എല്ലാ സമുദായക്കാരും ഇത് അവതരിപ്പിക്കുന്നുണ്ട്. പൊതുവെ പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കാറ്. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് തുറന്ന രംഗവേദിയാണ് ഉപയോഗിക്കുക. വേദിയില്‍ മുന്‍ഭാഗത്തായി നിലവിളക്ക് കൊളുത്തിവെക്കും. തിരശ്ശീല ഉപയോഗിക്കാറില്ല. വാദ്യക്കാരും ഏറ്റുപാടുന്നവരും വേദിയുടെ ഒരു പാര്‍ശ്വഭാഗത്താണ് ഇരിക്കുക. ഓട്ടന്‍തുള്ളല്‍ അവതരണത്തിന്  മൂന്നുപേര്‍ മതി. തുള്ളല്‍ക്കാരനും രണ്ടു വാദ്യക്കാരും. തുള്ളല്‍ക്കാരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു. രംഗാധിഷ്ഠിത സംഗീതമാണ് തുള്ളല്‍പാട്ടുകള്‍ക്കുള്ളത്. ഭാഷാവൃത്തങ്ങളിലാണ് തുള്ളല്‍ കവിതകള്‍ രചിച്ചിട്ടുള്ളത്.  ഓട്ടന്‍തുള്ളലില്‍ തരംഗിണിവൃത്തമാണ് പ്രധാനം. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. പുരാണകഥകളെ സാധാരണ ജനങ്ങളിലെത്തിക്കാനും സാമൂഹിക വിമര്‍ശം നടത്താനും ഓട്ടന്‍തുള്ളല്‍ ലക്ഷ്യമിടുന്നു. സ്വമന്തകം, ഘോഷയാത്ര, നളചരിതം, രുഗ്മിണി സ്വയംവരം, ബകവധം, നിവാതകവചവധം, കിരാതം, രാമാനുചരിതം, കാര്‍ത്തവീര്യാര്‍ജുന വിജയം, ബാലി വിജയം, ശീലാവതി ചരിതം എന്നിയവാണ് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളലിനു വേണ്ടി രചിച്ച പ്രധാന കൃതികള്‍.

കോല്‍ക്കളി
കേരളത്തിലെ ജനപ്രിയമുള്ള ഒരു നാടന്‍കലയാണ് കോല്‍ക്കളി. ഉത്തരകേരളത്തിലാണ് കൂടുതല്‍ പ്രചാരം. കോല്‍ക്കളിക്ക് കമ്പടിക്കളി, കോലടിക്കളി എന്നും പേരുകളുണ്ട്. നല്ല മെയ്വഴക്കവും താളബോധവും ചുവടുചടുലതയും വേണം കോല്‍ക്കളിക്ക്. വന്ദനക്കളിയോടെയാണ് ഇതാരംഭിക്കുക. അരങ്ങില്‍ ഒരു പീഠവും കത്തിച്ച നിലവിളക്കും ഉണ്ടായിരിക്കും.
എണീറ്റുകളി, ഇരുന്നുകളി, ഒരുമണിമുത്ത്, ഒളവും പുറവും, ഒറ്റകൊട്ടിക്കളി, കൊടുത്തോപോണക്കളി, ചിന്ത്, ചാഞ്ഞുകളി, ചവിട്ടുചുറ്റല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, തടുത്തുകളി, താളക്കളി, തടുത്തുതെറ്റിക്കോ, പിണച്ചുകൊട്ടിക്കളി, രണ്ടുകൊട്ടിക്കളി, പുതിയ തെറ്റിക്കോല്‍, വട്ടക്കോല്‍, എന്നിങ്ങനെ കോല്‍ക്കളിക്ക് പല ഉള്‍പ്പിരിവുകളുമുണ്ട്. താളവും പാട്ടും മെയ്യും തക്കവിധം ഒത്തുചേര്‍ന്നു നടത്തുന്നതാണ് കോല്‍ക്കളി. കളിക്കാരെ അകം, പുറം എന്നിങ്ങനെ രണ്ടു ചേരിയായി തിരിക്കും. കോലുകള്‍ക്ക് ഏകദേശം ഒന്നരയടി നീളമുണ്ടായിരിക്കും. പിടിക്കുന്ന ഭാഗത്ത് അല്‍പം കനംകൂടിയതും ക്രമേണ കനം കുറഞ്ഞതുമാണ് കോലുകള്‍.
കോലുകളില്‍ ചെറിയ ചിലങ്കയോ, മണിയോ കോര്‍ത്തിരിക്കും. ഹൈന്ദവര്‍ക്കിടയിലെ കോല്‍ക്കളിക്ക് നേരിയ അനുഷ്ഠാനമുണ്ട്. മലബാറിലെ മാപ്പിളമാര്‍ (മുസ്ലിംകള്‍)ക്കിടയില്‍ പ്രചാരത്തിലുള്ള കോല്‍ക്കളി തികച്ചും വിനോദപ്രദമാണ്. കോലടിക്കളി, കമ്പടിക്കളി, കോലുകളി എന്നീ പേരുകളുമുണ്ട്. കളിക്ക് നേതൃത്വംകൊടുക്കുന്നത് ആശാനോ ഗുരുക്കളോ ആണ്. വയനാട്ടിലെ കുറുമര്‍, കുറിച്യര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും കോല്‍ക്കളിയുണ്ട്. കണ്ണൂരിലെ അറക്കല്‍ രാജാവിന്‍െറ സ്ഥാനാരോഹണ ചടങ്ങിന് മാറ്റു കൂട്ടാന്‍വേണ്ടി മാപ്പിളമാര്‍ രൂപംകൊടുത്തതാണ് മാപ്പിള കോല്‍ക്കളി എന്നാണ് ഐതിഹ്യം.

മാര്‍ഗംകളി
വിവാഹം, പള്ളിപ്പെരുന്നാള്‍ എന്നീ വിശേഷസന്ദര്‍ഭങ്ങളില്‍ സുറിയാനി ക്രൈസ്തവരുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് മാര്‍ഗംകളി. ക്രിസ്തുവെന്ന് സങ്കല്‍പിച്ച് നിലവിളക്ക് നടുവില്‍വെച്ച് അദ്ദേഹത്തിന്‍െറ ശിഷ്യന്മാരായ അപ്പോസ്തലന്മാരുടെ പ്രതിപുരുഷന്മാരായ പന്ത്രണ്ടുപേര്‍ വാളും പരിചയും പിടിച്ച്, തലയില്‍ മയില്‍പീലിയണിഞ്ഞ് ആ വിളക്കിനുചുറ്റും വട്ടത്തില്‍ ചുവടുവെച്ചും ചില ആംഗ്യങ്ങള്‍ കാട്ടിയും പാട്ടുപാടി കളിക്കുന്നതാണ് മാര്‍ഗംകളി. ഒടുവില്‍ മംഗളം പാടി സമാപിക്കുന്നു. മതഭക്തിക്കു മാത്രമല്ല, മാനസികമായ വിനോദത്തിനും ശാരീരികമായ ശക്തിക്കും പ്രയോജനപ്പെടുന്നു. ഈ പാട്ടിന്‍െറ രചയിതാവിനെയും രചിച്ച കാലത്തെയുംകുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.
മാര്‍ഗംകളി പുരുഷന്മാരുടെ സംഘനൃത്തമായിട്ടാണ് ആരംഭിച്ചത്. ഇന്ന് സ്ത്രീകളാണ് ഇത് അവതരിപ്പിച്ചുവരുന്നത്. അരങ്ങുസജ്ജീകരണങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ല. നിലവിളക്കിനുചുറ്റും വട്ടത്തില്‍ 12 പേര്‍ നില്‍ക്കും. ക്രിസ്ത്യാനി സ്ത്രീകളുടേതുപോലെയുള്ള ചട്ടയും മുണ്ടുമാണ് വേഷം.
മാര്‍ഗംകളി പാട്ടുകളില്‍ മാര്‍ത്തോമാ കഥക്കു പുറമെ നാട്ടുപച്ചമരുന്നുകളെക്കുറിച്ചും ഇറ്റലിക്കാരുടെ യുദ്ധത്തെക്കുറിച്ചുമുള്ള പാട്ടുകളാണ്. തിരുവിതാംകൂര്‍ രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതും കൂടാതെ താരാട്ടുപാട്ടും മാര്‍ഗംകളി പാട്ടില്‍ വരുന്നു. വാദ്യോപകരണങ്ങള്‍ ഇതില്‍ പതിവില്ല.

ചാക്യാര്‍കൂത്ത്
കേരളീയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ അരങ്ങേറിവരുന്ന കലാരൂപമാണ് ചാക്യാര്‍കൂത്ത്. പുരാണ കഥാകഥനമാണ് ഇത്. ഈശ്വരഭക്തി വളര്‍ത്തുകയും ജനതയെ സന്മാര്‍ഗചിത്തരാക്കുകയുമാണ് ചാക്യാര്‍കൂത്തിന്‍െറ ലക്ഷ്യം. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് കൂത്തിലെ ചാക്യാരുടെ ധര്‍മം. ഫലിത പരിഹാസത്തോടുകൂടി ചാക്യാര്‍ നടത്തുന്ന പുരാണ കഥാപ്രസംഗമാണ് ചാക്യാര്‍കൂത്ത്.  ഇതിന്‍െറ വേദി കൂത്തമ്പലങ്ങളാണ്. അരങ്ങിന്‍െറ മുന്‍ഭാഗത്ത് മധ്യത്തിലായി നിലവിളക്ക് കൊളുത്തിവെക്കുന്നു. അരങ്ങില്‍ പിന്‍ഭാഗത്ത് മധ്യത്തിലായി മിഴാവ് വെക്കുന്നു. നിയതമായ അവതരണക്രമം ചാക്യാര്‍കൂത്തിനുണ്ട്. മിഴാവൊച്ചപ്പെടുത്തല്‍, തോടയം, വിദൂഷക സ്തോഭം നടിക്കുക, ഈശ്വരപ്രാര്‍ഥന, കഥാബന്ധം വരുത്തുക, കഥാപ്രവേശം, കൂത്തുമുടിക്കുക എന്നിവയാണ് ആ ക്രമം. കഥാപാത്രത്തിന്‍െറ അഭിനയത്തോടൊപ്പം ഫലിത പരിഹാസത്തിനും പ്രാധാന്യമുണ്ട്. ചാക്യാര്‍കൂത്തിന്‍െറ ശ്ളോകംചൊല്ലുന്ന രീതിക്ക് സ്വരിക്കല്‍ എന്നാണ് പറയുക. ചാക്യാര്‍കൂത്തിലെ ഏകവാദ്യം മിഴാവാണ്.

കുമ്മാട്ടിക്കളി
പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു കലാപ്രകടനം. ഓണക്കാലത്തെ ഒരു വിനോദമായിട്ടാണ് തൃശൂര്‍ ജില്ലയില്‍ കുമ്മാട്ടിക്കളിയെ പരിഗണിക്കുന്നത്. പാലക്കാട് ജില്ലയില്‍ ദേവീ പ്രീണനാര്‍ഥം മകരം, കുംഭം മാസങ്ങളിലാണ് കുമ്മാട്ടിക്കളിയുടെ പുറപ്പാട്. കുമ്മാട്ടിക്കളിയെ ഒരു കാര്‍ഷികോത്സവമായി പരിഗണിക്കുന്നുണ്ട്. ‘തള്ള’ എന്ന കഥാപാത്രമാണ് കുമ്മാട്ടിയിലെ പ്രധാന വേഷം. പതിനഞ്ചു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ് കുമ്മാട്ടി കൊട്ടുന്നത്. കൊട്ടും പാട്ടുമായി മുതിര്‍ന്നവരും ഉണ്ടാകും. എന്നാല്‍, സ്ത്രീകള്‍ പങ്കെടുക്കാറില്ല. തള്ളക്കുമ്മാട്ടി, ശിവന്‍, കാട്ടാളന്‍, നാരദന്‍, കിരാത മൂര്‍ത്തി, ഹനുമാന്‍, ദാരികന്‍, ശ്രീകൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളാണ് കുമ്മാട്ടിയില്‍ ഉള്ളത്. എല്ലാം പൊയ്മുഖ വേഷങ്ങളാണ്. കമുകിന്‍ പാളകൊണ്ടോ കനംകുറഞ്ഞ മരപ്പലകകൊണ്ടോ ആണ് പൊയ്മുഖങ്ങള്‍ ഉണ്ടാക്കുക. കുമ്മാട്ടി എന്ന ഒരുതരം പുല്ല് ദേഹത്തുധരിച്ച് കളിക്കുന്നതുകൊണ്ടാണ് ഈ കളിക്ക് കുമ്മാട്ടിക്കളി എന്ന പേരുവന്നത്.

അറബനമുട്ട്
മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരനുഷ്ഠാനകല എന്നതിലുപരി, മത്സരവേദികളില്‍ മാറ്റുരക്കുന്ന കലകൂടിയാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്. ദഫിനേക്കാള്‍ കൂടുതല്‍ വ്യാസമുള്ളതും ചുറ്റിലും ചിലമ്പുകള്‍ ഘടിപ്പിച്ചതുമായ ചര്‍മവാദ്യമാണ് അറബന. വൃത്താകൃതിയില്‍ വളച്ചുണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്‍തോലാണ് ഉപയോഗിക്കുക.
അറബനമുട്ട്, അറവനക്കളി, റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നുണ്ട്. റാത്തീബ് മുട്ട്, കളിമുട്ട് എന്നിങ്ങനെ അറബനമുട്ടിന് രണ്ട് ശൈലികളുണ്ട്. റാത്തീബ്മുട്ട് അനുഷ്ഠാനപരമാണ്. കളിമുട്ട് വിനോദപരവും.  മുസ്ലിം പള്ളികളിലെ ഉറൂസ്, നേര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് റാത്തീബ് മുട്ട്. വീടുകളിലെ പുത്യാപ്ള കല്യാണത്തോടനുബന്ധിച്ചാണ് കളിമുട്ട്. ആറംഗ പുരുഷന്മാരാണ് അറബനമുട്ടിന് ഉണ്ടാവുക. വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ളത്തുണികൊണ്ടുള്ള സവിശേഷരീതിയിലെ തലേക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് അറബനമുട്ട്കളിക്കാരുടെ വേഷം. പാട്ടുകള്‍ അറബി ഭാഷയിലെ ബൈത്തുകളാണ്.

കണിയാര്‍ക്കളി
പാലക്കാട് ജില്ലയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു കാര്‍ഷിക-അനുഷ്ഠാന നൃത്തമാണ് കണിയാര്‍ക്കളി. ദേശക്കളി, മലമക്കളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
കണ്ണകീദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണ് കണിയാര്‍ക്കളി. നായര്‍ സമുദായക്കാരാണ് മുഖ്യമായും ഈ അനുഷ്ഠാനനൃത്തം നടത്താറ്. മന്നാടിയാന്‍, എഴുത്താശാന്‍, തരകന്‍, കമ്മാളന്‍, മുത്താന്‍ എന്നീ സമുദായക്കാരും ഇത് അവതരിപ്പിച്ചുവരുന്നുണ്ട്. കണിയാര്‍ക്കളിയില്‍ സ്ത്രീവേഷമുണ്ടെങ്കിലും പുരുഷന്മാര്‍തന്നെയാണ് അത് നടത്താറ്. കാര്‍ഷികോത്സവത്തിന് തുടക്കംകുറിക്കുന്നതാണ് കണിയാര്‍ക്കളിയെന്ന് ഒരഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഭഗവതി ക്ഷേത്രത്തിന്‍െറ മുന്നിലാണ് പൊതുവെ അവതരിപ്പിച്ചുവരുന്നത്. അപൂര്‍വമായി വേട്ടേയ്ക്കര ക്ഷേത്രത്തിലും അവതരിപ്പിക്കാറുണ്ട്. കണിയാര്‍ക്കളിക്ക് രണ്ട് ഭാഗങ്ങളുണ്ട്. അനുഷ്ഠാനാംശമായ വട്ടക്കളിയും വിനോദാംശമായ പുറാട്ടുകളും. ആദ്യകാലങ്ങളില്‍ വട്ടക്കളിമാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുഷ്ഠാനത്തിന്‍െറ  ഭാഗമായി നടത്തുമ്പോള്‍ അവതരണത്തിന് നാലുദിവസം വേണം. ഇറവക്കളി, ആണ്ടിക്കൂത്ത്, വള്ളോന്‍, മലമക്കളി എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും അവതരണത്തിന്‍െറ പേരുകള്‍. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. കരക്കും കരക്കാര്‍ക്കും ഐശ്വര്യങ്ങള്‍ പ്രദാനംചെയ്യുന്നതിനുവേണ്ടി ഭഗവതിക്കുമുന്നില്‍ നടത്തുന്ന കലാപ്രകടനംകൂടിയാണ് കണിയാര്‍ക്കളി.

തുമ്പിതുള്ളല്‍
ഓണാഘോഷം, ആതിരാഘോഷം എന്നീ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ ഏര്‍പെടുന്ന വിനോദമാണ് തുമ്പിതുള്ളല്‍. സ്ത്രീകളും തുമ്പിതുള്ളാറുണ്ട്. വീടിന്‍െറ അകത്തളമോ അങ്കണമോ ആണ് തുമ്പിതുള്ളലിന്‍െറ വേദി. തുമ്പിച്ചെടികളോ, മരത്തുപ്പോ, തെങ്ങിന്‍പൂക്കുലയോ കൈയിലെടുത്ത് ഒരുവള്‍ നടുവിലിരിക്കും. മറ്റുള്ളവര്‍ മരത്തുപ്പെടുത്ത് പാട്ടുപാടിക്കൊണ്ട് അവളെ അടിക്കും. പാട്ടിന്‍െറ താളം മുറുകുമ്പോള്‍ നടുവിലിരിക്കുന്നവള്‍ തുമ്പിയിളകുന്നതുപോലെ തുള്ളിത്തുടങ്ങും. തുള്ളലിന്‍െറ ആവേശത്തില്‍പ്പെട്ട് ചിലപ്പോള്‍ ബോധക്ഷയമുണ്ടാകും. അപ്പോള്‍ മുഖത്ത് പച്ചവെള്ളം തളിച്ച് ഉണര്‍ത്തുകയാണ് പതിവ്. തുമ്പിതുള്ളല്‍ പാട്ടുകള്‍ക്ക് പ്രാദേശികഭേദങ്ങള്‍ ഉണ്ട്. തുമ്പിയുണര്‍ത്താനും തുമ്പിയടിക്കാനും പ്രത്യേക തുമ്പിപ്പാട്ടുകളുണ്ട്.
‘‘എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തു
പൂവു പോരാഞ്ഞോ-പൂക്കിലപോരാഞ്ഞോ
ആളുപോരാഞ്ഞോ-അലങ്കാരം പോരാഞ്ഞോ’’ എന്നൊക്കെയാണ് തുമ്പിപ്പാട്ട്.
തുമ്പിതുള്ളലിന് പത്തോ പതിനഞ്ചോ പേര്‍ ഉണ്ടാകും. വാദ്യോപകരണങ്ങള്‍ ഇല്ല. ചുറ്റും കൂടിനില്‍ക്കുന്ന സ്ത്രീകളും കുട്ടികളും നടുക്കിരുത്തുന്ന സ്ത്രീയെ (തുമ്പി) ആര്‍പ്പുവിളികളോടെ തുള്ളിക്കുന്നു. പാട്ടിന്‍െറ താളം മുറുകുന്നതിനനുസരിച്ച് നടുവിലിരിക്കുന്ന തുമ്പി ഉറഞ്ഞുതുള്ളുകയും മറ്റുള്ളവരുടെ പിന്നാലെ ഓടുകയും ചെയ്യുന്നു. അല്‍പനേരം ഓടിക്കളിച്ചതിനുശേഷം തുമ്പിയെ പാട്ടുപാടിത്തന്നെ അടക്കും.

തെറിപ്പാട്ട്
കൊടുങ്ങല്ലൂര്‍ ഭരണി, ചേര്‍ത്തല പൂരം തുടങ്ങിയ വേലകളോടനുബന്ധിച്ച് ഒരനുഷ്ഠാനമെന്നോണം നടന്നുവരുന്ന ചടങ്ങാണ് തെറിപ്പാട്ട്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്തന്മാര്‍ പാട്ടുകള്‍ പാടി ഭരണിക്ക് എത്തിച്ചേരും. ഒരു മാസത്തെ വ്രതമെടുത്താണ് ഭക്തര്‍ ഭരണിയില്‍ പങ്കെടുക്കുക. കുംഭഭരണിക്ക് തുടങ്ങുന്ന വ്രതം മീനഭരണിക്ക് അവസാനിക്കും. ഭഗവതിയെ പ്രീതിപ്പെടുത്താനാണത്രെ തെറിപ്പാട്ട് പാടുന്നത്.
ചേര്‍ത്തല പൂരത്തിന്‍െറ ചടങ്ങുകള്‍ ആരംഭിക്കുന്നത് തെറിപ്പാട്ടുകളോടുകൂടിയാണ്. ആയില്യം നാളില്‍ അത് ആരംഭിക്കും. മകം, പൂരം എന്നീ നാളുകളിലും തെറിപ്പാട്ടുകള്‍ ഉണ്ടാകും. തെറിപ്പാട്ടുകള്‍ പാടുന്നതിന് പ്രത്യേക പരിധികളുണ്ട്. ക്ഷേത്രത്തിന്‍െറയോ കാവിന്‍െറയോ ചുറ്റുപാടുകളിലല്ലാതെ മറ്റു സ്ഥലങ്ങളില്‍ അത് പാടാറുണ്ടായിരുന്നില്ല. തെറിപ്പാട്ടുകള്‍ അശ്ളീലവും ആഭാസം കലര്‍ന്നതുമാണ്. അനുഷ്ഠാനം എന്നനിലക്കാണ് ഭക്തര്‍ അത് പാടി നിര്‍വൃതിയടയുന്നത്. സാമൂഹിക വിമര്‍ശ സ്വഭാവത്തോടുകൂടിയവയാണ് തെറിപ്പാട്ടുകള്‍. ലോകോക്തി നിറഞ്ഞ തെറിപ്പാട്ടുകളില്‍ വേദാന്തചിന്തകള്‍പോലും പ്രതിഫലിക്കുന്നുണ്ട്.

ചിമ്മാനക്കളി
ഉത്തരകേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഒരു വിനോദകലയാണ് ചിമ്മാനക്കളി. ‘കന്നല്‍ കളമ്പാട്ട്’ എന്ന ഗര്‍ഭബലി കര്‍മത്തോടനുബന്ധിച്ച് വീടുകളിലാണ് ചിമ്മാനക്കളി അവതരിപ്പിക്കുന്നത്. ചിമ്മാനം എന്ന പദത്തിന് നേരമ്പോക്ക്, സല്ലാപം എന്നീ അര്‍ഥങ്ങളാണുള്ളത്. പുലയവിഭാഗക്കാരാണ് ചിമ്മാനക്കളി നടത്തുന്നത്. ചിമ്മാനക്കളിയില്‍ പാട്ടിനൊപ്പം വിവിധ പൊറാട്ടുവേഷങ്ങളും കടന്നുവരുന്നു. മാവിലന്‍, മാവിലത്തി, ചോതിയാര്‍, മാപ്പിള എന്നിവയാണ് ഇതിലെ പ്രധാന വേഷങ്ങള്‍. തുടിയാണ് വാദ്യോപകരണം.

തീയാട്ട്
കാവുകളില്‍ ദേവപ്രീതിക്കായി നടത്തുന്ന ഒരനുഷ്ഠാനമാണ് തീയാട്ട്. രണ്ടുതരം തീയാട്ടുണ്ട്-ഭഗവതി തീയാട്ടും അയ്യപ്പന്‍ തീയാട്ടും. ദൈവമായിട്ട് ആടുന്നതാണ് തീയാട്ട്. കളമെഴുത്ത്, കഥാഭിനയം, കളപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍ എന്നിവ തീയാട്ടിന്‍െറ മുഖ്യചടങ്ങുകളാണ്.

പറയെടുപ്പ്
ഭഗവതിക്കാവുകളിലും മറ്റും നടത്തുന്ന വഴിപാടാണ് പറയെടുപ്പ്. സമ്പന്ന കുടുംബങ്ങളില്‍നിന്ന് ആണ്ടുതോറും ക്ഷേത്രത്തിലേക്ക് നെല്ലും അരിയും സംഭാവന ചെയ്യുന്ന ചടങ്ങാണ് പറയെടുപ്പ്. കാവുകളില്‍നിന്ന് വെളിച്ചപ്പാടും പാനക്കാരും വാദ്യഘോഷത്തോടുകൂടി നിശ്ചിത ഗൃഹങ്ങളില്‍ ചെന്ന് നിറപറ സ്വീകരിക്കും.

മുടിയേറ്റ്
ഭദ്രകാളി ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന അനുഷ്ഠാനപരമായ കലാരൂപമാണ് മുടിയേറ്റ്. മുടിപ്പേച്ച്, കാളി-ദാരികകഥ എന്നീ പേരുകളും മുടിയേറ്റിനുണ്ട്. മുടിയേറ്റിന്‍െറ ദൃശ്യാവിഷ്കാരമാണ് കളമെഴുത്ത്. മുടിയേറ്റിന് അനുഷ്ഠാനാംശവും അഭിനയാംശവുമുണ്ട്. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നീ അഭിനയരീതികള്‍ ഏറ്റക്കുറച്ചിലുകളോടെ മുടിയേറ്റില്‍ കാണാം.
കാളി-ദാരിക കഥയാണ് മുടിയേറ്റിന്‍െറ ഇതിവൃത്തം. ഇതിവൃത്തത്തെ 12 രംഗങ്ങളാക്കിയാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ശിവ-നാരദ സംവാദം, ദാരികന്‍െറ പുറപ്പാടും തിരനോട്ടവും, കാളിയുടെ രംഗപ്രവേശം, കാളിയുടെ തിരനോട്ടം, കോയിമ്പടാരുടെ രംഗപ്രവേശം, കാളി-ദാരിക പോരിനുവിളി, ദാനവേന്ദ്രന്‍െറ തിരനോട്ടവും ആട്ടവും, കൂളിയുടെ രംഗപ്രവേശം, കാളി-ദാരിക യുദ്ധം, കാളി-ദാരിക വാക്തര്‍ക്കം, ദാരികവധം, കാളിയുടെ അനുഗ്രഹം എന്നിങ്ങനെയാണ് രംഗവിഭജനം. മുടിയേറ്റിലെ പാട്ടുകള്‍  ആലപിക്കുന്നത് സോപാന സംഗീത ശൈലിയിലാണ്. ചെണ്ട, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ് എന്നിവയാണ് മുടിയേറ്റിലെ വാദ്യങ്ങള്‍.

കാക്കാരിശ്ശി നാടകം
കേരളത്തിലെ പ്രാചീന നാടകകലാരൂപമാണ് കാക്കാരിശ്ശി. ഇതിന് കാക്കാരുകളി, കാക്കാല നാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം തുടങ്ങിയ പല പേരുകളുമുണ്ട്. ക്ഷേത്രോത്സവങ്ങളിലെ വിനോദപരിപാടിയായിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. കാക്കാലവേഷം കെട്ടിയവതരിപ്പിക്കുന്ന നാടകമാണ് കാക്കാരിശ്ശി നാടകം. കാക്കാലന്‍ എന്നത് കേരളത്തിലെ ഒരു താഴ്ന്ന വിഭാഗമാണ്. കാക്കാരിശ്ശി നാടകം പുരുഷന്മാര്‍ അവതരിപ്പിച്ചിരുന്ന കലയായിരുന്നു. സ്ത്രീവേഷം കെട്ടിയിരുന്നതും പുരുഷന്മാര്‍തന്നെയായിരുന്നു. ഇപ്പോള്‍ സ്ത്രീകളും വേഷംകെട്ടി അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നു. മകരം, കുഭം, മീനം മാസങ്ങളിലാണ് കാക്കാരിശ്ശി നാടകം അവതരിപ്പിച്ചുവരുന്നത്. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവചേര്‍ന്ന വിനോദനാടകമാണ് കാക്കാരിശ്ശി നാടകം. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാര്‍മോണിയം എന്നിവയാണ് വാദ്യോപകരണങ്ങള്‍.
കടപ്പാട്  :- മാധ്യമം ദിനപത്രം 
Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "കേരളത്തിലെ നടനകലകള്‍ "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top