പൊലീസ് - 1

Share it:


പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും പേടിതോന്നുന്നുണ്ടോ? നാം നിത്യേന കണ്ടുമുട്ടുന്ന പൊലീസിന്‍െറ ഘടനയെയും ചരിത്രത്തെയും പറ്റിയുള്ള വിവരങ്ങളാണ് ഇവിടെ. വിവിധ പരിഷ്കരണങ്ങളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് പൊലീസ് ഇന്നത്തെ രീതിയില്‍ എത്തിയത്.
ജനാധിപത്യത്തിന്‍െറ അടിസ്ഥാന ശിലകളായ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയിലെ ഭരണ നിര്‍വഹണത്തിന്‍െറ ഭാഗമാണ് പൊലീസ്. ലോകത്ത് എല്ലായിടത്തും പൊലീസ് സംവിധാനമുണ്ട്.  രാജ്യ സുരക്ഷക്കും അതിര്‍ത്തി പാലനത്തിനും സാധാരണഗതിയില്‍ സൈന്യത്തെ നിലനിര്‍ത്തുമ്പോള്‍ ആഭ്യന്തര സുരക്ഷക്കാണ് പൊലീസിനെ ഉപയോഗിക്കുന്നത്. പൊലീസില്‍ വിവിധ വിഭാഗങ്ങളുണ്ട്.
കേരള പൊലീസ്: മൃദുഭാവെ-ദൃഢകൃത്യേ (Soft in temperament, firm in action) എന്ന സംസ്കൃതത്തിലുള്ള വാചകമാണ് കേരള പൊലീസിന്‍െറ മുദ്രാവാക്യം. എല്ലാവരോടും മൃദുവായ സമീപനത്തോടൊപ്പം കര്‍ത്തവ്യ നിര്‍വഹണത്തിലെ കാര്യക്ഷമത ഈ മുദ്രാവാക്യത്തിലൂടെ വെളിവാകുന്നു. കേരള പൊലീസിന്‍െറ ആസ്ഥാനം തിരുവനന്തപുരത്താണ്.
ചരിത്രം
ചേരകാലഘട്ടത്തിലാണ് കേരളത്തില്‍ ആദ്യമായി പൊലീസ് സംവിധാനം നിലവില്‍ വന്നതെന്ന് കരുതുന്നു. സംഘകൃതികളില്‍ നിയമസംവിധാന പാലനത്തെ പറ്റിയും പൊലീസ് എന്ന രാജദാസന്മാരെ പറ്റിയും പരാമര്‍ശമുണ്ട്. സാധാരണ ഭടന്മാര്‍ക്ക് പുറമെ ഒരുതരം സുരക്ഷാ വിഭാഗത്തെ പറ്റിയുള്ള പരാമര്‍ശങ്ങളില്‍നിന്ന് പൊലീസിന്‍െറ ആദ്യകാല രൂപമാണിതെന്ന് അനുമാനിക്കപ്പെടുന്നു.
പിന്നീട് സമൂഹത്തില്‍ നാട്ടുരാജാക്കന്മാരും ഫ്യൂഡല്‍ പ്രഭുക്കന്മാരും ഉയര്‍ന്നുവന്നു. ഇവര്‍ തങ്ങളുടെ സുരക്ഷക്കും അധികാര ലബ്ധി ഉറപ്പിക്കുന്നതിനുമായി വടക്കേ മലബാറില്‍ ‘വേല്‍ക്കര്‍’, മധ്യ കേരളത്തില്‍ ‘കവില്‍ക്കര്‍’, തെക്ക് ‘മാടമ്പിമാര്‍’ എന്നിങ്ങനെ വിവിധ പേരുകളില്‍ സുരക്ഷാ വിഭാഗത്തെ നിലനിര്‍ത്തിയിരുന്നു. ഇവരുടെ അധികാര പരിധി ഏറെ ബൃഹത്തായിരുന്നു. നിയതമായ ഒരു ചട്ടക്കൂടിന്‍െറ അഭാവത്തില്‍ ഈ വിഭാഗം അധികാര ദുര്‍വിനിയോഗം നടത്തിയിരുന്നതായി കാണപ്പെടുന്നു.
1835ല്‍ ആധുനിക പൊലീസ് സംവിധാനം നിലവില്‍വന്നു. സ്വാതിതിരുനാള്‍ രാമവര്‍മ നിലവിലെ നാട്ടുവാഴിത്ത സമ്പ്രദായം അവസാനിപ്പിച്ചു. നീതിന്യായ കോടതികള്‍ക്ക് അധികാരം നല്‍കി. തിരുവിതാംകൂറില്‍ റോയല്‍ നായര്‍ ബ്രിഗേഡ്  (Travancore Army), സുദര്‍ശന സേന എന്നീ പേരുകളിലായിരുന്നു തുടക്കത്തില്‍ പൊലീസ് സേന അറിയപ്പെട്ടത്. 1881 വരെ മജിസ്ട്രേറ്റുമായി ബന്ധപ്പെട്ട ജോലികളായിരുന്നു പൊലീസ് ചെയ്തുവന്നിരുന്നത്. വ്യവഹാരവുമായി ബന്ധപ്പെട്ട സാക്ഷികളെയും പ്രതികളെയും കോടതികളില്‍ ഹാജരാക്കാനും ജഡ്ജിമാരുടെ സുരക്ഷക്കും അവര്‍ വിനിയോഗിക്കപ്പെട്ടു.
1861ലാണ് ഇന്ത്യന്‍ പൊലീസ് ആക്ട് ബ്രിട്ടീഷ് ഇന്ത്യയില്‍ നടപ്പാക്കുന്നത്. പൊലീസിന്‍െറ അധികാരത്തെയും നിയമങ്ങളെയും വേതനവ്യവസ്ഥകളെയും പറ്റി ഈ ആക്ട് പ്രതിപാദിക്കുന്നു.
1881ല്‍ രാമ അയ്യങ്കാര്‍ തിരുവിതാംകൂറിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ പ്രധാന നിര്‍ദേശങ്ങളില്‍ പെട്ടവയായിരുന്നു പൊലീസ് സൂപ്രണ്ട് നിയമനം, നിയമന മാനദണ്ഡം, വേതന വ്യവസ്ഥകള്‍, വകുപ്പുമാറ്റം തുടങ്ങിയവ. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അതേ വര്‍ഷം മദ്രാസ് പൊലീസ് ആക്ട് പാസാക്കുന്നത്. ആധുനിക പൊലീസ് സംവിധാനം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത് 1881 മുതലാണ്.
ഒ.എം. ബെന്‍സ്ലി ആണ് ആധുനിക കേരള പൊലീസിന്‍െറ പിതാവായി ഗണിക്കപ്പെടുന്നത്. തിരുവിതാംകൂറിലെ ആദ്യ പൊലീസ് സൂപ്രണ്ടായി ഇദ്ദേഹം നിയമിക്കപ്പെട്ടു. പൊലീസില്‍ സമൂല മാറ്റങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കും നാന്ദികുറിക്കുക വഴി സേനയെ അടിമുടി പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന നടപടികളാണ് ഇദ്ദേഹം സ്വീകരിച്ചത്.
1882ലാണ് പൊലീസ് സംവിധാനത്തിന്‍െറ പുന$സംഘാടനം നിലവില്‍ വരുന്നത്.
ഒരു സൂപ്രണ്ട്, രണ്ട് അസിസ്റ്റന്‍റ് സൂപ്രണ്ട്, 42 ഇന്‍സ്പെക്ടര്‍മാര്‍, എട്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, 160 ഹെഡ് കോണ്‍സ്റ്റബ്ള്‍മാര്‍ 1890 കോണ്‍സ്റ്റബ്ള്‍മാര്‍ എന്നിങ്ങനെയായിരുന്നു അംഗബലം.
1939ല്‍ പൊലീസിനെ ജനറല്‍ എക്സിക്യൂട്ടിവ് വിങ്, ക്രിമിനല്‍ ഇന്‍റലിജന്‍സ് വിങ്, ട്രാഫിക് വിങ് എന്നിങ്ങനെ വിഭജിച്ചു. സ്വാതന്ത്ര്യസമര കാലത്ത് പൗരന്മാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഭരണകൂടം പൊലീസിനെ വ്യാപകമായി ഉപയോഗിച്ചു. ബ്രിട്ടീഷ്-ഇന്ത്യന്‍ പട്ടാളത്തേക്കാള്‍ കൂടുതല്‍ പ്രാദേശിക ജനങ്ങളില്‍നിന്നുള്ള പൊലീസ് സംവിധാനത്തെയാണ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും ജനങ്ങളുടെ സമര നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനും ഭരണകൂടം കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ആദ്യകാലത്ത് പൊലീസ് അറിയപ്പെട്ടിരുന്നത് ‘കാവല്‍’ എന്ന പേരിലായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍ (SI)
സാധാരണ ഗതിയില്‍ പൊലീസ് സ്റ്റേഷന്‍െറ ചുമതല സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും സ്റ്റേഷന്‍െറ വിസ്തൃതിക്കും കേസുകളുടെ ബാഹുല്യത്തിനും അനുസരിച്ച് ആവശ്യമെങ്കില്‍ അഡീഷനല്‍ ഇന്‍സ്പെക്ടറെ കൂടി നിയമിക്കും. സ്റ്റേഷന്‍െറ പരിധിയില്‍ വരുന്ന കേസുകളുടെ ചുമതലയും എസ്.ഐക്കായിരിക്കും. കേസിന്‍െറ സ്വഭാവമനുസരിച്ച് ചില കേസുകളുടെ അന്വേഷണ ചുമതല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായിരിക്കും. നേരിട്ടുള്ള എസ്.ഐ നിയമനത്തിന് ബിരുദമാണ് യോഗ്യത.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (CI)
രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (സി.ഐ). തന്‍െറ സര്‍ക്കിളിന്‍െറ താഴെവരുന്ന സ്റ്റേഷനുകളിലെ കേസിന്‍െറ അന്വേഷണവും പുരോഗതിയും വിലയിരുത്തുന്നത് സി.ഐ ആണ്. തന്‍െറ കീഴിലെ കേസുകളന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതും ഉദ്യോഗസ്ഥരുടെ ജോലിസംബന്ധിയായ കാര്യങ്ങളും സി.ഐ അന്വേഷിക്കുന്നു. സി.ഐയുടെ കീഴില്‍ ‘സ്പെഷല്‍ സ്ക്വാഡ്’ എന്ന പേരില്‍ 15 അംഗങ്ങള്‍വരെയുള്ള സംഘം രൂപവത്കരിക്കാറുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (Dy.S.P)
ഒന്നിലധികം സര്‍ക്കിളുകള്‍ ചേര്‍ന്ന അധികാര പരിധിയാണ് ഡിവൈ.എസ്.പിക്ക്. താഴെയുള്ള ഉദ്യോഗസ്ഥരുടെ ജോലിസംബന്ധമായ വീഴ്ചകള്‍ അന്വേഷിക്കുന്നതും ജോലിക്കയറ്റത്തിന് മുകളിലേക്ക് റിപ്പോര്‍ട്ട് അയക്കുന്നതും ഡിവൈ.എസ്.പിമാരാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മറ്റ് കേസുകള്‍ക്കു വേണ്ടിയും ഡിവൈ.എസ്.പിമാര്‍ നിയോഗിക്കപ്പെടാറുണ്ട്.
സ്പെഷല്‍ ബ്രാഞ്ച്  (Special Branch)
സംസ്ഥാന ക്രമസമാധാനപാലനത്തിന്‍െറ ഭാഗമായുള്ള പൊലീസ് വിഭാഗമാണ് സ്പെഷല്‍ ബ്രാഞ്ച്. സംസ്ഥാന ആഭ്യന്തര വിഭാഗത്തിന്‍െറ കീഴില്‍തന്നെയാണ് സ്പെഷല്‍ ബ്രാഞ്ചും. സ്പെഷല്‍ ബ്രാഞ്ചില്‍നിന്ന് ജനറല്‍ എക്സിക്യൂട്ടിവ് വിങ്ങിലേക്കും തിരിച്ചും ഉദ്യോഗസ്ഥര്‍ മാറിമാറി ജോലിചെയ്യാറുണ്ട്. തീവ്രവാദവും ദേശവിരുദ്ധ പ്രവര്‍ത്തനവും, സര്‍ക്കാര്‍ ഏല്‍പിക്കുന്ന മറ്റ് കേസുകളുമാണ് സ്പെഷല്‍ ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസുകളില്‍ മതിയായ രീതിയില്‍ അന്വേഷണം നടക്കുന്നില്ലെങ്കിലോ മറ്റു കാരണങ്ങളാലോ സ്പെഷല്‍ ബ്രാഞ്ചിനെ ഏല്‍പിക്കാറുണ്ട്.
സംസ്ഥാന പൊലീസിലെ
മറ്റുവിഭാഗങ്ങള്‍

സാധാരണ നാം കാണുന്ന ലോക്കല്‍ പൊലീസിനു പുറമെ ഇന്‍റലിജന്‍സ് വിങ്, ഹോം ലാന്‍ഡ് സെക്യൂരിറ്റി ഗാര്‍ഡ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ് മുതലായവയും ക്രമസമാധാന പാലനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നു. ശാസ്ത്രീയമായി കേസുകളെ സമീപിക്കാനും ശാസ്ത്രീയ പഠനത്തിലൂടെ തെളിവുകള്‍ ശേഖരിക്കാനും നിരവധി സ്ഥാപനങ്ങളും കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ സെല്‍, ഫോറന്‍സിക് സയന്‍സ് ലാബ്, ക്രിമിനല്‍ ഇന്‍റലിജന്‍സ് ബ്യൂറോ, ഫിങ്കര്‍ പ്രിന്‍റ് ബ്യൂറോ, ഫോട്ടോഗ്രഫി ബ്യൂറോ തുടങ്ങിയവ ശാസ്ത്രീയമായ കേസന്വേഷണത്തിന് പൊലീസിനെ സഹായിക്കുന്നു. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ കേരള പൊലീസിന് സംസ്ഥാന സര്‍ക്കാര്‍ പരിശീലനം നല്‍കിവരുന്നു.
നിയമസഭയിലെ അംഗങ്ങളെ നിയന്ത്രിക്കാന്‍ 130 വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാഫ് ഉണ്ട്. സ്പീക്കറുടെ സംരക്ഷണം, നിയമസഭയിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. ഇവരും പൊലീസിന്‍െറ ഭാഗമാണ്.
ഹൈവേ പൊലീസ്
ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ടാണ് ഹൈവേ പൊലീസ് പ്രവര്‍ത്തിക്കുന്നത്. അപകടം, വേഗത, കള്ളക്കടത്ത്, മോഷണംപോയ വാഹനങ്ങള്‍ കണ്ടെത്തുക തുടങ്ങിയവയിലാണ് ഹൈവേ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹൈവേകളില്‍ ഒറ്റപ്പെട്ടുപോയാലും വാഹനം തകരാറിലായാലും മറ്റ് സഹായങ്ങള്‍ക്കും ഹൈവേ പൊലീസിന്‍െറ സഹായം തേടാം.
കോസ്റ്റല്‍ പൊലീസ്
തീരദേശ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടതാണ് കോസ്റ്റല്‍ പൊലീസ് അഥവാ തീരദേശ പൊലീസ്. അഞ്ച് നോട്ടിക്കല്‍ മൈല്‍ അഥവാ 9.3 കി.മീ വരെയാണ് അധികാര പരിധി. വിഴിഞ്ഞം, നീണ്ടകര, തോട്ടമ്പള്ളി, ഫോര്‍ട്ട് കൊച്ചി, അഴിക്കോട്-തൃശൂര്‍, ബേപ്പൂര്‍, അഴീക്കല്‍-കണ്ണൂര്‍, തളാങ്കര-കാസര്‍കോട് എന്നിവിടങ്ങളില്‍ തീരദേശ സ്റ്റേഷനുകളുണ്ട്.
വനിതാ ഹെല്‍പ് ലൈന്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കും കൈയേറ്റത്തിനും പരാതിപ്പെടാന്‍ വേണ്ടിയാണ് വനിതാ ഹെല്‍പ് ലൈന്‍ വിഭാഗം. വനിതാ പൊലീസുകാരാണ് പരാതിക്കാരില്‍നിന്ന് മൊഴിയെടുക്കുന്നതും മറ്റു നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ ഹെല്‍പ് ലൈന്‍ സംവിധാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

തുടരും.....

Subscribe to കിളിചെപ്പ് by Email
Share it:

പൊലീസ്

Post A Comment:

0 comments: