വിളവെടുക്കാം വെള്ളവും - 1

Share it:
കർണാടകത്തിലെ ഹുബ്ബളളി ഗ്രാമത്തിലാണ് സംഭവം. ആനന്തപ്പ എന്നയാളുടെ മകന്റെ കല്യാണമാണ്. പക്ഷേ, സാധാരണ കല്യാണം പോലെയായിരുന്നില്ല അത്.മുഴവെള്ളം സംഭരിക്കാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അച്ചടിച്ചിരുന്ന കല്ലാണക്കുറിയാണ് വിതരണം ചെയ്തത്. വധൂവരന്മാർ മാലയിടുന്നതിന് മുൻപ് അതിഥികൾക്കായി മഴവെള്ള സംഭരണത്തെക്കുറിച്ച് ഒരു ക്ലാസും നടന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആനന്തപ്പ ഇത് ചെയ്തത്. അദ്ദേഹം കൃഷിക്കായി കുറെ കുഴൽക്കിണർ കുഴിച്ചു. വെള്ളം കിട്ടിയില്ലെന്നു മാത്രം. ഒടുവിൽ മഴവെള്ളം സംഭരിക്കാൻ തീരുമാനിച്ചു.അതോടെ പ്രശ്നമൊക്കെ തീർന്നു. കൃഷി നൂറുമേനി.
മഴവെള്ളസംഭരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു നമ്മുടെ പൂർവികർ. മഴവെള്ളത്തെ മണ്ണിലടച്ച് പിന്നീട് ഉപയോഗിക്കാൻ പല മാർഗങ്ങളും അവർ കണ്ടെത്തിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
കുറുമരുടെ പനം കേണി
വയനാട്ടിലെ ആദിവാസികളിൽ പ്രമുഖരാണ് 'കുറുമർ'. നൂൽപ്പുഴ, കിടങ്ങാട്, തിരുനെല്ലി, പനമരം, മാനന്തവാടി, മുട്ടിൽ തുടങ്ങിയ പഞ്ചായത്തുകളിലാണ് കുറുമ വിഭാഗത്തിൽ പെട്ടവർ കൂടുതലായും കാണപ്പെടുന്നത്. ഇവർ കൂട്ടമായി കഴിയുന്ന ഊരുകളിൽ 'പനംകേണി' എന്ന പ്രത്യേകതരം കിണറുകൾ ഉണ്ട്. ചൂണ്ടപ്പന (ഉലട്ടിപ്പന)യുടെ ചുവടു ഭാഗത്തെ തടി വീപ്പ പോലെ വട്ടത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ അഴുക്കി ഉൾഭാഗം ദ്രവിപ്പിക്കും. ശേഷിക്കുന്ന കട്ടിയുള്ള പുറംതോട് മഴവെള്ളം മണ്ണിലിറങ്ങുന്നതിലൂടെ പരമാവധി ഉറവ ഉണ്ടാകുന്ന സ്ഥലത്ത് താഴ്ത്തുന്നു. നാലടിയോളം ആഴവും വീതിയും മാത്രമാണ് ഈ കിണറുകൾക്കുണ്ടാവുക. വളരെ ശുദ്ധവും സുതാര്യവുമാണ് കേണിയിലെ വെള്ളം.കുറുമ വംശജർ പാദരക്ഷകൾ അണിഞ്ഞ് കേണികൾക്കു സമീപം പോകാറില്ല. അത്രയ്ക്ക് വൃത്തിയായാണ് പരിസരം സൂക്ഷിക്കുന്നത്. പാചകത്തിനു മാത്രമേ കേണിയിലെ വെള്ളം ഉപയോഗിക്കൂ. കുളിക്കാനും നനയ്ക്കാനുമൊന്നും ഉപയോഗിക്കാറില്ല. വിശേഷാവസരങ്ങളിൽ കേണിയിലെ വെള്ളത്തിലേ പായസവും മററും വയ്ക്കാറുള്ളൂ. കടുത്ത വേനലിലും ശുദ്ധജലം തരുന്ന ഈ കേണികൾ ആരുടെയും സ്വന്തമല്ല. ഊരിന്റെ യാകെ സമ്പത്താണ്.
തുടരും..
Share it:

മഴവെള്ള സംഭരണം

Post A Comment:

1 comments:

  1. കൊള്ളാം. നല്ല പോസ്റ്റ്

    ReplyDelete