ബാലനീതി നിയമം മാറുമ്പോള്‍

പുതിയ ബാലനീതി ബില്‍ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ലോക്സഭ നേരത്തെ തന്നെ പാസാക്കിയ നിയമം പ്രാബല്യത്തിലാകും. കുറ്റങ്ങളുടെ തീവ്രതയ്ക്കനുസരിച്ച് കുട്ടികളെ വേര്‍തിരിച്ച് ശിക്ഷ വിധിക്കുന്നതാണ് പുതിയ നിയമം.
 നിഷ്ഠുരമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി കരുതി വിചാരണ ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഈ നിയമപ്രകാരം എല്ലാ ജില്ലയിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡു (JJB) കള്‍ രൂപീകരിക്കും. ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റും രണ്ട് സാമൂഹ്യ പ്രവര്‍ത്തകരുമായിരിക്കും ഇതിലെ അംഗങ്ങള്‍. ഇവരില്‍ ഒരാള്‍ സ്ത്രീയായിരിക്കും.
കുട്ടികളുടെ കുറ്റകൃത്യങ്ങളെ നിയമം മൂന്നായി തിരിക്കുന്നു.
(1) നിഷ്ഠുരമായ കുറ്റങ്ങള്‍ (Heinous crimes): ഇന്ത്യന്‍ ശിക്ഷാനിയമം (Indian Penal Code - IPC)) പ്രകാരം കുറഞ്ഞത് ഏഴുകൊല്ലം തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ഈ വിഭാഗത്തില്‍ വരിക. ബലാല്‍സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ ഇതില്‍ പെടും. മയക്കുമരുന്ന് കേസുകള്‍ തുടങ്ങി മറ്റ് ചില കുറ്റങ്ങളും ഈ പരിധിയില്‍ വരും.
(2) ഗുരുതരമായ കുറ്റങ്ങള്‍: (മൂന്നുകൊല്ലംമുതല്‍ ഏഴുകൊല്ലംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍).
(3) നിസ്സാരകുറ്റങ്ങള്‍: മൂന്നുകൊല്ലത്തില്‍ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍.
ഇതില്‍ .ആദ്യവിഭാഗത്തിലെ 'നിഷ്ഠുര കുറ്റങ്ങള്‍' ചെയ്യുന്ന 16നും 18നും ഇടയില്‍ പ്രായമുള്ളവരെ മുതിര്‍ന്നവരായി കരുതി വിചാരണ ചെയ്യാമെന്ന് നിയമം പറയുന്നു. 16നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ രണ്ടാംവിഭാഗത്തില്‍പെടുന്ന 'ഗുരുതരമായ കുറ്റങ്ങള്‍' ചെയ്താല്‍, അവര്‍ പിടിയിലാകുന്നത് 21 വയസ് തികഞ്ഞശേഷമാണെങ്കില്‍ അവരെയും മുതിര്‍ന്നവരായി കരുതി വിചാരണ ചെയ്യാം എന്ന വ്യവസ്ഥയുണ്ട്.
മറ്റ് കുറ്റങ്ങള്‍ക്കും മറ്റ് പ്രായവിഭാഗത്തിലുള്ളവര്‍ക്കും പരമാവധി മൂന്നുവര്‍ഷം ജുവനൈല്‍ ഹോംപോലെയുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞാല്‍ മതിയാകും. ഇത് എത്രകാലമെന്ന് ബോര്‍ഡിന് തീരുമാനിക്കാം.
16നും 18നും ഇടയ്ക്കുള്ള പ്രായത്തില്‍ കുറ്റം ചെയ്ത കുട്ടി, പിടിക്കപ്പെടുന്നത് എപ്പോഴാണെന്നതനുസരിച്ച് വ്യത്യസ്തരീതിയിലുള്ള വിചാരണയും ശിക്ഷയുമാണ് നിയമത്തിലുള്ളത്. നിയമത്തില്‍ പറയുന്ന ഗൌരവതരമായ കുറ്റം (Serious Crimes) ചെയ്ത കുട്ടിയാണ് 21 വയസിനു മുമ്പ് പിടിക്കപ്പെടാല്‍ കൌണ്‍സിലിങ്ങ് നല്‍കും. പരമാവധി മൂന്നുകൊല്ലംവരെ സ്പെഷ്യല്‍ ഹോമില്‍ കഴിയാന്‍ ശിക്ഷയും നല്‍കാം.
ഇതേ കുറ്റം ചെയ്തതിന് പിടിക്കപ്പെടുന്നത് 21 വയസ് തികഞ്ഞ ശേഷമാണെങ്കില്‍ പ്രായപൂര്‍ത്തിയായ ആള്‍ എന്ന രീതിയില്‍ വിചാരണ നടക്കും. മൂന്നുകൊല്ലം മുതല്‍ ഏഴുകൊല്ലംവരെ തടവ് ശിക്ഷയും ലഭിക്കാം.
ചെയ്തകുറ്റം നിയമത്തില്‍ പറയുന്ന നിഷ്ഠൂരമായ (heinous) കുറ്റമായിരിക്കുകയും പിടിക്കപ്പെടുന്നത് 21 വയസ് മുമ്പായിരിക്കുകയും ചെയ്താല്‍ പ്രതിയുടെ മാനസികാവസ്ഥയും മറ്റും വിലയിരുത്തി കുട്ടിയായോ (ശിക്ഷ മൂന്നുകൊല്ലംവരെയായിരിക്കും) മുതിര്‍ന്നയാളായോ വിചാരണ ചെയ്യണമെന്ന് തീരുമാനിക്കും. ഇതേ കുറ്റത്തിന് പിടിക്കപ്പെടുന്നത് 21 വയസ്സിനു ശേഷമാണെങ്കില്‍ പ്രതിക്ക് കുറഞ്ഞത് ഏഴുവര്‍ഷം ശിക്ഷകിട്ടാം.
ഒരു കാരണവശാലും കുട്ടികള്‍ക്ക് (18ല്‍ താഴെ പ്രായമുള്ളവര്‍) ജീവപര്യന്തം തടവോ വധശിക്ഷയോ വിധിക്കരുതെന്നും നിയമത്തിലുണ്ട്.
കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ കൂടാതെ കരുതലും സംരക്ഷവും വേണ്ട കുട്ടികള്‍ക്കായുള്ള (Children in need of care and protection) വ്യവസ്ഥകളും നിയമത്തിലും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളിലും നിയമം മാറ്റം വരുത്തുന്നു.
ജില്ലകള്‍തോറും ശിശുക്ഷേമസമിതി (Child Welfare Committees) കള്‍ രൂപീകരിക്കാന്‍ നിയമവ്യവസ്ഥ ചെയ്യുന്ന സമിതിയില്‍ അഞ്ചംഗങ്ങളുണ്ടാകും. ഒരാള്‍ സ്ത്രീയായിരിക്കും. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സമിതിക്കുമുമ്പില്‍ ഹാജരാക്കിയാല്‍ കുട്ടിയെ ദത്തെടുക്കപ്പെടാന്‍ പരിഗണിക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള സംരക്ഷണത്തിന് അയക്കണോ എന്നു തീരുമാനിക്കാം.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ പുതുക്കി നിശ്ചയിച്ചു. കുട്ടികള്‍ക്ക് മദ്യമോ മയക്കുമരുന്നോ നല്‍കിയാല്‍ ഏഴുകൊല്ലംവരെ തടവുശിക്ഷ കിട്ടും. കുട്ടികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ ആറ് കൊല്ലംവരെ തടവ് നല്‍കാം. കുട്ടികളോട് ക്രൂരത കാട്ടിയാല്‍ മൂന്നുകൊല്ലംവരെ ശിക്ഷിക്കാം. ഭിക്ഷാടനത്തിന് നിയോഗിച്ചാല്‍ അഞ്ചുകൊല്ലംവരെയാണ് തടവ് വ്യവസ്ഥ ചെയ്യുന്നത്. ഈ കുറ്റങ്ങള്‍ക്കെല്ലാം ഒരുലക്ഷം രൂപ പിഴയും ലഭിക്കും.

നിയമത്തിന്റെ പശ്ചാത്തലം
കുട്ടികള്‍ കുറ്റംചെയ്താല്‍ അവര്‍ക്കെതിരെ എന്തൊക്കെ നിയമ നടപടികളാകാം എന്ന പ്രശ്നം ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രഖ്യാപനം (Declaration of the Rights of the Child വന്നത് 1959 നവംബര്‍ 20നാണ്. പിന്നീട് 1985ല്‍ ബീജിങ് ചട്ടങ്ങളും 1990ല്‍ റിയാദ് ചട്ടങ്ങളും വന്നു. ലോകത്താകെ കുട്ടികളുടെ കുറ്റങ്ങള്‍ സര്‍ക്കാരുകള്‍ നേരിടുന്നത് ഈ മൂന്നു രേഖകളുടെ ചട്ടക്കൂട്ടില്‍ നിന്നാണ്.
മുതിര്‍ന്നവര്‍ കുറ്റംചെയ്യുമ്പോള്‍ നേരിടുന്ന രീതിയില്‍ കുട്ടികളുടെ കുറ്റങ്ങളെ നേരിടരുത് എന്നതുതന്നെയാണ് അടിസ്ഥാന തത്വം. കുറ്റംചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണംതന്നെ വേണമെന്ന നിര്‍ദേശം ബീജിങ് ചട്ടങ്ങളിലാണ് ഉണ്ടായത്. കുറ്റംചെയ്യുന്നവര്‍ കുട്ടികളാണോ എന്നു തീരുമാനിക്കാനുള്ള പ്രായം നിര്‍ണയിക്കുമ്പോള്‍ അത് തീരെ കുറച്ചാകരുതെന്ന് ഈ ചട്ടങ്ങളില്‍ പറഞ്ഞു. കുട്ടികളുടെ മാനസികവും ബുദ്ധിപരവും വൈകാരികവുമായ പക്വതയെ അടിസ്ഥാനമാക്കി വേണം ഇതെന്നും നിര്‍ദേശിക്കപ്പെട്ടു. ബീജിങ് ചട്ടങ്ങള്‍ നിലവില്‍വന്ന് നാലുവര്‍ഷത്തിനുശേഷമാണ് ഐക്യരാഷ്ട്ര പൊതുസഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. 1990 സെപ്തംബര്‍ രണ്ടിന് ഇത് നിലവില്‍വന്നു. ഇന്ത്യ പ്രമേയത്തില്‍ ഒപ്പുവച്ച രാജ്യമായിരുന്നില്ല. പക്ഷേ 1992 ഡിസംബറില്‍ പ്രമേയം അംഗീകരിച്ചു. 2000ല്‍ നിലവില്‍വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടി (ബാലനീതി നിയമം)ന്റെ തുടക്കം അവിടെനിന്നാണ്.
സമഗ്രമായ ബാലനീതി നിയമം (The Juvenile Justice (Care and Protection of Children) Act 2000) 2003 ഏപ്രില്‍ 10ന് പ്രാബല്യത്തിലായി. 2006ല്‍ ഇതിനു ദേഭഗതിയും വന്നു. അതിനുമുമ്പ് നിലവിലുണ്ടായിരുന്ന 1986ലെ ബാലനീതി നിയമം ഈ നിയമത്തോടെ ഇല്ലാതായി. പുതിയ നിയമം ഈ നിയമത്തിനും പകരമായുള്ളതാണ്.
ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്നാണ് ബാലനീതിനിയമം ആഗ്രഹിക്കുന്നത്. 18 വയസ്സു തികയാത്തവരാണ് നിയമത്തിലെ നിര്‍വചനപ്രകാരം കുട്ടിയാകുന്നത്. ഈ 18 വയസ്സാണ് ഇപ്പോഴത്തെ നിയമതര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയത്. ഡല്‍ഹി കേസിലെ പ്രതിക്ക് കുറ്റം ചെയ്യുമ്പോള്‍ 18 വയസ്സു തികഞ്ഞിട്ടില്ലെന്ന് സ്കൂള്‍രേഖകളില്‍നിന്ന് വ്യക്തമായി. എങ്കിലും ഇത്തരത്തിലൊരു കൃത്യം ചെയ്ത പ്രതിയെ കുട്ടിയായി പരിഗണിച്ചാല്‍ മതിയോ എന്നതാണ് തര്‍ക്കമായത്. 2000ലെ ബാലനീതി നിയമംതന്നെ അസാധുവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. സുപ്രീംകോടതി ഇക്കാര്യം രണ്ടുവട്ടം പരിഗണിച്ചപ്പോഴും ആ പ്രതിയെ കുട്ടിയായി മാത്രമേ പരിഗണിക്കാനാകൂ എന്ന് വിധിച്ചു.
പതിനെട്ടു വയസ്സുവരെ ഒരാളുടെ തലച്ചോറിന് വളര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നതായി സുപ്രീം കോടതി ആ വിധിയില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പതിനെട്ടിലെത്തുമ്പോള്‍ മാത്രമേ ഒരാളെ അയാളുടെ ചെയ്തികള്‍ക്ക് ഉത്തരവാദിയായി കാണാനാകൂ ശാരീരിക വളര്‍ച്ചയ്ക്കൊപ്പം മാനസിക വളര്‍ച്ചയും പക്വത നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകണം. കുട്ടികളുമായി ബന്ധപ്പെട്ട പല നിയമങ്ങളും 18 വയസ്സാണ് പ്രായപൂര്‍ത്തിയെത്തുന്ന പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് 18 എന്ന പ്രായനിബന്ധന ന്യായമാണെന്ന് സുപ്രീം കോടതി വിധിച്ചു. ആദ്യ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജ. സുരീന്ദര്‍സിങ് നിജ്ജാര്‍, ജ. ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു.
പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ കുറ്റംചെയ്താലും അവരെ കുറ്റവാസനകളില്‍നിന്നു പിന്തിരിപ്പിക്കാനാകുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് 18 എന്ന വയസ്സില്‍ ഉറച്ചത് ബോധപൂര്‍വമാണ്. 1986ലെ ബാലനീതി നിയമത്തില്‍ നിശ്ചയിച്ചിരുന്ന 16 വയസ്സ് ഉയര്‍ത്തി നിശ്ചയിച്ചാണ് 2000ലെ നിയമം പാസാക്കിയത്. അതുകൊണ്ട് പാര്‍ലമെന്റിന്റെ ഇക്കാര്യത്തിലെ വ്യക്തത പ്രകടമാണ് വിധിയില്‍ ചൂണ്ടിക്കാട്ടി.പുതിയ നിയമം വന്നശേഷം കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കൂടിയതായി കണക്കില്ലെന്നും കോടതി പറഞ്ഞു. കുറഞ്ഞതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ 18 എന്ന പ്രായനിബന്ധന മാറ്റേണ്ടതില്ല സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.
അതിനുശേഷമാണ് ഇപ്പോഴത്തെ നിയമ നിര്‍മ്മാണം വന്നത്. ഈ നിയമപ്രകാരവും ആ പ്രതിയെ ശിക്ഷിക്കാനാകില്ല. ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്ലയം സാധ്യമാകാത്തതിനാലാണിത്.

വിമര്‍ശങ്ങള്‍
പുതിയ ബാലനീതി നിയമം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബില്‍ കൂുടതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ കണ്‍വന്‍ഷന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് നിയമമെന്നാണ് ഒരു വിമര്‍ശനം. 18 വയസില്‍ താഴെയുള്ള കുട്ടികളെയെല്ലാം കുട്ടികളായും തുല്യരായും പരിഗണിക്കണമെന്നാണ് കണ്‍വന്‍ഷന്‍ വ്യവസ്ഥ ചെയ്യുന്നത്. 16നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ ഇതിന് വിരുദ്ധമായി വേര്‍തിരിക്കുന്നത് കണ്‍വന്‍ഷന്റെ ലംഘനമാകും.
പിടിക്കപ്പെടുന്ന തീയതി അനുസരിച്ച് വ്യത്യസ്ത ശിക്ഷ വിധിക്കുന്നത് ഭരണഘടനയുടെ 14 (തുല്യതയ്ക്കുള്ള അവകാശം), 21 (നിയമങ്ങള്‍ നീതിപൂര്‍വകവും യുക്തിസഹവുമാകണം) അനുഛേദങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരേ കുറ്റത്തിന് വ്യത്യസ്ത ശിക്ഷ വിധിക്കുന്നത് 20(1) അനുഛേദത്തിന്റെയും ലംഘനമാകുമെന്ന വിമര്‍ശമുണ്ട്. കുട്ടികളെ വിറ്റാല്‍ അഞ്ചുകൊല്ലം തടവും അവര്‍ക്ക് മദ്യം കൊടുത്താല്‍ എട്ടുകൊല്ലം തടവുമാണ് നിയമത്തിലുള്ളത്. കുറ്റത്തിന്റെ തീവ്രതയ്ക്ക് ആനുപാതികമല്ല ശിക്ഷ എന്നാണ് വിമര്‍ശം. വികാരത്തിന് അടിപ്പെട്ട് നടത്തിയ നിയമനിര്‍മാണംഎന്ന വിമര്‍ശവും ഉയര്‍ന്നു. ഡല്‍ഹി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കാര്യം മുന്‍നിര്‍ത്തി കുട്ടികളെയൊക്കെ ബാധിക്കുന്ന തരത്തില്‍ നിയമം പാസാക്കിയത് ശരിയായില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടി.
ബഹുഭൂരിപക്ഷം ദരിദ്രരുള്ള രാജ്യത്ത് ഇത്തരം മാറ്റങ്ങള്‍ ഏറ്റവും ബാധിക്കുക അവരെയായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഹാരം കിട്ടാത്ത കുട്ടി മോഷ്ടാവോ കൊലപാതകിയോ ആയാല്‍ അതിനു പിഴ മൂളേണ്ടത് ആ അവസ്ഥയ്ക്ക് ഇടയാക്കുന്ന വ്യവസ്ഥിതിയാണെന്നതും വ്യക്തമാണെന്ന് അവര്‍ പറയുന്നു..
കടപ്പാട് :- ദേശാഭിമാനി 
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ബാലനീതി നിയമം മാറുമ്പോള്‍"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top