മറക്കാതിരിക്കാം മാതൃഭാഷയെ | ||
സ്‌മൃതിയില്‍നിന്നും മൃതിയിലേക്ക് 2007ലെ ഒരു കണക്കുപ്രകാരം ലോകത്ത് അറിയപ്പെടുന്ന ഏതാണ്ട് 6912 ഭാഷകളുണ്ട്. എന്നാലിത് അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണെന്നും മറ്റു ചില പഠനങ്ങള്‍ പറയുന്നു. ഈ 6912 ഭാഷകള്‍ പങ്കു വയ്‌ക്കുന്നത് 5.7 ബില്യണ്‍ ആളുകളാണ്. എന്നാല്‍ ഇന്ന് പല ഭാഷകളും വംശനാശഭീഷണി നേരിടുന്നുവെന്നതാണ് വസ്‌തുത. ലോക ജനസംഖ്യയുടെ 95% ആളുകളും മാതൃഭാഷയായി അംഗീകരിച്ചിട്ടുള്ള ഭാഷകളെല്ലാം കൂടി നൂറെണ്ണത്തോളമെ വരൂ. ബാക്കി വരുന്ന ഭാഷകള്‍ക്ക് കാലാന്തരത്തില്‍ മരണം സംഭവിക്കാമെന്നു സാരം. 516 ഓളം ഭാഷകള്‍ ഇന്ന് ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ 210 എണ്ണം പസഫിക് ഭാഷകളും 170 എണ്ണം അമേരിക്കനും 78 എണ്ണം ഏഷ്യന്‍ ഭാഷകളും 46 എണ്ണം ആഫ്രിക്കനും 12 എണ്ണം യൂറോപ്യന്‍ ഭാഷകളുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യു.എന്നിന്റെ പഠനങ്ങള്‍ പ്രകാരം മൊത്തം ഭാഷകളുടെ പകുതിയോളം ഉപയോഗിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍താഴെ മാത്രമാണ്. ഇന്നുള്ള ഭാഷകളില്‍ ഏകദേശം അന്‍പതുശതമാനവും വരുന്ന അന്‍പതോ നൂറോ വര്‍ഷത്തിനുള്ളില്‍ നശിച്ചുപോയേക്കാം. പല ഭാഷകളുടെയും മരണം സംഭവിക്കുന്നത് അത് പ്രചാരത്തിലുള്ള ജനവിഭാഗങ്ങള്‍ അവ പുതുതലമുറയ്‌ക്ക് കൈമാറാനാകാതെ വരുന്നതോടെയാണ്. അതോടൊപ്പംതന്നെ പല ഭാഷകളുടെയും കടന്നുവരവും മറ്റൊരു കാരണമാകുന്നു. ഉദാഹരണമായി അറബിയുടെ കടന്നുവരവോടെ കൊപ്‌റ്റിക് ഭാഷ അപ്രത്യക്ഷമായതും അമേരിക്കന്‍ നാട്ടു ഭാഷകളുടെ സ്‌ഥാനത്തേക്ക് ഇംഗ്ലീഷിന്റെയും ഫ്രഞ്ചിന്റെയും പോര്‍ച്ചുഗീസിന്റെയും കടന്നുവരവും തദ്ദേശീയ ഭാഷകളുടെ മരണമണി മുഴക്കി. 2005ല്‍ നടന്ന ഒരു പഠനപ്രകാരം ആസ്‌ട്രേലിയയില്‍ നിലവിലുള്ള 250 ലധികം ഭാഷകളില്‍ 145 ഓളം എണ്ണം മാത്രമെ ഇപ്പോള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്നുള്ളൂ. 110 ഓളം ഭാഷകള്‍ക്ക് ഗുരുതരമായ നാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ശക്‌തമായി നിലനില്‍ക്കുന്നത് 18 എണ്ണം മാത്രം. മനുഷ്യപ്രാപ്‌തിയുടെ ഏറ്റവും വലിയ സമ്പത്തായ ഭാഷയുടെ പിന്‍വാങ്ങലോടെ ഒരു ജനസഞ്ചയത്തിന്റെ അറിവുകളും സംസ്‌കാരവും കൂടിയാണ് നമുക്ക് നഷ്‌ടമാകുന്നത്. ഭാഷാ കുടംബങ്ങള്‍ യൂറോപ്പിലും ഏഷ്യയിലുമായി 15 ഓളം പ്രമുഖ ഭാഷാകുടുംബങ്ങളാണുള്ളത്. ഏഷ്യയിലേത് ഇന്തോ-യൂറോപ്യന്‍, സെമിറ്റിക്, അല്‍ത്തായ് - തുര്‍ക്കിക്, ദ്രാവിഡം, ഓസ്‌ട്രോ-ഏഷ്യാറ്റിക്, ഓസ്‌ട്രോനീഷ്യന്‍, സിനോ-ടിബറ്റന്‍, പാലീയോ-സൈബീരിയന്‍ എന്നിവയാണ്. യൂറോപ്പിലേത് റൊമാന്‍സ് ഭാഷകള്‍, ജര്‍മാനിക് ഭാഷകള്‍, സ്ലാവിക്, യൂറാലിക്, അല്‍ത്തായിക്, ബാള്‍ടിക്, കെല്‍റ്റിക് എന്നിവയാണവ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിച്ചിരിക്കുന്നതും ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്നതും ഇന്തോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തില്‍പ്പെട്ട ഭാഷകളാണ്. സ്വന്തമെന്നു പറയാന്‍ സാംസ്‌കാരികവൈവിധ്യത്തില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഭാഷാ കുടുംബങ്ങളുടെ കാര്യത്തിലും അതില്‍ വ്യത്യാസമൊന്നുമില്ല. ഇന്ത്യയില്‍ വിവിധ ഭാഷാകുടുംബങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ ഇന്തോ-ആര്യന്‍, ദ്രവീഡിയന്‍ എന്നിവയാണ്. എഴുപതുശതമാനം ഇന്ത്യാക്കാരും ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്നവരാണ്. ദ്രവീഡിയന്‍ ഭാഷ സംസാരിക്കുന്നവരാകട്ടെ 22 ശതമാനം വരും. ഓസ്‌ട്രോ-ഏഷ്യാറ്റിക്, ടിബറ്റോ-ബര്‍മന്‍ ഭാഷാ കുടുംബങ്ങളും ഇവിടെയുണ്ട്. 2001ലെ സെന്‍സസ് പ്രകാരം പത്തുലക്ഷത്തിലധികം ആളുകള്‍ സംസാരിക്കുന്ന 29 ഭാഷകള്‍ ഇന്ത്യയിലുണ്ട്. പതിനായിരത്തിലധികം പേര്‍ സംസാരിക്കുന്ന ഭാഷകളാകട്ടെ 122 എണ്ണവും. 22 ഔദ്യോഗിക ഭാഷകളാണ് ഇന്നു നമുക്കുള്ളത്. 1965 ജനുവരി 26നാണ് ഹിന്ദി നമ്മുടെ ദേശീയഭാഷയായത്. ഒപ്പം ഇംഗ്ലീഷും നിലവിലുണ്ട്. ദേശീയ തലസ്‌ഥാനപ്രദേശമായ ഡല്‍ഹി കൂടാതെ ഒന്‍പതു സംസ്‌ഥാനങ്ങളില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാണ്. ഇന്ത്യയില്‍ ക്ലാസിക്കല്‍ പദവിക്ക് അര്‍ഹമായ രണ്ടു ഭാഷകളാണ് സംസ്‌കൃതവും തമിഴും. ഇന്ത്യയില്‍ നിന്ന് വേരറ്റുപോയ ഭാഷകളായി കണക്കാക്കപ്പെടുന്നവയാണ് Puchikwar(ആന്‍ഡമാന്‍), Khamyang(അസം), Parenga (ഒറീസ-ആന്ധ്രാപ്രദേശ്), Ruga(മേഘാലയ) എന്നിവ. ഭാഷാ വിശേഷങ്ങള്‍ * 2700 ലധികം ഭാഷകള്‍ ഇന്ന് ലോകത്ത് ഏറ്റവും സജീവമായി നിലനില്‍ക്കുന്നു. * ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍മാത്രം 742 ഓളം ഭാഷകള്‍ ഉണ്ട്. * ആഫ്രിക്കാവന്‍കരയില്‍ രണ്ടായിരത്തിലധികം ഭാഷകള്‍ പ്രചാരത്തിലുണ്ട്. * ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ചൈനീസ് മന്‍ഡാരിനാണ്. രണ്ടാം സ്‌ഥാനത്ത് ഹിന്ദുസ്‌ഥാനി ഭാഷകളും. * എല്ലാ ജനങ്ങളും ഒറ്റ ഭാഷമാത്രം സംസാരിക്കുന്ന ഏകരാജ്യമാണ് സൊമാലിയ. ഭാഷ സൊമാലി. * ഏറ്റവുമധികം അക്ഷരമുള്ളത് കമ്പോഡിയയിലെ ഖമര്‍ ഭാഷയ്‌ക്കാണ്. 74 അക്ഷരങ്ങള്‍. ഏറ്റവും ചെറുതാകട്ടെ സോളമന്‍ ദ്വീപിലും. 11 അക്ഷരങ്ങള്‍ മാത്രം. * 53 രാജ്യങ്ങളില്‍ ഇംഗ്ലീഷും 29 രാജ്യങ്ങളില്‍ ഫ്രഞ്ചും 25 രാജ്യങ്ങളില്‍ അറബിയും ഔദ്യോഗികഭാഷകളായി ഉപയോഗിക്കുന്നു, ഒപ്പം ഐക്യരാഷ്‌ട്രസംഘടനയും. * എഷ്യന്‍ ഭാഷകളില്‍ മറ്റൊന്നിനോടും ബന്ധമില്ലാതെ നില്‍ക്കുന്ന ഭാഷകളാണ് ജാപ്പനീസും കൊറിയനും. |
0 Comments