വിശ്വമഹാകവി

Share it:



പ്രകൃതി പാഠശാല

സ്‌കൂളില്‍പോകാന്‍ പ്രായമാകുംമുന്‍പേ രവീന്ദ്രനാഥ ടാഗോറിനെ സ്‌കൂളില്‍ ചേര്‍ത്തു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു തുടക്കം.

ക്ലാസില്‍ അടങ്ങിയിരുന്നു പഠിക്കുന്ന പരിപാടി രവീന്ദ്രനാഥിനു മുഷിപ്പനായി തോന്നി. ഇഷ്‌ടമുള്ള കാര്യങ്ങള്‍ പ്രകൃതിയില്‍നിന്നു ശ്രദ്ധിച്ചു മനസ്സിലാക്കുന്നതിലും പുസ്‌തകങ്ങള്‍ വായിച്ചുകൂട്ടുന്നതിലുമായിരുന്നു രവീന്ദ്രനു താല്‌പര്യം. പതിനൊന്നാംവയസ്സില്‍ അച്‌ഛനോടൊത്ത്‌ ഹിമാലയയാത്ര നടത്താന്‍ രവീന്ദ്രന്‌ അവസരമുണ്ടായി.

ഉപനയനത്തിനു തല മൊട്ടയടിച്ചതിനാല്‍ മൊട്ടത്തലയുമായി സ്‌കൂളില്‍ പോകാന്‍ രവീന്ദ്രന്‌ മടിയായി. അച്‌ഛന്‍ ഈ വിവരം മനസ്സിലാക്കിയപ്പോള്‍ അത്തവണ താന്‍ ഹിമാലയത്തിലേക്ക്‌ പോകുമ്പോള്‍ രവിയേയും കൂടെ കൊണ്ടുപോകാന്‍ തീര്‍ച്ചപ്പെടുത്തി.

ഹിമാലയയാത്ര കഴിഞ്ഞുമടങ്ങിവന്നതിനുശേഷം തന്റെ ശരീരത്തിനും മനസ്സിനും എന്തോ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നതായി രവിക്കനുഭവപ്പെട്ടു. സ്‌കൂളിനകത്തെ ജയില്‍ജീവിതം അവനു മടുത്തു. ക്ലാസിലെ പാഠ്യപദ്ധതിയില്‍ തീരെ ശ്രദ്ധചെലുത്താന്‍ കഴിയാതായി. അവസാനം വീട്ടുകാര്‍ ഒരു തീരുമാനമെടുത്തു. രവി ഇനി സ്‌കൂളില്‍ പോകേണ്ട; വീട്ടിലിരുന്നു പഠിച്ചാല്‍ മതി. സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ അധ്യാപകരെ നിയോഗിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ നിര്‍ബന്ധിച്ച്‌ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളജില്‍ ചേര്‍ത്തു. എന്നാല്‍ ഒന്നരവര്‍ഷത്തിനുശേഷം ഒരു പരീക്ഷപോലും എഴുതാതെ അദ്ദേഹം നാട്ടിലേക്ക്‌ തിരിച്ചുപോന്നു. പിന്നീടുള്ളകാലം മുഴുവന്‍ അദ്ദേഹം സാഹിത്യരചനയ്‌ക്കായി ചെലവഴിച്ചു.

ഗീതാഞ്‌ജലി

1902-07 കാലത്ത്‌ ഭാര്യയുടെയും മകന്റെയും മരണത്തെത്തുടര്‍ന്നുള്ള അതീവ ദുഃഖകരമായ അവസ്‌ഥയിലാണ്‌ ഗീതാഞ്‌ജലിയിലെ മിക്കകാവ്യങ്ങളും ടാഗോര്‍ എഴുതിത്തീര്‍ക്കുന്നത്‌.

അവിശ്രമമായ പൊതുപ്രവര്‍ത്തനങ്ങളുടെയും നിരന്തരമായ സാഹിത്യപരിശ്രമത്തിന്റെയും ഫലമായി ഇക്കാലത്ത്‌ ടാഗോറിന്റെ ആരോഗ്യം മോശപ്പെട്ടുവന്നു.

വിശ്രമത്തിനായുള്ള യൂറോപ്യന്‍യാത്രയിലാണ്‌ ഗീതാഞ്‌ജലി കാവ്യത്തില്‍നിന്ന്‌ തെരഞ്ഞെടുത്ത 103 കവിതകള്‍ ടാഗോര്‍ തന്നെ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തുന്നത്‌.ഇംഗ്ലീഷ്‌ ഗീതാഞ്‌ജലിയുടെ അവതാരിക എഴുതിയത്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ആധുനിക കാലഘട്ടത്തിലെ പ്രശസ്‌ത കവിയും നാടകകൃത്തുമായ ഡബ്ല്യു.ബി.യേറ്റ്‌സ് ആണ്‌.

അവതാരികയില്‍ അദ്ദേഹം ഇങ്ങനെ എഴുതി.

ഈ വിവര്‍ത്തനത്തിന്റെ കൈയെഴുത്തുപ്രതി എന്റെ യാത്രകളിലെല്ലാം ഞാന്‍ കൊണ്ടുനടന്നിരുന്നു. ആ യാത്രകളില്‍ ഇതു വായിച്ച്‌ ഞാന്‍ വികാരാധീനനാകുന്നത്‌ സഹയാത്രികര്‍ അറിയാതിരിക്കാന്‍ ഇടയ്‌ക്കിടെ ഗീതാഞ്‌ജലി അടച്ചുവയ്‌ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയങ്ങളിലൊന്നായ ഗീതാഞ്‌ജലിക്ക്‌ 1913 ല്‍ നോബല്‍ സമ്മാനം ലഭിച്ചു.



ടാഗോറിന്റെ പ്രമുഖകൃതികള്‍

കവിതകള്‍: മാനസി (1890), സോനാര്‍ താരി (1984), ഗീതാഞ്‌ജലി (1910), ഗീതിമാല്യ (1914), ബാലക (1916).

നാടകങ്ങള്‍: വാല്‌മീകി പ്രതിഭ (1881), വിസര്‍ജന്‍ (1890), രാജ (1910), ധാക്‌ഘര്‍ (1912), അചലായതന്‍ (1912), മുക്‌തധാര (1922), രക്‌തകാവേരി (1926), ചിത്രംഗദ (1892).

ആത്മകഥ: ജീവന്‍സ്‌മൃതി (1912) രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച്‌ പ്രഭാത്‌കുമാര്‍ മുഖര്‍ജി രചിച്ച രബീന്ദ്ര ജീവനി (നാല്‌ വാള്യങ്ങള്‍) എന്ന ജീവചരിത്രം ശ്രദ്ധേയമായ ഒരു കൃതിയാണ്‌.

നോവല്‍: ഗോറ (1910) ഘരെ ബാ ഇരെ (1916), യോഗായോഗ്‌ (1929), ഭൂയി ബോന്‍ (1933), മാലഞ്ച ചാര്‍ അധ്യായ്‌ (1934), രാജര്‍ഷി (1887).

ബാലസാഹിത്യം: ഛേലാ ബേലാ (1940), ശിശു (1903), ശിശു ഭോലാനാഥ്‌ (1922).

ദേശീയഗാനങ്ങളുടെ രചയിതാവ്‌

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചത്‌ ടാഗോറാണെന്നത്‌ അറിയാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമര്‍ സോനാര്‍ ബംഗ്ലായും ഇദ്ദേഹത്തിന്റെതന്നെ സൃഷ്‌ടിയാണെന്നത്‌ പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. ശ്രീലങ്കയുടെ ദേശീയഗാനമെഴുതിയ ആനന്ദസമരക്കൂന്‍, ശാന്തിനികേതനില്‍ ടാഗോറിന്റെ ശിഷ്യനായിരുന്നു എന്നതാണ്‌ മറ്റൊരു രസകരമായ വസ്‌തുത.

നോബല്‍ പുരസ്‌കാര ജേതാവായ ആദ്യ ഏഷ്യക്കാരന്‍1913 നവംബര്‍ 13. ഭാരതീയര്‍ക്കാകെ അഭിമാനിക്കാവുന്ന ഒരുദിനമായിരുന്നു അത്‌. നോബല്‍ പുരസ്‌കാരം ആദ്യമായി ഏഷ്യയിലെത്തിയ ദിനം.ടാഗോറിന്റെ പല കൃതികളില്‍നിന്നുള്ള 103 കവിതകളുടെ സമാഹാരമാണ്‌ ഗീതാഞ്‌ജലി. അദ്ദേഹം അത്‌ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തി. ഈ ഈഗ്ലീഷ്‌ പരിഭാഷ 1912 നവംബറില്‍ ലണ്ടനിലെ

ഇന്ത്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധപ്പെടുത്തി. 1913 ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ടാഗോറിന്‌ നേടിക്കൊടുത്ത കൃതിയായി ഗീതാഞ്‌ജലി. അതുവരെ ബംഗാളിന്റെ മാത്രം കവിയായിരുന്ന അദ്ദേഹം രവീന്ദ്രനാഥ ടാഗോര്‍ എന്ന മഹാകവിയായി അറിയപ്പെട്ടു. ഗീതാഞ്‌ജലിയുടെ മലയാളവിവര്‍ത്തനങ്ങളില്‍ പ്രമുഖമായ ഒന്ന്‌ ജ്‌ഞാനപീഠജേതാവായ ജി. ശങ്കരക്കുറുപ്പിന്റേതാണ്‌.

ശാന്തിനികേതന്‍

ഒരു തപോവനവിദ്യാലയം എന്ന ടാഗോറിന്റെ ആശയമാണ്‌ പില്‍ക്കാലത്ത്‌ ബംഗാളിന്റെയും ഭാരതത്തിന്റെയും സാംസ്‌കാരികനവോത്ഥാനത്തിന്റെ കേന്ദ്രമായി മാറിയ ശാന്തിനികേതനാ യി രൂപപ്പെട്ടത്‌. അച്‌ഛന്‍ ദേവേന്ദ്രനാഥ്‌ ടാഗോര്‍ കല്‍ക്കത്തയില്‍നിന്ന്‌ ഏകദേശം നൂറുമൈല്‍ അകലെയുള്ള ബോള്‍പ്പൂരിലെ ശാന്തിനികേതനില്‍ ഒരു ആശ്രമം സ്‌ഥാപിച്ചിരുന്നു. ആ ആശ്രമത്തെ ടാഗോര്‍ ഒരു വിദ്യാലയമാക്കിത്തീര്‍ത്തു. അതിന്‌ ബ്രഹ്‌മചര്യാശ്രമം എന്ന്‌ പേരിടുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ ശാന്തിനികേതനായിത്തീര്‍ന്നത്‌. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും താമസിച്ച്‌ വിദ്യ പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസരീതിയാണ്‌ ശാന്തിനികേതനില്‍ നടപ്പിലാക്കിയിരുന്നത്‌. 1901 ഡിസംബര്‍ 22ന്‌ ആരംഭിച്ച ശാന്തിനികേതന്‍ 1921 ല്‍ വിശ്വഭാരതി എന്ന സര്‍വകലാശാലയായി.

ടാഗോര്‍ കുടുംബം

ടാഗോര്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്‌ രവീന്ദ്രനാഥ ടാഗോറാണ്‌. എന്നാല്‍ 19, 20 നൂറ്റാണ്ടുകളില്‍ ബംഗാളിലെ സാമൂഹിക-സാംസ്‌കാരികരംഗങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ കല്‍ക്കത്തയിലെ ടാഗോര്‍കുടുംബത്തില്‍ പ്രതിഭകള്‍ ഏറെയുണ്ട്‌. അദ്ദേഹത്തിന്റെ പിതാവായ ദേവേന്ദ്രനാഥ്‌ ടാഗോര്‍ മതനേതാവും ബംഗാളിസാഹിത്യത്തിന്‌ ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്‌തിയുമായിരുന്നു. മഹര്‍ഷി എന്നാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. മൂത്ത സഹോദരന്‍ ദ്വിജേന്ദ്രനാഥ്‌ ടാഗോര്‍ സംഗീതം, തത്ത്വചിന്ത, ഗണിതശാസ്‌ത്രം എന്നിവയില്‍ നിപുണനായിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ ജയിച്ച ആദ്യ ഇന്ത്യക്കാരനാണ്‌ മറ്റൊരു സഹോദരനായ സത്യേ്രന്ദനാഥ്‌ ടാഗോര്‍. നാടകകൃത്തും ഗായകനുമായ ജ്യോതീന്ദ്രനാഥ്‌ ടാഗോറും ബംഗാളി കഥാകൃത്തായ സ്വര്‍ണകുമാരിയും സഹോദരങ്ങളായിരുന്നു. പ്രശസ്‌ത ചിത്രകാരനായ അബനീന്ദ്രനാഥ്‌ ടാഗോര്‍ ഇദ്ദേഹത്തിന്റെ അനന്തരവനാണ്‌.

ഈ ബഹുമതി എനിക്കുവേണ്ട

ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നല്‍കിയ പ്രഭുസ്‌ഥാനം (സര്‍ പദവി) ഉപേക്ഷിക്കുക. ഈ ബഹുമതി തനിക്ക്‌ അപമാനകരമാണെന്ന്‌ സധൈര്യം പ്രഖ്യാപിക്കുക. രവീന്ദ്രനാഥ്‌ ടാഗോറിലെ രാജ്യസ്‌നേഹി വെളിവാക്കപ്പെട്ട നിമിഷങ്ങളായിരുന്നു അത്‌. പഞ്ചാബിലെ ജാലിയന്‍ വാലാബാഗില്‍ 1919ല്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചാണ്‌ ടാഗോര്‍ സര്‍ പദവി ഉപേക്ഷിച്ചത്‌. അന്നത്തെ വൈസ്രോയിയായിരുന്ന ചെംസ്‌ഫോര്‍ഡ്‌ പ്രഭുവിനാണ്‌ അദ്ദേഹം ബഹുമതി ഉപേക്ഷിച്ചുകൊണ്ട്‌ കത്തയച്ചത്‌. ബ്രിട്ടീഷുകാര്‍ നല്‍കിയ ബഹുമതിചിഹ്നങ്ങളെല്ലാം അപമാനത്തിന്റെ ചിഹ്നങ്ങളാണ്‌ എന്നായിരുന്നു ടാഗോറിന്റെ നിലപാട്‌.

ഗുരുദേവും മഹാത്മായും

ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടു വ്യക്‌തികളായിരുന്നു മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും. ടാഗോറിനെ ഗുരുദേവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ ഗാന്ധിജിയായിരുന്നു. ഗാന്ധിജിയെ മഹാത്മ എന്ന്‌ ആദ്യമായി വിശേഷിപ്പിച്ചതാകട്ടെ ടാഗോറും!

രബീന്ദ്രസംഗീതം

ടാഗോര്‍ അവതരിപ്പിച്ച സംഗീതപദ്ധതിയാണ്‌ രബീന്ദ്രസംഗീതം. ഉത്തരേന്ത്യന്‍ സംഗീതത്തിലെ രാഗങ്ങളെ അടിസ്‌ഥാനപ്പെടുത്തിയുള്ള താരതമ്യേന സ്വതന്ത്രമായ ഒരു ആലാപനരീതിയാണിത്‌. ഗീതങ്ങളും കവിതകളും സ്വന്തം ഭാവനയ്‌ക്കനുസരിച്ച്‌ ആലപിക്കുക എന്നതാണ്‌ ഇതിന്റെ ശൈലി. പങ്കജ്‌ മല്ലിക്‌, ഹേമന്തകുമാര്‍ മുഖോപാധ്യായ, രാജേശ്വരി ദത്ത, സുചിത്രമിത്ര, ശിവാനി സര്‍വാധികാരി, സുബിനോയ്‌ റായ്‌ തുടങ്ങിയവര്‍ രബീന്ദ്രസംഗീതജ്‌ഞരില്‍ പ്രമുഖരാണ്‌.

ടാഗോര്‍ എന്ന പ്രതിഭ

മൂവായിരത്തിലധികം കവിതകള്‍, ആയിരത്തിനാനൂറോളം ഗാനങ്ങള്‍, അന്‍പത്‌ നാടകങ്ങള്‍, നാല്‌പത്‌ കഥാപുസ്‌തകങ്ങള്‍, പതിനഞ്ച്‌ ലേഖനസമാഹാരങ്ങള്‍, മൂവായിരത്തോളം ചിത്രങ്ങള്‍, രബീന്ദ്രസംഗീതം എന്ന സംഗീതപദ്ധതിയുടെ അവതരണം- രവീന്ദ്രനാഥ്‌ ടാഗോറിന്റെ സംഭാവനകളാണിവ! രാഷ്ര്‌ടീയ-സാമൂഹ്യരംഗത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ചതിനുപുറമെയാണിത്‌.
Share it:

വ്യക്തികള്‍

Post A Comment:

0 comments: